DCBOOKS
Malayalam News Literature Website

പെൺവീറിന്റെ പെങ്കുപ്പായം

കൃപ അമ്പാടിയുടെ ‘പെങ്കുപ്പായം’ എന്ന പുസ്തകത്തിന് ഹരീഷ് റാം എഴുതിയ വായനാനുഭവം

അമേരിക്കൻ എഴുത്തുകാരിയും ഫെമിനിസ്റ്റും സ്ത്രീവാദിയും പൗരാവകാശ പ്രവർത്തകയുമായിരുന്ന ഓഡ്രെ ലോർഡെ പറഞ്ഞത് “ഞങ്ങൾ സംസാരിക്കുമ്പോൾ ഞങ്ങളുടെ വാക്കുകൾ കേൾക്കുകയോ സ്വാഗതം ചെയ്യുകയോ ചെയ്യില്ലെന്ന് ഞങ്ങൾ ഭയപ്പെടുന്നു. എന്നാൽ നമ്മൾ നിശബ്ദരായിരിക്കുമ്പോൾ, നമുക്ക് ഇപ്പോഴും ഭയമാണ്. അതുകൊണ്ട് സംസാരിക്കുന്നതാണ് നല്ലത്.” ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച കവി കൃപ അമ്പാടിയുടെ ‘ പെങ്കുപ്പായം’, കവിതാസമാഹാരം വായിച്ചപ്പോഴാണ് ഈ വരികൾ ഓർത്തത്. കവി ഭയമില്ലാതെ സംസാരിക്കുകയാണ്. സ്വന്തം ശൈലി കടഞ്ഞെടുത്ത് പെണ്ണെഴുത്തിന്റെ പരമ്പരാഗത ഭാവങ്ങളെ മാറ്റി കൃപ അമ്പാടി മുന്നേറുന്നത് അതിനുതകുന്ന ഭാഷയിലെ താൻപോരിമ കൊണ്ടും സൃഷ്ടിച്ചുവച്ച ഒരു ജീവിതപ്രപഞ്ചത്തെയും അതിൽ നിറച്ചുവച്ച ജൈവചോദനകളെയും മറക്കുടയില്ലാതെ കവിതയിൽ വഴിനടത്തുന്നതും കൊണ്ടാണ് . സൂക്ഷ്മമായ കാഴ്ചയും ശ്രദ്ധയും മനനവും കൃപ അമ്പാടിയുടെ കവിതകളെ വായനക്കാരുമായി നിരന്തരം സംവേദിക്കുന്നതാക്കുന്നു. സ്ത്രീജീവിതത്തിന്റെ ഉദയവും നട്ടുച്ചയും അസ്തമയവും സൂക്ഷ്മമാക്കി ചരിത്രത്തെയും പ്രകൃതിയെയും ആരാധനാവൈകൃതങ്ങളെയും ഫെമിനിസത്തിന്റെ കാണാപ്പുറങ്ങളും ചേർത്ത് ആവിഷ്കരിക്കുന്നതിൽ പുലർത്തിയ കയ്യടക്കവും ഭയമില്ലായ്മയും കവിതകളെ വ്യത്യസ്തമാക്കുന്നു.

ജീവിതത്തിലും കലയിലും സാഹിത്യത്തിലും കളികളിലും സാമൂഹ്യസാംസ്കാരിക രാഷ്ട്രീയപ്രവർത്തനങ്ങളിലുമെല്ലാം ചിലർ ജനകീയരാവുകയും ആരാധകരുടെ ഒരു കൂട്ടം പരസ്യമായും നിശബ്ദമായും പിന്തുടരുകയും ചെയ്യും. കൃപ അമ്പാടി തന്റേതായ ശൈലി കൊണ്ട് രൂപപ്പെടുത്തിയ എഴുത്തുലോകത്തെ ഏറ്റെടുക്കുന്ന വായനക്കാർ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. വിമർശനത്തിന്റെ ചെറിയ മുറുമുറുപ്പുകൾ മറുവശത്ത് കേൾക്കുന്നുമുണ്ട് . സ്ത്രീശരീരത്തെ ബിംബമാക്കി ഇത്രയും തുറന്നെഴുതുന്നത് അശ്ലീലമല്ലേ എന്ന ചർച്ചകൾ നടക്കാതിരിക്കുന്നില്ല. പെണ്ണവസ്ഥകളുടെ അഗാധത രേഖപ്പെടുത്തുമ്പോൾ അവളിലെ തീവ്രമായ പൊട്ടിത്തെറികളിൽ, സാധാരണ ഒളിച്ചുപയോഗിക്കുന്ന പദങ്ങൾ സമൂഹത്തിലേക്കിറങ്ങി സംസാരിക്കുകയാണ്. സ്ത്രീ-കേന്ദ്രീകൃത വാക്യരചനകളിലൂടെ സ്ത്രീസ്വത്വത്തെ പ്രകടിപ്പിക്കുന്ന ആശയത്തിനു തുല്യമായ ഭാഷാപ്രയോഗമാണ് പെണ്ണെഴുത്തുകളിൽ പ്രകടമാവേണ്ടത്. പുരുഷാധിപത്യപരമായ വ്യവസ്ഥിതിയുടെ അധീശത്വം സാഹിത്യമടക്കം സമസ്തമേഖലകളിലും വ്യാപരിച്ചിരുന്നു. എന്നാൽ വർത്തമാനകാലത്തെ സ്ത്രീസാഹിത്യം കെട്ടുകളെ പൊട്ടിച്ച് മുന്നേറുന്നത് കാണാം. അത് കാലത്തിന്റെ അനിവാര്യതയാണ്.

ഒരുത്തിയെ നോക്കുമ്പോൾ എന്ന കവിതയിൽ
‘മാറുമറച്ചൊരുസമരത്തിന്റെ
ഇടുക്കില്ലാനാണത്തിന്റെ
ഒരു മുഴം സങ്കോചങ്ങൾ കാണാം’
ഈ വരികൾ 19-ാം നൂറ്റാണ്ടിലെ പെണ്ണവസ്ഥകളിലേക്കുള്ള യാത്രയാണ്. തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾ മാറുമറക്കുന്നതിനും മേൽമുണ്ടു ധരിക്കുന്നതിനും വേണ്ടി നടത്തിയ സമരത്തിന്റെ അലകൾ നമുക്കിന്നും കേൾക്കാം. മിഷനറിമാരുടെ ഇടപെടലുകൾ അവരുടെ Textവിദ്യാഭ്യാസ- സാമൂഹിക ജീവിതത്തിൽ മാറ്റങ്ങൾക്ക് നാന്ദി കുറിക്കുകയും മാറുമറക്കുന്നത് എല്ലാവർക്കും എന്നതുപോലെ അവകാശമാണെന്നും ചാന്നാർ സ്ത്രീകൾ ചിന്തിക്കുകയും സവർണ്ണതയുടെ കാഴ്ചപ്പാടുകളോട് അക്രമങ്ങളിൽ നൊന്ത് പോരാടുകയും ചെയ്തു. വസ്ത്രധാരണത്തിലുണ്ടായിരുന്ന മുഴുവൻ നിയന്ത്രണങ്ങളും തിരുവിതാംകൂർ സർക്കാർ നീക്കം ചെയ്യുന്നതുവരെ പോരാട്ടം തുടർന്നു. അധീശത്വത്തിനെതിരായ കീഴാളജനതയുടെ ആദ്യചുവടുവെപ്പുകളിലൊന്നായിരുന്നു അത്‌ . സ്ത്രീമുന്നേറ്റങ്ങളിലെ മറക്കാത്ത ആവേശമാണ് രക്തസാക്ഷിയായ നങ്ങേലി. ഒരുകാലത്തിന്റെ ജാതി സവർണ്ണത അടിച്ചേൽപ്പിച്ച രണ്ടു തരം ജീവിതാവസ്ഥകളോട് പോരാടി, മുല അറുത്ത് പ്രതിഷേധിച്ച് മരിച്ചവൾ. ആണുങ്ങൾക്ക് തലക്കരം എന്നും സ്ത്രീകൾക്ക് മുലക്കരം എന്നും രാജഭരണകാലത്തെ നികുതികളെ തിരിച്ചിരുന്നു. സ്ത്രീകളെ അടയാളപ്പെടുത്തുന്നതിന് മുല എന്ന വാക്ക് അന്നേ ഉപയോഗിക്കുമായിരുന്നു. പുരുഷന്മാർക്ക് തല. അവിടെയും മേധാവിത്വത്തിന്റെ തലയെടുപ്പുകൾ അരങ്ങുതകർക്കുന്നത് കാണാം.

‘തിരിച്ചും മറിച്ചും കൈതുടച്ച കരിപ്പാട്‌ കാണാം’ അവൾ തരണം ചെയ്ത ജീവിതവഴികളിലെ കറുത്തിടങ്ങൾ ഇതിലും ഭംഗിയായി എങ്ങനെ എഴുതും. അടുക്കളയിലെ വിയർപ്പും അഴുക്കും ക്ഷീണവും കറകളും വസ്ത്രത്തിൽ തുടച്ച് അവൾ മുന്നേറി. പക്ഷേ അവളെ ‘അറിയാൻ’ കഴിഞ്ഞകാലത്തിന് കഴിവുണ്ടായിരുന്നൊ ? പല ഓമനപ്പേരിന്റെയും തുമ്പിൽകെട്ടി അബലയാക്കി മേധാവിത്വത്തിന്റെ ഊഞ്ഞാലിൽ ആട്ടിരസിച്ചു. അന്തപുരങ്ങളിലെ അടിമകളാക്കി. തീയിൽ ചാടാൻ പ്രേരിപ്പിച്ചു. ദേവദാസികളാക്കി ഊറ്റിക്കുടിച്ച് തെരുവുകളിലേക്ക് ഇറക്കിവിട്ടു. ‘ഒറ്റവരിയിൽ നിൽക്കാൻ /വാദിക്കാത്ത ഫെമിനിസത്തിൻ/ ഭയമുഖറ് കാണാം.’ എന്നയിടത്ത് ഫെമിനിസത്തിന്റെ ഇരട്ടമുഖങ്ങളെ ആക്ഷേപിക്കുന്നുണ്ട്. ഫെമിനിസം എന്നത് സാമൂഹിക സാമ്പത്തിക ബൗദ്ധിക തുല്യതക്കാണെന്നു പറയുമ്പോഴും പുരുഷനും സ്ത്രീക്കുമായി രണ്ടല്ലാത്ത ഒരു വരി ഒരുക്കിയെടുക്കാനുള്ള ആഴമുള്ള ശബ്ദം ഉണ്ടാവുന്നില്ല എന്നതിൽ കവി പരിഭവപ്പെടുന്നു. സംവരണത്തിനായുള്ള പോരാട്ടം ആഗോളതലത്തിൽ നടക്കുന്നുണ്ട്. അവിടെയും പുരുഷാധിപത്യത്തിന്റെ നിഴലുകൾ സംഘടനകളിൽ പരക്കുന്നു.
‘എന്റെ പെണ്ണെ
ഇനി ഊരിയെറിയുക നിന്റെ പാദസരം
മണ്ണറിയണം ഉറച്ച കാലൊച്ചകൾ
ഇനിയെന്റെ പെണ്ണിനെ അടച്ചിടില്ല
കാലമിതെത്രയായി
സ്വയം നടന്നുകൊൾക നീ.’
കാണട്ടെ നിന്റെ ബലാത്സംഗം എന്ന കവിതയിൽ സ്ത്രീയോട് കാലത്തിന്റെ ഉറച്ച കാലൊച്ചകളുമായി സ്വയം നടന്നുകൊള്ളുവാൻ കവി ഉദ്ബോധിപ്പിക്കുകയാണ്. ഈ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ് ‘ അറിയണം നീ/ അവളെയും അറിയേണ്ട പോൽ / അറിയേണ്ട പോലെ. ആധിപത്യത്തിന്റെ വേരുകൾ അറുത്ത് പ്രിയപ്പെട്ട പുരുഷാ… കടന്നുവന്ന വഴികളുടെ ഓർമ്മയിൽ അവളിലെ ഋതുഭേദങ്ങളും മാതൃത്വത്തിന്റെ ശ്രദ്ധയും സഹനതയും അറിയണം. ഓരോ മാസവും അവളിലൂടെ ചുവന്നനോവുകൾ ഒലിച്ചിറങ്ങുമ്പോൾ മാറ്റികിടത്തിയും ആചാരപ്പെരുമയിൽ മുക്കികുളിപ്പിച്ചും അകലങ്ങൾ ഒരുക്കുമ്പോൾ ഓർക്കുക അതാണ് അവളുടെ സ്ത്രീത്വം. ഗാർഹികമായി അന്യവത്കരിക്കപ്പെട്ട പദവിയാണ് സ്ത്രീകൾ പലപ്പോഴും അവിടങ്ങളിൽ ചുമക്കുന്നത്. അവളിലെ അധ്വാനവും ശരീരവും അനുഭൂതിയും ലൈംഗികതയും അന്യവത്കരിക്കപ്പെടുകയാണ്. എന്നോ എവിടേയോ തുടങ്ങിയ ഒരു ഗാർഹികവിപ്ലവത്തെ ഹൃദയത്തിലേറ്റി അവസാനിക്കാത്ത കർത്തവ്യങ്ങളുടെ ദീപശിഖയാവുകയാണ് അവൾ. ഏറ്റവും അവസാനം വിളക്ക് കെടുത്തി അവൾ കിടക്കുമ്പോഴേക്കും നാളത്തെ ഓട്ടത്തിന്റെ തയ്യാറെടുപ്പുകൾ ഉള്ളിൽ തുടങ്ങിയിട്ടുണ്ടാകും.
‘ഒരു സാധാരണജീവിതം മതി.
പറമ്പില്ലാത്തവന്റെ
ഇല്ലായ്മയിലേക്ക്
കൊക്കുരുമ്മി വീശുന്നത്
പറന്നുപോകാൻ
നല്ലൊരടിവസ്ത്രം പോലും
അയയിൽ ഇല്ലാത്തതിന്റെ
തെറിക്കാറ്റ്.
പുറമ്പോക്ക് എന്ന കവിത ദാരിദ്ര്യത്തിന്റെ ഉപ്പുചാലുകൾ കീറുകയാണ്. തെരുവുജീവിതത്തിന്റെ അരക്ഷിതാവസ്ഥയെ തുറന്നിടുകയാണ്. പുറമ്പോക്ക് ജീവിതത്തിന്റെ മറുപുറം. ദാരിദ്ര്യനിർമാർജനം, എല്ലാവർക്കും ഭവനം, വിദ്യാഭ്യാസം തുടങ്ങിയ മുദ്രാവാക്യങ്ങൾ തിരഞ്ഞെടുപ്പോടെ അലയൊലികെട്ട് തീർന്നുപോകുന്നു . അതിനപ്പുറം സാധാരണക്കാരൻ ആരാണ്. നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ഉള്ളിലൂടെ നടന്നാൽ ദാരിദ്ര്യത്തിന്റെ നഗ്നതകൾ നമ്മളെ വ്രണപ്പെടുത്തും. ഒരു സാധാരണജീവിതം കൊതിക്കുന്നവരുടെ മറുതുണിയില്ലാത്ത സ്വപ്‌നങ്ങൾ ഉറക്കം കെടുത്തും. ഈ കവിത ദേശങ്ങളിലേക്കു ചുരുങ്ങുന്നില്ല. ലോകത്തിന്റെ കണ്ണാടിയാണ്.

‘ഇന്നൊക്കെ
റോഡ് വളഞ്ഞുവളർന്ന്
പാടം തൂർത്ത്
ദൂരെയാക്കി വായനശാല
ഈ-പുസ്തകം പോക്കറ്റിലിടുന്ന
സൈബർ കുറ്റവാളിയുടെ
വ്യാജമുഖമാണെനിക്ക്.
രണ്ടുകാലത്തിന്റെ അനുഭവലോകം കവിതയിൽ സഞ്ചരിക്കുന്നു. ഇവിടെ വായനക്കാരനും കവിയും ഒരേ വഴിയിലാണ്. ഗ്രാമം നഗരത്തിന്റെ ഉടുപ്പിടുന്നു. ശാസ്ത്രം വേഗതയെ വരിക്കുന്നു. പരസ്പരമുള്ള കാണലും വായനയും എഴുത്തും വായനശാലയുടെ മുറികളിൽ നിന്നിറങ്ങി നടന്ന് അനുവാചകന്റെ പോക്കറ്റിലേക്ക് ഒതുങ്ങിയിരിക്കുന്നു. വിരൽത്തുമ്പുകൾ സർവ്വതിനേയും നിയന്ത്രിക്കുന്ന അധികാരിയായി. കോർപറേറ്റ് ഭീമന്മാരുടെ തലച്ചോറുകൾ സാധാരണക്കാരനെ പുതിയ ചിട്ടകളുടെ ഇരയാക്കുന്നു. കൃത്യമായ രാഷ്ട്രീയം എല്ലാ കവിതകളിലും കാണാം. സോഷ്യലിസവും കമ്മ്യൂണിസവും അതിന്റെ ഇരുപുറങ്ങളും ഇടക്കിടക്ക് സംസാരിക്കുന്നുണ്ട്. ഗ്രാമീണമായ ഒരു പ്രകൃതി കൃപ അമ്പാടിയുടെ കവിതകൾക്ക് ദൃശ്യചാരുത ഒരുക്കുന്നു. പ്രാദേശിക ചരിത്രങ്ങളുടെ കൈപിടിച്ച് ദേശത്തിന്റെ ജീവിതവും ആരാധനാരീതികളും അതിലെ വൈകൃതങ്ങളും നന്മകളും വായിച്ചെടുക്കാം. ജാത്യാധികാരത്തിന്റെ അടിമത്തചങ്ങലകൾ പൊട്ടിച്ചെറിയുന്ന ഭയമില്ലാത്ത വാക്കുകൾ.
ദൈവം നഗ്നനാണ് എന്ന കവിതയിൽ , അനന്തതയിൽ പടർന്ന നിന്നെ / എനിക്കെങ്ങനെ കല്ലിൽ കൊത്തിവെക്കാനാവും ?/ വെളിച്ചത്തിൽ കണ്ണുകളടച്ച് / എങ്ങനെ നിന്നെ ആത്മാവിൽ നിറക്കാനാവും?.. എന്നുചോദിക്കുന്നുണ്ട്.

.’എന്നിട്ടും
കുട്ടൻസാർ മാത്രം
ഭാര്യയെ
പുറത്തുനിന്നുപൂട്ടി പോകുന്നു.
വൈകിട്ട് അയാളും
അകത്തുകേറി കുറ്റിയിടുന്നു.
അടഞ്ഞ വീട്ടിൽ
ഒരു ചീഞ്ഞനഗരം
ശ്വാസംമുറുക്കുന്നു
പൊട്ടിത്തെറിക്കുന്നു.
അയലോക്കം എന്ന കവിത സമൂഹത്തിലെ വികടദാമ്പത്യബന്ധങ്ങളുടെ തുറന്നെഴുത്താണ്. കവിതയുടെ ആദ്യവരികളിൽ, അയലോക്കം സുഗന്ധമുള്ളതാണ്. വിളിപ്പുറത്തേക്ക് ഓടിവരാൻ കാത്തിരിക്കുന്നവരുടെ അയലോക്കം. അവിടൊക്കെ സ്ത്രീയുടെ സ്നേഹത്തിന്റെ കടലുണ്ടായിരുന്നു. ഇന്ന് മതിലുകൾ മുറിച്ച ബന്ധങ്ങളുടെ ലോകം. ചുറ്റുവട്ടത്ത് എന്തുനടക്കുന്നുവെന്ന് അറിയുന്നതും കേൾക്കുന്നതും നഷ്ടപ്പെട്ട് ഒറ്റപ്പെട്ടവർ . ഒരു വീട്ടിൽ തന്നെ രണ്ട് തുരുത്തുകൾ. അവരവരുടെ ഇടുക്കിലേക്കു ചുരുങ്ങി ഹൃദയത്തിന് പൂട്ടിട്ട്, ചീഞ്ഞുനാറി പരസ്പരം ശ്വാസംമുട്ടി മരിക്കുന്നു. അവിടങ്ങളിൽ കൂടുതലും ഒറ്റയാവുന്നത് സ്ത്രീകളാണ്.

‘ഒരൊറ്റവാക്കിനാൽ
ഏറെ പറഞ്ഞുവെയ്ക്കുന്നോർ
ഏറെ പറഞ്ഞിട്ടും
ഒരൊറ്റവാക്കിലും ഇല്ലാത്തോർ.’
അതിഥികൾ എന്ന കവിതയിൽ മനുഷ്യബന്ധങ്ങളുടെ പൊരുത്തവും വൈരുധ്യവും സൂക്ഷ്‌മമായി പറയുന്നു. മനസ്സിന്റെ വിവിധതലങ്ങൾ. ഈ കവിത അനുവാചകരെ ഇരുത്തിച്ചിന്തിപ്പിക്കുമെന്നതിൽ സംശയമില്ല.

കവിതക്കായി സൃഷ്‌ടിച്ച ഭാഷ എല്ലാ കാവ്യകല്പനകളെയും ലംഘിക്കുന്നതാണ് . ഓരോ വാക്കും ശരീരത്തെ നാട്ടുഭാഷയുടെ അരമുരച്ച് തൊട്ടുരുമ്മുന്നു. ഭാവനയുടെ ജീവനെ തെളിഞ്ഞും മറഞ്ഞും ശരീരബിംബങ്ങളിലൂടെയാണ് കവി ദൃശ്യപ്പെടുത്തുന്നത്. ദൈനംദിനമായ ഭാഷയുടെ ചാരുത കവിതകളെ സുന്ദരമാക്കുന്നു. ഗൃഹാതുരതയുടെ ആത്മാവിനെ വർത്തമാനകാലത്തിന്റെ യാന്ത്രികമായ അവസ്ഥകളോട് താരതമ്യം ചെയ്യുന്നത് കാണാം. മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ തയ്യാറാവുമ്പോഴും ഇരുട്ടുകൊണ്ട് ഓട്ട അടക്കാൻ തയ്യാറല്ല. അവളവളുടെ ഭാഷ പ്രതികരണത്തിനായി ഉരുത്തിരിയുന്നതിൽ അതിശയമില്ല. ശരീരത്തെ എഴുതുമ്പോൾ അതിന്റെതായ ഭാഷ ജനിച്ചേമതിയാകു. കാരണം അവളുടെ വൈകാരികമായ അവസ്ഥകളെയാണ് ചൂഷണത്തിനും സഹനത്തിനുമായി ഉപയോഗിക്കുന്നത്. അതിനെതിരെയുള്ള സമരപ്രഖ്യാപനമാണ് കൃപ അമ്പാടിയുടെ കവിതകൾ.

ഓരോ കവിതയും കൈമാറുന്നത് വ്യത്യസ്തമായ അനുഭവലോകമാണ്. വായിച്ചുവരുമ്പോൾ പാരസ്പര്യം തോന്നുമെങ്കിലും സൂക്ഷ്മതലത്തിൽ ഓരോന്നും ഓരോ വഴികളാണ്. സാമൂഹിക സാമ്പത്തിക സാംസ്കാരിക ലിംഗപരമായ വിഷയങ്ങളിലേക്കെല്ലാം കവി കടന്നുചെല്ലുന്നു. എന്തിനോടും നിശബ്ദമായി സമരസപെട്ടുപോകുന്നവരുടെ സുവിശേഷമല്ല ‘പെങ്കുപ്പായം’ . പല സ്ത്രീഎഴുത്തുകാരും പറയാൻ ഒരുമ്പെട്ടെങ്കിലും വളഞ്ഞൊതുക്കിയ ആ കാലത്തിൽനിന്നുമുള്ള ഉയിർത്തെഴുന്നേല്പാണിത്. കീഴാളപ്രതിരോധമാണ്. മനുഷ്യനെന്ന മതത്തിലേക്കുള്ള യാത്രയാണ്. “എല്ലാത്തരം അടിച്ചമർത്തലുകളിൽ നിന്നും സ്ത്രീകൾക്ക് മോചനം ലഭിച്ചില്ലെങ്കിൽ സ്വാതന്ത്ര്യം നേടാനാവില്ല.” എന്ന നെൽസൺ മണ്ടേലയുടെ വാക്കുകൾക്കൊപ്പം നടക്കുന്നവയാണ് ഈ പുസ്തകത്തിലെ ഭൂരിഭാഗം കവിതകളും. ചരിത്രവും കഥാപാത്രങ്ങളും പ്രകൃതിയും ദേശവും വായനക്കാർക്ക്‌ അപരിചിതമല്ല. അശാന്തിയുടെ ഇരകളായി നീതികേടുകളോട് പ്രതികരിക്കാനും പ്രതിക്ഷേധിക്കാനും മറന്നുപോകുന്നവരുടെ ഇടയിലേക്കാണ് വാളും ചിലമ്പുമായി ഈ കവിതകളെത്തുന്നത്. അനുഭവത്തിന്റെ കാഴ്ചയേയും രുചിയേയും ചീറ്റപ്പുലികളായി കവിതകളിൽ തുറന്നുവിട്ടിരിക്കുന്നു കൃപ അമ്പാടി. കൂർത്ത നഖങ്ങളും പല്ലുകളും നിശബ്ദമായ സഹനങ്ങളെ മാന്തിക്കീറുകയാണ്. ഒപ്പത്തിനൊപ്പം മുന്നേറാനുള്ള സ്ത്രീജീവിതത്തിൽ ഇനിയങ്ങോട്ട് ഭദ്രയാണെന്നും കൃപ പ്രഖ്യാപിക്കുന്നു. സമൂഹത്തിലെ ഇരുണ്ടിടങ്ങളിൽ വെളിച്ചത്തിന്റെ മിന്നലായി കവി കടന്നു വരുമ്പോൾ കണ്ണടച്ചിരിക്കാൻ ശ്രമിക്കുന്നവർപോലും അതിന്റെ കാന്തികവലയത്തിലേക്കു പതുക്കെ ഇഴചേരുന്നത് കാണാം.യഥാർത്ഥചരിത്രവും തിരുത്തപ്പെട്ട് സ്വന്തമാക്കി ഏറ്റുപറയിച്ച് ഉറപ്പിച്ചെടുത്ത ചരിത്രവും തമ്മിലുള്ള വൈരുധ്യം വരികൾക്കിടയിൽ വായിച്ചെടുക്കാം. ശരീരത്തിലേക്ക് കാമച്ചൂണ്ട കോർക്കുന്ന കണ്ണുകൾ കുത്തിപ്പൊട്ടിക്കുന്ന ഒച്ച കേൾക്കാം. പുരുഷനെ എതിർക്കുകയല്ല. ശരീരത്തോടുള്ള അധികാരം കീഴ്പ്പെടുത്തലിനാവരുത് പകരം പ്രണയാനുഭവത്തിന്റെ ഉറവകളായി തെളിഞ്ഞ് വറ്റാതെ ഒഴുകുന്നതാവണമെന്ന് കവി ആഗ്രഹിക്കുന്നു.ഭാഷ നിത്യജീവിതത്തിന്റെതാണെങ്കിലും ചിന്തകൾ ആത്മീയമായ ഉയർച്ചയുടേതാണ്. കൃപ അമ്പാടിയുടെ പെങ്കുപ്പായം എന്ന ആദ്യ കവിതാ സമാഹാരത്തിലെ കവിതകളെല്ലാം കാലിക പ്രസക്തമാണ്. അവയിൽ സൂക്ഷ്മതയുടെ സൗന്ദര്യമുണ്ട്. ഓരോ വാക്കിന്റെ അടിത്തട്ടിലും സമത്വത്തിന്റെ സ്വപ്നവുമുണ്ട്.

 

Comments are closed.