DCBOOKS
Malayalam News Literature Website

തോമസ് ജോസഫിന്റെ ചികിത്സക്ക് സഹായമേകാന്‍ ‘പെണ്‍നടന്‍’ വീണ്ടും അരങ്ങിലേക്ക്

കൊച്ചി: എഴുത്തുകാരന്‍ തോമസ് ജോസഫിന്റെ ചികിത്സാ സഹായത്തിനു വേണ്ടി സന്തോഷ് കീഴാറ്റൂരിന്റെ ‘പെണ്‍നടന്‍’ നാടകം നവംബര്‍ ഒന്നിന് അരങ്ങേറും. കേരള ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയും തോമസ് ജോസഫ് സുഹൃദ്‌സംഘവും ചേര്‍ന്നാണ് നാടകം പ്രദര്‍ശനത്തിനെത്തിയ്ക്കുന്നത്. നാടകത്തില്‍ നിന്നു ലഭിക്കുന്ന വരുമാനം തോമസ് ജോസഫിന്റെ ചികിത്സാ സഹായനിധിയിലേക്ക് സമര്‍പ്പിക്കും. എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ നവംബര്‍ ഒന്നിന് വൈകിട്ട് ഏഴ് മണിയ്ക്കാണ് നാടകം അരങ്ങേറുന്നത്.

ഗുരുതരമായ പക്ഷാഘാതത്തെ തുടര്‍ന്ന് നടത്തിയ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് ശേഷം ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ് തോമസ് ജോസഫ്. കഴിഞ്ഞ സെപ്റ്റംബര്‍ 15നാണ് ഏലൂര്‍ സ്വദേശിയായ തോമസ് ജോസഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  നാല്‍പ്പതുവർഷമായി സാഹിത്യ രംഗത്തുള്ള തോമസ് ജോസഫിന്റെ  പത്തോളം കൃതികൾ ഇതുവരെ പ്രസിദ്ധികരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടേത് അടക്കമുള്ളപുരസ്‌കാരങ്ങൾ ലഭിച്ചു. പത്രപ്രവർത്തകനായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

കേരളത്തിലും വിദേശത്തുമായി ഒട്ടേറെ വേദികള്‍ പിന്നിട്ട സന്തോഷ് കീഴാറ്റൂരിന്റെ പെണ്‍നടന്‍ 2015-ലെ ആദ്യ അരങ്ങേറ്റത്തിന് ശേഷമാണ് കൊച്ചിയില്‍ വീണ്ടും എത്തുന്നത്. ഓച്ചിറ വേലുക്കുട്ടി എന്ന നാടകനടന്റെ കഥ പറയുന്ന പെണ്‍നടന്‍ ഏകപാത്രനാടകമാണ്. സന്തോഷ് കീഴാറ്റൂര്‍ തന്നെയാണ് നാടകത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. 1000, 500, 250 എന്നീ നിരക്കുകളിലാണ് ടിക്കറ്റ് ലഭ്യമായിരിക്കുന്നത്. നാടകത്തിന്റെ പ്രവേശനപാസുകള്‍ക്ക് 9072977895, 9946447236, 9447585046 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Comments are closed.