DCBOOKS
Malayalam News Literature Website
Rush Hour 2

വിശ്വസാഹിത്യം ഉറ്റുനോക്കിയ ‘പാത്തുമ്മായുടെ ആട്’

‘ബേപ്പൂര്‍ സുല്‍ത്താന്‍’ വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. ഈ നോവലിന് പെണ്ണുങ്ങളുടെ ബുദ്ധി എന്നൊരു പേരും കൂടി ബഷീര്‍ നല്‍കിയിട്ടുണ്ട്. എല്ലാവരിലും നന്മയും സ്‌നേഹവും കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതവീക്ഷണം കൂടി പ്രകടമാകുന്ന കൃതിയാണിത്.

ബഷീറിന്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന വലിയ കൂട്ടുകുടുംബം ഒരു ചെറിയ വീട്ടില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്‍ തന്റെ തനതു ശൈലിയില്‍ വിവരിച്ചിരിക്കുകയാണ് ബഷീര്‍ ഈ നോവലില്‍. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്നുമാത്രമല്ല, ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്. നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ. പേര് സൂചിപ്പിക്കും പോലെ ഈ പാത്തുമ്മയുടെ ആടിനെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥാഗതി.

പ്രകൃതിയെ കുറിച്ച് ധാരാളമായി പ്രതിപാദിക്കുന്ന ഒരു നോവലാണ് പാത്തുമ്മയുടെ ആട്. വായനക്കാരോട് തന്റെ കുടുംബത്തിലെ കഷ്ടപ്പാടുകള്‍ പറയാനുദ്ദേശിക്കുമ്പോള്‍തന്നെ ഒരു ആട് മുഖ്യകഥാപാത്രമായി വരികയും അതിന്റെ കടന്നുകയറ്റവും പ്രസവവും ഭക്ഷണശീലവും വിസര്‍ജ്ജനവും ബോധപൂര്‍വം പറഞ്ഞുകൊണ്ട് മനുഷ്യേതര കഥാപാത്രങ്ങളുടെ അര്‍ഥവ്യാപ്തിയും പ്രാധാന്യവും വരച്ചു കാട്ടുന്നു. സാഹിത്യമെന്നത് ചില പദകേളീ ജാലങ്ങളല്ലാതെ ഒരു ജീവിതപ്രവര്‍ത്തനവും മനുഷ്യനോടും പ്രകൃതിയോടുമുള്ള ബാധ്യതകളുടെ നീതിപൂര്‍വമായ നിര്‍വ്വഹണം കൂടിയാണെന്ന് ബഷീര്‍ സ്ഥാപിക്കുന്നുണ്ട്. അതുകൊണ്ടാണ് ചാമ്പമരങ്ങള്‍ വച്ചുപിടിപ്പിക്കാനും മാങ്കോസ്റ്റിന്‍ മരങ്ങളെ സ്‌നേഹിക്കാനും പാമ്പിനും പഴുതാരക്കും തേളിനും പട്ടിക്കും പൂച്ചക്കുമെല്ലാം ഭൂമിയില്‍ അവകാശമുണ്ടെന്ന് ഉറക്കെ വിളിച്ചു പറയാനും അദ്ദേഹത്തിന് കഴിയുന്നത്.

തന്റെ ജീവിതാനുഭവങ്ങളേക്കാള്‍ മികച്ച ഒരസംസ്‌കൃത വസ്തു വേറെയില്ല എന്നു തന്നെ വിശ്വസിച്ച വൈക്കം മുഹമ്മദ് ബഷീര്‍ പാത്തുമ്മായുടെ ആട് 1959-ലാണ് പ്രസിദ്ധീകരിച്ചത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പാത്തുമ്മായുടെ ആടിന്റെ കോപ്പികള്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

Comments are closed.