DCBOOKS
Malayalam News Literature Website

‘മകളുടെ ജീവനാണ് വലുത്’ എന്ന ഒരൊറ്റ ഉത്തരമേ മാതാപിതാക്കള്‍ക്ക് പറയാനുണ്ടാകാവൂ!

സി.എസ്. ചന്ദ്രിക

ഒരു പെണ്‍കുട്ടിയുടെ ജീവിതം തുടങ്ങുന്നതിനു മുമ്പേ പൊലിഞ്ഞു പോകുന്ന മരണവലയായി വിവാഹം മാറുന്നു എങ്കില്‍ അത്തരം വിവാഹത്തെക്കുറിച്ച്‌ കുടുംബവും സമൂഹവും സര്‍ക്കാരുകളും അടിയന്തര പ്രാധാന്യത്തോടു കൂടി ചില കൂട്ടായ ആലോചനകള്‍, തീരുമാനങ്ങള്‍, മാറ്റങ്ങള്‍ കൈക്കൊള്ളേണ്ടതുണ്ട്‌.

ഉത്ര എന്ന പെണ്‍കുട്ടിയെ ഭര്‍ത്താവ്‌ കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള വാര്‍ത്തകളുടെ നടുക്കത്തില്‍ നിന്ന്‌ ഇനിയും പലരും മോചിതരായിട്ടില്ല. ഇപ്പോള്‍ വിസ്‌മയ എന്ന പെണ്‍കുട്ടിയും പ്രത്യക്ഷത്തില്‍ത്തന്നെ സ്‌ത്രീധന കൊലപാതകത്തിന്റെ ഇരയായി കേരള സമൂഹത്തിനു മുന്നില്‍ ജീവനറ്റ്‌ തൂങ്ങി നില്‍ക്കുന്നത്‌ കാണുകയാണ്‌. ഇനിയും ഈ തനിയാവര്‍ത്തനങ്ങള്‍ ഉണ്ടാകാതിരിക്കണം. ഇങ്ങനെ ഉണ്ടാകാതിരിക്കാന്‍ പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും പ്രധാന ഉത്തരവാദിത്വമുണ്ട്‌.

പെണ്‍കുട്ടികളെ സ്വതന്ത്ര വ്യക്തികളായി വളര്‍ത്തണം. സ്വന്തമായി ജോലി ചെയ്‌ത്‌ വരുമാനമുണ്ടാക്കാനും സ്വാശ്രയത്വത്തോടെ ജീവിക്കാനുമുള്ള തന്റേടം ഉണ്ടാക്കിക്കൊടുക്കാന്‍ കുടുംബങ്ങള്‍ പ്രധാന ഉത്തരവാദിത്വം വഹിക്കണം. അതോടെ, വിവാഹം കഴിച്ചയയ്‌ക്കാന്‍ സ്‌ത്രീധനമുണ്ടാക്കാനായി ജീവിതം ഹോമിക്കുന്ന മാതാപിതാക്കള്‍ക്കും കിട്ടും വലിയ ആശ്വാസവും ആരോഗ്യത്തോടും സന്തോഷത്തോടും കൂടിയുള്ള ജീവിതവും.

സ്‌ത്രീധന നിരോധന നിയമം നടപ്പിലാക്കാനായി സര്‍ക്കാരിന്റെ ഭാഗത്തു നിന്ന്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടേതായ അനുകൂലമായ എല്ലാ അന്തരീക്ഷവും ബോധപൂര്‍വ്വമായ പിന്തുണയും സൃഷ്‌ടിക്കണം. യഥാര്‍ത്ഥത്തില്‍ വിവാഹ ധനസഹായം എന്ന ഏര്‍പ്പാട്‌ സര്‍ക്കാര്‍ പിന്‍വലിക്കണം. അത്രയും ധനസഹായം കൂടി പെണ്‍കുട്ടിക്ക്‌ വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും തൊഴില്‍ നല്‍കുന്നതിനുമായി ഉപയോഗിക്കണം. പരമാവധി ഇരുപതു – നൂറു പേരുണ്ടെങ്കിലും വിവാഹം നടത്താം എന്നു നമ്മള്‍ കോവിഡ്‌ കാലത്തു കണ്ടതാണ്‌. ആ സംസ്‌ക്കാരം നമ്മുടെ സമൂഹത്തിന്റെ ഭാഗമാക്കി മാറ്റണം. സ്‌ത്രീധനമില്ലാതെ വിവാഹം കഴിക്കുന്നവര്‍ക്ക്‌ ഉദ്യോഗം ലഭിക്കുന്നതിനും പ്രമോഷനും മറ്റും ലഭിക്കുന്നതിനുമുള്ള ചില മുന്‍ഗണനകളും പരിഗണനകളും നല്‍കുന്നതിനെക്കുറിച്ചും ആലോചിക്കേണ്ടതാണ്‌.

കേരളത്തിന്റെ നവോത്ഥാന ധാരകളില്‍ സ്‌ത്രീകളുടെ നേതൃത്വത്തിലുണ്ടായിരുന്ന പ്രവര്‍ത്തനങ്ങളില്‍ 1940 കളില്‍ ഏറ്റവും ശക്തമായി എതിര്‍ക്കപ്പെട്ട സാമൂഹ്യ വിപത്താണ്‌ സ്‌ത്രീധന വിവാഹം. 1948ല്‍ എഴുതി അവതരിപ്പിക്കപ്പെട്ട ‘തൊഴില്‍ കേന്ദ്രത്തിലേക്ക്‌’ എന്ന നാടകം ഇതിനുള്ള ഏറ്റവും വലിയ തെളിവാണ്‌. നാടകം എഴുതി കളിക്കുക മാത്രമല്ല, സ്‌ത്രീധന വിവാഹത്തില്‍ നിന്ന്‌ രക്ഷപ്പെട്ടു വരാനാഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക്‌ വേണ്ടി അന്തര്‍ജ്ജന സമാജം ‘തൊഴില്‍കേന്ദ്രം’ സ്ഥാപിക്കുക കൂടി ചെയ്‌തു. പ്രേമമായിരിക്കണം വിവാഹത്തിന്റെ അടിസ്ഥാനം എന്നതും നവോത്ഥാന കാലത്ത്‌ ഉയര്‍ന്നു കേട്ട മറ്റൊരു മഹത്തായ ചിന്തയായിരുന്നു. അന്തര്‍ജ്ജന സമാജവും സഹോദരന്‍ അയ്യപ്പനും പാര്‍വ്വതി അയ്യപ്പനും വിപ്ലവകരമായി ഉയര്‍ത്തിയ ഈ ആശയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കേരളത്തില്‍ ഇനിയെങ്കിലും വലിയ തോതിലുള്ള മുന്നേറ്റവും കാലാനുസൃതവും വിപ്ലവകരമായ തുടര്‍ച്ചയുമുണ്ടാകണം. അന്ന്‌ തികച്ചും വേറിട്ടും മുന്നിട്ടും നിന്ന ഈ നവോത്ഥാന ചിന്തയുടെ ഗുണ്‌ഫലങ്ങള്‍ ദുര്‍ബ്ബലമായിട്ടെങ്കിലും തലമുറകളിലുടെ മുന്നോട്ടു സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നുണ്ട്‌.

എണ്ണത്തില്‍ കുറവാണെങ്കിലും സ്‌ത്രീധന വിവാഹത്തെ എതിര്‍ക്കുന്ന, ഉപേക്ഷിക്കുന്ന സ്‌ത്രീ പുരുഷന്‍മാര്‍ നമുക്കിടയിലുണ്ട്‌. ഞാനടക്കം പല സ്‌ത്രീകളും സാമ്പ്രദായിക സ്‌ത്രീധന വിവാഹത്തെ ഭയന്ന്‌ ഉന്നത വിദ്യാഭ്യാസം ആഗ്രഹിച്ച്‌ കുടുംബത്തിന്റെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ശ്രമിച്ച്‌ വിജയിച്ചിട്ടുണ്ട്‌. ഞങ്ങളുടെ പെണ്‍മക്കള്‍ സ്‌ത്രീധന വിവാഹത്തെക്കുറിച്ചുള്ള ഭയമില്ലാതെ, കൂസലില്ലാതെ, ആത്മവിശ്വാസത്തോടെയാണ്‌ വളരുന്നത്‌. ഇഷ്‌ടമുള്ള കാര്യങ്ങള്‍ പഠിക്കാനും പ്രവര്‍ത്തിക്കാനും അതിനിടയില്‍ സമാനമായ ചിന്തിക്കുന്ന ഇണയെ കണ്ടെത്തിയാല്‍ പ്രേമത്തിലധിഷ്‌ഠിതമായ കുടുംബജീവിതം തെരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യവും സന്തോഷവും അവരുടെ ജന്മാവകാശമാണ്‌. വിവാഹം കഴിക്കാതെ അഭിമാനകരമായി ജീവിക്കാനും അവര്‍ക്ക്‌ സ്വാതന്ത്ര്യവും അവകാശവുമുണ്ട്‌.

തങ്ങളുടെ പെണ്‍മക്കള്‍ സന്തോഷത്തോടെയും സുരക്ഷിതത്വത്തോടെയും ഈ ലോകത്ത്‌ ജീവിച്ചിരിക്കണം എന്നാഗ്രഹിക്കുന്ന കുടുംബങ്ങള്‍, മാതാപിതാക്കള്‍ സ്‌ത്രീധന നിരോധന നിയമം ലംഘിക്കുകയില്ലെന്ന്‌ തീരുമാനമെടുക്കണം. രാജ്യത്ത്‌ ഒരു സ്‌ത്രീനിയമമുണ്ടായത്‌ വെറുതെയാവരുത്‌. സ്‌ത്രീധനത്തിന്റെ പേരില്‍ അനേകം പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നതില്‍ വേദനിച്ചും പ്രതിഷേധിച്ചും പ്രതികരിച്ചുകൊണ്ട്‌ പുറത്തിറങ്ങിയ വിപ്ലവകാരികളായ സ്‌ത്രീകളും സ്‌ത്രീസംഘടനകളും രാജ്യ വ്യാപകമായി വളര്‍ത്തിക്കൊണ്ടു വന്ന വലിയ പ്രക്ഷോഭങ്ങളുടേയും നിയമപരമായ ആവശ്യങ്ങളുടേയും ഭാഗമായിട്ട്‌ ഉണ്ടായതാണ്‌ ഈ നിയമം. ഈ നിയമം ലംഘിക്കാനായി പുരുഷാധിപത്യ താല്‌പര്യങ്ങളുടെ വലിയ സാമൂഹ്യ സമ്മര്‍ദ്ദം നിലനില്‍ക്കുമ്പോള്‍ അതിനെ ചെറുത്തു നില്‍ക്കാന്‍ വലിയ മന:ശക്തി വേണം.

പൊതുസമൂഹത്തിന്റെ താല്‌പര്യമാണോ സ്‌നേഹിച്ച്‌ വളര്‍ത്തി വലുതാക്കിയെടുത്ത സ്വന്തം മകളുടെ ജീവനാണോ വലുത്‌ എന്ന ഒരൊറ്റ ചോദ്യത്തിനു മുന്നില്‍ മകളുടെ ജീവനാണ്‌ വലുത്‌ എന്ന ഒരൊറ്റ ഉത്തരം പറയാന്‍ ആര്‍ജ്ജവമുണ്ടായാല്‍ മാത്രം മതിയാകും. രണ്ടും വേണം എന്ന ഗത്യന്തരമില്ലാത്ത വിചാരങ്ങളില്‍ കുരുങ്ങിയാല്‍ ഉത്രയും വിസ്‌മയയും ഇനിയും മറ്റു പേരുകളില്‍ നമ്മുടെ മുന്നില്‍ ഇനിയും പ്രത്യക്ഷപ്പെടും. പെണ്‍കുട്ടികള്‍ കൊല്ലപ്പെടുമ്പോള്‍ മാത്രമാണ്‌ സ്‌ത്രീധന വിവാഹത്തിന്റെ അപകടങ്ങള്‍ക്ക്‌ പൊതുദൃശ്യത പോലും കിട്ടുന്നത്‌. എന്നാല്‍ ഈ മരണവലയില്‍ കുടുങ്ങിക്കിടക്കുന്ന അനേകായിരം പെണ്‍കുട്ടികള്‍ നമുക്കിടയിലുണ്ട്‌. സ്‌ത്രീധനം പോരാത്തതിന്റെ പേരിലുള്ള മര്‍ദ്ദനങ്ങളും ചീത്തവിളികളും അപമാനങ്ങളും സഹിച്ചു കൊണ്ട്‌ പുറം ലോകത്തെ അറിയിക്കാതെ വിധിയെന്ന്‌ കരുതി മരണ സമാനമായി ജീവിതം തള്ളി നീക്കുന്ന പെണ്‍കുട്ടികള്‍ നമുക്ക്‌ മുന്നില്‍ അദൃശ്യരാണ്‌. സത്യത്തില്‍ ഇത്തരം സ്‌ത്രീധന വിവാഹ കുടുംബങ്ങള്‍ ഏതു സമയവും പൊട്ടിത്തെറിച്ച്‌ നാശം വിതയ്‌ക്കാന്‍ പുകഞ്ഞു നില്‍ക്കുന്ന അഗ്നിപര്‍വ്വതങ്ങളാണ്‌.

സ്‌ത്രീധനം കൊടുത്ത്‌ പെണ്‍കുട്ടികളെ വിവാഹം ചെയ്‌തയച്ചാല്‍ ഭാരമൊഴിഞ്ഞു എന്നു കരുതുന്ന കുടുംബങ്ങളും വിവാഹത്തോടെ സ്വന്തം വീട്ടില്‍ അതുവരേയും തനിക്കുണ്ടായിരുന്ന സ്ഥാനവും ഇടവും നഷ്‌ടപ്പെട്ടു എന്നു മനസ്സിലാക്കുന്ന പെണ്‍കുട്ടികളും ഒരു സാമൂഹ്യ ദുരന്ത യാഥാര്‍ത്ഥ്യമാണ്‌. ഭര്‍ത്താവിന്റെ വീട്ടില്‍ ദുരിതമനുഭവിക്കുന്ന പെണ്‍കുട്ടികള്‍ സ്വന്തം വീട്ടിലേക്കു വരുമ്പോള്‍ അവരെ ഉള്‍ക്കൊള്ളാന്‍ കുടുംബത്തിന്‌ കഴിയാതിരിക്കുന്നത്‌ വേദനാജനകമാണ്‌. സമൂഹത്തെ പേടിച്ചും വീട്ടില്‍ മകനും ഭാര്യക്കുമുളള അധികാര അവകാശത്തെ സ്ഥാപിച്ചും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ രീതികള്‍ മാറ്റിയേ തീരു. ഭര്‍തൃകുടുംബത്തില്‍ ഗത്യന്തരമില്ലാതെ രക്ഷപ്പെട്ടു വരുന്ന പെണ്‍കുട്ടികള്‍ക്ക്‌ എവിടെയാണ്‌ അഭയം? ഒറ്റയ്‌ക്ക്‌ ഇറങ്ങി വരുന്ന, വിവാഹ മോചനത്തിന്‌ ആഗ്രഹിക്കുന്ന പെണ്‍കുട്ടികളെ നമ്മുടെ സമൂഹവും ഉള്‍ക്കൊള്ളുകയില്ല. ഈ പെണ്‍കുട്ടികള്‍ എന്തു ചെയ്യണം? സ്വന്തമായി ജോലിയും വരുമാനവുമുണ്ടെങ്കിലും ഒറ്റയ്‌ക്ക്‌ ജീവിക്കാന്‍ തീരുമാനിക്കുന്ന പെണ്‍കുട്ടികള്‍ക്ക്‌, സ്‌ത്രീകള്‍ക്ക്‌ വാടകയ്‌ക്ക്‌ വീടുകള്‍ പോലും നല്‍കാന്‍ തയ്യാറാവാത്ത സമൂഹമാണ്‌ നമ്മുടേത്‌. ഒറ്റയ്‌ക്കു ജീവിക്കുന്ന സ്‌ത്രീയും കുടുംബം എന്ന നിര്‍വ്വചനത്തിനുള്ളില്‍ ഉണ്ടാവണം. അതിജീവന ശ്രമത്തിനിടയില്‍ ഒറ്റയ്‌ക്കായിപ്പോകുന്ന സ്‌ത്രീകള്‍ക്ക്‌ സുരക്ഷിതമായും അഭിമാനകരമായും ജോലി ചെയ്‌ത്‌ ജീവിക്കാന്‍ ഓരോ നഗരത്തിലും പഞ്ചായത്തിലും ഫ്‌ളാറ്റ്‌/ താമസ സമുച്ചയങ്ങള്‍ ആവശ്യമുണ്ട്‌.

മാത്രമല്ല, ഇന്ന്‌ എമ്പാടും നിലവിലുള്ള ഫ്‌ലാറ്റുകളില്‍ ഒരു നിശ്ചിത ശതമാനം ഏകരായ സ്‌ത്രീകള്‍ക്ക്‌ നല്‍കണമെന്ന്‌ സര്‍ക്കാരിന്‌ വ്യവസ്ഥ ചെയ്യുകയും വേണം. സ്വന്തം കുടുംബം സ്വീകരിക്കാന്‍ മടി കാണിക്കുമ്പോള്‍ സര്‍ക്കാരുണ്ട്‌ കൂടെ എന്ന ആത്മവിശ്വാസം സ്‌ത്രീകള്‍ക്കുണ്ടാവണം. സ്‌ത്രീധന പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം, സ്‌ത്രീധന നിരോധന നിയമം ലംഘിക്കുന്നവര്‍ക്ക്‌ കര്‍ശനമായ ശിക്ഷ നല്‍കുക എന്നതും നടപ്പിലാക്കപ്പെടണം. സ്വത്തവകാശ നിയമപ്രകാരം പെണ്‍മക്കള്‍ക്കുള്ള ഭാഗം ഭൂമിയായോ പണമായോ വീടായോ മറ്റോ അവളുടെ മാത്രം ഉടമസ്ഥതയില്‍ നല്‍കണം എന്ന വ്യവസ്ഥ പാലിക്കപ്പെടണം. സ്‌ത്രീധത്തിനെതിരെ വലിയ ബോധവല്‍ക്കരണവും വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ തന്നെയുള്ള അവകാശ അവബോധ നിര്‍മ്മാണവും കാര്യക്ഷമമായി നടപ്പില്‍ വരണം.

കടപ്പാട്; മാധ്യമം ദിനപത്രം

സി.എസ് ചന്ദ്രികയുടെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

കടപ്പാട്; മനോരമ ഓണ്‍ലൈന്‍

Comments are closed.