DCBOOKS
Malayalam News Literature Website

പറയിപെറ്റ പന്തിരുകുലം ഐതിഹ്യവും ചരിത്രവും

VARA

മലയാളിയുടെ സാമൂഹ്യഭാവന നൂറ്റാണ്ടുകള്‍ക്കു മുമ്പ് രൂപംകൊടുത്ത മനോഹരമായ ഐതിഹ്യമാണ് പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ. മഹാബ്രാഹ്മണനായ വരരുചിക്ക് ബുദ്ധിമതിയും പരിശുദ്ധയുമായ പറയിപ്പെണ്ണില്‍ പിറന്ന് വ്യത്യസ്തകുലങ്ങളിലും ജാതികളിലും വളര്‍ന്ന പ്രതിഭാശാലികളായ സന്തതികളുടെ കഥയാണിത്.

കാലമേറെ കഴിഞ്ഞിട്ടും അഗ്നിഹോത്രിയും പാക്കനാരും നാറാണത്തുഭ്രാന്തനും പെരുന്തച്ചനുമെല്ലാം നമ്മുടെ സാംസ്‌കാരിക ജീവിതത്തില്‍ ഒളിമങ്ങാതെ നില്‍ക്കുന്നു. എന്നാല്‍ ഈ കഥ ചരിത്രമോ ഐതിഹ്യമോ എന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഉത്തരമില്ല. ഈ കഥയുടെ സത്യം അന്വേഷിക്കുന്ന പുസ്തകമാണ് ഡോ. രാജന്‍ ചുങ്കത്തിന്റെ പറയിപെറ്റ പന്തിരുകുലം ഐതിഹ്യവും ചരിത്രവും എന്ന പുസ്തകം.

കാര്‍ബണ്‍ ഡേറ്റിങ്, ഡി എന്‍ എ ടെസ്റ്റ് തുടങ്ങിയ ആധുനിക ശാസ്ത്രീയ സങ്കേതങ്ങളുടെ പിന്‍ബലത്തില്‍ പറയിപെറ്റ പന്തിരുകുലത്തിന്റെ കഥയിലേയ്ക്ക് ഒരന്വേഷണം നടത്തുകയാണ് ഡോ. രാജന്‍ ചുങ്കത്ത് പറയിപെറ്റ പന്തിരുകുലം ഐതിഹ്യവും ചരിത്രവും എന്ന പുസ്തകത്തില്‍. ഐതിഹ്യസമാഹാരങ്ങള്‍, കഥാശേഖരങ്ങള്‍, സാഹിത്യചരിത്രങ്ങള്‍, ജീവചരിത്രങ്ങള്‍, എന്നിങ്ങനെ പന്തരുകുലവുമായി ബന്ധപ്പെട്ട അനേകം ഗ്രന്ഥങ്ങള്‍ പഠന വിധേയമാക്കിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തെ സാമൂഹ്യശാസ്ത്രപരവും, ആചാരാനുഷ്ഠാനപരവും നരവംശശാസ്ത്രപരവും ജനിതകശാസ്ത്രപരവുമായ കോണുകളിലൂടെയെല്ലാം നോക്കിക്കാണുകയാണ് എഴുത്തുകാരന്‍. പന്തിരുകുലത്തിന്റെ ഡിഎന്‍എ വിശകലനം, പന്തിരുകുലസംഗമം, പുരാശേഷിപ്പുകള്‍ ചരിത്രമാകുന്നതെങ്ങനെ എന്നിവ അനുബന്ധമായും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അതിനാല്‍ തന്നെ ചരിത്രാന്വേഷകര്‍ക്കും ചരിത്രപഠിതാക്കള്‍ക്കും ഒഴിവാക്കാനാവാത്ത പുസ്തകമാണ് പറയിപെറ്റ പന്തിരുകുലം ഐതിഹ്യവും ചരിത്രവും എന്ന് നിസംശയം പറയാം. 2012ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി.

Comments are closed.