DCBOOKS
Malayalam News Literature Website

സി വി ആനന്ദബോസിന്റെ ആത്മകഥ പ്രകാശിപ്പിച്ചു

പറയാതിനി വയ്യ ‘ എന്ന പേരില്‍ സി വി ആനന്ദബോസ് എഴുതിയ പുസ്തകത്രയം കെ എല്‍ മോഹനവര്‍മയും തോമസ് മാത്യുവും കാലടി സംസ്‌കൃതസര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ എം സി ദിലീപ്കുമാറും ചേര്‍ന്നു പ്രകാശനം ചെയ്തു. കൊച്ചി ഇടപ്പള്ളി ചങ്ങമ്പുഴപാര്‍ക്കില്‍വച്ച് നടന്ന ചടങ്ങ് കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനംചെയ്തു. കുസാറ്റ് വൈസ് ചാന്‍ലര്‍ ഡോ. ജെ ലത അദ്ധ്യക്ഷയായിരുന്നു. കെ ബാലചന്ദ്രന്‍, ഡോ.മോഹന്‍ ബോസ് എന്നിവര്‍ പ്രസംഗിച്ചു.

സി വി ആനന്ദബോസ് എഴുതിയപറയാതിനിവയ്യ-മാന്നാനം മുതല്‍ മാന്‍ഹറ്റന്‍ വരെ’ എന്ന ആത്മകഥാപരമായ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി സി കറന്റ്ബുക്‌സാണ്. ജേക്കബ് തോമസിനും, നമ്പിനാരായണനും ശേഷം വിവാദപരമായ ഒരു ചര്‍ച്ചയ്ക്ക് വഴിവയ്ക്കുന്ന അനുഭവക്കുറിപ്പുകളാണ് ആനന്ദബോസും തന്റെ പുസ്തകത്തിലൂടെ പങ്കുവയ്ക്കന്നത്. പുസ്തകം ഉടന്‍ വിപണികളിലെത്തും.

കേരള മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെ കരുണാകരനെതിരെ ഉയര്‍ന്നു വന്ന പ്രധാനപ്പെട്ട മൂന്ന് അഴിമതി കേസുകളായിരുന്നു പാമോലിനും ചാരക്കേസും കശുവണ്ടി ഇറക്കുമതി കേസുമോക്കെ. എന്നാല്‍ അഴിമതി വിരുദ്ധനായിരുന്ന മുഖ്യമന്ത്രി കെ കരുണാകരന്‍ തനിക്കെതിരെ പലരും ചേര്‍ന്ന് ഒരുക്കിയ ചക്രവ്യൂഹത്തില്‍ അറിയാതെ പെട്ടുപോവുകയായിരുന്നു എന്നാണ് അക്കാലത്ത് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ആനന്ദബോസിന്റെ വെളിപ്പെടുത്തല്‍. പാമോലിന്‍ കേസില്‍ അഴിമതി നടന്നിട്ടുണ്ട് എന്നാണ് അദ്ദേഹം തുറന്നു പറയുന്നു. എന്നാല്‍ അതില്‍ കരുണാകരന് പങ്കില്ല. കുടെയുള്ളവര്‍ തെറ്റു ചെയ്താലും കരുണാകരന്‍ അവരെ തള്ളിക്കളയില്ലെന്ന് ഉത്തമബോധ്യമുള്ള ഒരു കൂട്ടായ്മ ചേര്‍ന്ന് ഒരുക്കിയ നാടകത്തില്‍ അദ്ദേഹം ബലിയാടാകുകയായിരുന്നു എന്നാണ് ആന്ദബോസ് പറയുന്നത്. കരുണാകരന്റെ ആശ്രിത വാത്സല്യത്തെ ചൂഷണം ചെയ്യാന്‍ തുനിഞ്ഞിറങ്ങിയ ചിലരാണ് അതിന് പിന്നിലെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല അന്നത്തെ ഭക്ഷ്യ മന്ത്രിയായിരുന്ന മുസ്തഫ ഈ കേസില്‍ നിരപരാധിയാണെന്നാണ് ആനന്ദബോസ് പറയുന്നത്.

ചാരക്കേസിനേക്കാളും അദ്ദേഹത്തിന്റെ രാജിയില്‍ക്കൊണ്ടെത്തിച്ചത് രണ്ട് ഘടകങ്ങളാണ്. ഒന്ന്, അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുള്ളില്‍തന്നെ ഉണ്ടായ ഗ്രൂപ്പ് വഴക്കുകള്‍. രണ്ട്, മന്ത്രിസഭയിലെ അംഗങ്ങള്‍തന്നെ, ഘടകകക്ഷികള്‍തന്നെ അദ്ദേഹത്തിനെതിരായി നീങ്ങി എന്നത്. അവര്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിനെ കണ്ട് മുഖ്യമന്ത്രിക്കെതിരെ അവരുടെ നിലപാട് അറിയിച്ചു. മന്ത്രിമാരും ഘടകകക്ഷികളുമൊക്കെ അദ്ദേഹത്തിനെതിരെ നീങ്ങിയപ്പോള്‍ രാജിവയ്ക്കുന്നതാണ് നല്ലത് എന്ന സൂചന മുഖ്യമന്ത്രിക്ക് കിട്ടി എന്നാണ് എനിക്ക് തോന്നുന്നത്. പെട്ടെന്ന് ഒരു ദിവസം അദ്ദേഹം എന്നെക്കൊണ്ട് രാജിക്കത്ത് ടൈപ്പ് ചെയ്യിച്ച് ഒപ്പിട്ടു കീശയില്‍വച്ചു. പിന്നീട് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണ് അദ്ദേഹം ഗവര്‍ണ്ണറെ കണ്ട് രാജി കൊടുക്കുന്നത്. അദ്ദേഹം അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോയ സമയത്ത് മുഖ്യമന്ത്രിക്കസേരക്കായി ചിലര്‍ വടം വലി നടത്തി. ഒരു കണ്ടിന്ജന്‍സി പ്ലാനെന്ന നിലയ്ക്ക്. അദ്ദേഹത്തിനിനി പൂര്‍ണ്ണാരോഗ്യത്തോടെ മുഖ്യമന്ത്രിയായി തുടരാന്‍ പറ്റില്ലായെങ്കില്‍ ആരാകണം പകരക്കാരന്‍ എന്നതിനെക്കുറിച്ചുള്ള ചില അടക്കം പറച്ചിലുകളും നീക്കങ്ങളും ഉണ്ടായിട്ടുണ്ട്. – ആനന്ദബോസ് വെളിപ്പെടുത്തുന്നു.

Comments are closed.