DCBOOKS
Malayalam News Literature Website

നിരൂപകരെ കുഴക്കിയിട്ടുള്ള ഏറ്റവും വലിയ പദപ്രശ്‌നം

തോമസ് ജോസഫ് / പ്രകാശ് മാരാഹി
(അഭിമുഖം)

ഒരു അത്ഭുതസമസ്യപോലെയാണ് തോമസ് ജോസഫിന്റെ കഥകള്‍. ഇത് അതിശയോക്തിപരമായിത്തോന്നാമെങ്കിലും സത്യമതാണ്, സത്യത്തിന്റെ ആ ഒരു പരിവേഷം തിരിച്ചറിയുന്നവരേറെയില്ലെങ്കിലും. കഥയിലും ജീവിതത്തിലും ഒറ്റപ്പെട്ട വ്യക്തിത്വം പ്രകടമാക്കിയിട്ടുള്ള എഴുത്തുകാര്‍ കുറവാണ് മലയാളത്തില്‍. ആധുനികര്‍ക്കുശേഷം വന്ന കഥയുടെ തലമുറയില്‍ പ്രത്യേകിച്ചും . അശാന്തമായ ഒരു ലോകക്രമത്തെയാണ് അത്തരത്തിലുള്ളവര്‍ എഴുതി ഫലിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ചുട്ടുപൊള്ളുന്ന അനുഭവങ്ങളുടെ കനലുകള്‍ക്കുമീതെക്കൂടിയാണ് തോമസ് ജോസഫും വായനക്കാരനെ നടത്തിക്കാന്‍ ശ്രമിച്ചത്. ഒന്നുകില്‍ സ്ഥലകാലരഹിതമായ സ്വപ്നങ്ങളെക്കൂട്ടുവിളിച്ച് അതുമല്ലെങ്കില്‍ അയഥാര്‍ഥമെന്ന് തോന്നിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെക്കൂട്ടുവിളിച്ച് ഒരു സസ്യത്തെയെന്നപോലെ കഥ പടര്‍ത്തിയ ശരീരവുമായി ഇയാള്‍ നമ്മെ അഭിമുഖീകരിക്കുന്നു. അതിന് ഏതെങ്കിലുമൊരു ലാവണ്യനിയമമോ സിദ്ധാന്തമോ കടംകൊള്ളുന്നില്ല. ജീവിതത്തെ ഇങ്ങിനെയും വ്യാഖ്യാനിക്കാമെന്നുള്ള ഒരൊറ്റ ഉത്തരത്തിലൂന്നി ഒരു അരാജകവാദിയെപ്പോലെയാണ് തോമസ് ജോസഫിന്റെ നില്പ്പ്. ഈയൊരു നിലപാടിനുള്ള സാധ്യത നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ആ രചനകള്‍ ആശയസംവേദനം നടത്തുന്നത്. പുതിയകാലത്ത് അനുദിനം തകിടംമറിയുകയും ഒരു പ്രഹേളികപോലെ അത്ഭുത പരതന്ത്രരാക്കുകയും ചെയ്യുന്ന അനുഭവങ്ങളോ സംഭവങ്ങളോ ആണ് കഥകളിലെല്ലാം. വിശിഷ്ടങ്ങളായ ജീവിതമുഹൂര്‍ത്തങ്ങളോ നയന മനോജ്ഞങ്ങളായ കാഴ്ചകളോ സുഗന്ധവാഹിയായ മന്ദമാരുതനൊഴുകുന്ന രാജപാതകളോ പ്രതീക്ഷിക്കുന്നവരെ തെല്ല് അമ്പരപ്പിച്ചുകൊണ്ട് നരകതുല്യമായ അനുഭവദൃശ്യങ്ങളിലേക്ക് തോമസ് ജോസഫ് വായനയുടെ തീക്ഷ്ണജാലകങ്ങള്‍ തുറന്നിടുന്നു. മൗലികമായ എഴുത്തിന്റെ ക്രയവിക്രയങ്ങള്‍ അല്‍പ്പമെങ്കിലും പകരുകയാണ് ഈ കൂടിക്കാഴ്ചയില്‍ തോമസ് ജോസഫ്.

ജീവിതവും കഥയും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചും ആത്മബന്ധത്തെക്കുറിച്ചും പറയാമോ ? കഥയിലേക്കുവന്ന വഴിയെക്കുറിച്ചെങ്കിലും?

കഥയും ജീവിതവും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചുള്ള സൈദ്ധാന്തിക ജ്ഞാനമൊന്നും എനിക്കില്ല. ഒരുപക്ഷേ, ജീവിതം തുടങ്ങിയ ഇടത്തുനിന്നു തന്നെയാവാം അബോധമായിട്ടെങ്കിലും എന്റെ കഥയും ആരംഭിക്കുന്നത്.

Textഎന്റെ ജനനം എറണാകുളം ജില്ലയിലെ ഏലൂരിലായിരുന്നു. അപ്പന്‍ ഫാക്ടിലെ ഒരു താഴ്ന്ന ജീവനക്കാരനായിരുന്നു. ഏലൂര്‍ എന്ന വ്യവസായമേഖല– അതൊരു രാവണന്‍കോട്ട തന്നെയാണ്.ഓര്‍മ്മ വച്ചനാള്‍ മുതല്‍ കമ്പനിയിലെ സൈറണ്‍ കേട്ടാണ് ഉണര്‍ന്നിരുന്നത്. കുട്ടിക്കാലത്ത് അതൊരു രാക്ഷസന്റെ നിലവിളിപോലെയായിരുന്നു. ലോക മലിനീകരണ ഭൂപടത്തില്‍ ഏലൂരിന് രണ്ടാംസ്ഥാനമാണ്. എപ്പോഴും വിഷപ്പുകപടലങ്ങള്‍ ഉയര്‍ന്നുവീശുന്ന അന്തരീക്ഷം. മുട്ടയുടെ ചീഞ്ഞഗന്ധം, കമ്പനികളിലേക്കു വരികയും പോകുകയും ചെയ്യുന്ന കാക്കിവേഷധാരികളായ താഴ്ന്ന ജീവനക്കാര്‍, തിയേറ്ററുകള്‍, ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ക്ലബ്ബുകള്‍, ഫാക്റ്റ് സ്‌കൂള്‍ഗ്രൗണ്ടുകള്‍, മഞ്ഞുപോലെ പരക്കുന്ന പുകപടലങ്ങള്‍ക്കിടയിലും പന്തിനു പിറകെയുള്ള കളിക്കാരുടെ മത്സരയോട്ടം– എല്ലാം എന്റെയുള്ളില്‍ വിഷാദത്തിന്റെ ഒരു ലോകം വരച്ചുവെച്ചു. അതൊരു ഇരുണ്ട ഇടംതന്നെയായിരുന്നു. ലോകസാഹിത്യത്തില്‍നിന്നു വായിച്ചെടുക്കാവുന്ന അത്തരമൊരു ലോകം എനിക്കു സ്വന്തം കൈകള്‍കൊണ്ടും ശ്വാസകോശംകൊണ്ടും സ്പര്‍ശിച്ച് അനുഭവിക്കാന്‍ കഴിഞ്ഞു.
പ്രൈമറി ക്ലാസ്സുകളില്‍ വെച്ചുതന്നെ എനിക്കു കഥയുടെ ജീവവായു ലഭിച്ചു. നടനും നാടകകൃത്തുമായിരുന്ന എന്റെ അമ്മാവന്‍ വി.ടി. വര്‍ഗ്ഗീസായിരുന്നു എന്നെ കഥയെഴുതാന്‍ പ്രേരിപ്പിച്ചത്. എന്റെ മലയാളം അധ്യാപകരായിരുന്ന രാമകൃഷ്ണ ആചാര്യ, കെ.എസ്. നമ്പൂതിരി, താഴത്തേടം രാഘവന്‍ നായര്‍, കെ.യു. മേനോന്‍ തുടങ്ങിയവര്‍ എഴുത്തില്‍ എന്നെ നിരന്തരം പ്രോത്സാഹിപ്പിച്ചു.

യേശു ആദ്യകാലകഥകളില്‍ നിത്യസാന്നിദ്ധ്യമായിരുന്നു. ഇപ്പോള്‍ ആദ്യനോവലില്‍, പരലോക വാസസ്ഥലങ്ങളില്‍, ദൈവം എന്ന കഥാപാത്രത്തിലും പരകായപ്രവേശം നേടുന്നതു ക്രിസ്തുബിംബം തന്നെയാണ്? അതേപ്പറ്റി?

ഒരു ദൈവം എന്നതിനപ്പുറം ക്രിസ്തുവുമായി എന്റെ ബാല്യത്തിനു നിരന്തരമായ ഒരടുപ്പമുണ്ടായിരുന്നു; എനിക്ക് ഏറ്റവും പ്രിയങ്കരനായ ഒരു കൂട്ടുകാരനോടെന്നപോലെ. അങ്ങനെയാണ് യേശു എന്റെ കഥകളിലേക്കു കടന്നുവരുന്നത്. എന്റെ കഥകളില്‍ യേശു ഒരിക്കലും ഒരു ദൈവമായി പ്രത്യക്ഷപ്പെടുന്നതേയില്ല. തൊഴിലില്ലാത്ത ഏകനും നിരാലംബനുമായ ഒരു ചെറുപ്പക്കാരന്റെ പ്രതിനിധിയായിട്ടാണ് അദ്ദേഹം പലപ്പോഴും എന്റെ കഥകളിലേക്കു കടന്നുവരുന്നത്.

‘പരലോകവാസ സ്ഥലങ്ങള്‍’ എന്ന എന്റെ ആദ്യനോവലില്‍ ദൈവം ഒരു മനുഷ്യന്‍ തന്നെയാണ്.Thomas Joseph-Thiranjedutha Kathakal-Thomas Joseph എല്ലാ കാലഘട്ടങ്ങളിലെയും ഏറ്റവും ഏകനായ പ്രണയത്തിനും സൗഹൃദത്തിനുംവേണ്ടി ഉഴറിനില്ക്കുന്ന ഒരു നായകനായിട്ടാണു ദൈവം നോവലിന്റെ ഭൂമിയിലേക്കു പ്രവേശിക്കുന്നത്. ശക്തി നഷ്ടപ്പെട്ടുപോയ ദൈവത്തിന്റെ വിധി സ്വയം വഹിച്ചുകൊണ്ട് അദ്ദേഹം പരലോകം എന്ന ഏഴ് ആകാശങ്ങളിലും അലഞ്ഞുനടക്കുന്നു. തലച്ചോറില്‍ ഏകാന്തത ഒരു ഭ്രാന്തായി മാറുമ്പോള്‍ അദ്ദേഹം ബ്യൂഗിള്‍ വായിച്ചു നൃത്തം ചെയ്യുന്നു. എല്ലാ മനുഷ്യരാലും എല്ലാ ജീവജാലങ്ങളാലും അദ്ദേഹം തിരസ്‌കരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. അവസാനം, എഴുത്തുകാരന്‍ അയാളെ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിമുറിയില്‍നിന്നു ഒരു ഫുട്‌ബോളെന്നപോലെ പുറത്തേക്കു തട്ടിയകറ്റുന്നു.
എന്റെ കഥകളില്‍നിന്നും വ്യത്യസ്തമായി എന്റെ നോവലിലെ ദൈവം എന്ന കഥാപാത്രം മനുഷ്യജീവിതത്തിന്റെയും ഏകാന്തതയുടെയും ഒരു സമഗ്രഭാവമാണ് തേടുന്നത്.

പരലോക വാസസ്ഥലങ്ങള്‍ എന്ന നോവലിലൂടെ തോമസ് ജോസഫ് ഏതു പുതിയ ലോകമാണ് അവതരിപ്പിക്കുന്നത്? അഥവാ ഫിക്ഷന്റെ സാദ്ധ്യതകള്‍ ഏറെ മുന്നോട്ടുപോയ ഒരു കാലത്തിരുന്നു നോവല്‍ നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍– ഒരെഴുത്തുകാരന്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ എന്തൊക്കെയാണ്?

ഈ ലോകത്തിന്റെ മിടിപ്പുകളെ അവതരിപ്പിക്കാനാണ് ഓരോ എഴുത്തുകാരനും വിധിക്കപ്പെട്ടിരിക്കുന്നതെന്നു പൊതുവേ വിശ്വസിക്കപ്പെടുന്നു. ഏറ്റവും സങ്കീര്‍ണ്ണമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. മനുഷ്യന്റെ മനസ്സു പ്രവര്‍ത്തിക്കുന്ന രീതി ഏറ്റവും കരാളമായിരിക്കുന്നു. ആസാമിലെ ജടിങ്ക എന്ന ഗ്രാമത്തില്‍ കന്നുകാലികള്‍ ജലപ്രവാഹങ്ങളിലേക്ക് എടുത്തുചാടി ആത്മഹത്യ ചെയ്യുന്നതായിട്ടുള്ള ഒരു വാര്‍ത്ത ഞാനെന്റെ ഒരു കഥയില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതൊരു വിസ്മയമായിട്ടാണ് നമുക്ക് Textഅനുഭവപ്പെടുന്നതെങ്കിലും ഇപ്പോള്‍ മനുഷ്യര്‍ ചെയ്തുകൂട്ടുന്ന ക്രൂരതകളില്‍ നമ്മെ തികച്ചും സ്തബ്ധരാക്കിത്തീര്‍ക്കുന്നു. ജീവിതം എന്ന ആശയക്കുഴപ്പത്തിന്റെ പുകപടലങ്ങള്‍ക്കിടയില്‍പ്പെട്ടു വഴിയറിയാതെ നമ്മള്‍ ഉഴറുന്നു. സ്വന്തം വീട്ടുമുറിയില്‍ തീ കൂട്ടി അതില്‍ ചാടി മരിക്കുന്ന വൃദ്ധ, പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗികപീഡനത്തിനു വിധേയരാക്കുന്നവര്‍, കുഞ്ഞുങ്ങളെ ആശുപത്രിക്കെട്ടിടത്തിന്റെ അത്യുന്നതിയില്‍നിന്നു താഴേക്കു വലിച്ചെറിയുന്ന ചെറുപ്പക്കാര്‍– ഈ വാര്‍ത്തകളും അനുഭവങ്ങളുമെല്ലാം ഒരു പകര്‍ത്തിയെഴുത്തിനപ്പുറം കലയുടെ മാന്ത്രികവിരലുകള്‍ സ്പര്‍ശിച്ച് വെള്ളം വീഞ്ഞാക്കുന്നതുപോലെ മഹത്തായ ഒരു പരിവര്‍ത്തനത്തിനു വിധേയമാക്കാന്‍ എഴുത്തുകാരനു കഴിയുമോ? എന്നെ സംബന്ധിച്ചാണെങ്കില്‍ ഈ വേദനകള്‍ വാക്കുകള്‍കൊണ്ടു പണിതുയര്‍ത്തി കലാസൗധമാക്കി മാറ്റാന്‍ കഴിയുന്ന ആശങ്കയുടെ തടവറയിലാണ് ഞാന്‍…

പരലോക വാസസ്ഥലങ്ങള്‍ നോവല്‍ എന്ന കലയിലുള്ള എന്റെ ശിക്ഷണം മാത്രമാണ്. ഒരു പുതിയ ലോകം സൃഷ്ടിക്കാനുള്ള എന്റെ എളിയ ശ്രമം. കണ്‍മുമ്പിലെ കാഴ്ചകളില്‍നിന്നുള്ള ഒറ്റതിരിഞ്ഞുള്ള ഒരു നടപ്പ്. ഏതെങ്കിലും ചരിത്ര യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ഒരു നോവല്‍ കെട്ടിപ്പൊക്കുകയെന്നത് എന്റെ ലക്ഷ്യമായി ഞാന്‍ കരുതുന്നില്ല. അല്ലെങ്കില്‍ സമീപകാലത്ത് നമ്മെ പിടിച്ചുകുലുക്കിയ ഒരു സംഭവത്തില്‍നിന്നു ഗുമസ്തനെപ്പോലെ ഒരു കൃതി എഴുതിയൊപ്പിക്കുക എന്ന ദൗത്യവും എനിക്കു വശമില്ലാത്ത കാര്യമാണ്.

ആകാശമാണ് ഈ നോവലിന്റെ ഭൂമിക. ആകാശത്തിന്റെ ഏഴു നിറങ്ങളുള്ള ഏഴു വാസസ്ഥലങ്ങള്‍ നോവലില്‍ പരലോകമായി പടര്‍ന്നുകിടക്കുന്നു…ഏഴു വര്‍ണ്ണങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങള്‍… മരിച്ച മനുഷ്യര്‍…അവരുടേതുമാത്രമായ ഒരു ലോകം.

കഥയില്‍ തികച്ചും വേറിട്ടുനില്ക്കുന്ന ഒരു ആഖ്യാനരീതിയാണ് എന്നും താങ്കള്‍ രചനയില്‍ പുലര്‍ത്തിയിട്ടുള്ളത്. യഥാതഥ ചിത്രീകരണം എന്നൊന്നില്ലാതെ അതീത യാഥാര്‍ത്ഥ്യങ്ങള്‍കൊണ്ടുള്ള ഒരു കഥനമാണ് അതിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ പറയാനുള്ള കാര്യത്തെ പറഞ്ഞു ഫലിപ്പിക്കാന്‍ ഉതകുന്നുണ്ടോ? അഥവാ അതൊരു വെല്ലുവിളിയാണോ?

ഞാന്‍ എന്നെത്തന്നെയാണ് പലപ്പോഴും എഴുതുന്നതെന്നു തോന്നുന്നു. എനിക്കു സ്വപ്നങ്ങള്‍ കൂടപ്പിറപ്പുകളായതുകൊണ്ട് കഥയെ സഫലമാക്കി മാറ്റാന്‍ ഈ ആഖ്യാനരീതി ഉതകുന്നുണ്ട്. തീര്‍ച്ചയായും എന്നെ സംബന്ധിച്ച് ഇത് എളുപ്പമുള്ള ഒരു പ്രക്രിയ തന്നെയാണ്. പിന്നെ കഥയെ മാത്രം വേറിട്ടു നിര്‍ത്തേണ്ട ആവശ്യമില്ല. യഥാതഥവും അതീതവും എല്ലാം അടങ്ങിയ ഈ ജീവിതത്തെ സമഗ്രമായിട്ട് ഒരൊറ്റ കണ്ണാടിയിലൂടെ കണ്ടാല്‍ നമുക്ക് ഒന്നിനെയും അതുമായി മാറ്റിനിര്‍ത്തേണ്ടി വരുന്നില്ല. അതിനു കഴിയാത്തതുകൊണ്ടാണ് അല്പം വ്യത്യസ്തമായി എഴുതാന്‍ ശ്രമിക്കുന്ന എന്നെപ്പോലുള്ള എഴുത്തുകാരെ നമ്മുടെ നിരൂപക പഴഞ്ചന്മാര് Text അസംബന്ധസാഹിത്യകാരന്‍ എന്നു വിളിക്കുന്നത്.

ആധുനികാനന്തര തലമുറയില്‍നിന്നു നിരവധി കഥാകാരന്മാര്‍ വ്യത്യസ്തരചനകളുമായി മലയാളകഥയെ സമ്പുഷ്ടമാക്കിയിട്ടുണ്ട്. എം.സുകുമാരന്‍, സി.വി. ബാലകൃഷ്ണന്‍, എന്‍. പ്രഭാകരന്‍, ടി.വി. കൊച്ചുബാവ… ആ തലമുറയില്‍നിന്നുണ്ടായ ഉണര്‍വ് കഥയില്‍ പില്‍ക്കാലത്തൊന്നും സംഭവിച്ചിട്ടില്ല എന്ന നിരൂപകമതത്തെ എങ്ങനെ വിലയിരുത്തുന്നു ?

അതു ശരിയായ ഒരു നിഗമനമാണെന്ന് ഞാന്‍ കരുതുന്നില്ല. എന്റെ അഭിപ്രായത്തില്‍ മലയാളകഥയുടെ വസന്തകാലം ആധുനികരുടെ കാലം തന്നെയായിരുന്നു. സക്കറിയ, വി.പി. ശിവകുമാര്‍, മേതില്‍ രാധാകൃഷ്ണന്‍ , ടി.ആര്‍….ഈ എഴുത്തുകാര്‍ രൂപഭാവങ്ങളില്‍ കഥയില്‍ വരുത്തിയ വിപ്ലവത്തിനപ്പുറത്തേക്കു മലയാളകഥയ്ക്ക് വളരാന്‍ കഴിഞ്ഞോ എന്നു സംശയമാണ്. ഇതു എന്റെ വ്യക്തിപരമായ ഒരഭിപ്രായം മാത്രമാണ്.അതിന് എതിരഭിപ്രായവും കണ്ടേക്കാമെങ്കിലും ആധുനികോത്തരതയുടെ ഈ കാലത്ത് ഏറ്റവും സജീവമായസാഹിത്യരൂപം എന്ന നിലയില്‍ കഥതന്നെയാണ് നിരൂപകരെ കുഴക്കിയിട്ടുള്ള ഏറ്റവും വലിയ പദപ്രശ്‌നം.

മലയാള കഥയുടെ ഭാവി എത്തരത്തിലായിരിക്കുമെന്നാണ്, ഒരു കഥാകാരന്‍ എന്നനിലയില്‍ വിലയിരുത്തുന്നത്?

കലയേയും സാഹിത്യത്തേയുംകുറിച്ചുള്ള മുന്‍വിധികള്‍ ഭാവിയില്‍ പലപ്പോഴും അസ്ഥാനത്താവുമെന്നാണ് തോന്നുന്നത്.

പാരമ്പര്യത്തെ അതിലംഘിച്ചുകൊണ്ടുള്ള ഒരു പൊട്ടിത്തെറിയാണ് സമീപകാലത്ത് മലയാളകവിതയില്‍ സംഭവിച്ചിട്ടുള്ളത്. എന്റെ അഭിപ്രായത്തില്‍ ഈ മാറ്റം സ്വാഗതാര്‍ഹമാണ്. പക്ഷെ നമ്മുടെ കഥയില്‍ ഇത്തരമൊരു മാറ്റം ഇന്ന് സംഭവിച്ചുകാണുന്നില്ല. പുതിയ കാലത്തിന്റെ മിടിപ്പുകളിലേക്ക് കഥയെ അടുപ്പിച്ചു നിര്‍ത്താന്‍ പുതിയ എഴുത്തുകാര്‍ക്ക് കഴിയുന്നുണ്ടെങ്കിലും പുതിയകഥ സമഗ്രമായ ഒരു പരിവര്‍ത്തനത്തിനു വിധേയമാക്കപ്പെടുന്നില്ല. ചുരുക്കം ചില ഒറ്റപ്പെട്ട എഴുത്തുകാര്‍ നവീനമായ പാതകളിലേക്ക് കഥയെകൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആ കുതിച്ചുചാട്ടങ്ങള്‍ പലപ്പോഴും ആരും കാണാതെപോകുന്നു. ഇതിനു പല കാരണങ്ങളും ഉണ്ട്. ചരിത്രത്തിലെങ്ങുമില്ലാത്തവിധം മലയാളസാഹിത്യം യാഥാസ്ഥിതികമായ എഴുത്തുരീതികളെ പുണരുന്ന അല്‍പ്പം വിചിത്രവും വ്യത്യസ്തമായി എഴുതുന്നവരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ഒരു പ്രവണത അറിഞ്ഞോ അറിയാതെയോ ഇവിടെ വേരുറപ്പിച്ചിരിക്കുന്നു. അല്‍പ്പം മാറിനിന്നെഴുതുന്നവരുടെ രചനകളെ അസംബന്ധസാഹിത്യമെന്നനിലയിലാണ് ഇവിടത്തെ സാഹിത്യത്തിന്റെ അധികാരികള്‍ അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തിയിട്ടുള്ളത്. മാത്രമല്ല, കവിതയെ അപേക്ഷിച്ച് കഥാസാഹിത്യത്തില്‍ ഔദ്യോഗികമായൊരു പരിവേഷം ഇന്ന് വളരെ പ്രധാനമാണ്. ചാനലുകളിലും മറ്റു മാധ്യമങ്ങളിലും ജോലിചെയ്യുന്ന എഴുത്തുകാര്‍ക്കുനേരെ മാധ്യമങ്ങളുടെ വാല്‍സല്യം ആവോളം ചൊരിയപ്പെടുമ്പോള്‍ കഥയെ പതിവുരീതികളില്‍നിന്നു മോചിപ്പിക്കാന്‍ ബദ്ധപ്പെടുന്ന എഴുത്തുകാരന്‍ സാഹിത്യത്തിന്റെ പൂന്തോട്ടത്തിനു പുറത്താകുന്നു. അവന് അംഗീകാരങ്ങളുടെ മധുരം നിഷേധിക്കപ്പെട്ടിരിക്കുന്നു. അപ്പോള്‍പ്പിന്നെ കഥയുടെ ഭാവി എവിടെച്ചെന്നുനില്‍ക്കുമെന്നു പറയാനാവാത്ത സ്ഥിതിവരികയാണ്. ഒരുപക്ഷെ ഇന്നത്തെ ആഘോഷിക്കപ്പെടുന്ന കഥയെഴുത്തുകാരനെ കാലം പിന്നോട്ടുതള്ളുമെന്നും ഇന്നത്തെ കഥാസാഹിത്യത്തിലെ പറയന്മാര് നാളത്തെ കഥയുടെ രാജകുമാരന്മാരായി മാറുമെന്നും പ്രത്യാശിക്കാം.

തോമസ് ജോസഫിന്റെ പരലോക വാസസ്ഥലങ്ങള്‍ എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചത്

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച തോമസ് ജോസഫിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.