DCBOOKS
Malayalam News Literature Website

സിയൂസിന്റെ മത്സ്യാവതാരം

സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘പാറക്കല്ലോ ഏതന്‍സ്’ എന്ന പുസ്തകത്തിൽ നിന്നും

മ്യൂസിയത്തിനരികില്‍ എത്തിയപ്പോള്‍ അവിടെ ‘കാത്തുനില്‍ക്കും’ എന്നുപറഞ്ഞ ഞങ്ങളുടെ ബസ്സോ കൂടെവന്നവരോ ഒന്നുമില്ല. അനുവദിച്ചതില്‍നിന്നും ഒരു മണിക്കൂര്‍ ഞങ്ങള്‍ ഇപ്പോള്‍തന്നെ ലേറ്റാണ്.
ജല്‍സയും ഞാനും വീണ്ടും വഴക്കുതുടങ്ങി. ഞങ്ങള്‍ പറയുന്നത് ഒന്നും മനസ്സിലാവാതെ ഫത്മ അന്തംവിട്ട് ഒരുഭാഗത്തേക്ക് ഒതുങ്ങിനിന്നു.

മ്യൂസിയത്തില്‍ ആരെങ്കിലും ഉണ്ടോ എന്നറിയാന്‍ ജല്‍സ അതിനകത്തേക്ക് നടന്നു. ഞാന്‍ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍ നോക്കി മ്യൂസിയത്തിന് പുറത്തെ കല്ലിന്‍മുകളിലിരുന്നു.

”ഹൗ വുഡ് വി ഗോ ബാക്ക്?” ഫത്മ ബേജാറായി.
”ബൈ വോക്…” ഞാന്‍ പറഞ്ഞു.

”വോക്, 180 കിലോമീറ്റര്‍. വാട്ട് യു മീന്‍?”
ഫത്മ തലയില്‍ കൈവെച്ചു.

”ഡോണ്‍ട് വറി ഫത്മ” ഞാന്‍ സമാധാനിപ്പിച്ചു.

Text”വി വില്‍ ടേക്ക് സം പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്”

അപ്പോഴേക്കും ജല്‍സ തിരിച്ചുവന്നു.

ഭാഗ്യത്തിന് എല്ലാവരും മ്യൂസിയത്തിനകത്തുണ്ട്. എല്ലാം കണ്ട് പുറത്തിറങ്ങാനുള്ള ഒരുക്കത്തിലാണവര്‍.

അതുകേട്ടതും ഭാര്യയുടെ അപേക്ഷ വകവെക്കാതെ ഞാന്‍ മ്യൂസിയത്തിനകത്തേക്ക് ഓടി. ഗ്രീസിലേതു മാത്രമല്ല ലോകത്തിലെത്തന്നെ ഏറ്റവും മികച്ച മ്യൂസിയങ്ങളില്‍ ഒന്നാണ് ഡല്‍ഫിയിലെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം.

ഡല്‍ഫിയുടെ മണ്ണില്‍നിന്ന് കാലം തകര്‍ത്തുകളഞ്ഞതെല്ലാം 2,270 സ്‌ക്വയര്‍ മീറ്ററില്‍ പരന്നുകിടക്കുന്ന ഈ മ്യൂസിയത്തിലുണ്ട്. പ്രതിമകള്‍, ശില്പങ്ങള്‍, ചിത്രങ്ങള്‍, കരകൗശലവസ്തുക്കള്‍, നാണയങ്ങള്‍, ആഭരണങ്ങള്‍, ആയുധങ്ങള്‍ അങ്ങനെ എല്ലാം ഇതില്‍പെടും. എല്ലാം ഒന്ന് ഓടിനടന്ന് കണ്ട് കുറച്ച് ഫോട്ടോയും എടുത്ത് പുറത്തുകടന്നപ്പോള്‍ എന്നെമാത്രം-കാത്ത് ബസ് പുറത്തുനില്‍പ്പുണ്ട്.

സഹയാത്രികരുടെ മുഷിഞ്ഞ നോട്ടം പ്രതീക്ഷിച്ചുകൊണ്ട് അകത്തേക്ക് കയറിയതും ഓസ്ട്രേലിയയിലെ ബോണ്ട് യൂണിവേഴ്സിറ്റിയില്‍നിന്നും വന്ന അധ്യാപിക ലിനേ ചിരിച്ചുകൊണ്ട് പറഞ്ഞു:

”മിസ്റ്റര്‍ സന്തോഷ്, നിങ്ങള്‍ ഒരെഴുത്തുകാരനായതുകൊണ്ടുമാത്രം ഞങ്ങള്‍ വെറുതേ വിടുന്നു.”

അവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ ഇരിപ്പിടത്തിലേക്കു നടന്നു.

ലഞ്ചുകഴിച്ച് തിരിച്ചുവരുന്നവഴി ഡല്‍ഫി എന്നുപേരുള്ള കൊച്ചുപട്ടണത്തില്‍ ബസ് നിര്‍ത്തി. കുറെ ഷോപ്പിങ് സെന്ററുകള്‍ അവിടെയുണ്ട്. മുടിഞ്ഞ വില. ഏതന്‍സിലെ പഴയ അഗോറയായ പ്ലാക്കയില്‍ ചെന്നാല്‍ ഇതിലും വിലകുറച്ച് സാധനങ്ങള്‍ കിട്ടും. ബിയാറ്റ വന്‍ കാശുകൊടുത്ത് ഒരു പരവതാനി വാങ്ങി. നമ്മുടെ ഫോര്‍ട്ടുകൊച്ചിയിലാണെങ്കില്‍ ഇതിന് അതിന്റെ നാലിലൊന്ന് കൊടുത്താല്‍ മതിയാകും.

പരവതാനി വാങ്ങിയ സന്തോഷം മധ്യവയസ്‌കനായ കടയുടമ അറിയിച്ചത് ബിയാറ്റയുടെ ചുവന്ന കവിളില്‍ ഉമ്മ നല്‍കിക്കൊണ്ടാണ്.

റൂമിലെത്തിയപ്പോള്‍ കിട്ടുവിന് പതിവുപോലെ ഇന്ത്യന്‍ ഭക്ഷണം വേണം. വേഗം കുളിച്ച് റെഡിയായി പുറത്തിറങ്ങി. മണി എട്ട് ആകുന്നതേയുള്ളൂ. റോഡില്‍ വന്നുനിന്നപ്പോഴാണ് മനസ്സിലായത് ടാക്‌സിസമരമാണ്. ഇവിടത്തെപ്പോലെ ഇന്ധനത്തിന് വിലകൂട്ടിയതാണ് പ്രശ്‌നം.ഏതന്‍സില്‍ ഡീസലിന് ഒന്നര യൂറോയാണ്. ഒരു ബോട്ടില്‍ വെള്ളത്തിന് പക്ഷേ, ഒരു യൂറോവരും. തീരപ്രദേശമായതുകൊണ്ട് വെള്ളത്തില്‍ ഉപ്പുരസം കൂടുതലാണ്. അതിനാല്‍ കുപ്പിവെള്ളത്തിന് നല്ല ചെലവാണ് ഇവിടെ.

ഏതായാലും മെട്രോ പിടിക്കാമെന്ന് വിചാരിച്ചു. അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയിലെ സാഗര്‍ കോട്ടപ്പുറത്തെപ്പോലെ ‘ചോയിച്ച് ചോയിച്ച്’ പോയി മെട്രോ സ്റ്റേഷനിലെത്തി.

ഏതന്‍സിലെ മെട്രോ ഭൂമിക്കടിയിലൂടെയാണ്. വളരെ ചിട്ടയോടെയുള്ള പ്രവര്‍ത്തനമാണതിന്റേത്. സിന്റാഗ്മ സ്‌ക്വയറിലേക്കാണ് പോകേണ്ടത്. അവിടെ ഒരിന്ത്യന്‍ റെസ്റ്റോറന്റുണ്ട്.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.