DCBOOKS
Malayalam News Literature Website

ചില മനുഷ്യരുടെ അസാധാരണവും, ഉദ്വേഗജനകവും നർമ്മവും നിറഞ്ഞ ജീവിതം!

ജുനൈദ് അബൂബക്കറിന്റെ ഏറ്റവും പുതിയ നോവല്‍പ(ക.) -യ്ക്ക് അന്‍വര്‍ എഴുതിയ വായനാനുഭവം

ങാ.. തൊതോ…

പ(ക.)…പാതിപ്പാടമെന്ന ഒരു സാധാരണ ഗ്രാമത്തിലെ സാധാരണരായ ചില മനുഷ്യരുടെ അസാധാരണമായ, ഉദ്വേഗജനകമായ എന്നാൽ നർമ്മവും നിറഞ്ഞ ജീവിതമാണ് ജുനൈദ്ക്കാന്റെ പകയെന്ന നോവൽ.

നോവലിസ്റ്റിന്റെ ആദ്യ രണ്ട് നോവലുകളും ശ്രദ്ധിക്കപ്പെട്ടത് (പൊനേൻ ഗോമ്ബേ, സഹറാവീയം) അതിലെ പ്രമേയങ്ങൾ കാരണമായിരുന്നു. തികച്ചും അന്താരാഷ്ട്ര രാഷ്ട്രീയവും സാമൂഹിക പ്രശ്നങ്ങളുമായിരുന്നു അതെങ്കിൽ അവിടെനിന്നും പച്ചപ്പും ഹരിതാഭയും തേടി നാട്ടിലേക്കുള്ള ഒരു വരവാണ് പകയെന്ന് പറയാനാകും. പക വായിച്ച് കഴിഞ്ഞ് ആ Textവ്യത്യാസങ്ങളെക്കുറിച്ച് ഞാൻ ആലോചിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങളും നഗരങ്ങളും സംസ്കാരവും ആഘോഷവും ആചാരങ്ങളും ജീവിതവും നമുക്ക്‌ കാണിച്ചുതന്ന നോവലിസ്റ്റ് പാതിപ്പാടമെന്ന ഉൾനാടൻ ഗ്രാമവും അവിടുത്തെ ഓരോ മനുഷ്യരേയുംയും പ്രവാസത്തിലിരുന്ന് കൊണ്ട് എത്ര മനോഹരമായാണ് പരിചയപ്പെടുത്തി തരുന്നത്. ആദ്യ രണ്ട് നോവലുകളും പകയും വായിച്ചവർക്ക് ആ അത്ഭുതം തിരിച്ചറിയാനാകും.

പാതിപ്പാടത്തെ പട്ടി കമ്പനിയെന്നറിയപ്പെട്ട ഒരു സംഘത്തിന്റെ തുടക്കവും വളർച്ചയും പ്രതികാരവും ജീവിതവും പലരേയും നമ്മുടെ നാട്ടിലെ കവലകിൽ പണ്ടെങ്ങോ പലരീതിയിൽ കേട്ടിട്ടുള്ള മിത്തുകളെ ഓർമ്മിപ്പിച്ചേക്കാം. ഓരോ ഗ്രാമത്തിനും ഓരോ ഇതിഹാസവും, വീരകഥാപാത്രങ്ങളും ഉണ്ടാവുമല്ലോ.

‘ക’ ‘ഹ’ ആയും ‘ണ’ ‘മ’ ആയും മാത്രം വഴങ്ങുന്ന അട്ടാശ്ശേരി അണ്ണനും പാതിപ്പാടത്തെ ഏറ്റവും നല്ല പോഞ്ഞാൻ മേക്കാറായ സദയപ്പനും സ്ഥലത്തെ ഏക ബാർബറായ ഉമ്മർക്കണ്ണൻ അമ്പിളിയും പാർട്ടിക്കാരൻ കോന്തിയാശാനും ആശാന്റെ ശിഷ്യൻ ബോംബെ അധോലോകത്തിൽ വിലസിയിരുന്ന വളവിക്കുടി സ്റ്റാൻലിയെന്ന സ്റ്റാൻലിയിയും മാർത്താണ്ഡൻ മുതലാളിയും തൊതോ കൊച്ചാത്തയും അനന്തുവും ഗ്രിഗറി സായിപ്പും നിഗൂഢത നിറഞ്ഞതും ഉദ്വേഗംജനിപ്പിക്കുന്നതുമായ കഥാപാത്രങ്ങളാണ്.

പട്ടി കമ്പനിയെ വായിച്ചപ്പോൾ എനിക്കോർമ്മ വന്നത് വളരേ പണ്ട് പയ്യന്നൂരിലുണ്ടായിരുന്ന നാരങ്ങാ ടീമിനെ കുറിച്ചായിരുന്നു.ടൗണിലെ ഒരു കില്ലാടി സംഘമായിരുന്നു നാരങ്ങാടീം. ചെറിയ ഗുണ്ടാസെറ്റപ്പായി ആളുകൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതും മറ്റുമായ പല വീരസഹാസ കഥകളുമൊക്കെയായി നാരങ്ങാടീം പിന്നീട് പതിയേ വിസ്‌മൃതിയിലേക്ക് പോയി.വളവിക്കുടി സ്റ്റാൻലിയെ അനുസ്മരിപ്പിക്കുന്ന ഒരു അസാധാരണ കഥാപാത്രം എന്റെ നാട്ടിലുമുണ്ടായിരുന്നു.ആളെ ചുറ്റിപ്പറ്റി പ്രചരിച്ച വീരകഥകൾ നിരവധിയാണ്. അതിൽ ചിലത് നേരുമായിരുന്നു.ഇത്തരം കഥകളെ എരുവും പുളിയും ചേർത്ത് വർണ്ണിക്കാൻ ഏത് കവലയിലുമെന്നത് പോലെ പ(ക.)യിലും ഒരു ഓമോട്ടൻ ജയനുണ്ട്.സിനിമാ നടൻ ജയന്റെ ആരാധകനായ ഓമനക്കുട്ടൻ ഓമോട്ടൻ ജയനായും പിന്നീട് ജയന്റെ മരണശേഷം മോഹൻലാൽ ആരാധകനായതോടെ ഓമൻലാൽ ജയനായും മാറുന്നുണ്ട്.

ഗ്രാമത്തിലെ സുന്ദരിയും ഹരവുമായ വെള്ളിലയുടെ നോട്ടം കിട്ടാൻ പട്ടി കമ്പനിയം ഗങ്ങൾ സാഹസപ്പെടുന്നതും പിന്നീട് വെള്ളില പട്ടി കമ്പനിയിലെ ഒരാളായി മാറുന്നതും രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.ആദ്യം മുതൽ തന്നെ നമ്മെ ചിരിപ്പിച്ചുതുടങ്ങുന്ന കഥ അവസാനത്തോടെ സാഹസികമാകുന്നുണ്ട്. ഓപ്പറേഷൻ ഉമ്മർകണ്ണനിലൂടെ വളർന്ന പക ഓപ്പറേഷൻ മൊയ്തുവിലൂടെയാണ് അവസാനിക്കുന്നത്.പാതിപ്പാടത്തെ ഞെട്ടിച്ച സ്റ്റാൻലിയുടെ കൊലപാതകക്കേസിൽ പ്രതിസ്ഥാനത്തായി ഒളിവിൽ പോകേണ്ടിവന്ന പട്ടി കമ്പനി നിരപരാധിത്വം തെളിയിക്കാൻ ഒളിവിലിരുന്ന് കൊണ്ട് തന്നെ പദ്ധതി തയ്യാറാക്കുന്നതും യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതും വായനക്കാരെ ത്രില്ലടിപ്പിക്കും.

വായനക്കാരോട് ഉറപ്പായും പറയാനാകും,നിങ്ങൾക്ക് വിരസതയനുഭവിപ്പിക്കുന്ന ഒരുവരി പോലും പകയിൽ കാണാനാവില്ല. അത്രക്ക് രസകരമാണ് അതിന്റെ ആഖ്യാനവും ഭാഷയും.ഒട്ടേറെ കഥാപാത്രങ്ങളെ നിങ്ങൾക്കിതിൽ പരിചയപ്പെടാനുണ്ട്. ഒറ്റയിരുപ്പിൽ പ(ക) നിങ്ങൾ വായിച്ചു തീർക്കുമെന്ന് ഉറപ്പ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.