DCBOOKS
Malayalam News Literature Website

പത്മാവതി; ചരിത്രപരമായ സാധുത അന്വേഷിക്കുന്ന പുസ്തകം

രജപുത്ര വിജയത്തിന്റെയും അഭിമാനത്തിന്റെയും വിലമതിക്കാനാകാത്ത ചരിത്രമാണ് പത്മാവതിയുടെ ജീവിതം. നാടോടിക്കഥകളിലൂടെയും പാട്ടുകളിലൂടെയും ഇന്ത്യന്‍മനസ്സില്‍ പത്മാവതി എന്നനാമം ആഴത്തില്‍ പതിഞ്ഞു. സഞ്ജയ് ലീലാ ബന്‍സാലി പത്മാവതി എന്ന പേരില്‍ ബ്രഹ്മാണ്ഡ ചലച്ചിത്രമായി ഈ കഥയെ അനുകല്‍പ്പനം ചെയ്യുന്നു എന്ന വാര്‍ത്ത വന്നതോടെ പത്മാവതി വീണ്ടും സജീവചര്‍ച്ചാവിഷയമായി. ഒടുവില്‍ സിനിമയുടെ പേര് മാറ്റി പത്മാവത് എന്നുവരെയാക്കുന്നിടത്തെത്തി കാര്യങ്ങള്‍. മാത്രവുമല്ല രാജ്യത്തുടനീളം ഇതിന്റെ പേരില്‍ അക്രമസംഭവങ്ങളും അരങ്ങേറി.

പലകാരണങ്ങളാലും സമകാലിക ആധുനിക ചരിത്രകാരാന്മാര്‍ക്കിടയില്‍ സുപരിചിതനായ ഭരണാധികാരിയാണ് സുല്‍ത്താന്‍ അലാവുദീന്‍ ഖില്‍ജി. ഖില്‍ജി ചിത്തോഡിലെ രാജാവിനെ 1303ലാണ് പരാജയപ്പെടുത്തിയത്. 1316ല്‍ മരിക്കുകയും ചെയ്തു. അക്കാലത്ത് പത്മിനി എന്നോ പത്മാവതി എന്നോ പേരിലുള്ള ആരും ജീവിച്ചിരുന്നില്ല. മാലിക് മുഹമ്മദ് ജയാസിയുടെ കാവ്യപുസ്തകപ്രകാരം ഖില്‍ജി മരിച്ച് 224 വര്‍ഷങ്ങള്‍ക്കുശേഷം 1540ലാണ് പത്മാവതി ജനിക്കുന്നത്. ജയാസിയുടെ നാട് ചിത്തോഡില്‍നിന്ന് വളരെ അകലെയുള്ള അവ്ധിലാണ്. ഒരു സൂഫി കവിയാണ് ജയാസി. പ്രതിബന്ധങ്ങളെ അതിജീവിച്ച് ദൈവമെന്ന ഇഷ്ടഭാജനത്തിനടുത്ത് എത്തുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന സൂഫി പാരമ്പര്യമാണ് അദ്ദേഹത്തിന്റേതും. നിരവധി പ്രതിബന്ധങ്ങളുടെ മൂര്‍ത്തീകരണമായിരുന്നു ഖില്‍ജിയും. രണ്ടു ചരിത്രവസ്തുതകള്‍മാത്രമാണ് ഇവിടെ പ്രസക്തം. ഖില്‍ജി ചിത്തോഡ് ആക്രമിച്ചിരുന്നു. റാണ രത്തന്‍ സിങ് പരാജയപ്പെട്ടിരുന്നു.

ചരിത്രത്തില്‍ പത്മിനിയെന്ന പത്മാവതി എവിടെയാണ്? ആ അനുപമസൗന്ദര്യത്തില്‍ മുഗ്ധനായാണ് അലാവൂദ്ദീന്‍ ഖില്‍ജി ചിത്തോറിലേക്ക് പടയോട്ടം നടത്തിയതെങ്കില്‍ അമീര്‍ ഖുശ്രുവടക്കമുള്ളവര്‍ പത്മിനിയെക്കുറിച്ചു മൗനം പാലിച്ചത് എന്തിനാണ്? രത്തന്‍സിങ്ങിന്റെ ഭാര്യയായും ചിത്തോറിന്റെ രാജ്ഞിയായും രജപുത്ര സ്ത്രീത്വത്തിന്റെ ത്യാഗത്തിനും സമര്‍പ്പണത്തിനും പകരംവയ്ക്കാവുന്ന ഒറ്റവാക്കായും കരുതപ്പെടുന്ന പത്മാവതി ചരിത്രത്തിലില്ലെങ്കില്‍ പിന്നെവിടെയാണ്.. തൂടങ്ങി ചരിത്രപരമായ സാധുത അന്വേഷിക്കുന്ന പുസ്തകമാണ് സ്വതന്ത്ര പത്രപ്രവര്‍ത്തകയായ മാനിനി മുകുന്ദയുടെ പത്മാവതി; അഗ്‌നിയില്‍ ജ്വലിച്ച ചരിത്രമോ? എന്ന പുസ്തകം. മാലിക മുഹമ്മദ് ജയാസി മുതല്‍ പിന്നീടുവന്ന പല കവികളുടെ കഥകളും ചരിത്രകാരന്‍മാരുടെയും കണ്ടെത്തെലുകളും വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നു ഈ പുസ്തകത്തില്‍.

ഡി സി കറന്റ് ബുക്‌സാണ് പത്മാവതി അഗ്‌നിയില്‍ ജ്വലിച്ച ചരിത്രമോ? പുറത്തിറക്കിയിരിക്കുന്നത്.

Comments are closed.