DCBOOKS
Malayalam News Literature Website

ക്യാമറ വേണ്ടാത്ത കാണാക്കാഴ്ചകൾ, പടം പൊഴിച്ച് മലയാളിയുടെ ചിത്രജീവിതം

രാജീവ് ശിവശങ്കറിന്റെ ‘പടം’ എന്ന നോവലിന് ജി പ്രമോദ് എഴുതിയ വായനാനുഭവം

ഫിലിം തുണ്ടുകൾക്കായി ആൽഫ്രഡോ എന്ന സിനിമാ ഓപറേറ്ററെ അലട്ടുന്ന തോത്തോ എന്ന ബാലൻ ലോക സിനിമയുടെ ചിരിയും കരച്ചിലുമാണ്. കിനാവും കണ്ണീരുമാണ്. സിനിമാ പാരഡൈസോ എന്ന ഇറ്റാലിയൻ സിനിമ. ജുസെപ്പ ടൊർനാട്ടോർ സാക്ഷാത്കരിച്ച വിസ്മയ സിനിമ. അതിർത്തികൾ അലിഞ്ഞില്ലാതായി സിനിമയും ജീവിതവും ഒന്നാകുന്ന അനുഭവം. തിരശ്ശീല വേണ്ടാത്ത ജീവിത നാടകങ്ങൾ. നാടകങ്ങളെ നിഷ്പ്രഭമാക്കുന്ന നാടകീയതകൾ നിറഞ്ഞ ജീവിതം. സിനിമാ പാരഡൈസോ അതുല്യമായ കലാസൃഷ്ടിയാണ്. സിനിമ ജീവിതത്തിൽ ഇടപെടുന്നതിനെക്കുറിച്ച് മുന്നറിയിപ്പു നൽകിയ വഴികാട്ടി. അതിനു മുമ്പും പിമ്പും സിനിമ പലവിധത്തിൽ ജീവിതത്തിൽ ഇടപെട്ടിട്ടുണ്ട്. നല്ലതായും ചീത്തയായും. ആവശ്യമായും അനാവശ്യമായും. ആ പരിണാമവും രൂപാന്തരവും പരിവർത്തവും ഇന്നും തുടരുന്നു. സിനിമ മാത്രമല്ല, ജീവിതത്തിൽ നിന്ന് ഉരുവം കൊള്ളുന്ന എല്ലാ നല്ല കലാസൃഷ്ടികളും ജീവിതത്തിൽ സർഗാത്മകമായി ഇടപെടുക തന്നെയാണ്. അല്ലെങ്കിൽ തന്നെ, ജീവിതത്തിൽ നിന്ന് വേറിട്ടതല്ലല്ലോ കല.

രാജീവ് ശിവശങ്കറിന്റെ പുതിയ നോവൽ പടവും സിനിമാ പാരഡൈസോ തന്നെയാണ്. തോത്തോ എന്ന ബാലനു പകരം നോവലിൽ 90 കഴിഞ്ഞ നാരായണിയാണ് ഫിലിം തുണ്ടുകളെ ജീവിതത്തിലേക്കാളേറെ സ്‌നേഹിക്കുന്നതും വിശ്വസിക്കുന്നതും മിഥ്യാഭ്രമമില്ലാതെ ജീവിക്കുന്നതും. ഒരു തലമുറയുടെ ഗൃഹാതുരതയായ താരങ്ങളും സംവിധായകരും ഗാനരചയിതാക്കളും സംഗീത സംവിധായകരും പാട്ടുകാരും നാരായണിയുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. കറുപ്പിലും വെളുപ്പിലും കാണിച്ചിട്ടും ഒരു കുറവും തോന്നാതെ കണ്ടിരുന്ന ചിത്രങ്ങളും അവ പകർന്ന കഥകളും അവയുമായി ബന്ധപ്പെട്ട ഉപകഥകളും നിറഞ്ഞുനിൽക്കുന്ന Textജീവിതമാണ് ആ വയോധികയുടേത്. പുതിയ കാലത്തിന്റെ സിനിമ അവരെ വിസ്മയിപ്പിക്കുന്നില്ല. കേവല ഇഷ്ടം പോലും തോന്നുന്നില്ല. മാഞ്ഞുപോയ ചിത്രങ്ങളാണ് മുതൽക്കൂട്ട്. അവർക്കൊപ്പം, തന്നെ തനിച്ചാക്കി കടന്നുപോയവരും നാരായണിയുടെ സ്മൃതിമണ്ഡലത്തിൽ നിറയുന്നു. അവരോടു സംസാരിച്ചും വഴക്കിട്ടും അവരുമായി ഇടപഴകി നാളുകൾ പോക്കിയും നാരായണിയുടെ ദിവസങ്ങൾ നീളുമ്പോൾ പ്രതിസന്ധിയിലാകുന്നതു മക്കളാണ്. സംരക്ഷിക്കാൻ വിധിക്കപ്പെട്ടവരാണ്. അവരിലൂടെ പുതിയ കാലം എല്ലാ വൈവിധ്യങ്ങളോടും വൈചിത്ര്യങ്ങളോടും നിറയുന്നതോടെ പടം ഒരേ സമയം ഗൃഹാതുരതയിലേക്കുള്ള യാത്രയും ആധുനിക കാലത്തിന്റെ വ്യാഖ്യാനവുമാകുന്നു. രസകരമായ സിനിമ ഒട്ടും മുഷിയാതെ കണ്ടിരിക്കുന്നതുപോലെ വായനയുടെ സന്തോഷം നിറയ്ക്കുന്ന പടം.

ആദർശ സുന്ദരവും സംഭ്രമജനകവുമായ പ്രേമകാവ്യം എന്നു പേരെടുന്ന ഭാർഗവീനിലയം സ്‌ക്രീനിൽ. മതിലിനപ്പുറമിപ്പുറം നിന്ന് പ്രണയം കൈമാറുന്ന പ്രേം നസീറും നിർമലയും.

‘‘എന്നെ ആരും സ്‌നേഹിക്കുന്നില്ല’’, നിർമല മതിലിലേക്കു മുഖം ചേർത്തു പരാതിപ്പെട്ടു.

‘‘ആരും സ്‌നേഹിക്കേണ്ട എനിക്കതിഷ്ടമല്ല’’. മതിലിനപ്പുറം നിന്ന് പ്രേം നസീർ പറഞ്ഞു.

‘‘എന്ത്’’

‘‘എന്തിനാണിപ്പോൾ ഈ സ്‌നേഹമൊക്കെ’’

‘‘എനിക്കു സ്‌നേഹം വേണം’’.

‘‘വേണ്ട’’

‘‘വേണം. അല്ലെങ്കിൽ ഞാൻ മരിച്ചുപോകും’’.

‘‘എന്ത് ’’?

‘‘എന്നെ സ്‌നേഹിക്കൂ’’

‘‘ഭാർഗവിയെ ഞാൻ സ്‌നേഹിക്കണമെന്നോ’’

‘‘അതേ’’

പ്രേം നസീർ കൈകൾ കൂട്ടിയയടിച്ച് പൊട്ടിച്ചിരിച്ചു.

‘‘ഭാർഗവീ, നിന്നെ ഞാൻ സ്‌നേഹിക്കുന്നു. നിന്റെ ആത്മാവിനെ. ഹൃദയത്തെ. ശരീരത്തെ. നീ തൊട്ടുനിൽക്കുന്ന മതിലിനെ. നീ ചവിട്ടിനിൽക്കുന്ന ഭൂമിയെ. നീ ശ്വസിക്കുന്ന വായുവിനെ. ഈ മഹാപ്രപഞ്ചത്തെ ഞാൻ സ്‌നേഹിക്കുന്നു’’

പ്രേം നസീർ പറഞ്ഞതുകേട്ട് ഭാർഗവി ആഹ്ലാദത്തോടെ ചുവടുവച്ച നിമിഷം നാരായണി അയ്യോ എന്നു നിലവിളിച്ചു.

എന്തുപറ്റി ഗോപാലൻ നാരായണിയുടെ ചുമലിൽ പിടിച്ചു.

കൊച്ചാട്ടാ, ഞാനിപ്പോൾ പെറും… ഈ നിമിഷം.

വേഗം വാ.

അയാൾ പരിഭ്രാന്തനായി പുറത്തേക്കുള്ള വഴിയിലേക്കു ടോർച്ച് തെളിയിച്ചു. വാതിലിറങ്ങുമ്പോൾ പ്രേം നസീർ താമസമെന്തേ വരുവാൻ പാടിത്തുടങ്ങുന്നത് സങ്കടത്തോടെ നാരായണി മിന്നായം കണ്ടു. അന്നു രാത്രി അവർ പ്രസവിച്ചു. പ്രേം നസീറിനെപ്പോലെ വളരേണ്ടവൻ.

പ്രതീക്ഷയോടെ പുറത്തിറക്കിയ പടം നിരാശയോടെ പൊട്ടിയതുപോലെ വിജയവും പരാജയവും നാരായണിയുടെ ജീവിതത്തിന്റെ ഭാഗമാണ്. വാർധക്യകാലത്തെ ഒറ്റപ്പെടലും. മക്കൾ പോലും അടുത്തില്ലാത്തപ്പോഴും താരങ്ങൾ ഉൾപ്പെട്ട സിനിമയുടെ മായികവെളിച്ചും അവരുടെ ചുറ്റിലുമുണ്ട്. സിനിമയിൽ നിന്നു വേറിട്ടതല്ലാത്ത അനുഭവങ്ങളാണ് ആ ജീവിതത്തിൽ ദുരന്തങ്ങൾ നിറയ്ക്കുന്നതും. അകം തൊടുന്ന സിനിമ പോലെ നാരായണിയെ നോവലിസ്റ്റ് പിന്തുടരുമ്പോൾ കാലം ഓർമകളുടെ പടം പൊഴിക്കുകയാണ്. പഴയതെന്നും പുതിയതെന്നും വ്യത്യാസമില്ലാതെ സിനിമയും ജീവിതവും ഇടകലരുകയാണ്.

മലയാള സിനിമയുടെ 7 പതിറ്റാണ്ടിന്റെ ചരിത്രം ഗാനങ്ങളായും സിനിമാക്കഥകളായും അണിയറ വിശേഷങ്ങളായും ചുരുൾ നിവരുന്നുണ്ട് പടം എന്ന നോവലിൽ. 7 പതിറ്റാണ്ടിലെ മലയാളി ജീവിതത്തിന്റെ ചിരിയും കരച്ചിലും. ആവേശവും. വാർധക്യം ബാധിച്ച ഒരു വ്യക്തിയുടെ ഭ്രമകൽപനകളല്ല പടം. നാം പിന്നിട്ട ജീവിതം തന്നെയാണ്. രണ്ടു പെൺകുട്ടികൾ എന്ന സിനിമയെക്കുറിച്ചു മാത്രമല്ല പടം പറയുന്നത്, ഒരുമിച്ചു ജീവിക്കുന്ന രണ്ടു പെൺകുട്ടികളുടെയും അവരെ അംഗീകരിക്കാത്ത കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഇടുങ്ങിയ മനസ്സിനെ തുറന്നുകാണിക്കുന്നുമുണ്ട്. താരങ്ങളുടെ ജീവിതം മുമ്പു തന്നെ സിനിമയായിട്ടുണ്ടെങ്കിലും മലയാള സിനിമ നായകനും നായികയുമായി വരുന്ന ഈ സിനിമാ പാരഡൈസോ മലയാളത്തിൽ ആദ്യത്തേതാണ്. ഒരായുസ്സിന്റെ ഗവേഷണവും നിരീക്ഷണങ്ങളും കൂടി ഇടകലരുന്ന പടം കാലം കാത്തിരുന്ന സിനിമയാണ്, ചിത്ര ഗീതമാണ്, തിരപ്പടമാണ്, തിരശ്ശീലയില്ലാതെ അരങ്ങേറുന്ന ജീവിതത്തിന്റെ ക്യാമറ വേണ്ടാത്ത കാഴ്ചയാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

കടപ്പാട്-മനോരമ ഓണ്‍ലൈന്‍

Comments are closed.