DCBOOKS
Malayalam News Literature Website

മലയാള സിനിമയുടെ ചരിത്രത്തിലൂടെ നാരായണിയമ്മയുടെ ജീവിതവും ദേവകി ടാക്കീസും!

രാജീവ് ശിവശങ്കറിന്റെ ‘പടം’ എന്ന നോവലിന് ആൽബിൻ രാജ് എഴുതിയ വായനാനുഭവം

എഴുതിയ നോവലുകളിലെല്ലാം തന്നെ വ്യത്യസ്ത ആശയം കൊണ്ട് വരിക, നാമറിയാത്ത ജീവിതങ്ങളെ തൂലികയുടെ ക്യാൻവാസ്സിലേക്ക് ഒപ്പിയെടുക്കുക. ഈ ശൈലി അവലംബിക്കുന്ന ഒരു നോവലിസ്റ്റാണ് ശ്രീ. രാജീവ്‌ ശിവശങ്കർ. അദ്ദേഹത്തിന്റെ എല്ലാ നോവലുകളും ഞാൻ വായിച്ചിട്ടുണ്ട്. ഓരോ നോവലും വേറിട്ട പാതകളിൽ കൂടിയാണ് കടന്ന് പോകുന്നത്. അദ്ദേഹത്തിന്റെ വരികളിലെ മാന്ത്രികത്വം, അത് എന്നെ എന്നും ആകർഷിച്ചിട്ടുള്ള ഒരു ഘടകം തന്നെയാണ്. റെബേക്ക ടീച്ചറുടെ ജീവിതത്തിനു ശേഷം അദ്ദേഹമെഴുതിയ പടം എന്ന നോവൽ ഒരു പടി കൂടി മുന്നിൽ നിൽക്കുന്നത് തന്നെയാണ്.90 വയസ്സുള്ള നാരായണിയമ്മയുടെ ജീവിതം, അത് മലയാള സിനിമയുടെ ചരിത്രം കൂടി പറഞ്ഞു പോകുന്നു.

ഈ നോവൽ വായിക്കാൻ എന്നെ പ്രേരിപ്പിച്ച ഘടകങ്ങൾ.

1. രാജീവ് സാറിന്റെ രചന
2. നാരായണിയമ്മയിൽ എവിടെയോ എന്നെയും കാണാൻ സാധിച്ചു.
3. ഓരോ വെള്ളിയാഴ്ചകളിലും മാറി വരുന്ന സിനിമാ പോസ്റ്റർ നോക്കി സ്കൂളിൽ പോയിരുന്ന ബാല്യം.
4. ബാല്യത്തിൽ കണ്ടു മറന്ന ചില സിനിമകളുടെ മധുരിക്കുന്ന ഓർമ്മകൾ.

ഇനി നോവലിലേക്ക് വരുമ്പോൾ…….

Text90 വയസ്സുള്ള നാരായണിയമ്മക്ക് മരണം വരെയും ഒന്നേ മനസ്സിലുണ്ടായിരുന്നുള്ളു. സിനിമ. അത് ഒരിക്കലും കുടുംബത്തെ മറന്നു കൊണ്ടല്ല. കുടുംബത്തോടൊപ്പം ജീവിച്ചു കൊണ്ട് അവർ സിനിമയെയും സ്നേഹിക്കുകയായിരുന്നു. നാരായണിയമ്മയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം തന്നെ അവർ ഓർത്തിരിക്കുന്നത് സിനിമയുമായി ബന്ധപ്പെടുത്തിയാണ്. (ഞാനും അങ്ങനെയാണ് പല സംഭവങ്ങളും ഓർമ്മയിൽ സൂക്ഷിച്ചിരിക്കുന്നത്). നാരായണിക്ക് സിനിമ എന്നത് വെറും വിനോദോപാതി മാത്രമായിരുന്നില്ല. അവരുടെ ജീവനും ശ്വാസവും കൂടിയായിരുന്നു.

പാലോട് എന്ന ഗ്രാമത്തിലെ ‘അമ്പാടി’ തറവാട്ടിൽ ജനിച്ചു വളർന്ന നാരായണിയെ വെള്ളിത്തിരയിലെ വെള്ളിവെളിച്ചം ആദ്യമായി കാണിച്ചു കൊടുത്തത് സഹോദരൻ പീതാംബരനാണ്. മുതിർന്നപ്പോൾ തിയേറ്റർ നടത്തിപ്പുകാരനായ ഗോപാലനെ അവർ വിവാഹം കഴിച്ചു. പിന്നീട് ആ തിയേറ്റർ ഗോപാലൻ സ്വന്തമാക്കി. എട്ടാം വയസ്സിൽ പാമ്പുകടിയേറ്റ് മരിച്ചു പോയ മകൾ ദേവകിയുടെ ഓർമ്മയ്ക്കായ് ‘ദേവകി ടാക്കീസ്’ എന്ന് തിയേറ്ററിനു നാമകരണം ചെയ്തു. ആദ്യകാലങ്ങളിൽ സത്യൻ മാഷും, പ്രേംനസീറും, മധുവും, ജയനുമൊക്കെ നിറഞ്ഞാടിയ ദേവകി ടാക്കീസ് 1990 കൾക്ക് ശേഷം കാലത്തിന്റെ പുത്തൻ അവതാരത്തിലേക്ക് പ്രവേശിക്കാൻ പറ്റാതെ ക്ഷയിച്ചു പോകുകയും ഒടുവിൽ പൂട്ടപ്പെടുകയും ചെയ്യുന്നു.

ദേവകിക്ക് ശേഷം നാരായണി 5 മക്കളെ പ്രസവിക്കുകയും, ഒടുവിൽ വാർദ്ധക്യ കാലത്ത് അവർ ഒറ്റപ്പെട്ടു പോകുകയും ചെയ്യുന്നു. മക്കളാൽ വീതം വെക്കപ്പെടുന്ന ഒരു അമ്മയുടെ കഥ കൂടി നോവൽ പറഞ്ഞു പോകുന്നു. മാറ്റങ്ങൾ ഉൾക്കൊള്ളാൻ പറ്റാത്ത ഒരു തിയേറ്റർ പോലെയായി തീരുന്നു നാരായണിയമ്മയും. എന്റെ വായനയിൽ തോന്നിയത് ഇതിലെ തിയേറ്റർ ശരിക്കും നാരായണിയമ്മയുടെ ഒരു പ്രതിരൂപം കൂടിയാണ്. യൗവനത്തിലെ ആരോഗ്യം ക്ഷയിച്ചു വാർദ്ധക്യത്തിലെത്തുമ്പോൾ ആർക്കും വേണ്ടാതെ ഒരു മൂലയ്ക്കിരിക്കുന്ന അവസ്ഥയിൽ നാരായണിയമ്മ എത്തിചേരുന്നതിലൂടെ അത് വ്യക്തമാക്കുന്നു.

ഒരു നടന്റെയോ നടിയുടെയോ ജീവിതമല്ല, ഒരു സിനിമാസ്വാദികയുടെ ജീവിതമാണ് ഈ നോവൽ തുറന്നു കാട്ടുന്നത്. ഒരു പക്ഷെ ഇത് പോലെ ഒരു നോവൽ ഇതിനു മുൻപ് വായിച്ചിട്ടില്ല എന്നതാണ് സത്യം. നല്ലതങ്ക മുതൽ അനിയത്തിപ്രാവ് വരെയുള്ള ചിത്രങ്ങൾ ഈ നോവലിൽ കടന്നു വരുന്നു. അതും ഓരോ കാലഘട്ടത്തിന് അനുയോജ്യമായി.മലയാള സിനിമകളുടെ ഒരു റഫറൻസ് കൂടിയാണ് ഈ നോവൽ. ഹൃദയത്തിൽ ചേർത്തു വെക്കാൻ ഒരു നല്ല നോവൽ തന്ന രാജീവ് സാറിന് ആശംസകൾ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.