DCBOOKS
Malayalam News Literature Website

കമ്യൂണിസ്റ്റുകാരും അംബേദ്കറിസ്റ്റുകളും ശത്രുക്കളായതെങ്ങനെ?

അംബേദ്കര്‍ക്കില്ലാത്ത വിരോധം കമ്യൂണിസത്തോട് ‘അംബേദ്കറിസ്റ്റുകള്‍’ പുലര്‍ത്തുന്ന പശ്ചാത്തലത്തില്‍ അംബേദ്കറുമായി ബന്ധപ്പെട്ട് ‘കമ്യൂണിസ്റ്റുകാര്‍’ക്കു നേരേയും തിരിച്ചും ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിക്കുന്നു. അംബേദ്കറും കമ്യൂണിസ്റ്റുകാരുമായി ഉണ്ടായ ഇണക്കങ്ങളും പിണക്കങ്ങളും എങ്ങനെയാണ് പിന്നീട് തീവ്രകമ്യൂണിസ്റ്റ് വിരോധമായി മാറിയത്?-അന്വേഷണവും പുനര്‍വായനയും

ചരിത്രത്തിന്റെ പുനര്‍വായന അനിവാര്യമാക്കുന്ന ചില സന്ദര്‍ഭങ്ങളുണ്ട്, നിര്‍ഭാഗ്യവശാല്‍, അത്തരം ഒരു ചരിത്രസന്ദര്‍ഭത്തിലാണ് രാജ്യം. ബ്രാഹ്മണ്യം (ഹിന്ദുത്വഫാഷിസം), സാമ്രാജ്യത്വം എന്നീ ഇഴപിരിയാത്ത ദ്വന്ദ്വങ്ങള്‍ക്കെതിരേയും അതിനെ താങ്ങിനിര്‍ത്തുന്ന അനേകം ഘടകങ്ങള്‍ക്കുമെതിരേയും ജനത്തിന്റെ ചെറുത്തുനില്പും വിശാലമായ ഐക്യവും അവശ്യമായ ഘട്ടമാണിത്. അതിനാല്‍തന്നെ ‘അംബേദ്കറിസ്റ്റു’കള്‍ക്കും ‘കമ്യൂണിസ്റ്റു’കാര്‍ക്കുമിടയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന കടുത്ത വൈര്യം മറ്റുപലതിലെന്നപോലെ പുനഃപരിശോധന ആവശ്യപ്പെടുന്നുണ്ട്. ഗാന്ധിയെയും സോഷ്യലിസ്റ്റുകളെയും മതവാദികളെയും ഒക്കെ ഡോ. ബി.ആര്‍. അംബേദ്കര്‍ കണക്കിന് വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ വര്‍ത്തമാനകാലത്ത് അത്തരം വിമര്‍ശനങ്ങള്‍ ഒന്നും പരിഗണിക്കപ്പെടുന്നില്ല. പകരം കമ്യൂണിസ്റ്റുകാര്‍ക്കെതിരേയുള്ള വിമര്‍ശനങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടപ്പെടുന്നു. ചില ‘അംബേദ്കറിസ്റ്റുകള്‍’ കമ്യൂണിസത്തെ ദലിതരുടെ മുഖ്യ ശത്രുവായി മാറ്റിയിട്ടുമുണ്ട്. കമ്യൂണിസ്റ്റുകാര്‍ അംബേദ്കറോട് വലിയ അപരാധം കാട്ടുകയും 1952-ലെ തെരഞ്ഞെടുപ്പില്‍ ‘തോല്പിച്ച’തടക്കം നിരവധി ദ്രോഹങ്ങള്‍ ചെയ്തുവെന്നുമെന്നുമാണ് ഈ വാദത്തിന്റെ അടിത്തറ. അംബേദ്കര്‍ കമ്യൂണിസ്റ്റുകാരെ ‘ബ്രാഹ്മണ ബാലന്‍മാരാണ്’ എന്ന് വിമര്‍ശിച്ചിട്ടുണ്ടുപോലും. ഫലത്തില്‍ ‘അംബേദ്കറിസ്റ്റുകള്‍ക്കും’ അവരുടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഹിന്ദുത്വവാദികളുമായിവരെ കൈകോര്‍ക്കാം; പക്ഷേ, കമ്യൂണിസം പറ്റില്ല. സമകാലീന സമരങ്ങളെയും ഐക്യങ്ങളെയും വലിയ രീതിയില്‍ അപകടപ്പെടുത്തുന്നുവെന്നതിനാല്‍തന്നെ, ഇപ്പോള്‍ നമുക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യനാളുകളെയും അംബേദ്കറുടെ പ്രവര്‍ത്തനങ്ങളെയും പരിശോധിക്കാം.

ഒളിവിലെ പാര്‍ട്ടിയും അംബേദ്കര്‍ എന്ന മന്ത്രിയും

അംബേദ്കറും കമ്യൂണിസ്റ്റുകാരും തമ്മില്‍ ഒന്നിക്കാനും ഐക്യപ്പെട്ട് പ്രവര്‍ത്തിക്കാനും സാധ്യത ചരിത്രപരമായിത്തന്നെ കുറവായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി.പി.ഐ.) രൂപീകരിക്കപ്പെട്ടത് 1921-ലാണെങ്കിലും ഭരണകൂട അടിച്ചമര്‍ത്തലും മറ്റുംമൂലം 1930-കളുടെ ഒടുവിലാണ് അവര്‍ സജീവമാകുന്നത്. ശരിക്കു പറഞ്ഞാല്‍, 1939 മുതല്‍. ആദ്യം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും (ഐ.എന്‍.സി.) 1934-ല്‍ രൂപീകരിക്കപ്പെട്ട കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലുമാണ് (സി.എസ്.പി.) കമ്യൂണിസ്റ്റു പ്രവര്‍ത്തകര്‍ തുടര്‍ന്നത്. 1939 മധ്യത്തോടെയാണ് കമ്യൂണിസ്റ്റുകാര്‍ സി.എസ്.പി. പൂര്‍ണമായി വിടുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി 1934 ജൂലൈ 23-ന് നിരോധിക്കപ്പെട്ടു. 1942 ജൂലൈ 23-നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു മേലുള്ള നിരോധനം സര്‍ക്കാര്‍ നീക്കിയത്. അതായത്, എട്ട് വര്‍ഷം സി.പി.ഐ. നിരോധനത്തിലാണ് പ്രവര്‍ത്തിച്ചത്.

അംബേദ്കര്‍ തന്റെ പ്രവര്‍ത്തനം സജീവമായി നടത്തിയതും ‘ജാതി ഉന്മൂലനം’ അടക്കമുള്ള കൃതികള്‍ എഴുതിയതും 1930-കളിലും അതിന്റെ മധ്യത്തിലുമാണ്. 1936-ല്‍ പ്രവിശ്യാ അസംബ്ലിയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അംബേദ്കര്‍ തന്റെ ആദ്യ രാഷ്ര്ടീയ പാര്‍ട്ടിയായ ഇന്‍ഡിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടി (ഐ.എല്‍.പി.) രൂപീകരിച്ചു. അതായത്, കമൂണിസ്റ്റ് പാര്‍ട്ടി ഒളിവിലും അംബേദ്കര്‍ തെളിവിലുമാണ് ഇക്കാലത്ത് പ്രവര്‍ത്തിച്ചത് എന്ന് ചുരുക്കം. നേര്‍ക്കുനേര്‍ ഒരുമിച്ച് തെളിവില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടായിരുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരോധനംനീങ്ങിയ അതേവര്‍ഷം, അതേ മാസം (1942 ജൂലൈ) അംബേദ്കര്‍ വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗമായി. അധികാരത്തിന്റെ ഭാഗമായി മാറിയെന്നര്‍ത്ഥം. 1946 വരെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ ലേബര്‍ മന്ത്രിയായി അദ്ദേഹം തുടര്‍ന്നു. 1946-ല്‍തന്നെ ഭരണഘടനാ നിര്‍മാണസഭയിലേക്ക് അംബേദ്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. 1947 ആഗസ്റ്റില്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട കേന്ദ്രമന്ത്രിസഭയില്‍ നിയമമന്ത്രിയായി. ആഗസ്റ്റ് 29-ന് ഭരണഘടനയുടെ കരടുനിര്‍മാണകമ്മിറ്റിയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. 1951 സെപ്റ്റംബര്‍ 27-ന് രാജിവയ്ക്കുന്നതുവരെ അദ്ദേഹം കേന്ദ്രമന്ത്രിയായി തുടര്‍ന്നു.

തങ്ങളുടെ നിരോധനം നീങ്ങിയ അതേ സമയത്തുതന്നെ (1942) അധികാരത്തിലെത്തിയ അംബേദ്കറോട് ആ ഘട്ടത്തില്‍ ഐക്യപ്പെടുക കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് സാധ്യമല്ല. വൈസ്രോയി കൗണ്‍സില്‍ അംഗമായ അദ്ദേഹത്തോട് കമ്യൂണിസ്റ്റുകാര്‍ക്കു മാത്രമല്ല കോണ്‍ഗ്രസിനുപോലും ഐക്യം സാധ്യമാകുമായിരുന്നില്ല. 1948-ല്‍ കല്‍ക്കത്ത തീസിസിനെത്തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി വീണ്ടും നിരോധനത്തിലേക്കു വീണു. നിരോധനം നീങ്ങുന്നത് 1951 അവസാനവും 1952 ആദ്യവും നടന്ന പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ്. ഫലത്തില്‍ നിരോധനത്തെയും അടിച്ചമര്‍ത്തലിനെയും മറികടന്ന് കമ്യൂണിസ്റ്റുപാര്‍ട്ടിക്ക് അംബേദ്കറുമായി 1930-കള്‍ക്കുശേഷം ഒരിക്കലും ഐക്യപ്പെടല്‍ എളുപ്പമായിരുന്നില്ല. പ്രത്യേകിച്ച് 1942 മുതല്‍ 1951 വരെ അംബേദ്കര്‍ ഭരണകൂട ഭാഗമായിരിക്കുമ്പോള്‍. അധികാരത്തിലിരിക്കുന്ന, ഭരണവര്‍ഗത്തിന്റെ മുഖ്യ വ്യക്തികളിലൊരാളായി ഐക്യം എന്നതുതന്നെ വിപ്ലവകമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് അസംബന്ധമാണ്. അംബേദ്കര്‍കൂടി ഭാഗമായിരിക്കുന്ന സര്‍ക്കാരിനെ (ബൂര്‍ഷ്വാ ജനാധിപത്യം) മറിച്ചിടാന്‍ കമ്യൂണിസ്റ്റുകാര്‍ ശ്രമിക്കുമ്പോള്‍ എതിര്‍പ്പിനാണ് മുഖ്യ സ്ഥാനം. ഈ ചരിത്ര യാഥാര്‍ത്ഥ്യം പലരും ശ്രദ്ധിക്കാറില്ല.

1952-ലെ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത്

കമ്യൂണിസ്റ്റുകാരോട് അംബേദ്കര്‍ക്കുള്ള എതിര്‍പ്പിന് മുഖ്യ കാരണമായി പറയുന്നത്, 1951-1952-ല്‍ (1951 ഒക്‌ടോബര്‍ 25 മുതല്‍ 1952 ഫെബ്രുവരി 21-വരെയായിരുന്നു പൊതുതെരഞ്ഞെടുപ്പ്) സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ അംബേദ്കറുടെ പരാജയമാണ്. ആ തെരഞ്ഞെടുപ്പില്‍ അംബേദ്കര്‍ പരാജയപ്പെടാന്‍ കാരണം കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ എസ്.എ. ഡാംഗെയായിരുന്നുവെന്നാണ് കുറ്റപ്പെടുത്തല്‍. ഡാംഗെ അദ്ദേഹത്തിനെതിരേ മത്സരിച്ചുവെന്നും അംബേദ്കര്‍ തെരഞ്ഞെടുപ്പില്‍ നാലാം സ്ഥാനത്തായി എന്നും മറ്റും പറയുന്ന വിവിധ ലേഖനങ്ങള്‍ ഓണ്‍ലൈനില്‍ പരതിയാല്‍ കണ്ടെണ്ടത്താം. മലയാളിയായ ചിന്തകന്‍ ബി. രാജീവന്‍ അടുത്തിടെ മാതൃഭൂമി പത്രത്തില്‍ എഴു തിയതിങ്ങനെയാണ്: ”അംബേദ്കര്‍ നയിച്ച ജാതി വിമോചന സമരം തൊഴിലാളിവര്‍ഗ സമരത്തിന് വിരുദ്ധമാകും എന്നതുകൊണ്ടാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അംബേദ്കറെ ഒരു കൊടിയ ശത്രുവായി കണ്ടത്. എസ്.എ. ഡാംഗെ ബോംബെയില്‍ ഒരു തെരഞ്ഞെടുപ്പുറാലിയില്‍ പ്രസംഗിച്ചത്, ‘നിങ്ങള്‍ ആര്‍ക്കും വോട്ടു ചെയ്തില്ലെങ്കിലും അംബേദ്കര്‍ക്ക് വോട്ട് ചെയ്യരുത്’ എന്നാണ്. അത്രയ്ക്കായിരുന്നു ശത്രുത. വര്‍ഗസമരത്തിന്റെ പേരില്‍ ജാതിപ്രശ്‌നത്തെ അവഗണിക്കുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് അംബേദ്കറും എതിരായിരുന്നു.”(1) ഡാംഗെ ഇങ്ങനെ പറഞ്ഞതിനാല്‍ 50,000 വോട്ടുകള്‍ പാഴായി എന്ന് അംബേദ്കറിന്റെ ജീവചരിത്രം എഴുതിയ ധനഞ്ജയ് കീര്‍ കുറ്റപ്പെടുത്തുന്നു.

1952-ലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഉന്നയിക്കപ്പെടുന്ന ആക്ഷേപങ്ങളില്‍ പലതും സത്യമല്ല. ഡാംഗെ തെരഞ്ഞെടുപ്പില്‍ അംബേദ്കര്‍ക്കെതിരേ നേര്‍ക്കുനേര്‍ മത്സരിച്ചിട്ടില്ല. അംബേദ്കര്‍ തെരഞ്ഞെടുപ്പില്‍ നാലാംസ്ഥാനത്തുമായിട്ടില്ല. അംബേദ്കറിനെ പരാജയപ്പെടുത്തി ഏതെങ്കിലും സവര്‍ണ സമുദായംഗമല്ല ജയിച്ചതും. തെരഞ്ഞടുപ്പില്‍ ബോംബെ സിറ്റി നോര്‍ത്തിലാണ് അംബേദ്കര്‍ മത്സരിച്ചത്. അത് ദ്വയാംഗ മണ്ഡലമായിരുന്നു. വോട്ടര്‍മാര്‍ സംവരണമണ്ഡലത്തിലും ജനറല്‍ സീറ്റിലും ഒരോ വോട്ട് വീതം ചെയ്യണം. അംബേദ്കര്‍ മത്സരിച്ചത് ജനറല്‍ സീറ്റില്‍ അല്ല. സംവരണമണ്ഡലത്തിലാണ്. ഡാംഗെ മത്സരിച്ചത് ജനറല്‍ മണ്ഡലത്തിലും. ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ഫെഡറേഷന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു അംബേദ്കര്‍.

ജനറല്‍ സീറ്റില്‍ ജയിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഗാന്ധി വിതാല്‍ ബാലകൃഷ്ണനായിരുന്നു.സംവരണമണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ നാരായന്‍ സദോബ കജ്‌റോല്‍ക്കര്‍ ആയിരുന്നു ജയിച്ചത്. ജനറല്‍ മണ്ഡലത്തില്‍ ത്രികോണമത്സരമാണ് നടന്നത്. കോണ്‍ഗ്രസിന്റെ ജി.വി. ബാലകൃഷ്ണയ്ക്ക് 149138 വോട്ടുകള്‍ കിട്ടി. സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥി അശോക് മേത്തയ്ക്ക് 13,97,41 വോട്ടുകള്‍ ലഭിച്ചു. ഡാംഗേക്ക് 96755 വോട്ടുകളും. സംവരണമണ്ഡലത്തില്‍ നേര്‍ക്കുനേര്‍ മത്സരമായിരുന്നു. കോണ്‍ഗ്രസിന്റെ എന്‍.എസ്. കജ്‌റോല്‍ക്കര്‍ക്ക് 138137 വോട്ടുകള്‍ കിട്ടി. അംബേദ്കര്‍ക്ക് 123576 വോട്ടുകളും. 14,561 വോട്ടുകള്‍ക്ക് അംബേദ്കര്‍ തോറ്റു(2) അംബേദ്കര്‍ തോല്‍ക്കാന്‍ കാരണങ്ങള്‍ പലതുണ്ട്. ഒന്നാമത്, തന്റെ പ്രവര്‍ത്തനമണ്ഡലം രാജ്യമാകെ പടര്‍ത്തിയിരുന്നതിനാല്‍ത്തന്നെ അംബേദ്കര്‍ക്ക് ഒരു മണ്ഡലം സ്വന്തമെന്ന് പറയാന്‍ ഉണ്ടായിരുന്നില്ല. ഇക്കാരണത്താല്‍തന്നെയാണ് 1954- ല്‍ ഭണ്ഡാര (ആവമിറമൃമ) ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടത്. രണ്ടാമത്, നിയമമന്ത്രിയായിരുന്ന ആള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ നിലപാട് എടുത്ത് സര്‍ക്കാരില്‍നിന്ന് പുറത്തുവന്നുമാണ് മത്സരിക്കുന്നത്. മൂന്നാമത്, സോഷ്യലിസ്റ്റുകള്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കും നിര്‍ണായക സ്വാധീനമുണ്ടായ മണ്ഡലമാണ് ബോംബെ സിറ്റി നോര്‍ത്ത്. സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകാരും ഐക്യത്തിലായിരുന്നെങ്കില്‍ മണ്ഡലം തന്നെ കൈവിട്ടുപോകില്ലാത്ത അത്രയും ശക്തര്‍.

അംബേദ്കറെ തോല്പിച്ചതും എതിരാളിയായി നിന്നതും കോണ്‍ഗ്രസുകാരാണ്. അംബേദ്കറെ തോല്പിച്ച കജ്‌റോല്‍ക്കര്‍ അത്ര നിസ്സാരക്കാരനല്ല. ദലിത് വിരുദ്ധനുമല്ല. ഗാന്ധിയനായ സ്വാതന്ത്ര്യസമരസേനാനി. കജ്‌റോല്‍ക്കര്‍ മഹര്‍ സമുദായക്കാരനാണ്. അംബേദ്കറുടെ പേഴ്‌സണല്‍ അസിസ്റ്റന്റായി മുന്‍പ് പ്രവര്‍ത്തിച്ചിട്ടുമുണ്ട്. അദ്ദേഹം ദലിത് വര്‍ഗസംഘ അംഗമായിരുന്നു. 1953-ലെ രാജ്യത്തെ ആദ്യ ബാക്‌വേര്‍ഡ് ക്ലാസ് കമ്മീഷനിലും അംഗമായിരുന്നു.

തെരഞ്ഞെടുപ്പിലെ സി.പി.ഐ. നിലപാടുകളും പരിശോധിക്കേണ്ടതാണ്. രാജ്യത്ത് തങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സ്ഥലങ്ങളില്‍ മാത്രമേ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നുള്ളൂ. 489 സീറ്റുകളില്‍ മത്സരിച്ച് കോണ്‍ഗ്രസ് 364 സീറ്റുകള്‍ നേടി. തെരഞ്ഞെടുപ്പിനുശേഷം രാജ്യത്തെ പ്രധാന പ്രതിപക്ഷ ഗ്രൂപ്പായ സി.പി.ഐ. മൊത്തം 49 സീറ്റിലാണ് മത്സരിച്ചത്. 16 സീറ്റു കിട്ടി. (സി.പി.ഐ.യ്ക്കും മറ്റ് കൂട്ടുകക്ഷികള്‍ക്കും കൂടി മൊത്തം 31 സീറ്റാണ് ലഭിച്ചത്. തിരു-കൊച്ചിയിലെ ആലപ്പുഴ മണ്ഡലത്തില്‍ ജയിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് പി.ടി. പുന്നൂസ് മത്സരിച്ചത് സ്വതന്ത്രനായിട്ടാണ്. ഇതുള്‍പ്പെടെയാണ് 31 സീറ്റുകള്‍). കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിര്‍ണായക സ്വാധീനമുണ്ടായ 49 മണ്ഡലങ്ങളില്‍ ഒന്നാണ് ബോംബെ സിറ്റി നോര്‍ത്ത്. തുണിമില്‍പ്രദേശമായ ഗിറണ്‍ഗവോണി(ഏശൃമിഴമീി)ല്‍ വലിയ സ്വാധീനം പാര്‍ട്ടിക്കുണ്ടായിരുന്നു. അഞ്ചുവര്‍ഷത്തിനു ശേഷം 1957-ല്‍ അതേ മണ്ഡലത്തില്‍ ജയിച്ചത് എസ്.എ. ഡാംഗെയാണ് എന്നതുതന്നെ കമ്യൂണിസ്റ്റ് അവകാശവാദത്തിന് വ്യക്തമായ തെളിവാണ്. 1957-ല്‍ ഡാംഗെ 323526 വോട്ടുകള്‍ നേടി.

1952-ലെ തെരഞ്ഞെടുപ്പില്‍ അംബേദ്കറെ ജയിപ്പിക്കേണ്ട ഒരു ബാധ്യതയും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചരിത്രപരമായി നോക്കുമ്പോഴില്ല. 1951-ല്‍ നിരോധനം മാറ്റുന്നതിനു മുമ്പ് ഇന്ത്യയിലെമ്പാടും കമ്യൂണിസ്റ്റുകാരെ നിര്‍ദ്ദയം വേട്ടയാടുകയും തുറുങ്കിലടയ്ക്കുകയും ചെയ്ത ഭരണവര്‍ഗത്തിന്റെ/ഭരണകൂടത്തിന്റെ പ്രതിനിധിയാണ് അംബേദ്കര്‍. ആ സര്‍ക്കാരിലെ നിയമമന്ത്രിയായിരുന്നു അദ്ദേഹം. 1951 സെപ്റ്റംബര്‍ 27-നാണ് നെഹ്‌റു സര്‍ക്കാരില്‍നിന്ന് അംബേദ്കര്‍ രാജിവയ്ക്കുന്നത്. സ്വാഭാവികമായി കമ്യൂണിസ്റ്റുകാരുടെ വികാരം എതിരാകും.

അതിനെക്കാള്‍ പ്രധാനമായി കമ്യൂണിസ്റ്റുകാരുമായി ഒരു ഐക്യത്തിന് അംബേദ്കര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടില്ല എന്നതാണ്. തിരിച്ചുമില്ല. അംബേദ്കര്‍ക്ക് വോട്ട് ചെയ്യരുത് എന്ന് ഡാംഗെ പറഞ്ഞതിനാല്‍ 50,000 വോട്ടുകള്‍ പാഴായിട്ടാണ് അംബേദ്കര്‍ തോറ്റത് എന്നു തന്നെ വയ്ക്കുക. അതേ ആക്ഷേപത്തിന് അംബേദ്കറും അര്‍ഹനാണ്. അതായത്, അംബേദ്കറുടെ എതിര്‍പ്പുമൂലമാണ് ഡാംഗെയും തോറ്റത് എന്ന് ആരോപിക്കാം. കാരണം, അംബേദ്കര്‍ക്ക് ലഭിച്ച 123576 വോട്ടുകളില്‍ നല്ല ഭാഗം മതിയായിരുന്നു ഡാംഗെയ്ക്ക് ജയിക്കാന്‍. ഡാംഗെ തോറ്റതും 52,383 വോട്ടുകള്‍ക്കാണ്. ഡാംഗെയ്ക്ക് വോട്ടുചെയ്യാന്‍ തന്റെ അനുയായികളോട്
അംബേദ്കറും പറഞ്ഞിട്ടില്ല. എന്നാല്‍, ചരിത്രത്തില്‍ ഡാംഗെ മാത്രമാണ് കുറ്റക്കാരന്‍!

തുടര്‍ന്നു വായിക്കാം

ആര്‍.കെ.ബിജുരാജിന്റെ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍ വായിക്കുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.