DCBOOKS
Malayalam News Literature Website

ബാക്കി വാങ്ങിയിട്ട് ഇനിയെന്തിനാണ്, ജീവിതത്തില്‍ പണം കൊണ്ടുള്ള ആവശ്യങ്ങളെല്ലാം അവസാനിച്ചല്ലോ!

1997 ജനുവരി മൂന്ന്

കാലത്ത് ഏഴുമണി കഴിഞ്ഞിട്ടും നല്ല തണുപ്പായിരുന്നു. അതിന്റെ കൂടെ ചൂളം വിളിച്ചുകൊണ്ട് മലയില്‍നിന്നുള്ള കാറ്റ് വീശിയപ്പോള്‍ സഹിക്കാവുന്നതിലുമധികമായി.യേശയ്യന്റെ പുനിത ശിലുവൈ ടീക്കടയിലെ ടേപ്പ് റെക്കോര്‍ഡറില്‍ ടി. എം. സൗന്ദര്‍രാജന്‍ പോനാല്‍ പോകട്ടുംപോടാ പാടുന്നത് ആ കാറ്റില്‍ അലിഞ്ഞിലിഞ്ഞില്ലാതായി. മെയിന്‍ റോഡില്‍ നിന്നിറങ്ങി മുള്‍പ്പടര്‍പ്പുകള്‍ക്കിടയിലൂടെ റയില്‍വേ പാലത്തിനടിയിലേക്ക് നടന്നു. ചപ്പുചവറുകളും വിസര്‍ജ്യങ്ങളും നിറഞ്ഞ് വൃത്തിഹീനമായിരുന്നു ആ പ്രദേശം. ഒരു ക്ഷീണിച്ച തെരുവുനായ എവിടെ നിന്നോ ഓടിവന്ന് വഴികാട്ടിയെപ്പോലെ മുന്നില്‍ നടക്കാന്‍ തുടങ്ങി. കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ തിരിഞ്ഞുനിന്ന് അതെന്നെ സൂക്ഷിച്ചു നോക്കി. തിരിച്ചറിഞ്ഞുവെന്ന് തോന്നുന്നു, വാലാട്ടിക്കൊണ്ട് വീണ്ടും മുന്നോട്ട് നടന്നു. കഷ്ടം, എത്ര ശ്രമിച്ചിട്ടും എവിടെ വെച്ചാണ് ഇതിനുമുമ്പ് ആ നായയെ കണ്ടതെന്ന് ഓര്‍ക്കാന്‍ കഴിഞ്ഞില്ല. സ്‌റ്റേഷനില്‍ വെച്ചായിരിക്കും, അല്ലാതെ എവിടെ വെച്ച് കാണാനാണ്.

ഡാനിഷ്‌പ്പേട്ട് റയില്‍വേ സ്‌റ്റേഷന് വടക്ക് ഭാഗത്തായി ഒഴുകുന്ന, മുക്കാലും വരണ്ടശാര ബംഗയുടെ നടുവിലെ കൊച്ചു നീര്‍ച്ചാലില്‍ കഷ്ടിച്ചൊരാള്‍ക്ക് മുങ്ങിക്കുളിക്കാവുന്ന വെള്ളമേ ഉണ്ടായിരുന്നുള്ളൂ. അതു പക്ഷേ , യെര്‍ക്കാഡ് മലകളില്‍ നിന്നൊഴുകി വരുന്ന, Textകണ്ണുനീര്‍ പോലെ തെളിഞ്ഞ ശുദ്ധജലമായിരുന്നു. എന്നിട്ടും ഇറങ്ങാന്‍ വല്ലാത്ത മടി തോന്നി. തണുപ്പ് തന്നെയായിരുന്നു പ്രധാന പ്രശ്‌നം. പോരാത്തതിന് വൃത്തിയില്ലാത്ത പരിസരവും. നീരൊഴുക്കിനപ്പുറത്തായി പന്നികള്‍ മണ്ണില്‍ കുത്തിമറിഞ്ഞ് കളിക്കുന്നുണ്ടണ്ടായിരുന്നു.
പുഴയിലിറങ്ങി കുളിച്ചിട്ടെത്ര കാലമായി. ഇന്ന് പക്ഷേ മുങ്ങിക്കുളിക്കാതെ പറ്റില്ലല്ലോ. മടിച്ചുമടിച്ച് വെള്ളത്തിലേക്ക് കാലെടുത്തു വെച്ചു. ഹയ്യോ! വൈദ്യുതിപോലെ ശരീരത്തിലേക്ക് തണുപ്പിരച്ചു കയറി. മരണത്തിന് ഇത്തരമൊരു തണുപ്പാണെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. ശരിയായിരിക്കുമോ? പാതിര കഴിഞ്ഞ് സേലം ജങ്ഷനിലെത്തുന്ന ആലപ്പി എക്‌സ്പ്രസ്സിലാണ് പാലക്കാട്ടുനിന്ന് വന്നത്.മൂന്നുനാല് മണിക്കൂര്‍ വെയ്റ്റിങ്
റൂമില്‍തന്നെ ഉറക്കം തൂങ്ങിയിരുന്നു. സാധാരണ അങ്ങനെയല്ല പതിവ്. ഡ്യൂട്ടി സ്‌റ്റേഷന്‍ മാസ്റ്ററുടെ റൂമില്‍ ചെന്ന് കുറച്ചുനേരം കത്തി വെച്ചിരിക്കും. പിന്നെ റെസ്റ്റ് റൂമില്‍ കിടന്ന് സുഖമായൊന്നുറങ്ങും. കാലത്തെഴുന്നേറ്റ് പല്ലുതേപ്പും കുളിയും കഴിഞ്ഞ് ഏഴേമുക്കാലിനുള്ള ജോലാര്‍പ്പേട്ട് പാസഞ്ചറിലാണ് തുടര്‍ന്നുള്ള യാത്ര. അതിനിടയില്‍ എന്‍ വി ആര്‍ ആറിലെ കടുപ്പമുള്ളൊരു ചായയും ഹിഗ്ഗിന്‍ബോതംസിലെ ഹിന്ദു പത്രവും ഒന്നോ രണ്ടേണ്ടാ സിഗററ്റും നിര്‍ബ്ബന്ധമായിരുന്നു. പതിവിന് വിപരീതമായി ഇന്നതൊന്നുമുണ്ടണ്ടായില്ല. ഡോക്ടര്‍ ബാലുവിന്റെ നിര്‍ബ്ബന്ധം മൂലം വലിയും കുടിയുമെല്ലാം നിര്‍ത്തിയിട്ട് ആറുമാസം കഴിഞ്ഞു.

1995 മേയ് പതിനാറാം തീയതിയിലെ ദിനതന്തിയാണ് അവസാനമായി വായിച്ച പത്രം. പിന്നീട് ജീവിതത്തിലിതുവരെ ഒരു പത്രവും കൈകൊണ്ട് തൊട്ടിട്ടില്ല. ചായ ഡാനിഷ്‌പ്പെട്ട് ചെന്ന് യേശയ്യന്റെ കടയില്‍നിന്ന് മതിയെന്ന് വെച്ചു. അവിടെനിന്നൊരു ചായ കുടിച്ചിട്ട് കുറെ നാളായല്ലോ. സഹപ്രവര്‍ത്തകരെ ആരേയും കാണണമെന്ന് തോന്നിയില്ല. എന്തിനാണ് വെറുതെ സഹതാപം പറച്ചില്‍ കേള്‍ക്കുന്നത്. വലിയ ബുദ്ധിജീവിയാണെന്ന ഭാവമായിരുന്നില്ലേ, അവന് അങ്ങനെതന്നെ വേണം, എന്ന് ചിന്തിച്ച് പലരും ഉള്ളില്‍ ചിരിക്കുകയാവും. പാസഞ്ചറില്‍ പോയാല്‍ ഡാനിഷ്‌പ്പേട്ടിലെത്താന്‍ എട്ടര കഴിയും. സെക്ഷനിലെ ഓരോ സ്‌റ്റേഷനിലേക്കും ഡ്യൂട്ടിക്ക് പോകുന്നവരും ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നവരും വണ്ടിയിലുണ്ടണ്ടാവും. അവരുടെ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം പറയേണ്ടിവരും. പിന്നെ കാര്യങ്ങളൊന്നും വിചാരിച്ചപോലെ നടക്കില്ല. അഞ്ചു മണിയായപ്പോള്‍ സ്‌റ്റേഷന് മുന്നില്‍നിന്ന് പുറപ്പെടുന്ന ഒരു ധര്‍മ്മപുരി ബസ്സില്‍ കയറി തീവെട്ടിപ്പെട്ടിയിലിറങ്ങി ലോക്കല്‍ ബസ്സില്‍ ഡാനിഷ്‌പ്പേട്ടിലെത്തുമ്പോള്‍ യേശയ്യന്‍ ടീക്കട തുറക്കുന്നതേ ഉണ്ടണ്ടായിരുന്നുള്ളൂ.

”എന്ന സാര്‍, ഇപ്പടി താടിയെല്ലാം പോട്ട്,
പാത്താ ഒരു മാതിരിയായിരുക്കെ.”

അധികം ആറ്റി പതപ്പിക്കാതെ സ്‌പെഷല്‍ കേരളാ ചായ തരുമ്പോള്‍ യേശയ്യന്‍ ചോദിച്ചു. മേശപ്പുറത്തെ പഴയ ടേപ്പ് റെക്കോര്‍ഡറില്‍ വെങ്കടേശ സുപ്രഭാതം അവസാനിക്കാറായിരുന്നു. യേശയ്യന്റെ ചോദ്യത്തിന് ഉത്തരം പറയാതെ വെറുതെ ചിരിച്ചുവെന്ന് വരുത്തി. ശരിയാണ്, താടിയും മുടിയും വല്ലാതെ വളര്‍ന്നിരിക്കുന്നു. സര്‍ജറിക്കായി മൊട്ടയടി
ച്ചതിന് ശേഷം ഷേവ് ചെയ്യുകയോ മുടിവെട്ടുകയോ ഉണ്ടണ്ടായിട്ടില്ല. അതിനൊക്കെ സമയമെവിടെ? അലയുകയായിരുന്നില്ലേ, ഒലവക്കോട് ഡിവിഷണല്‍ ഓഫീസ്, ചെന്നൈ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഓഫീസ്, യൂണിയന്‍ ഓഫീസുകള്‍, കൊച്ചിയിലെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍, ആശുപത്രികള്‍, ആശ്രമങ്ങള്‍… അങ്ങനെയങ്ങനെ.

”ഒരു തീപ്പെട്ടി കൊടുങ്കേ?”
”വില്‍സ് വേണ്ടാമാ സാര്‍?”
”അതെല്ലാം നിര്‍ത്തി റൊമ്പ നാളാച്ച് യേശയ്യന്‍…”
”പിന്നെ യെതുക്ക് തീപ്പെട്ടി?”
”സാമി വെളക്ക് കൊളുത്തറുത്ക്ക്…”

യേശയ്യന്‍ അത്ഭുതത്തോടെ തീപ്പെട്ടിയെടുത്തു തന്നു. എല്ലാ മതങ്ങളെയും നിരന്തരമായി വിമര്‍ശിക്കാറുള്ള ആള്‍തന്നെയാണ് മുമ്പില്‍ നില്‍ക്കുന്നതെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. പേഴ്‌സ് തുറന്ന് അമ്പത് രൂപയെടുത്ത് കൊടുത്തു. അയാള്‍ ബാക്കി തരാന്‍ തുടങ്ങിയപ്പോള്‍, ”വെച്ചിട്, അപ്പറം വാങ്ങിക്കറേന്‍” എന്ന് പറഞ്ഞ് നടന്നു. ബാക്കി വാങ്ങിയിട്ട് ഇനിയെന്തിനാണ്, ജീവിതത്തില്‍ പണം കൊണ്ടുള്ള ആവശ്യങ്ങളെല്ലാം അവസാനിച്ചല്ലോ.

തുടര്ന്ന് വായിക്കാന് ക്ലിക്ക് ചെയ്യൂ 

Comments are closed.