DCBOOKS
Malayalam News Literature Website

എം.പി.നാരായണപിള്ള; പ്രതിഭയുടെ പ്രഭാവം കൊണ്ടാണ് സൃഷ്ടി അനിവാര്യമായിത്തീര്‍ന്നതെന്ന് വീമ്പുപറയാത്ത എഴുത്തുകാരന്‍

മെയ് 19- എം പി നാരായണപിള്ള ചരമദിനം

എം.പി. നാരായണപിള്ളയുടെ കഥാസമാഹാരമാണ് മുരുകന്‍ എന്ന പാമ്പാട്ടിയും മറ്റു കഥകളും. കള്ളന്‍, 56 സത്രഗലി, പോയ നിലാവുകള്‍, പ്രേക്ഷകന്‍, പെണ്ണുഡോക്ടര്‍ പറഞ്ഞ കഥ, പ്രൊഫസറും കുട്ടിച്ചാത്തനും തുടങ്ങി 48ഓളം കഥകളാണ് ഇതില്‍ സമാഹരിച്ചിട്ടുള്ളത്.

പുസ്തകത്തിന് പി.കെ. തിലക് എഴുതിയ പഠനത്തില്‍ നിന്നും..

ജീവിതത്തെ അപനിര്‍മിക്കുന്ന പ്രതികഥകള്‍

വ്യവസ്ഥാപിത ജീവിതവും മുഖ്യധാരാകഥകളും അപ്രസക്തമാകുന്ന ഘട്ടത്തിലാണ് പ്രതികഥകള്‍ ആവശ്യമായി വരുന്നത്. മലയാളകഥാസാഹിത്യത്തിന്റെ സുവര്‍ണ്ണകാലം പ്രതികഥകള്‍കൊണ്ട് സമ്പന്നമായിരുന്നു. ഇതിവൃത്തത്തിലും ആഖ്യാനരീതിയിലുമെല്ലാം ഏറെ പുതുമകള്‍ സൃഷ്ടിക്കാന്‍ ഇവയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിന്റെ പുതിയ പരിപ്രേക്ഷ്യങ്ങളാണ് ഇവയിലൂടെ പ്രകടമാകുന്നത്. മൂല്യസങ്കല്പത്തിലും ധാര്‍മികതയിലുമെല്ലാം പൊളിച്ചെഴുത്ത് ലക്ഷ്യമിട്ടുള്ളവയായിരുന്നു ഈ കഥകള്‍. സ്വതന്ത്രചിന്ത അവയുടെ ലക്ഷ്യവും വിഗ്രഹഭഞ്ജനം മാര്‍ഗവുമായിരുന്നു. എം.പി. നാരായണപിള്ളയുടെ കഥകളും കഥാപാത്രങ്ങളും ഈ നിലയില്‍ ശ്രദ്ധയര്‍ഹിക്കുന്നു. എഴുത്തുകാരന്റെ പ്രതിഛായയെപ്പോലും അപനിര്‍മിച്ചുകൊണ്ടാണ് അദ്ദേഹം കഥയിലെ പുതുവഴികള്‍ തേടിയത്.

‘എന്റെ ആദ്യത്തെ കഥ’ എന്ന കുറിപ്പില്‍ (1992) ‘കള്ളന്‍’ എന്ന കഥയുടെ പിറവിയെക്കുറിച്ച് എം.പി.നാരായണപിള്ള പറയുന്നത് ഇപ്രകാരമാണ്: ‘ഞങ്ങളുടെതന്നെ ഒരു അമ്മാവന്‍. തൊഴില്‍ മോഷണമായിരുന്നു. അതുകൊണ്ട് എവിടെ മോഷണം നടന്നാലും പോലീസുകാര്‍ പുള്ളിയെ പിടിക്കും. മര്‍ദ്ദിക്കും. നഖത്തിനിടയില്‍ മൊട്ടുസൂചി കയറ്റും. തുട വരഞ്ഞ് കുരുമുളകുപൊടി തേക്കും. ഇതെല്ലാം കഴിഞ്ഞു പുറത്തിറങ്ങിയാല്‍ പുള്ളി ആദ്യം ചെയ്യുന്നത് മന്നാലിക്കുടിക്കാരുടെ ഇരുമ്പുകടയില്‍ നിന്ന് രണ്ടു രൂപയുടെ ആണി മോഷ്ടിക്കുകയായിരിക്കും. വീണ്ടും പോലീസ് പിടിക്കും. വീണ്ടും മര്‍ദ്ദനം, വീണ്ടും ജയില്‍, ഇറങ്ങി വന്നാല്‍ വീണ്ടും മോഷണം. സ്വന്തം കുടുംബത്തിലെ ഒരാളുടെ അത്ര അഭിമാനകരമല്ലാത്ത ജീവിതം കഥയായി ആവിഷ്‌കരിച്ചുവെന്നു മാത്രമല്ല, അക്കാര്യം തുറന്നു പ്രകടിപ്പിക്കാന്‍ തയ്യാറാവുകയും ചെയ്തിരിക്കുന്നു. പ്രതിഭയുടെ പ്രഭാവം കൊണ്ട് സൃഷ്ടി അനിവാര്യമായിത്തീര്‍ന്നതാണെന്ന വീമ്പുപറയലിനൊന്നും അദ്ദേഹം മുതിരുന്നില്ല. എഴുത്തുകാരന്റെ ദന്തഗോപുരം സംബന്ധിച്ച ആകുലതകളും അദ്ദേഹത്തെ അലട്ടുന്നില്ല.

‘പരിണാമം’ എന്ന മലയാളത്തിലെ ഏറ്റവും ശക്തമായ നോവലിന്റെ ആമുഖമായി എം.പി.നാരായണപിള്ള എഴുതുന്നത് ഇങ്ങനെയാണ്: ‘ആദ്യമായിട്ടെഴുതുന്നText നോവലായതുകൊണ്ട് പലരുടെയും സഹായം ഇതു പൂര്‍ത്തിയാക്കാന്‍ ആവശ്യമായി വന്നിട്ടുണ്ട്. ഞാന്‍ എഴുതിയത് അതുപോലെ അച്ചടിച്ചു വരുകയായിരുന്നില്ല…പതിവായി എനിക്കു സംഭവിക്കുന്ന അക്ഷരത്തെറ്റുകളും വ്യാകരണത്തെറ്റുകളും എന്റെ ഭാര്യ പ്രഭയാണ് തിരുത്തിയത്. ഇത്രയൊക്കെ കഴിഞ്ഞിട്ടും പുസ്തകരൂപത്തിലാക്കാന്‍ ഒരു എഡിറ്റിങ് കൂടി വേണ്ടിവന്നു. എഴുത്തുകാരന്‍ എന്ന നിലയില്‍ കപടമായ ഇമേജുകള്‍ സൂക്ഷിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് ഇത് വ്യക്തമാക്കുന്നു. എം.പി.നാരായണപിള്ളയുടെ കഥകളുടെ കരുത്ത് ഈ വൈകാരികധീരതയാണ്.  ലോകത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും അനായാസം പരിഹാരം നിര്‍ദ്ദേശിക്കുന്നവരുണ്ട്. മനുഷ്യന്‍ ഭൂമുഖത്ത് അനുഭവിക്കുന്ന സകല പ്രതിസന്ധിക്കും കലയില്‍ പോംവഴികളുണ്ടെന്നാണ് ചിലരുടെ വിശ്വാസം.

എം.പി.നാരായണപിള്ളയ്ക്ക് ഈ നിലപാടുകളോട് യോജിപ്പില്ല. ആകപ്പാടെ ചുറ്റുപിണഞ്ഞുകിടക്കുന്ന Textജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ കളിയരങ്ങ്. അതിലെ അസംബന്ധങ്ങളെ നിര്‍മമതയോടെ അദ്ദേഹം ആവിഷ്‌കരിക്കുന്നു. ‘പ്രതി’ എന്ന കഥ കോടതിയും പ്രതിയും തമ്മിലുള്ള സംവാദമാണ്. സങ്കീര്‍ണ്ണമായ നിയമക്കുരുക്കുകളോ ബൗദ്ധികവ്യാപാരം ആവശ്യപ്പെടുന്ന നൈതികപ്രശ്‌നങ്ങളോ കഥയില്‍ ഇല്ല. അവരുടെ സംവാദവിഷയം അതീവ ലളിതമായ ജീവിതപ്രശ്‌നമാണ്. പരിഹാരം കണ്ടെത്താന്‍ ഏറ്റവും വിഷമം നേരിടുന്നത് ഇത്തരം ജീവിതപ്രശ്‌ന ങ്ങളുടെ കാര്യത്തിലാണ്.  അനാഡികോടതി പ്രതിക്ക് ഇരുപത്തഞ്ചു രൂപ പിഴ വിധിച്ചതിനെ ചൊല്ലിയാണ് തര്‍ക്കം ആരംഭിക്കുന്നത്. തുക കൂടുതലാണെന്ന് പ്രതി പരാതിപ്പെടുന്നു. കുറ്റം നിഷേധിക്കാനോ ഒഴിഞ്ഞുമാറാനോ ഒന്നും അയാള്‍ ഒരുങ്ങുന്നില്ല. പ്രതിയുടെ ആവലാതി കോടതിയോടുള്ള അനാദരവായി കണ്ടതുകൊണ്ടാകണം പിഴയുടെ തുക വര്‍ധിപ്പിച്ചുകൊണ്ടുവന്നു.

തന്റെ അവസ്ഥ പ്രതി ഇങ്ങനെ കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു: ‘എന്റെ കൈയില്‍ പതിനഞ്ചു രൂപ മാത്രമേയുള്ളൂ. ഉള്ളതെല്ലാം പിഴയായി കെട്ടിവയ്ക്കാന്‍ ഞാന്‍ തയ്യാറാണ്. കോടതിയോട് എനിക്ക് അല്പംപോലും ബഹുമാനക്കുറവില്ല. കൈയിലുള്ള തുകമാത്രമാണ് ഇവിടെ പ്രശ്‌നം. അതുകൊണ്ട് പിഴശിക്ഷ പതിനഞ്ചു രൂപയായി കുറച്ചു തന്നാല്‍ ഈ പ്രശ്‌നം രമ്യതയില്‍Text ഇവിടെവച്ചുതന്നെ പരിഹരിക്കാം.’ കോടതി നിശ്ചയിച്ച പരിഹാരമാര്‍ഗം അപ്പീല്‍ പോവുക എന്നതു മാത്രമാണ്. പണത്തിന്റെ കുറവുകൊണ്ടുമാത്രം പിഴയടയ്ക്കാന്‍ കഴിയാത്ത ആള്‍ക്ക് ഒരു വക്കീലിന്റെ സഹായത്തോടെ അപ്പീല്‍ പോകാന്‍ കഴിയുന്നത് എങ്ങനെ. കോടതിക്ക് അതിന് ഉത്തരമില്ല. ഏകമുഖമായ പരിഹാരമാര്‍ഗങ്ങള്‍ മാത്രം നിര്‍ദ്ദേശിക്കാന്‍ കഴിയുന്ന, നിസ്സഹായത അനുഭവിക്കുന്ന വ്യവസ്ഥയെയാണ് കഥാകൃത്ത് ഇവിടെ പ്രതിക്കൂട്ടില്‍ നിറുത്തിയിരിക്കുന്നത്. വൈവിധ്യങ്ങള്‍ നിറഞ്ഞ ലോകത്ത് മനുഷ്യന്‍ സൃഷ്ടിച്ച വ്യവസ്ഥകളെല്ലാം ഏകമുഖങ്ങളാകുന്നുവെന്നത് തികഞ്ഞ വൈരുധ്യമാണ്. കോടതിക്ക് പ്രതിയോട് വിരോധമൊന്നുമില്ല. പക്ഷേ, അയാളെ സഹായിക്കാന്‍ വ്യവസ്ഥയില്‍ പഴുതുകളില്ല എന്നതാണ് പ്രതിസന്ധി. ആ അരക്ഷിതാവസ്ഥയില്‍നിന്ന് Textഉടലെടുക്കുന്ന പ്രതിരോധ ങ്ങളാണ് പ്രതിക്ക് വെല്ലുവിളിയാകുന്നത്. കോടതി അയാളെ ഭീഷണിപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നു.

നിയമപാലകരെ ഉപയോഗിച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ പ്രതി അവരെ നോക്കിപറയുന്നത്, നിങ്ങളെ ഒരുമിച്ചു നേരിടാനുള്ള ശേഷി എനിക്കില്ലെങ്കിലും ആദ്യം തൊടുന്ന ആളെ കൊല്ലാന്‍ കഴിയും എന്നാണ്. ഇത് നിയമപാലകരെ വിഷമവൃത്തത്തിലാക്കി. പിഴ അടയ്ക്കാന്‍ പത്തു രൂപയുടെ കുറവാണ് പ്രതിയുടെ പ്രശ്‌നം. കടം വാങ്ങാന്‍ പരിചയക്കാരും ഇല്ല. ഒന്നുകില്‍ ആരെങ്കിലും സഹായിക്കണം, അല്ലെങ്കില്‍ പിഴ കുറച്ചു കിട്ടണം. കഥ അവസാനിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്: ‘കോടതി കണ്ണുകളടച്ച് ഒരു നിമിഷം ചിന്താധീനനായി. എന്നിട്ടെന്തോ നിശ്ചയിച്ചുറപ്പിച്ചപോടെ പോക്കറ്റില്‍നിന്ന് പേഴ്‌സെടുത്തു തുറന്നു. അതില്‍ ഒമ്പതു രൂപ അറുപതു പൈസയേ ഉണ്ടായിരുന്നുള്ളൂ.’ പ്രതി നേരിട്ടിരുന്ന അരക്ഷിതാവസ്ഥയ്ക്ക് സമാനമായ പ്രതിസന്ധി ഇപ്പോള്‍ കോടതി നേരിടേണ്ടിവന്നിരിക്കുന്നു. യുക്തിബോധമില്ലാത്ത നീതിവ്യവസ്ഥയെയാണ് ഈ കഥയിലൂടെ എം.പി. നാരായണപിള്ള തുറന്നുകാണിക്കുന്നത്. ‘വിധി’ എന്ന വളരെ ചെറിയ കഥയും നീതിന്യായത്തിന്റെ പശ്ചാത്തലത്തില്‍ സൃഷ്ടിക്കപ്പെട്ടതാണ്. പ്രതിയും കോടതിയും തമ്മിലുള്ള സംവാദത്തിന്റെ രൂപത്തിലാണ് കഥ ആഖ്യാനം ചെയ്തിരിക്കുന്നത്.

കൊലക്കുറ്റത്തിനു വിചാരണ നേരിടുന്ന പ്രതി പ്രോസിക്യൂട്ടറോട് വാദി ആരാണെന്ന് ചോദിക്കുന്നു.Text കൊല ചെയ്യപ്പെട്ട ആളുടെ അനുജനാണ് വാദി എന്ന് പ്രോസിക്യൂട്ടര്‍ അറിയിക്കുമ്പോള്‍ കൊലക്കുറ്റത്തിന് വാദി മൃതനാണെന്ന് പ്രതിവാദിക്കുന്നു. പരാതിക്കാരന്‍ ഉണ്ടാകുമ്പോഴാണ് കുറ്റം ഉണ്ടാകുന്നതെന്നും കുറ്റവാളി പ്രസക്തനായിത്തീരുന്നതെന്നും അയാള്‍ സ്ഥാപിച്ചു. ‘വാദി ഹാജരില്ലാത്തതുകൊണ്ട് കേസ് തള്ളിയിരിക്കുന്നു. പ്രതിക്കു പോകാം.’ എന്നാണ് വിധിയുണ്ടായത്. പ്രസ്തുത വിധിക്കുശേഷമാണ് കൊലക്കുറ്റത്തിന് വാദി സര്‍ക്കരായിത്തീര്‍ന്നത് എന്ന പിന്‍കുറിപ്പോടെയാണ് കഥ അവസാനിപ്പിച്ചിരിക്കുന്നത്.

ദുര്‍ബലമായ യുക്തികള്‍ക്കു മേലാണ് എല്ലാ നിയമവ്യവസ്ഥയും നിലയുറപ്പിച്ചിരിക്കുന്നത് എന്ന Textനിലപാട് പല കഥകളിലും എം.പി.നാരായണപിള്ള സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. വാദി വാദിക്കുന്നയാള്‍ മാത്രമല്ല. അയാള്‍ പ്രതിയുടെ നേരിട്ടോ അല്ലാതെയോ ഉള്ള ഇടപെടല്‍കൊണ്ട് കഷ്ടനഷ്ടങ്ങള്‍ സംഭവിച്ച ആളായിരിക്കണം. ഒരു വ്യക്തി കൊല്ലപ്പെടുന്നതു മൂലം കഷ്ടനഷ്ടങ്ങള്‍ സംഭവിക്കുന്നത് സമൂഹത്തിനാണ്, അയാളുടെ ബന്ധുക്കള്‍ക്കല്ല. അതിനാല്‍ സര്‍ക്കാര്‍ വാദിസ്ഥാനത്ത് എത്തുന്നു.

വ്യക്തിയുടെ അഭാവം സമൂഹത്തിന്റെ വിഭവബലം കുറയ്ക്കുന്നു. കൊലപാതകം മൂലം സമൂഹത്തിന്റെ സമാധാനത്തിനും സുസ്ഥിതിക്കും കോട്ടം സംഭവിക്കുന്നു. ഇതൊക്കെ കൊണ്ടാണ് കൊലക്കുറ്റത്തിനു വാദിയായി സര്‍ക്കാര്‍ മാറുന്നത്.  നിസ്സഹായനായ വ്യക്തിയെ അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന ഭരണകൂടതന്ത്രങ്ങളെക്കുറിച്ചുള്ള വീണ്ടുവിചാരങ്ങളാണ് ‘ശിക്ഷ’ എന്ന കഥയില്‍ നാം കാണുന്നത്. ഏതു നിസ്സഹായനും ഭീകരവാദിയായി മുദ്രകുത്തപ്പെടാം. പിന്നെ അയാള്‍ക്ക് ആഗ്രഹിക്കാവുന്നത് ആരോപിക്കപ്പെടുന്ന കുറ്റത്തോടു നീതി പുലര്‍ത്തുന്ന ശിക്ഷ ഏറ്റുവാങ്ങുക എന്നതാണ്. അതുകൊണ്ടാണ് ഈ കഥയിലെ നായകന്‍ തന്നെ വിലങ്ങുവച്ചു കൊണ്ടുപോകണമെന്നും അതിനു കഴിഞ്ഞില്ലെങ്കില്‍ ചൂടിക്കയറുകൊണ്ടെങ്കിലും തന്നെ കെട്ടിയേ കൊണ്ടുപോകാവൂ എന്നും ആവശ്യപ്പെടുന്നത്. വ്യക്തികളുടെ ഈ കീഴടങ്ങള്‍ ഭരണകൂടങ്ങളെയും അതിന്റെ മര്‍ദ്ദനോപകരണങ്ങളെയും കരുത്തുറ്റതാക്കുന്നു. ഒരുപക്ഷേ, ജനാധിപത്യത്തിന്റെ പരാജയസ്ഥാനമായി എം.പി.നാരായണപിള്ള ഇതിനെ കാണുന്നുണ്ടാവണം.

എം.പി.നാരായണപിള്ളയുടെ പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.