DCBOOKS
Malayalam News Literature Website

നന്ദിയാരോടു ചൊല്ലേണ്ടൂ

‘ഒഴുകണം പുഴകള്‍’ എന്ന പുസ്തകത്തിന് സബ്ന എ.ബി. എഴുതിയ ആമുഖത്തില്‍ നിന്നും

ഒരു ജന്മം മുഴുവന്‍ ശ്രമിച്ചാലും ഒരു പുഴയെ പൂര്‍ണ്ണമായി അറിയാനാകില്ല. വളരെക്കുറച്ചേ അറിയൂ എന്നു ബോധ്യമുള്ളതിനാല്‍ ഡി സി ബുക്‌സിലെ എഡിറ്റര്‍ ആര്‍. രാമദാസ് കേരളത്തിലെ പുഴകളെക്കുറിച്ച് ഒരു പുസ്തകം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ ആദ്യം സംശയിച്ചു. പുഴകളെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരുകയാണ് ലക്ഷ്യം എന്നും പറഞ്ഞപ്പോഴാണ് ഏറ്റെടുത്തത്. വേഗത്തില്‍ തയ്യാറാക്കേണ്ടിയിരുന്ന ഈ പുസ്തകം പക്ഷേ, വളരെ വൈകിയാണ് എഴുതിത്തീര്‍ത്തത്. അപ്പോഴും അങ്ങേയറ്റത്തെ ക്ഷമയോടെ എന്നെ പ്രോത്സാഹിപ്പിച്ച രാമദാസ് ഇല്ലായിരുന്നെങ്കില്‍ ഇത് പൂര്‍ത്തിയാകുമോ എന്ന് സംശയമാണ്.

Textസ്വച്ഛന്ദം ഒഴുകുന്ന പുഴകളെക്കുറിച്ചുള്ള സ്വപ്‌നവും പുഴസംരക്ഷണരംഗത്തെ അനവധിയായ സുഹൃത്തുക്കളില്‍നിന്നു കേട്ടതും വായിച്ചതുമായ അനുഭവങ്ങളുമായിരുന്നു ഇതെഴുതുവാനുള്ള മൂലധനം. ഒഴുകുന്ന പുഴകളെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ക്ക് മൂര്‍ത്തഭാവം വരുന്നത് സഹപ്രവര്‍ത്തകയായിരുന്ന ലതയുടെ (ഡോ. ലത അനന്ത) സ്വാധീനം കൊണ്ടുകൂടിയാണ്. ഒഴുകുന്ന പുഴകളെ സ്വപ്‌നം കാണാന്‍ മാത്രമല്ല ആ സ്വപ്‌നം മറ്റുള്ളവരിലേക്ക് പകരുവാനും സ്വപ്‌നസാക്ഷാത്കാരത്തിനായി പ്രവര്‍ത്തിക്കാനും ധൈര്യം കാണിച്ചിരുന്നു ലത. കാലം മടക്കിവിളിച്ചില്ലായിരുന്നുവെങ്കില്‍ ഇതെഴുതുന്നത് മിക്കവാറും ലതയാകുമായിരുന്നു. ലതയുടെ പല ആശയങ്ങളും ഇതില്‍ പലയിടത്തായി ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ലതയുടെ മാത്രമല്ല ചാലക്കുടി സംരക്ഷണ സമിതിയിലെയും സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ആശയങ്ങള്‍ ഇതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. പേരെടുത്ത് പറയാതെതന്നെ അവരോരുത്തരോടുമുള്ള സ്‌നേഹവും കടപ്പാടും രേഖപ്പെടുത്തുന്നു.

കേരളത്തിലെ പുഴകളെ സംബന്ധിച്ച സ്ഥിതിവിവരങ്ങളും മറ്റു വസ്തുതകളും പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ നിര്‍ദ്ദേശിച്ചത് ജലസേചന വകുപ്പില്‍ ജോയിന്റ് ഡയറക്ടറായിരുന്ന സുധീര്‍ പടിക്കല്‍ സാറാണ്. മൂവാറ്റുപുഴ നിര്‍മ്മലകോളജില്‍നിന്നു വിരമിച്ച അദ്ധ്യാപകന്‍ ഡോ.
ഷാജു തോമസ് സര്‍ ഇതിന്റെ രണ്ടും മൂന്നും അദ്ധ്യായങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ തിരുത്തലുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇരുവരോടുമുള്ള കടപ്പാട് വാക്കുകളിലൊതുങ്ങുന്നതല്ല.

പുസ്തകത്തിന്റെ മിക്കഭാഗവും ഡി ടി പി ചെയ്തത് കുടുംബസുഹൃത്തായ ശ്രീകലയാണ്. ഒന്നിച്ചുചെയ്താല്‍ ഒരാഴ്ചകൊണ്ട് തീരേണ്ട പണിക്കായി അതിന്റെ പലമടങ്ങ് ചെലവഴിക്കേണ്ടി വന്നിട്ടുണ്ട് ശ്രീകലയ്ക്ക്. ഇതിനിടയില്‍ ഡി ടി പി ചെയ്ത മാറ്ററില്‍തന്നെ എത്രവട്ടം തിരുത്തല്‍ വരുത്തി എന്നതിനു കണക്കില്ല. പലപ്പോഴും ഒന്നിച്ചിരുന്ന് വായിച്ച് പരസ്പരം ചര്‍ച്ചചെയ്താണ് തിരുത്തലുകള്‍ വരുത്തിയിട്ടുള്ളത്.

നന്ദി പറയാനാകില്ല ശ്രീകലയോട്. പുഴകളാണ് ഞങ്ങളുടെ കര്‍മ്മമണ്ഡലം നിശ്ചയിക്കുന്നത്, മുന്നോട്ടുള്ള പ്രയാണത്തിനാവശ്യമായ ഊര്‍ജ്ജം നല്‍കുന്നത്. പുഴകളോടാണ് ഏറ്റവും കടപ്പെട്ടിരിക്കുന്നത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.