DCBOOKS
Malayalam News Literature Website

‘ഔട്ട്പാസ് ‘; മനസ്സില്‍ നിന്നും ഔട്ടാകാത്ത കഥ

സാദിഖ് കാവിലിന്റെ ഔട്ട്പാസ് എന്ന കൃതിയെക്കുറിച്ച് ജോയ് ഡാനിയേല്‍ എഴുതുന്നു…

ഒരു നോവലിന്റെ അവസാന അധ്യായത്തിന്റെ, അവസാന പേജും മറിഞ്ഞുകഴിയുമ്പോള്‍ അതിലെ കഥാപാത്രങ്ങള്‍ ജീവന്റെ തുടിപ്പുകളുമായി ഒളിമങ്ങാതെ മനസ്സില്‍ കിടക്കുന്നുണ്ടെങ്കില്‍ അതിന് കൈയ്യടിക്കേണ്ടത് ആ കഥയുടെ ആകര്‍ഷണീയതയ്ക്കും, എഴുത്തുകാരന്റെ വിജയത്തിനുമാണ്. അത്തരത്തില്‍ ആടുജീവിതത്തിന് ശേഷം മരുഭൂപ്രവാസത്തിന്റെ വേദനകള്‍ ഒപ്പിയെടുത്ത മറ്റൊരു കഥയാണ് ‘ഔട്ട്പാസ്’.

ഒട്ടനവധി കഥകള്‍ ഇഴചേര്‍ത്ത് പിന്നിയെടുത്താണ് കുഞ്ഞാച്ച എന്ന നായകനിലൂടെ കഥ വികസിക്കുന്നത്. യു.എ.ഇയിലെ പൊതുമാപ്പിനുള്ള അപേക്ഷകരുടെ നീണ്ട ക്യൂവില്‍ ആണ് നാം കുഞ്ഞാച്ചയെ ആദ്യം കണ്ടുമുട്ടുന്നത്. വളഞ്ഞുപുളഞ്ഞ് കിടക്കുന്ന ആ നീണ്ട ക്യൂവിന്റെ നീളം കുറഞ്ഞ് കുറഞ്ഞ് വരുന്തോറും പുസ്തകത്തിന്റെ പേജുകളും മറിഞ്ഞ്, മറിഞ്ഞ് കഥ അവസാനിക്കുകയാണ്. ഗര്‍ഭിണിയായ ഭാര്യയെ വിട്ടുള്ള കുഞ്ഞാച്ചയുടെ ബോംബൈ ജീവിതത്തില്‍ തുടങ്ങി, ജനിച്ച കുഞ്ഞിനെ ഒന്ന് കാണുകപോലും ചെയ്യാനാകാതെ എരിതീയില്‍ നിന്നും വറചട്ടിയിലേക്ക് എന്ന പോലെ മരുഭൂമിയിലെ പ്രവാസത്തിലേക്കുള്ള പറിച്ചു നടീലില്‍ ചുഴിയിലകപ്പെട്ടപോലെയുള്ള നായകന്റെ ജീവിതകഥയാണിത്.

മുപ്പത് പ്രവാസ വര്‍ഷങ്ങള്‍. ഒരു പുരുഷന്റെ സമ്പൂര്‍ണ്ണമായി എരിഞ്ഞുതീര്‍ന്ന യുവത്വം. ഈ മുപ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ കുഞ്ഞാച്ച ചെയ്യാത്ത ജോലികള്‍ ഇല്ല. കൂട്ടിക്കൊടുപ്പുകാരനായി, വ്യാജ സിഡി വില്‍പ്പനക്കാരനായി, സൂപ്പര്‍മാര്‍ക്കറ്റിലെ ഡെലിവറി ബോയി ആയി, അവസാനം പ്രവാസത്തിന്റെ കരിന്തിരികത്തലില്‍ ഉപ്പൂപ്പ തങ്ങളുടെ ‘നന്മ’യിലേക്കുള്ള പറിച്ചുനടീല്‍. തിന്മയുടെ അഴുക്കുചാലില്‍ കരചരണങ്ങള്‍ ഇട്ടടിക്കുന്ന മുപ്പത് വര്‍ഷങ്ങള്‍. ഉപ്പൂപ്പ തങ്ങളുടെ സഹായത്താല്‍ പൊതുമാപ്പിനായി നിറകണ്ണുകളോടെ ഔട്ട് പാസ് കേന്ദ്രത്തിലേക്ക് കുഞ്ഞാച്ച യാത്രയാകുമ്പോള്‍ നായകന്റെ അതേ നെഞ്ചിടിപ്പോടെ ബാഗും തൂക്കി വായനക്കാരും കുഞ്ഞാച്ചയുടെ ഒപ്പം യാത്രതുടരുകയാണ്. കഥ അവിടെ തീരുകയല്ല. മറിച്ച്, പുതിയ തുടക്കം മാത്രമാണത്. മരുഭൂമി വിട്ട് നാട്ടില്‍ എത്തുന്നതോടെ കുഞ്ഞാച്ചയുടെ ജീവിതം കൂടുതല്‍ സംഭവബഹുലമായിതീരുകയാണ്. വായിച്ചുമാത്രം അനുഭവിക്കേണ്ട നാടകീയത നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ക്ക് വായനക്കാരന്‍ സാക്ഷിയാവുന്നു.

കഥയിലുടനീളം കാണാന്‍ കഴിഞ്ഞ ചില പ്രത്യേകതകള്‍ എടുത്തുപറയാനാകാതെ വയ്യ. ഒന്നാമത് പറയാനുള്ളത്, എഴുത്തിലെ തെളിമയും ലാളിത്യവുമാണ്. ഏതൊരു വായനക്കാരനും ഇഷ്ടപെടുന്ന രീതിയില്‍ അനുദിന ജീവിതത്തിലെ കൊച്ചുകൊച്ചു സംഭവങ്ങള്‍ കൂട്ടിയിണക്കി സാഹിത്യത്തിന്റെ അതിപ്രസരം ഇല്ലാതെ, എന്നാല്‍ താന്‍ പറയാന്‍ പോകുന്ന കഥയ്ക്ക് പ്രസരണ നഷ്ടം തട്ടാതെ പുരോഗമിക്കുന്ന കഥനരീതി. ഇവിടെ പ്രസരണ നഷ്ടം എന്ന് ഉദ്ദേശിച്ചത് ഒന്ന് വ്യക്തമാക്കേണ്ടതുണ്ട്. കഥാകാരന്റെ മനസ്സില്‍ ഉണ്ടാകുന്ന രസങ്ങള്‍, വികാര വിക്ഷോഭങ്ങള്‍ തൂലികയില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ അതിന്റെ സത്ത കുറെ നഷ്ടപ്പെട്ടേക്കാം. അത് വായനക്കാരില്‍ എത്തുമ്പോള്‍, വായന കഴിയുമ്പോള്‍ വീണ്ടും നഷ്ടപ്പെടാം. വായനയ്ക്ക് ശേഷം വായനക്കാരന്റെ മനസ്സില്‍ കഥയും, കഥാപാത്രങ്ങളും സന്നിവേശിപ്പിക്കാന്‍ എത്രമാത്രം എഴുത്തുകാരന് സാധിക്കുന്നുവോ എത്രത്തോളമാണ് എഴുത്തുകാരന്റെ വിജയം. ഇവിടെയാണ് പ്രസരണ നഷ്ടം അധികമില്ലാത്ത ലളിതമായി കഥപറയുന്ന ഔട്ട് പാസിന്റെ മേന്‍മ.

ഇനിയൊന്ന്, കഥയിലൂടനീളം പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളാണ്. ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രവാസജീവിതത്തില്‍ നാം അനുദിനം കാണുന്നവരാണ്, കണ്ടവരാണ്. ഇന്നലെ കണ്ട് കണ്മുന്നില്‍ നിന്നും മറഞ്ഞവരെപ്പോലെ കുഞ്ഞാച്ച കണ്ടുമുട്ടുന്ന ഓരോരുത്തരും നമ്മുടെ മുന്നില്‍ ഒരു ചലച്ചിത്രത്തിന്റെ ഫ്രെയ്മുകള്‍ പോലെ തെളിഞ്ഞുവരുന്നു.

ഇനിയൊരു എടുത്തുപറയേണ്ട പ്രത്യേകത, വാരിവലിച്ച് എഴുതാതെ ചെറിയ ചെറിയ അദ്ധ്യായങ്ങളില്‍ കഥ പറഞ്ഞുപോകുന്ന രീതിയാണ്. കാച്ചിക്കുറുക്കി കഥ തരുന്നു. വേണമെങ്കില്‍ ഒരു നാനൂറ് പേജില്‍ കൂടുതല്‍ നീട്ടികൊണ്ടുപോകാവുന്ന കഥ അതിന്റെ പകുതിയില്‍ കുറവ് പേജുകളില്‍ വെട്ടിയൊതുക്കി അണിച്ചൊരുക്കി വായനക്കാരന്റെ മുന്നിലേക്ക് എത്തിക്കുകയാണ് കഥാകാരന്‍. തട്ടും തടവും ഒന്നുമില്ലാതെ നല്ല ഒഴുക്കോടെ വായനക്കാരെ പലപ്പോഴും ഒരു സസ്‌പെന്‍സ് ത്രില്ലര്‍ പോലെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതി കാരണം പേജുകള്‍ മറിയുന്നത് അറിയുകപോലുമില്ല.

ചുരുക്കിപ്പറഞ്ഞാല്‍, നിത്യേന പ്രവാസത്തില്‍ നാം കണ്ടുമുട്ടുന്ന ഒരുപറ്റം ആള്‍ക്കാര്‍ നമ്മുടെ മുന്നില്‍ വന്ന് അവരുടെ ജീവിതം കാട്ടിത്തരുകയാണ്. പൊങ്ങച്ചത്തിന്റെയോ, സമ്പത്തിന്റെയോ, പ്രൗഢിയുടെയോ അല്ല പിന്നെയോ, പട്ടിണിയകറ്റാന്‍ ഒരുനേരത്തെ ഖുബ്ബൂസ് എങ്കിലും അന്വേഷിക്കുന്നവന്റെ കഥയാണിത്. അവരുടെ ജീവിതത്തിന്റെ ആകെത്തുകയാണ് കുഞ്ഞച്ചയും ചുറ്റുമുള്ളവരും.

വായനക്കാര്‍ പ്രതീക്ഷിക്കാത്ത വഴിത്തിരിവ് കഥയില്‍ ഉണ്ടാകുന്നത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരിലേക്ക് കഥ തിരിയുമ്പോളാണ്. ‘നേരനുഭവങ്ങളുടെ ദുരിത പര്‍വ്വം’ എന്ന ഡോ: അംബികാ സുതന്‍ മാങ്ങാടിന്റെ അവതാരികയില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളെപ്പറ്റി പ്രതിപാദിക്കുമ്പോഴും, നോവലിന്റെ തുടക്കത്തില്‍ എഴുത്തുകാരന്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി കഥ സമര്‍പ്പിക്കുമ്പോളും അതിലെ പ്രാധാന്യം നാം മനസിലാക്കില്ല. എന്നാല്‍ കഥാന്ത്യത്തിലേക്ക് നമ്മള്‍ നടന്നടുക്കുമ്പോള്‍ ഒരു ദേശം മുഴുവന്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ തീവ്രത എത്രമാത്രമാണെന്ന് നാം കണ്മുന്നില്‍ കാണും.

ബെന്യാമിന്റെ ആടുജീവിതം പോലെ മലയാളക്കരയ്ക്ക് വായിച്ചു അനുഭവിക്കാന്‍ പോന്ന കഥയാണ് ഔട്ട്പാസ്. ഇതിലെ ഓരോ കഥാപാത്രങ്ങളും വായനക്കാരോടൊപ്പം ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്നതിന്റെ കാരണം എഴുത്തുകാരന്‍ തന്നെ തുടക്കത്തില്‍ പറയുന്നുണ്ട് ‘ഔട്ട് പാസിലെ കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും ഗള്‍ഫില്‍ ഞാന്‍ കണ്ടുമുട്ടിയവരാണ്’. ഒട്ടും മടുപ്പ് ഇല്ലാതെ വായിച്ച് പോകാവുന്ന കഥ. അതിനാല്‍ തന്നെ ഈ കഥയും കഥാപാത്രങ്ങളും മനസ്സില്‍ നിന്നും ഔട്ട് ആകാതെ ഏറെക്കാലം പറ്റിപ്പിടിച്ചങ്ങനെ നില്‍ക്കും. പ്രവാസികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.

Comments are closed.