DCBOOKS
Malayalam News Literature Website

മലയാളിമറക്കാത്ത സിനിമാ ഡയലോഗുകളുടെ സമാഹാരം

 

മലയാളികള്‍ സിനിമാപ്രേമികളാണ്. ഒപ്പം സിനിമാസംഭാഷണങ്ങളെയും ഹൃദയത്തിലേറ്റുന്നവര്‍. കുറിക്കുകൊള്ളുന്ന ഡയലോഗുകള്‍ സുരേഷ്‌ഗോപിയും മോഹന്‍ലാലും മമ്മൂട്ടിയും പറയുമ്പോള്‍ കൈയ്യടിച്ച് എതിരേറ്റവര്‍. പിന്നെ നിത്യസംഭാഷണങ്ങളില്‍ അവയെടുത്തു തരാതരം പ്രയോഗിക്കാനും മടിയില്ല മലയാളികള്‍ക്ക്. ഇപ്പോഴിതാ മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ജനപ്രിയസിനിമാ ഡയലോഗുകളെ ഒന്നിച്ചവതരിപ്പിക്കുകയാണ് ബിപിന്‍ചന്ദ്രന്‍ ഓര്‍മ്മയുണ്ടോ ഈ മുഖം; മലയാളിമറക്കാത്ത സിനിമാ ഡയലോഗുകള്‍ എന്ന പു്‌സ്തകത്തിലൂടെ.

മലയാളിയുടെ സാംസ്‌കാരികമണ്ഡലത്തില്‍ മുദ്രപതിപ്പിച്ചവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സംഭാഷണങ്ങളൊക്കെയും. കേരളം 60 പുസ്തകപരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് കല്പറ്റ നാരായണനാണ്. സിനിമാപ്രേമികള്‍ക്കും സിനമാപഠിതാക്കള്‍ക്കും ഓര്‍മ്മയുണ്ടോ ഈ മുഖം; മലയാളിമറക്കാത്ത സിനിമാ ഡയലോഗുകള്‍ ഒരു മുതല്‍കൂട്ടായിരിക്കുമെന്നത് തീര്‍ച്ച.

പുസ്തകത്തിന് കല്പറ്റ നാരായണന്‍ എഴുതിയ അവതാരിക വായിക്കാം..

പഞ്ച് ഡയലോഗ് എഴുത്തില്‍ ഒരു വി.കെ.എന്‍. നിലവാരം കൊണ്ടുവന്നത് മലയാളത്തില്‍ ശ്രീനിവാസനാണ്. പഞ്ച് ഡയലോഗുകള്‍ കൂടുതലും ലൗഡാണ്, അതിനാണ് ജനപ്രിയത കൂടുതല്‍, രണ്‍ജിപ്പണിക്കരിലും മറ്റും. മലയാളത്തിലെ ചാനലുകളിലെ ഹാസ്യപരിപാടികള്‍ നോക്കുക.

ഓര്‍മ്മയുണ്ടോ ഈ മുഖം
ഓര്‍മ്മയുണ്ടോ ഈ മുഖം

‘സന്ദേശം’പോലുള്ള ചലച്ചിത്രങ്ങളിലെ രംഗങ്ങള്‍ ഓരോ രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവിനുമുണ്ടാവുന്ന അമളികളുടെ പശ്ചാത്തലമായി മാറുന്നു. കോണ്‍ഗ്രസ്സുകാരന്റെ കോമാളിത്തത്തെ മാമുക്കോയയോ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്റെ കോമാളിത്തത്തെ ശങ്കരാടിയോ നിഷ്‌കരുണം
ആവിഷ്‌കരിച്ചിരിക്കുന്നു, ശ്രീനിവാസനെഴുതിയ ഡയലോഗുകളിലൂടെ. പുലിമുരുകനുംമറ്റും ഹാസ്യചിത്രങ്ങളായിരുന്നു എന്നു നാം മനസ്സിലാക്കുക തമാശപ്പരിപാടികളില്‍ അവയിലെദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴാണ്. ഇപ്പോഴിപ്പോള്‍ കൃതഹസ്തനായ മലയാളി, ജീവിതത്തിലെ ഓരോ സംഭവത്തെയും ഏതെങ്കിലും സിനിമാരംഗത്തിന്റെ പശ്ചാത്തലവുമായിണക്കി രസിച്ചുതുടങ്ങി.

കുറെക്കാലമായി കാണാത്തവനെകാണുമ്പോള്‍ മലയാളി ചോദിക്കും:’ഓര്‍മ്മയുണ്ടോ ഈ മുഖം?'(കമ്മീഷണര്‍). രാഷ്ട്രീയതര്‍ക്കം ശാന്തമാക്കാന്‍ ഈ ഡയലോഗ് മതിയാവും: ‘പോളണ്ടിനെപ്പറ്റി നീയൊരക്ഷരം മിണ്ടരുത്'(സന്ദേശം). ഒരു ഗോളടിച്ച കുട്ടിവീമ്പിളക്കുന്നു: ‘ചന്തുവിനെ തോല്പിക്കാന്‍ നിങ്ങള്‍ക്കാവില്ല.’ഭര്‍ത്താവില്ലെന്നു കരുതി വാതിലില്‍ മുട്ടുമ്പോള്‍ തുറന്നു പുറത്തുവരുന്നത് ഭര്‍ത്താവാണെങ്കില്‍, ‘പുരുഷു എന്നെ അനുഗ്രഹിക്കണം'(മീശമാധവന്‍) എന്നല്ലാതെ എന്താണിനിയുള്ള കാലത്ത് ഒരു ജാരന്‍പറയുക? അതിഥികളിലൊരാള്‍ക്ക് ചായകിട്ടാന്‍ വൈകിയാല്‍ അയാള്‍സ്വന്തം ക്ഷീണം മാറ്റും, ‘അശോകന് ക്ഷീണമാവാം’ (യോദ്ധാ).’എന്റെ ഐഡിയ ആയിപ്പോയി,നിന്റെ ഐഡിയ ആയിരുന്നേ നിന്നെ കൊന്നേനേ പട്ടീ,’ എന്ന്ചലച്ചിത്രമില്ലായിരുന്നെങ്കില്‍ പറയാന്‍ പറ്റുമായിരുന്നോ? ‘ഈസ്ഥലം അല്പം പിശകാ’ (ഇതാഇവിടെ വരെ) എന്നൊക്കെയുള്ള ഡയലോഗുകള്‍ ഏശാതിരുന്നത് ആ സിനിമകള്‍ക്ക് ഡയലോഗ് പ്രസന്റേഷനെക്കാള്‍ ലക്ഷ്യങ്ങളുണ്ടായിരുന്നതുകൊണ്ട് ‘മോനേ, നിന്റെ അച്ഛനാടാ പറയുന്നേ,കത്തി താഴെ ഇടടാ’ എന്ന കിരീടത്തിലെ അത്യന്തം ഗൗരവത്തില്‍പറയപ്പെട്ട ഡയലോഗ് കടകവിരുദ്ധമായ സാഹചര്യത്തില്‍ പൊട്ടിപ്പൊട്ടിച്ചിരിപ്പിക്കുന്നു. ‘വിടമാട്ടെ,’എന്നു പറഞ്ഞു ബൈക്കില്‍പുറകേ കയറിയിരിക്കുന്ന പെണ്‍ കുട്ടി ജീവിതയാത്ര സുഗമമാക്കുന്നു.

ജീവിതസന്ദര്‍ഭമൊക്കെ സിനിമാസന്ദര്‍ഭമായി. എന്നിട്ടും ആത്യന്തികമായി നാലേ നാല് വാചകങ്ങളായി മാറും ഭാവിയില്‍ ‘കമ്മട്ടിപ്പാടം’ പോലൊരു മികച്ച ചിത്രംപോലും എങ്കിലും എന്തേസിനിമയിലെ ഡയലോഗുകള്‍ പ്രത്യേകം ഗൗനിക്കപ്പെട്ടില്ല? ബിപിന്‍ ചന്ദ്രന്റെ ഈ പുസ്തകം ആ ഗതിയിലുള്ള യാത്രയുടെ കൗതുകകരമായ ഒരാമുഖമാണ്. പ്രത്യക്ഷപ്പെട്ട സിനിമകളെക്കാള്‍ പ്രശസ്തമായിത്തീര്‍ന്ന ഡയലോഗുകളുടെ ഒരു കലവറ.

Comments are closed.