DCBOOKS
Malayalam News Literature Website

ഓർമ്മയുടെ കടലാഴങ്ങളിൽ ചാവില്ലാത്ത ഓർമ്മകളെ വരച്ചിടുന്ന മനോഹരമായ പുസ്തകം

ശിവപ്രസാദ് പി-യുടെ ‘ഓര്‍മ്മച്ചാവ്’  എന്ന നോവലിന് രജിത മണികണ്ഠൻ എഴുതിയ വായനാനുഭവം

ഓർമ്മയുടെ കടലാഴങ്ങളിൽ ചാവില്ലാത്ത ഓർമ്മകളെ കോറി വരച്ചിടുന്ന മനോഹരമായ പുസ്തകം .മിത്തിനെയും ചരിത്രത്തെയും ജീവിതത്തെയും ഇഴ പിരിച്ചെടുക്കാൻ ആവാതെ സ്ഥല കാല ദേശങ്ങളിൽ ആഴ്ന്നിറങ്ങുന്നു. നാലീരങ്കാവ് എന്ന ദേശത്തിലെ നാലീരമ്മയെ വേൾക്കാൻ വരുന്ന നാലീരന്റെ കഥയിലൂടെ ചരിത്രവും സമകാലികവുമായ ജീവിതത്തെ കൂട്ടിയിണക്കുന്നു. വായനയിലൂടനീളം ഇതെന്റെ നാട് ഇതെന്റെ നാടെന്നെന്നെ വലിച്ചുമുറുക്കുന്നു.
എഴുത്തുകാരന്റെ നാട്ടുകാരി കൂടിയായ എനിക്ക് ഈ നോവലിലെ പല സ്ഥലങ്ങളും പരിചിതങ്ങളാണ് എങ്കിലും അതിൻറെ മിത്തും ചരിത്രവും കൂടി ചേർത്ത് പുതിയൊരു കവിതയുടെ വക്കിലൂടെ നമ്മെക്കൊണ്ടുപോകുന്ന മനോഹരമായ ഒരു നോവൽ .ഒറ്റയിരിപ്പിന് തന്നെ വായിച്ചു തീർക്കാവുന്ന ആഖ്യാന രീതി . വായിക്കുമ്പോൾ മറ്റൊന്നിലേക്കും നമ്മളെ കോർത്തിടാതെ ഈ നോവലിനകത്തേക്ക് തന്നെ വലിച്ച് ഇടാൻ എഴുത്തുകാരന് സാധ്യമായിട്ടുണ്ട്.

സ്നേഹത്തിന്റെ കഥ പറയുന്ന തള്ളാര്കുളവും ചെമ്പ്ര മലയും ദാഹിച്ചുവലഞ്ഞു വരുന്നവന് വെള്ളത്തോടൊപ്പം സ്നേഹവും നൽകി ദാഹം തീർക്കുന്ന തണ്ണീർപന്തലും ഒരു ദേശത്തെ വരച്ചിടുന്നുണ്ട്. ലക്ഷംവീട് കോളനിയിലെയും അംബേദ്കർ കോളനിയിലെയും പണ്ടാരം Textകോളനിയിലെയും ഒക്കെ ജീവിതങ്ങൾ അതിൻറെ അതേ ഊഷ്മളതയോടെ നമുക്കും അനുഭവവേദ്യമാകുന്നുണ്ട് .ഈ നോവൽ അമ്മമാരുടെ കഥയാണ്. ശക്തി സ്വരൂപണികൾ ആയി ശ്രീകോവിനുള്ളിൽ മാത്രം ഒതുങ്ങപ്പെടുന്നവരായ ഭഗവതികളുടെ കഥ ഒരുതരത്തിൽ സ്ത്രീകളുടെ തന്നെ ജീവിതമാണ് .നോവലിൽ അതുതന്നെ പറഞ്ഞു വയ്ക്കുകയും ചെയ്യുന്നുണ്ട്. നാലീരങ്കാവിൽ ഉള്ളത് ഓരോ വീടുകളും കാവുകൾ ആണെന്ന് ആ വീടുകളിലുള്ളവർ ഭഗവതിമാരും . ഇന്നമ്മയും ബിയാത്തുമ്മയും വള്ളിയും നീലിയും കാളിയും അൾത്താരയും , എല്ലാം സ്ത്രീ ജീവിതങ്ങളുടെ നേർരൂപങ്ങൾ തന്നെയാണ്. പെണ്ണുങ്ങളുടെ പ്രണയം എന്ന ഭാഗത്ത് റഹ്മത്തും വത്സല ഓപ്പോളും പരസ്പരം ആശ്വസിപ്പിക്കുന്നത് സ്വന്തം ശരീരങ്ങൾ കൊണ്ടു കൂടിയാണ്. ഓപ്പോളെ മോഹിച്ചു നടക്കുന്ന മണിയന് ഇവരുടെ ബന്ധം വലിയ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. മണിയന്റെ ഈ അസ്വസ്ഥത സമൂഹത്തിൻറെ അസ്വസ്ഥതയായി തുടരുന്നത് നമുക്ക് അറിയാവുന്നതാണല്ലോ ? സമൂഹത്തിന്റെ ഈ അസ്വസ്ഥതയ്ക്ക് നേരെ കൂടിയാണ് നോവലിസ്റ്റ് വിരൽ ചൂണ്ടുന്നത്. ” ജനിച്ചത് ആണാണെന്ന് പോരാത്തതിന് സവർണ്ണനും ഇത് രണ്ടും തന്നെ ലൈസൻസ് ആണല്ലോ ഏത് സ്ത്രീ ശരീരത്തിലും ഇരച്ചു കയറാൻ ” അൾത്താരയുടെ ഈ വാചകം ചരിത്രത്തിൽ ഉടനീളം സ്ത്രീ അനുഭവിച്ച അനുഭവിക്കുന്ന നിസ്സഹായതയെ ഓർമ്മിപ്പിക്കുന്നു . “അമ്പ്രാളെ തീണ്ടാരിയാണ് “എന്ന നീലിയുടെ ദുർബലമായ പ്രതിഷേധം മണിയൻ കേൾക്കുന്നു കൂടിയില്ല. സ്ത്രീകളിങ്ങനെ എതിർക്കാതെ കീഴടങ്ങി കൊടുക്കുന്നതിലും അൾത്താര രോഷം പ്രകടിപ്പിക്കുന്നുണ്ട് .

“സ്വന്തം ശരീരത്തിന് മേൽ ഏത് നിമിഷവും ഒരാൾ കടന്നുവരുമെന്ന് അവൾക്കറിയാം അത് ആരൊക്കെ എത്ര തവണ എന്നിങ്ങനെയുള്ള ചില വ്യത്യാസങ്ങൾ മാത്രമാണ് അവർക്കിടയിലെ അന്തരം ” എന്ന് അൾത്താര പറയുന്നുണ്ട് .ഇത് സ്ത്രീയോട് ചെയ്യുന്ന അനീതിയോടുള്ള എതിർപ്പു കൂടിയാണ്.

ഓപ്പോളിന്റെ മരണത്തോടെ താനും മരിച്ചുപോയി എന്നും തന്നിലെ ഓർമ്മകളും സമകാല ജീവിതവും നഷ്ടപ്പെട്ടുവെന്നും മണിയൻ തിരിച്ചറിയുന്നുണ്ട്. ഇൻസസ്റ്റ് എന്ന ഭയ കരുണ ദാരുണതയെ തീവ്രവൽക്കരിച്ചുകൊണ്ട് മനുഷ്യന്റെ ജീവിത ചോദനയിൽ നിന്നും രക്ഷപ്പെടുന്ന മനുഷ്യന് ഒരു വെല്ലുവിളിയാണ് ഇതിലെ മണിയൻ എന്ന കഥാപാത്രം.

എല്ലാ മനുഷ്യനിലും അവൻറെ വന്യമായ ലൈംഗികചോദനയും ജീവിത തൃഷ്ണയും പ്രകടമായി തന്നെ കാണുന്നുണ്ട്. പക്ഷേ അതിനെ എന്നും ഒളിച്ചുവെച്ചുകൊണ്ട് നടക്കുന്നു. ഈ പൊയ്മുഖത്തെയാണ് ഓർമ്മച്ചാവ് എന്ന നോവൽ ചാവില്ലാത്ത ഓർമ്മകളിലൂടെ നമ്മെ ഓർമിപ്പിക്കുന്നത്.

നോവലിലേക്ക് കടക്കുക എളുപ്പമായിരുന്നു .എന്നാൽ നോവലിൽ നിന്ന് പുറത്തു കടക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ബെന്യാമന്‍ പറഞ്ഞു വെക്കുന്നത് പോലെ പുതിയ വായന കൂടി സാധ്യമാക്കുന്ന ഈ നോവൽ സാധാരണ മനസ്സുകളെ പൊള്ളിക്കുന്നതും അലോസരപ്പെടുത്തുന്നതും ആണ് . ഇതുവരെയുള്ള നമ്മുടെ ബോധ്യങ്ങളെ തകർത്തെറിഞ്ഞ് പുതിയ ചിന്തകൾക്ക് വഴിയൊരുക്കാൻ നോവലിന് കഴിഞ്ഞിട്ടുണ്ട് .

ശിവപ്രസാദ് പി-യുടെ ‘ഓര്‍മ്മച്ചാവ്’ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.