DCBOOKS
Malayalam News Literature Website

ഉത്പത്തി: വിവർത്തകന്റെ വായന

സുരേഷ്‌ എം.ജി.

ഡാൻ ബ്രൗണിന്റെ വിഖ്യാതമായ ക്രൈം ത്രില്ലറുകളിൽ ഒന്നാണ്‌ ഒറിജിന്‍
(ഉത്പത്തി). ബ്രൗണിന്റെ സൃഷ്ടിയായ പ്രൊഫസർ റോബർട്ട്‌ ലാങ്ങ്ഡൺ പ്രധാന കഥാപാത്രമായി വരുന്ന ക്രൈം ത്രില്ലറുകളുടെ ഭാഗമാണീ പുസ്തകം. തുടക്കം മുതൽ തന്നെ വായനക്കാരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്താനുള്ള കഴിവാണ്‌ ഡാൻ ബ്രൗണിന്റെ എഴുത്തുശൈലിയുടെ സവിശേഷത. അത്യന്താധുനിക സാങ്കേതിക വിദ്യകൾ തന്റെ ക്രൈം ത്രില്ലറുകളുടെ ഭാഗമാക്കി കഥയ്ക്ക്‌ പുതിയ ഭാവങ്ങൾ നൽകുന്നതിൽ ഒരു വിശേഷാൽ നിപുണത ഡാൻ ബ്രൗൺ പ്രകടിപ്പിച്ചിട്ടുണ്ട്‌. അത്‌ ഈ കഥയിലും കാണാനാകും.

ഗവേഷകൻ എഡ്മണ്ട്‌ കീർഷിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണീ കഥയിൽ ഡാൻ ബ്രൗൺ വായനക്കാരോട്‌ പങ്കുവയ്ക്കുന്നത്‌. ഗവേഷകൻ എന്നതുപോലെ തന്നെ അതിസമ്പന്നനുമായ എഡ്മണ്ട്‌ കീർഷ്‌ പ്രൊഫസർ ലാങ്ങ്ഡണിന്റെ പൂർവ്വ വിദ്യാർത്ഥിയുമാണ്‌. സ്പെയിനിലെ ബിൽബാവോവിലുള്ള ഗുഗ്ഗെൻഹീം മ്യൂസിയത്തിൽ കീർഷ്‌ നടത്തുന്ന ഒരു പ്രസന്റേഷനിലേക്ക്‌ ലാങ്ങ്ഡണിനു ലഭിക്കുന്ന ക്ഷണവും ആ പ്രസന്റേഷനു ആമുഖം പറയുന്നതിനിടയിൽ തന്നെ കീർഷ്‌ കൊല്ലപ്പെടുന്നതും അതിന്റെ പിന്നാമ്പുറ കഥകളുമാണ്‌ ഡാൻ ബ്രൗൺ പങ്കുവയ്ക്കുന്നത്‌. ഈ പ്രസന്റേഷൻ നടക്കുന്നതിനു മുമ്പ്‌ ലാങ്ങ്ഡണിനോട്‌ കീർഷ്‌ താനിവിടെ അവതരിപ്പിക്കാൻ പോകുന്ന കണ്ടെത്തലുകൾ ഒരു പക്ഷേ തന്റെ ജീവൻ കവർന്നേക്കും എന്ന്‌ ഭയക്കുന്നു എന്നറിയിക്കുന്നുണ്ട്‌. പ്രസന്റേഷന്റെ കാതലായ ഭാഗത്തേക്ക്‌ കടക്കാനാകുന്നതിനു മുമ്പ്‌ അത്‌ സംഭവിക്കുകയും ചെയ്യുന്നു. നേവി അഡ്മിറൽ ലൂയിസ്‌ അവീലയാണ്‌ കൊല നടത്തുന്നത്‌. വളരെ ശ്രദ്ധയോടെ, നിഷ്കർഷയോടെ, സുരക്ഷാ Textമാനദണ്ഡങ്ങളെല്ലാം പാലിച്ച്‌, തിരഞ്ഞെടുത്ത്‌ ക്ഷണിക്കപ്പെട്ട സദസിലേക്ക്‌ ലൂയിസ്‌ അവീല എങ്ങനെ എത്തിപ്പെട്ടു എന്ന അന്വേഷണമാണ്‌ ആദ്യം നടത്തുന്നത്‌. ആ അന്വേഷണം എത്തിച്ചേരുന്നത്‌ കിരീടാവകാശിയായ രാജകുമാരൻ ജൂലിയനിന്റെ കൊട്ടാരത്തിൽ നിന്ന്‌ വന്ന ഒരു ശുപാർശയിലേക്കും, അദ്ദേഹത്തിന്റെ വധുവാകാൻ ഒരുങ്ങി നിൽക്കുന്ന ആംബ്രയിലേക്കും. ഗുഗ്ഗെൻഹീം മ്യൂസിയത്തിന്റെ ഡയരക്ടറും അന്നത്തെ പരിപാടിയുടെ മുഖ്യ ആതിഥേയയുമാണ്‌ ആംബ്ര. കൊട്ടാരത്തിന്റെ യാഥാസ്തിതിക രീതികളിൽ നിന്ന്‌ ഒട്ടൊന്ന്‌ വ്യത്യസ്തമായി ചിന്തിക്കുന്നവളും പെരുമാരുന്നവളുമാണ്‌ ആംബ്ര എന്നതിനാൽ സംശയത്തിന്റെ കുന്തമുനയിൽ അവരെത്തുന്നുണ്ട്‌. അവരെന്തുകൊണ്ട്‌ രാജകുമാരന്റെ കൊട്ടാരം വഴി ഇങ്ങനെയൊരു ശുപാർശ നടപ്പിൽ വരുത്തി എന്നത്‌ ആ കുന്തമുനയ്ക്ക്‌ മൂർച്ച കൂട്ടുന്നുമുണ്ട്‌.
മത ഭ്രാന്തിന്റെ വേരറുക്കാൻ കരുത്തുള്ള, മതനേതാക്കൾക്ക്‌ ജനതയ്ക്ക്‌ മേലുള്ള പിടിയൊന്നയച്ച്‌ ശാസ്ത്രബോധത്തെ ഊട്ടി വളർത്താനുതകുന്ന, ഒരു കണ്ടുപിടുത്തമാണ്‌ കീർഷ്‌ നടത്തിയതെന്ന്‌ വിശ്വസിക്കപ്പെടുന്നു. ഈ കണ്ടെത്തൽ അദ്ദേഹം ഇവിടെ അവതരിപ്പിക്കുന്നതിനു മുമ്പ്‌ മൂന്ന്‌ മതങ്ങളിൽ നിന്നുള്ള ഉന്നതരുടെ ഒരു സംഘത്തിനു മുന്നിൽ സമർപ്പിക്കുന്നു. അവരുടെ പ്രതികരണമാണദ്ദേഹത്തിന്‌ തനിക്ക്‌ ജീവഹാനി സംഭവിച്ചേക്കാം എന്ന ആശങ്കയുണ്ടാക്കുന്നത്‌ എന്ന സൂചന ഗ്രന്ഥകർത്താവ്‌ തുടക്കം മുതലേ വായനക്കാരിലേക്ക്‌ എത്തിക്കുന്നുണ്ട്‌. ഇതിൽ ഒരാൾ സ്പാനിഷ്‌ കാതലിക്‌ സഭയിലെ അതിശക്തനായ വാൾദെസ്പീനോയാണ്‌. വാൾദെസ്പീനോ സ്പാനിഷ്‌ രാജകുടുംബവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നവനും, തികഞ്ഞ യാഥാസ്തിതികനുമാണ്‌. അല്ലാമാ അൽ-ഫാദ്ല് എന്ന ഇസ്ളാം പണ്ഡിതനും യഹൂദ റബ്ബി കോവസുമാണ്‌ മറ്റ്‌ രണ്ടുപേർ. പ്രസന്റേഷന്റെ ഒരു പകർപ്പ്‌ തന്റെ മൊബൈൽ ഉപയോഗിച്ചാണ്‌ കീർഷ്‌ ഈ മൂന്ന്‌ മത പണ്ഡിതന്മാരേയും കാണിക്കുന്നത്‌. കീർഷിന്റെ മരണശേഷം ഈ മൊബൈൽ ഫോൺ കഥയിലെ ഒരു പ്രധാന കഥാപാത്രം തന്നെയായി മാറുന്നു.

പ്രസന്റേഷൻ പൂർണ്ണമായും ലോകത്തിനു സമർപ്പിക്കാനാകുന്നതിനു മുമ്പ്‌ തന്നെ കീർഷിനു മാത്രമല്ല അൽ ഫാദ്ലിലും കോവസിനും വളരെ ദുരൂഹമായ സാഹചര്യത്തിൽ ജീവൻ നഷ്ടപ്പെടുന്നു. പ്രൊഫസർ ലാങ്ങ്ഡൺ കീർഷിന്റെ കൊലയാളിയെ കണ്ടെത്താനുള്ള ശ്രമത്തിലും അതിലുപരി ആ പ്രസന്റേഷൻ ലോകസമക്ഷം അവതരിപ്പിച്ചേ മതിയാകൂ എന്ന ദൃഢനിശ്ചയത്തിലും മുന്നോട്ട്‌ പോകുന്നു. ഇതിന്‌ ആംബ്ര ഒപ്പമുണ്ട്‌. ഇതറിഞ്ഞ കീർഷിന്റെ എതിരാളി സംഘം ഇവരേയും കൊലപ്പെടുത്തണം എന്ന തീരുമാനത്തിലെത്തുന്നു. അതിനവർ നിയോഗിക്കുന്നതും ലൂയിസ്‌ അവീലയെ തന്നെ. ഈ ശ്രമത്തിനിടയിൽ ലാങ്ങ്ഡണിനു മുന്നിൽ വച്ച്‌ ഒരു അപകടത്തിൽ ലൂയിസ്‌ അവീല കൊല്ലപ്പെടുന്നു. ലൂയിസ്‌ അവീലയ്ക്ക്‌ പക്ഷേ തനിക്ക്‌ ഇത്തരം ഉത്തരവുകൾ നൽകുന്നതാരാണെന്ന്‌, അറിയില്ല. അയാളെ തേടി വരുന്നത്‌ ചില സന്ദേശങ്ങൾ മാത്രമാണ്‌. ഒരു പള്ളിയിൽ കുടുംബസമേതം പ്രാർത്ഥനയിലായിരുന്നപ്പോൾ നടന്ന ബോംബ്‌ സ്ഫോടനത്തിൽ തന്റെ ഭാര്യയും കുഞ്ഞും ചിന്നിച്ചിതറുന്ന കാഴ്ചയാണദ്ദേഹത്തിന്‌ ജീവിതത്തിനോട്‌ നൈരാശ്യവും ഇത്തരം പ്രവർത്തനങ്ങളോട്‌ ആകർഷണവും തോന്നാൻ കാരണമാക്കുന്നത്‌. അങ്ങനെയൊരു ആഘാതത്തിനു ശേഷം ബൈബിൾ വചനം അനുസരിക്കാനോ, തന്നോട്‌ തെറ്റ്‌ ചെയ്തവരോട്‌ ക്ഷമിക്കാനോ മറുകരണം കാണിക്കാനോ ലൂയിസ്‌ അവീല തയ്യാറല്ലായിരുന്നു. പലരും അദ്ദേഹത്തെ മസ്തിഷ്കപ്രക്ഷാളനം ചെയ്ത്‌ പ്രതികാരത്തിന്റെ പാതയാണ്‌ ശരിയെന്നതിലേക്ക്‌ നയിക്കുന്നു.

ഇതിന്റെയൊക്കെ പുറകിൽ ഏത്‌ കരങ്ങളാണ്‌ എന്ന്‌ കണ്ടെത്താനുള്ള ലാങ്ങ്ഡണിന്റേയും ആംബ്രയുടേയും പരിശ്രമങ്ങൾ തുടങ്ങുന്നത്‌ കീർഷ്‌ തന്റെ പ്രസന്റേഷനിൽ എന്തൊക്കെ വിവരങ്ങളാണ്‌ പങ്കുവയ്ക്കാൻ ആഗ്രഹിച്ചത്‌ എന്ന അന്വേഷണത്തിലാണ്‌. അഥവാ കീർഷിന്റെ കണ്ടുപിടുത്തം എന്തായിരുന്നു എന്ന്‌ ലോകത്തെ അറിയിക്കണം എന്ന ദൃഢനിശ്ചയത്തിൽ നിന്ന്‌. അതിനാദ്യം ആ പ്രസന്റേഷന്റെ പാസ്‌വേഡ്‌ കണ്ടെത്തണം. ഇതിനു സഹായത്തിനായെത്തുന്നത്‌ കീർഷിന്റെ സഹായിയായ വിൻസ്റ്റണും. വിൻസ്റ്റൺ എന്നത്‌ പക്ഷേ ഒരു വ്യക്തിയല്ലെന്നും നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌) മാത്രമാണെന്നും ഇവർ വളരെ കഴിഞ്ഞാണറിയുന്നത്‌. വിൻസ്റ്റണിന്റെ ഭൗതികാസ്തിത്വം, അതായത്‌ വിൻസ്റ്റണിന്റെ പ്രോഗ്രാം ഒളിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറുകൾ അവർ ആളൊഴിഞ്ഞ ഒരു പള്ളിയിൽ, ആളൊഴിഞ്ഞതിനാൽ കീർഷ്‌ വിലകൊടുത്ത്‌ വാങ്ങിയ ഒരു പള്ളിയിൽ കണ്ടെത്തുന്നു. പ്രസന്റേഷന്റെ പാസ്‌വേഡ്‌ അന്വേഷിച്ചുള്ള യാത്രയിലാണിത്‌ സംഭവിക്കുന്നത്‌. ഈ പാസ്‌വേഡിലെക്കെത്താൻ പ്രൊഫസർ ലാങ്ങ്ഡണിനെ പല സൂചകങ്ങളും സഹായിക്കുന്നു. ഈ സൂചകങ്ങളിൽ വാസ്തുവിദ്യമുതൽ കവിതവരെയുണ്ട്‌.

അങ്ങനെ ലാങ്ങ്ഡൺ രഹസ്യത്തിന്റെ ചുരുളുകൾ ഒന്നൊന്നായി അഴിച്ചു തുടങ്ങുന്നു. ഇതിനിടയിൽ ഇതിനൊക്കെ പുറകിൽ, ഈ കൊലപാതകങ്ങൾക്കെല്ലാം പുറകിൽ, ഈ മരണത്തിനൊക്കെ പുറകിൽ, പലപ്പോഴും ഗൂഢമായി പ്രവർത്തിക്കുന്ന രീതികളുള്ളവനും രാജാവിന്റെ മുഖ്യ ഉപദേശകരിൽ ഒരാളുമായ ബിഷപ്പ്‌ വാൾദെസ്പീനൊയാണ്‌ എന്നൊരു വാർത്തയും പരക്കാൻ തുടങ്ങുന്നു. അദ്ദേഹത്തിന്റെ പല നീക്കങ്ങളും ഇങ്ങനെയൊരു സംശയം വായനക്കാരിലും ജനിപ്പിക്കുന്നു. തെളിവുകളെല്ലാം ബിഷപ്പിനെതിരാകുന്നു. അതൊരു രാഷ്ട്രീയ കോളിളക്കത്തിനു കാരണമാക്കുന്നു. മതമല്ല, ശാസ്ത്രമാണ്‌ വലുത്‌ എന്ന്‌ സ്ഥാപിക്കാനായി കീർഷ്‌ നടത്തിയ കണ്ടെത്തലുകൾ പുറത്ത്‌ വിടാനാകാതായത്‌ സമൂഹത്തിൽ വലിയ ചർച്ചകൾക്കും അപ്രതീക്ഷിത സംഭവവികാസങ്ങൾക്കും കാരണമാക്കുന്നു.

കഥ പറച്ചിലിന്റെ, അച്ചടക്കമെല്ലാം പാലിച്ചുകൊണ്ട്‌, നോവലിന്റെ ശില്പഭംഗിക്കൊട്ടും കോട്ടം തട്ടിക്കാതെ, ഡാൻ ബ്രൗൺ ഇതിലെ പ്രധാന കഥാപാത്രങ്ങളുടെയെല്ലാം പശ്ചാത്തല വിവരണം നടത്തുന്നുണ്ട്‌. അവരുടെയെല്ലാം കഥകളെ ഈ കഥയുമായി ഒട്ടും ഏച്ചുകെട്ടൽ തോന്നാത്ത രീതിയിൽ വിളക്കി നിർത്തിയിട്ടുണ്ട്‌. സാമാന്യം വിശദമായി തന്നെ, ഒരു ഉപകഥയുടെ കെട്ടിലും മട്ടിലുമല്ലാതെ, പ്രധാന കഥയുടെ അവയവമെന്ന മട്ടിൽ. നേരത്തെ നമ്മൾ സ്പർശിച്ചുപോയ ലൂയിസ്‌ അവീലയുടെ കഥ ഇതിൽ ഒന്ന്‌ മാത്രമാണ്‌. അതിനൊക്കെ പ്രധാന കഥയിൽ നല്ല സ്ഥാനവുമുണ്ട്‌. കൂടാതെ, മതഭ്രാന്ത്‌ കയറിവർ കാണിക്കുന്ന കോപ്രായങ്ങളെക്കുറിച്ചും പറഞ്ഞ്‌ പോകുന്നുണ്ട്‌. അതിനോടൊപ്പം അതിഗംഭീരങ്ങളായ വാസ്തുശില്പങ്ങളെക്കുറിച്ച്‌, കെട്ടിട നിർമ്മാണങ്ങളെക്കുറിച്ച്‌, സാമാന്യം വിശദമായി തന്നെ വിവരിക്കുന്നുണ്ട്‌. മിക്കയിടത്തും വായനക്കാർക്ക്‌ ആ കെട്ടിടത്തിന്റെ വാസ്തുശില്പചാതുര്യവും ഭംഗിയും നേരിൽ കാണുന്നതുപോലെ അനുഭവിച്ചറിയാനുതകുന്നതാണീ വർണ്ണനകൾ. ഈ വിവരണങ്ങളിലൂടേയും വർണ്ണനകളിലൂടെയുമൊക്കെയാണ്‌ പ്രൊഫസർ ലാങ്ങ്ഡൺ കീർഷിന്റെ പാസ്‌വേഡിലേക്കെത്തുന്നത്‌.

കഥയുടെ ഉദ്വേഗം അതിന്റെ പാരമ്യത്തിൽ നിർത്തിക്കൊണ്ട്‌ തന്നെയാണ്‌ കീർഷ്‌ തന്റെ രോഗവിവരങ്ങൾ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു എന്ന്‌ ലാങ്ങ്ഡൺ മനസിലാക്കുന്നത്‌. രോഗം ഗുരുതരാവസ്ഥയിലായിരുന്നു. താൻ തന്റെ അവസാന നാളുകളിലേക്കെത്തിയിരിക്കുന്നു എന്ന്‌ കീർഷിനറിയാമായിരുന്നു.
കീർഷിന്റെ എല്ലാ രഹസ്യങ്ങളുമറിയുന്ന ഏക വ്യക്തി അദ്ദേഹത്തിന്റെ സഹായിയായ വിൻസ്റ്റണാണ്‌. വിൻസ്റ്റൺ എന്ന നിർമ്മിത ബുദ്ധി. ഈ നിർമ്മിത ബുദ്ധിയാണിതിലെ മിക്കവാറും നാടകങ്ങളെല്ലാം ഒരുക്കുന്നതും നിയന്ത്രിക്കുന്നതും എന്ന്‌ കഥാവസാനത്തിൽ മാത്രമാണ്‌ നമ്മളറിയുന്നത്‌. അതായത്‌ സ്വന്തം മരണം പോലും അല്ലെങ്കിൽ തന്നെ വധിക്കുന്നത്‌ പോലും കീർഷ്‌ തന്റെ പ്രോഗ്രാം ചെയ്ത്‌ വച്ച നിർമ്മിത ബുദ്ധിയാൽ സാധ്യമാക്കിയതാണെന്ന്‌. ആ ഒരു രഹസ്യം തന്നെയാണീ കഥയിലെ ആകാംക്ഷ നിലനിർത്തിയിരിക്കുന്നതും.
ഒരു ക്രൈം ത്രില്ലറിനു വേണ്ട സർവ്വ ചാരുതയും ശില്പഭംഗിയും ഈ നോവലിൽ നമുക്ക്‌ കാണാനാകും. എഴുത്തുകാരന്റെ കയ്യടക്കം തന്നെയാണിതിനു ഹേതുവായി ഭവിക്കുന്നത്‌. ലളിതമായ വിവരണങ്ങളിലൂടെ അതിസങ്കീർണ്ണമായ സാങ്കേതിക വിദ്യകളും അതിനോടൊപ്പം തത്ത്വശാസ്ത്രവും വാസ്തുശില്പവിദ്യയുമൊക്കെ വിവരിക്കാനുള്ള നിപുണത ഈ നോവലിനെ വേറിട്ടൊരു വായനാനുഭവമാക്കുന്നു. അതുപോലെ തന്നെ ഒന്നിനൊന്ന്‌ കൊളുത്തിപ്പിടിച്ച്‌, ചങ്ങലക്കണ്ണിപോലെ നീങ്ങുന്ന സംഭവവിവരണങ്ങളും അവയുടെ പിന്നാമ്പുറ കഥകളും വായനയുടെ ഒഴുക്ക്‌ വർദ്ധിപ്പിക്കുന്നത്‌ തന്നെയാണ്‌. എഴുത്തിലെ ഈ സവിശേഷതകളും ഒഴുക്കും ഒരു വിവർത്തകൻ എന്ന നിലയിൽ വളരെ സഹായകരമായിരുന്നു എന്ന്‌ പറയേണ്ടതില്ലല്ലോ.

ഒറിജിന്‍ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.