DCBOOKS
Malayalam News Literature Website

ആശയവിനിമയത്തിന് ഏറ്റവും മികച്ചത് നോവലുകള്‍ തന്നെ: ഓര്‍ഹന്‍ പാമുക്

ആശയവിനിമയത്തിന് ഇന്ന് ഏറ്റവും മികച്ചത് നോവലുകള്‍ തന്നെയാണെന്ന് നൊബേല്‍ പുരസ്‌കാരജേതാവും ടര്‍ക്കിഷ് എഴുത്തുകാരനുമായ ഓര്‍ഹന്‍ പാമുക്. കവിതകള്‍ മാജിക്കലാണ്. എന്നാല്‍ വായനക്കാരുമായി എളുപ്പത്തില്‍ സംവദിക്കാനാവുന്നത് നോവലുകളിലൂടെയാണ്. ഈയിടെ ഒരു പഠനത്തില്‍ ഇത്തരത്തിലുള്ള ആശയവിനിമയം 97 ശതമാനവും നോവലിലൂടെയാണ് നടക്കുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ ആറേഴ് വര്‍ഷങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ ബുക്കുകളും ഓണ്‍ലൈന്‍ സംവിധാനങ്ങളും വന്നതോടെ അതിലും കുറവ് വന്നിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നോവല്‍ വായനയിലും വലിയ കുറവ് വന്നിട്ടുണ്ട്. തുര്‍ക്കിയില്‍ പക്ഷെ, കൂടുതല്‍ ജനങ്ങളും വായനയാണ് ഇഷ്ടപ്പെടുന്നത്. ടെലിവിഷന്‍ ചാനലുകളെല്ലാം ഗവണ്‍മെന്റിന്റെ പ്രചാരണയന്ത്രങ്ങളായി മാറിയതാണ് ഇതിന് കാരണം. അത്തരത്തില്‍ ടെലിവിഷന്‍ കാണാന്‍ ആരും ആഗ്രഹിക്കുന്നില്ല. അതിനാല്‍ ജനം വായനയിലേക്ക് തിരിഞ്ഞിരിക്കുന്നുവെന്നും പാമുക് പറഞ്ഞു.

നോവല്‍ എഴുതുക എന്നത് ഒരു പത്രപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് എഴുതുന്നതുപോലെ എളുപ്പമല്ല. അതിന് സമയവും കാലവും അതിന്റെ ഭാവവുമെല്ലാം ഘടകമാണ്. ഞാനൊരു സംതൃപ്തനായ, സന്തോഷവാനായ എഴുത്തുകാരനാണ്. സാഹിത്യരചനകളെ കുറിച്ചുള്ള വിമര്‍ശനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ അതല്ലാതെയുള്ള വിമര്‍ശനം അപകടകരവുമാണ്. അത്തരത്തിലുള്ള ചില വിമര്‍ശനങ്ങള്‍ക്ക് വിധേയരായവര്‍ പലരും ജയിലിലുണ്ട്. എന്നാല്‍ ഞാന്‍ പുറത്തുതന്നെയാണ്. അതിനാല്‍ സന്തോഷവാനുമാണെന്ന് പാമുക് പറഞ്ഞു. സൂഫിസം അതിന്റെ സാഹിത്യപരമായ കാരണങ്ങളാല്‍ എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സമീപനമാണ് അത്. അതിനാല്‍ അതെനിക്ക് ഇഷ്ടവുമാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഈ സാഹിത്യശാഖകളെയെല്ലാം താന്‍ സമീപിച്ചത്, മതപരമായ താത്പര്യത്തേക്കാള്‍ സാഹിത്യപരമായ താത്പര്യം മൂലമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

തുര്‍ക്കിയുടെ ഓട്ടോമെന്‍ പാരമ്പര്യം, സംസ്‌കാരം, സാഹിത്യം എന്നിവയെക്കുറിച്ചും പാമുക് സംസാരിച്ചു. ലോകത്തെ 63 ഭാഷകളില്‍ തന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും തുര്‍ക്കി ഭാഷയില്‍ എഴുതുന്നതിനാല്‍ താന്‍ പ്രാഥമികമായി തുര്‍ക്കിക്കാര്‍ക്ക് വേണ്ടിയാണ് എഴുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. നോവല്‍ എഴുതി പൂര്‍ത്തിയാക്കുന്നത് ഒരു വൃക്ഷം പൂര്‍ണ്ണവളര്‍ച്ചയെത്തുന്നത് പോലെയാണ്. രചനകള്‍ക്കു പിന്നില്‍ ദീര്‍ഘകാലത്തെ ഗവേഷണവുമുണ്ട്. തനിക്ക് പൊതുവെയുള്ള രോഷം തന്നെ എപ്പോഴും എഴുതാന്‍ പ്രേരിപ്പിക്കുന്ന സ്വഭാവവിശേഷതയാണെന്ന് അദ്ദേഹം പറഞ്ഞു. തന്നിലുറയുന്ന രോഷത്തെ ക്രിയാത്മകമായി മാറ്റിയെടുക്കാന്‍ കഴിഞ്ഞാല്‍ അത് തന്റെ എഴുത്തിനെ ഉത്തേജിപ്പിക്കും.

താന്‍ ഒരു ഇടതുപക്ഷവാദിയാണെന്ന് പറഞ്ഞ ഓര്‍ഹന്‍ പാമുക്, ഇടതുപക്ഷക്കാരായ തന്റെ പല സുഹൃത്തുക്കളും ഓട്ടോമെന്‍ സംസ്‌കാരത്തെ തള്ളിപ്പറഞ്ഞെങ്കിലും, താന്‍ തന്റെ രചനകളിലെല്ലാം തുര്‍ക്കിയുടെ തനതുസംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇത് ശരിയായ രീതിയില്‍ മനസ്സിലാക്കാതെയാണ് ഭരണകൂടവും രാഷ്ട്രീയനേതൃത്വങ്ങളും തന്നെ തുര്‍ക്കിവിരുദ്ധനായി ചിത്രീകരിച്ചത്.

ദി മ്യൂസിയം ഓഫ് ഇന്നൊസെന്‍സ് എന്ന നോവലില്‍ പ്രതിപാദിച്ചിട്ടുള്ള വസ്തുക്കളെല്ലാം ശേഖരിച്ച് ഇസ്താംബൂളില്‍ ഒരു മ്യൂസിയം സജ്ജമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ ഓര്‍ഹാന്‍ പമുക് തുര്‍ക്കിയിലെത്തിയാല്‍ മ്യൂസിയം സന്ദര്‍ശിക്കണമെന്ന് സൂചിപ്പിച്ച് സദസ്സിനെ ക്ഷണിച്ചു.

ഷാര്‍ജ ഭരണാധികാരി ശെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പാമുക്കിന്റെ പ്രഭാഷണം കേള്‍ക്കാന്‍ സദസ്സിലുണ്ടായിരുന്നു. മുന്‍ നയതന്ത്രജ്ഞനും എഴുത്തുകാരനുമായ ഒമര്‍ സെയ്ഫ് ഗൊബാഷാണ് പാമുക്കുമായുള്ള സംവാദം നയിച്ചത്.

ഇന്ത്യന്‍ പവലിയനുകള്‍ സന്ദര്‍ശിച്ച് ഓര്‍ഹന്‍ പാമുക്

Comments are closed.