DCBOOKS
Malayalam News Literature Website

അവൾക്കു ചൊല്ലേണ്ടിവരുന്ന ഒപ്പീസുകൾ

റീന പി. ജി യുടെ കഥ, ഒപ്പീസ്, ഒരു സ്ത്രീജീവിതത്തിന്റെ എല്ലാ അരക്ഷിതാവസ്ഥയുടെയും മുകളിൽ നിന്നുകൊണ്ട്‌ എഴുതപ്പെട്ട ഒന്നാണ്. മലയാളകഥാരംഗത്തെ പുതുവരവുകാരിയിൽനിന്നുള്ള ശ്രദ്ധേയമായ ഈ രചന, സുനിൽ അശോകപുരത്തിന്റെ ചിത്രങ്ങളോടെ പച്ചക്കുതിരയുടെ ജൂൺ ലക്കത്തിൽ.

കള്ളും കുടിച്ചേച്ച് നാലുകാലില്‍ കേറിവന്ന ഒരു പാതിരക്കാണ് കതകു തുറന്നുകൊടുത്ത അമ്മച്ചിയുടെ ചന്തിക്കിട്ട് അപ്പന്‍ തൊഴിച്ചതും തെറിച്ചുവീണ അമ്മച്ചി ഒതുക്കുകല്ലേല്‍ തലതട്ടി ചോരവാര്‍ന്ന് ചത്തുപോയതും. അതുകണ്ട് വലിയവായില്‍ കരഞ്ഞ് അമ്മച്ചിയെ പൂണ്ടടക്കം കെട്ടിപിടിച്ച് കരഞ്ഞ് തളര്‍ന്ന എന്നെ കവച്ചു വെച്ചോണ്ടാ അപ്പന്‍, അടുക്കളയിലെ അരിപ്പാത്രത്തില്‍ അമ്മച്ചി ‘ഇനിയീ പൊന്നും കൂടിയേ ബാക്കിയൊള്ളെ’ന്നും പറഞ്ഞ് ഒളിപ്പിച്ച്‌വച്ചാരുന്ന കുഞ്ഞുമൊട്ടുകമ്മലും എടുത്തോണ്ട് ആ പാതിരയില്‍തന്നെ ഒതുക്കു കല്ലിറങ്ങി എങ്ങാണ്ടോ പോയത്. പിറ്റേന്ന് രാവിലെവരെ അമ്മച്ചീ…. അമ്മച്ചീന്ന് തൊള്ള കാറി തളര്‍ന്നുറങ്ങിയ എന്നെ കനംവെച്ച അമ്മച്ചീടെ നെഞ്ചത്ത് നിന്ന് അടര്‍ത്തിമാറ്റിയത് അയ
ലോക്കത്തെ അപ്പാപ്പനും ചേടത്തീമാണ്. ചേടത്തി വീട്ടീക്കൊണ്ടോയി അമ്മച്ചീടെ ചോരവീണ് കനച്ച എന്റെവെള്ളഷിമ്മീസ് ഊരിമാറ്റി മോത്തും തലമുടീലും ഒക്കെ കട്ടപിടിച്ച ചോര കഴുകിക്കളഞ്ഞ് വേറെ ഉടുപ്പിടീച്ച് കുറേക്കഴിഞ്ഞ് ഉമ്മറത്ത് കൊണ്ടു വന്നപ്പോഴേക്ക് ആരാണ്ടൊക്കെയോ അമ്മച്ചിയെ കുളിപ്പിച്ച് മന്ത്രകോടിയൊക്കെ ഉടുപ്പിച്ച് തലയില്‍ വെളള ഷാളും പൂക്കളുമൊക്കെ കൊണ്ട് അലങ്കരിച്ച് സുന്ദരിയാക്കി ഒരു പെട്ടിയില്‍ കിടത്തിയിരിക്കുന്നു. ഇതെന്നാ അമ്മച്ചി കല്യാണപ്പെണ്ണായോന്ന് ചിന്തിച്ച് അമ്മച്ചീടടുത്തേക്ക് ഓടാന്‍ കുതറിയപ്പോ ചേടത്തി വിട്ടില്ല. അപ്പനെ അവിടെങ്ങും കണ്ടില്ലാരുന്നു അപ്പോഴൊന്നും. പിന്നീട് പള്ളീലച്ചനും കൂട്ടരുമെല്ലാം വന്ന് ഏതാണ്ടൊക്കെ പ്രാര്‍ത്ഥിച്ചേച്ചും വച്ച് അമ്മച്ചിയെ കെടത്തിയ പെട്ടീം തലേല്‍വെച്ച് പോയപ്പോഴും എന്റമ്മച്ചീം അപ്പനുമെന്ത്യേ ചേടത്തീന്നും ചോദിച്ച് ചേടത്തീടെ മടീല് ചുരുണ്ടൊണങ്ങി ഇരുപ്പായിരുന്നു ഞാന്‍.

”മരണം വരുമൊരു നാള്‍
ഓര്‍ക്കുക മര്‍ത്യാ നീ,
കൂടെപ്പോരും
നിന്‍ ജീവിത ചെയ്തികളും.
സല്‍ കൃത്യങ്ങള്‍
ചെയ്യുക നീ അലസത കൂടാതെ.”

പൂര്‍ണ്ണരൂപം ജൂണ്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂണ്‍  ലക്കം ലഭ്യമാണ്‌

Comments are closed.