DCBOOKS
Malayalam News Literature Website

സ്വാതന്ത്ര്യത്തിന്റെ ഊദുമണങ്ങൾ

ഷമിന ഹിഷാമിന്റെ ‘ഊദ്’ എന്ന നോവലിന് കമർ മേലാറ്റൂർ എഴുതിയ വായനാനുഭവം

“ആർക്കും തങ്ങളുടെ ഏകാന്തത എങ്ങനെയാണെന്ന് മറ്റുള്ളവരോട്‌ പറഞ്ഞുമനസ്സിലാക്കാൻ സാധിക്കുകയില്ല. ഈ ഏകാന്തത നിലനിൽക്കുക മാത്രമല്ല, നമ്മുടെ നല്ല വശങ്ങൾ കാർന്നുതിന്നുകയും ചെയ്യുന്നു. എന്തെന്നാൽ സന്തോഷമുള്ളവരാണെന്ന് തോന്നിപ്പിക്കാൻ നമ്മുടെ ഊർജ്ജത്തിന്റെ പരമാവധി ഉപയോഗിക്കേണ്ടിവരുന്നു. ശരിയായ ഒരു ശാപവാക്കാണ്‌ ഏകാന്തത!”

വിദ്യാസമ്പന്നയായ ആത്തിക്കയുടെ ജീവിതത്തിലെ ദിനരാത്രങ്ങളും അവളുടെ പ്രതീക്ഷകളും മോഹങ്ങളും സ്വാതന്ത്ര്യത്തിനായുള്ള ദാഹവും സന്തോഷങ്ങളുമൊക്കെയാണ്‌ ഊദിന്റെ ഗന്ധമായി ഉയരുന്നത്‌. ഒരു യാഥാസ്തിക മലബാർ മുസ്ലിം തറവാട്ടിലെ ഇങ്ങേക്കണ്ണിയായ ആത്തിക്കയുടെ ചിന്തകളിലൂടെയും സംഭാഷണങ്ങളിലൂടെയും കഥ നീങ്ങുമ്പോൾ വായനക്കാരും ആ തറവാട്ടിലും തൊടിയിലും അഭിരമിക്കുന്നു. നഷ്ടമായിപ്പോയ ബാല്യകൗമാരങ്ങളിലെ നല്ലോർമ്മകളിലേക്ക്‌ പതിയെ തള്ളിയിടുന്നുണ്ട്‌ എഴുത്തുകാരി വായനക്കാരെ. ആത്തിക്കയുടെ വല്ലിമ്മയും നിസ്കരിക്കണമ്മായിയുമൊക്കെ നമ്മുടെ ജീവിതത്തിലെവിടേയോ ഇന്നലെകളെ

ബാക്കിയിട്ടുപോയ പോലെ ഒരു അനുഭവം എല്ലാവർക്കുമുണ്ടാകും. അങ്ങനെയുള്ളൊരു ദിവസത്തിലേക്ക്‌ Textതറവാട്ടുവളപ്പിലെ ജിന്നുമായി (ജിന്ന് എന്ന മിത്തിലേക്ക്‌ ) ആത്തിക്ക പ്രണയത്തിലാവുകയും ചെയ്യുന്നു. കഥ പറയുന്ന വെല്ലിമ്മയുടെ വാക്കുകളിലൂടെ ജിന്നുകളുടെ ലോകത്തെക്കുറിച്ച്‌ ആഴത്തിലറിയുന്ന ആത്തിക്കയിലേക്ക്‌ ജിന്ന് കയറുന്നത്‌ ഒരു തരത്തിൽ ചിന്തിച്ചാൽ ആചാരങ്ങളാൽ കെട്ടിയിടപ്പെട്ട യാഥാസ്ഥിതികത്തിൽ നിന്നുള്ള സ്വാതന്ത്ര്യമോഹമെന്ന അർത്ഥത്തിൽ കൂടിയാണ്‌. ജിന്ന് തന്റെ പേരിനെ സ്വാതന്ത്ര്യം എന്നർത്ഥമുള്ള “ഉഹുറു” എന്ന് പറഞ്ഞ്‌ പരിചയപ്പെടുത്തുമ്പോഴും ആത്തിക്ക പ്രണയിച്ചത്‌ എല്ലാ കെട്ടുപാടുകളിൽ നിന്നുമുള്ള സ്വാതന്ത്ര്യത്തെയാണെന്ന് വിവക്ഷിക്കാൻ തരമുണ്ട്‌. മതത്തിന്റെ പേരിൽ പണ്ഡിതന്മാർ ചെയ്തുകൂട്ടുന്ന സിഹ്‌ർ തുടങ്ങിയ ദുരാചാരങ്ങളെയും നോവൽ വിമർശ്ശിക്കുന്നുണ്ട്‌.

ഏകാന്തതയനുഭവിക്കുന്ന ആത്തിക്ക പ്രകൃതിയിലേക്കിറങ്ങി വരികയാണ്‌. ആ ഏകാന്തതയിൽ അവൾക്ക്‌ കൂട്ടാവുന്നത്‌ ജിന്നിന്റെ സാമീപ്യവും ഊദിന്റെ സൗരഭ്യവുമാണ്‌. ഊദും ഏകാന്തതയും പ്രവാസവുമായി ബന്ധപ്പെട്ട രണ്ടു കാര്യങ്ങളാണ്‌‌. ഊദ്‌, അത്തർ എന്നൊക്കെ കേൾക്കുമ്പോൾ ഗൾഫ്‌ പ്രാവാസമാണാണ്‌ ഓർമ്മവരിക. അതുപോലെ തന്നെ ഏകാന്തതയും. നാട്ടിലെത്തുന്ന കുറഞ്ഞ ഇടവേളകളൊഴികെ മുഖ്യമായും ഏകാന്തത പേറിക്കൊണ്ടിരിക്കുന്നവരാണ്‌ മിക്ക പ്രവാസികളും. ഈ തലത്തിൽ നിന്നുകൊണ്ട്‌ പ്രവാസികളെക്കൂടി തരളമാക്കുന്നൊരു കൃതിയാണിതെന്ന് പറയാം.

വായനക്കാരിലേക്ക്‌ സംവദിക്കാത്ത ഒരു ഭാഗം പോലും കൃതിയിലില്ലെന്നത്‌ രചയിതാവിനെ അഭിനന്ദനാർഹമാക്കുന്നു. കൂടാതെ കഥയുടെ രണ്ടാംപാതി ഭാഷാ പ്രയോഗങ്ങളിൽ കുറച്ചുകൂടി മികവ്‌ തോന്നി. നോവൽ അവസാനിക്കുന്നത്‌ വായനക്കാരിലേക്ക്‌ ഒരു ശുഭപ്രതീക്ഷ നൽകിക്കൊണ്ടാണ്‌.

തീർച്ചയായും ഷമിനഹിഷാമിന്റെ അടുത്തൊരു രചനയ്ക്ക്‌ കാത്തിരിക്കുന്ന ഒരു മനസ്സോടെയായിരിക്കും ഈ നോവൽ വായനക്കാരൻ വായിച്ചുനിർത്തുന്നത്‌. മലയാളസാഹിത്യത്തിൽ ഈ കൃതി ഊദിന്റെ ഹൃദ്യമായ സൗരഭ്യം പരത്തട്ടെയെന്ന് ആശംസിക്കുന്നു.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.