DCBOOKS
Malayalam News Literature Website

അന്യം നിന്നുപോകാത്ത ഓണവില്ല് അനുഗ്രഹമായി തുടരുന്നു!

ശബ്ന ശശിധരൻ

ഓണം പോലെ സുന്ദരമാണ് അതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും. കഥകളും ഉപകഥകളും മെനയുന്ന മനോഹാരിതയാണ് ഓണത്തെ മലയാളിയുടെ ലാവണ്യോത്സവമാക്കുന്നത്. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നിരവധി ആചാരങ്ങളും വിശ്വാസങ്ങളും ഓണവുമായി ബന്ധപ്പെട്ട് ആചരിച്ചു പോരുന്നു.പദ്മനാഭസ്വാമിക്ക് ഓണവില്ല് സമര്‍പ്പണമാണ് അനന്തപുരിയുടെ മുഖ്യ ഓണാഘോഷ ചടങ്ങ്.

തിരുവനന്തപുരം ജില്ലയിൽ കരമനയിൽ സ്ഥിതി ചെയ്യുന്ന വിളയിൽ വീട് ഓണവില്ലുണ്ടാക്കുന്ന തിരക്കിലാണ്. ബിനുകുമാർ ആചാരിയും സഹോദരങ്ങളുമാണ് പണിപ്പുരയിൽ.തിരുവോണ നാളിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ സമർപ്പിക്കുന്ന ഓണവില്ല് ആചാരപരമായും കര കൗശല വൈദഗ്ദ്ധ്യത്താലും ഇന്നും തിളങ്ങി നിൽക്കുന്നു.

കരമന വാണിയംമൂല മൂത്താശാരി കുടുംബത്തിന്റെ അവകാശമാണു വില്ല് നിര്‍മാണം.തലമുറ തലമുറയായി ഈ കുടുംബം ഇതിനെ ഒരു ദൈവിക കാര്യമായാണ് കണക്കാക്കുന്നത്.ഓണവില്ലു ‘പള്ളിവില്ല് ‘ എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തിൽ ഒരേഒരു കുടുംബം മാത്രമേ ഇത്ര പ്രസിദ്ധമായ ഓണവില്ലുണ്ടാക്കുന്നൂ എന്നു പറയുന്നത് യഥാർത്ഥത്തിൽ അതിശയാവഹമാണ്. എന്നാൽ ഈ തലമുറയിൽ ഉള്ളവർക്ക് ഇന്നും വ്യക്തമായി അറിയില്ല, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിലും വാസ്തുവിദ്യയിലും വലിയ പങ്കുവഹിച്ച അനന്തപത്മനാഭ മൂത്തശാരിയും ഉൾപ്പെടുന്ന പൂർവികർ ഈ ആചാരം എപ്പോഴാണ് കൃത്യമായി ആരംഭിച്ചത് എന്ന്.

ആചാരപ്രകാരം, ചിങ്ങമാസത്തിലെ തിരുവോണ നാളിൽ മൂത്തശാരിയും തറവാട്ടിലെ അംഗങ്ങളും ആറ് ജോഡി ഓണവില്ലു ഭഗവാൻ പത്മനാഭന് സമർപ്പിക്കുന്നു. ദൈവിക വില്ലു ഉണ്ടാക്കുന്ന പ്രക്രിയയിലൂടെ കുടുംബത്തെ മുൻപോട്ട് നയിക്കുന്നവരാണ് ഇവർ എന്നാണ് പറയപ്പെടുന്നത്.

ഇന്ന് ഓണവില്ലിന് നേതൃത്വം നൽകുന്ന ബിനു ആചാരി ഏഴാം തലമുറയിൽ പെടുന്നു, ഓണവില്ലുണ്ടാക്കുന്നതിനെ ഒരു ആത്മീയ പരിശീലനമായി താൻ കണക്കാക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഈ കലാസൃഷ്ടിയുടെ പൂർണ്ണതയെ കുറിച്ചും, ഞങ്ങളുടെ ഉത്തരവാദിത്വത്തെ കുറിച്ചും പൂർവികർ വേണ്ട വിധം പാഠങ്ങൾ പകർന്നു നൽകിയിട്ടുണ്ട്. ഈ കലാസൃഷ്‌ടി ആരംഭിക്കുന്നതിന് മുമ്പ് ഞങ്ങൾ പരമാവധി ശ്രദ്ധിക്കുകയും 41 ദിവസം വൃതമെടുക്കുകയും ചെയ്യുന്നു.വൃത ശുദ്ധിയോടെ ഉണ്ടാക്കുന്ന ഓണാവില്ലു, പദ്മനാഭ സന്നിധിയിൽ സമർപ്പിക്കുന്നു.നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ ആചാരത്തിന്. മഹാബലിയെ വാമനന്‍ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തുന്ന സമയത്ത്, വിഷ്ണുവിന്റെ വിശ്വരൂപം കാണണമെന്ന് മഹാബലി ആഗ്രഹം പ്രകടിപ്പിച്ചു. വിഷ്ണുവിന്റെ ഓരോ കാലങ്ങളിലേയും അവതാര ദര്‍ശനം തനിക്കു സാധ്യമാക്കണമെന്ന് വീണ്ടും മഹാബലി അപേക്ഷവച്ചു. ആ സമയം വിഷ്ണു വിശ്വകര്‍മ ദേവനെ പ്രത്യക്ഷപ്പെടുത്തുകയും കാലാകാലങ്ങളില്‍ അവതാര ചിത്രങ്ങള്‍ ഭഗവത് സന്നിധ്യില്‍വച്ച് മഹാബലിയെ വരച്ചുകാട്ടണമെന്നും നിര്‍ദേശിച്ചു. ഇങ്ങനെ മഹാബലിക്കു വിഷ്ണുവിന്റെ അവതാര ചിത്രങ്ങള്‍ വരച്ചു കാട്ടാനാണ് പദ്മനാഭ സ്വാമി സന്നിധിയിലേക്ക് ഓണവില്ല് നല്‍കുന്നതെന്ന് വിശ്വാസം.

കടമ്പ മരത്തിന്റെ തടികൊണ്ടാണ് ഓണവില്ല് തയാറാക്കുന്നത്. പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെളപ്പ് നിറങ്ങളില്‍ അനന്തശയനം, ലക്ഷമി, താടക, കാവല്‍ഭൂതങ്ങള്‍, മഹര്‍ഷി തുടങ്ങിയ ചിത്രങ്ങള്‍ വില്ലില്‍ വരയ്ക്കും.ആറ് തരം ഓണവില്ലുകൾ ഉണ്ട് -അവയാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠകളിൽ ചാർത്തുന്നത്.ശ്രീപദ്മനാഭ സ്വാമിയെയും മറ്റുള്ളവരെയും ചിത്രീകരിക്കുന്ന അനന്തശയനം പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ മറ്റ് ദൈവങ്ങളുടെ വിഗ്രഹങ്ങൾക്ക് സമർപ്പിക്കുന്നു. ദശാവതാരം നരസിംഹ ഭഗവാന്റെ 10 വിഷ്ണു അവതാരങ്ങളെ അവതരിപ്പിക്കുന്നു; ശ്രീരാമന് ശ്രീരാമ പട്ടാഭിഷേകം; ശാസ്താവിന് ശ്രീ ധർമ്മശാസ്താ വില്ലു, ശ്രീകൃഷ്ണ ലീലാ വില്ലു കൃഷ്ണന്റെ വൃത്താന്തങ്ങളും വിനായകനെ സൂചിപ്പിക്കുന്നു, ഗണപതിക്ക് വേണ്ടി. അവയിൽ ഓരോന്നും വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലുമാണ് . വില്ലില്‍ ചുവന്ന ചരടും തുഞ്ചലവും കെട്ടും. ഇതു വിശ്വാസികള്‍ ക്ഷേത്രത്തില്‍നിന്നു വാങ്ങി വീടുകളില്‍ സൂക്ഷിക്കാറുണ്ട്. ഐശ്വര്യദായകമാണിതെന്നാണു വിശ്വാസം.

വില്ലിന്റെ ആകൃതി എവിടെ നിന്ന് വരുന്നു? “തിരുവിതാംകൂർ സംസ്ഥാനം വഞ്ചിനാട് എന്നും അറിയപ്പെട്ടിരുന്നു, അതിനാൽ, വള്ളത്തിന്റെ ആകൃതിക്ക് സമാനമായി പലകകൾ മുറിച്ചു വില്ലുകൾ ആക്കി മാറ്റുന്നു.ഏറ്റവും ചെറിയ വില്ലുകളായ ശ്രീകൃഷ്ണ ലീലയും വിനായകനും 3.5 അടി നീളവും 4 ഇഞ്ച് വീതിയുമുള്ളപ്പോൾ ഏറ്റവും നീളം കൂടിയ അനന്തശയനവും ദശാവതാരവും 4.5 അടി നീളവും 6 ഇഞ്ച് വീതിയുമുണ്ട്.
മറ്റൊരു പ്രത്യേകത കേരളത്തിന്റെ ഭൂപടത്തെക്കൂടി ഈ വില്ലിന്റെ രൂപം അനുസ്മരിപ്പിക്കുന്നു എന്നതാണ്.

തിരുവോണ നാളിലാണു വില്ല് പദ്മനാഭ സ്വാമി ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിക്കുന്നത്. തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലെ പൂജകള്‍ക്കുശേഷം കൊട്ടാരത്തിലെ പൂജാമുറിയിലേക്കു കൊണ്ടുപോകും. ഈ ദിവസങ്ങളില്‍ ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഓണവില്ലുകള്‍ കാണാനാകും.

ഓണവില്ലു സമൃദ്ധിയുടെ ഒരു തുടക്കമായി കണക്കാക്കപ്പെടുന്നതിനാൽ പലരും അവരുടെ വീടുകളിലേക്ക് ഇതു വാങ്ങുന്നു. “ഓണവില്ലിനെ ആരാധിക്കാനും വീട്ടിൽ ഒരു കരകൗശലവസ്തുവായി സൂക്ഷിക്കാനും ആഗ്രഹിക്കുന്നവർ ഇന്നുമുണ്ട് നമ്മുടെ നാട്ടിൽ.

Comments are closed.