DCBOOKS
Malayalam News Literature Website
Rush Hour 2

മുഖ്യമന്ത്രി ഇടപെട്ടു; നഴ്‌സുമാര്‍ പണിമുടക്ക് ഉപേക്ഷിച്ചു

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ചൊവ്വാഴ്ച മുതല്‍ നിശ്ചയിച്ചിരുന്ന അനശ്ചിതകാല പണിമുടക്ക് ഉപേക്ഷിച്ചു. നഴ്‌സുമാരുടെ പരിഷ്‌കരിച്ച ശമ്പള വര്‍ധന സംബന്ധിച്ച ഉത്തരവ് മാര്‍ച്ച് 31നകം ഇറക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം ഉപേക്ഷിക്കുന്നത്.

സമരം ഒത്തുതീര്‍പ്പാക്കാന്‍ ശനിയാഴ്ച ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. മാനേജ്‌മെന്റ് പ്രതിനിധികള്‍ വിട്ടുനിന്നതോടെയാണ് ചര്‍ച്ച പൊളിഞ്ഞത്. സംസ്ഥാനത്തെ 457 സ്വകാര്യ ആശുപത്രികളിലെ 62,000 നഴ്‌സുമാര്‍ ആറിന് തുടങ്ങുന്ന പണിമുടക്കില്‍ പങ്കെടുക്കുമെന്ന് നഴ്‌സുമാരുടെ സംഘടന വെള്ളിയാഴ്ച അറിയിച്ചിരുന്നു.

ഈ മാസം അഞ്ചു മുതല്‍ അനിശ്ചിതകാല സമരം നടത്തുന്നതിന് യുഎന്‍എ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ സമരം സ്‌റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. ഇതേതുടര്‍ന്നാണ് ആറുമുതല്‍ നഴ്‌സുമാര്‍ ലീവെടുത്തു പ്രതിഷേധിക്കാന്‍ ഒരുങ്ങിയത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 10നായിരുന്നു നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നഴ്‌സുമാരുടെ നീണ്ടകാലത്തെ സമരത്തിനു ശേഷമായിരുന്നു ഇത്. എന്നാല്‍ പല സ്വകാര്യ ആശുപത്രി മാനേജ്‌മെന്റും ഇത് നടപ്പാക്കാന്‍ തയ്യാറായിട്ടില്ല.

Comments are closed.