DCBOOKS
Malayalam News Literature Website

ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്..! അന്ധവിശ്വാസത്തെ തകര്‍ത്ത സ്‌നേഹത്തിന്റെ ഹിമപാതം

മുസ്‌ലിം സമുദായത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച നോവലായിരുന്നു വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്..! കുഞ്ഞുപാത്തുമ്മ ഒരു സാധാരണ ഗ്രാമീണ മുസ്‌ലിം പെണ്‍കുട്ടിയാണ്. നിഷ്‌കളങ്കയും നിരക്ഷരയുമായ അവള്‍ നിസ്സാര്‍ അഹമ്മദ് എന്ന വിദ്യാസമ്പന്നനും പുരോഗമന ചിന്താഗതിക്കാരനും പട്ടണത്തില്‍ വളര്‍ന്നവനുമായ ചെറുപ്പക്കാരനുമായി പ്രണയത്തിലാകുന്ന കഥ പറയുന്ന ഈ നോവല്‍ നിരക്ഷരത അന്ധവിശ്വാസങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാണെന്നു പഠിപ്പിക്കുകയും വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് വായനക്കാരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. മലയാളത്തിലെ പ്രഥമ സാക്ഷരതാ നോവലാണ് ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്..!

“മനോഹരവും ശുഭാന്തവുമായ ഒരു പ്രേമകഥയാണ് ഇതിലെ കേന്ദ്രകഥാംശം. നര്‍മ്മരസത്തിന് യാതൊരു കുറവുമില്ല. യാഥാസ്ഥിതിക മുസ്‌ലിം സമുദായത്തിലെ ആചാരവഴക്കങ്ങള്‍, വിശ്വാസങ്ങള്‍, എന്നിവയെക്കുറിച്ചുള്ള പ്രതിപാദനങ്ങള്‍ ഒട്ടുവളരെയുണ്ട് ഈ ഗ്രന്ഥത്തില്‍. വര്‍ത്തമാനകാലത്ത് ജീവിക്കൂ എന്നതാണ് ഇതിലെ ആഹ്വാനം.” ഡോ. ആര്‍.ഇ.ആഷര്‍ പറയുന്നു.

മാമൂലുകളുടെ മഞ്ഞുമാമലയുരുക്കുന്ന തപ്തകിരണമാണ് ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് എന്ന നോവലിലെ കുഞ്ഞുപ്പാത്തുമ്മയുടെ സ്‌നേഹം. ‘ന്റെ കരളില് വേതന’ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ അറിയാതെ തിരിച്ചടിച്ച തീക്ഷ്ണതയാണ് ‘കള്ളസ്സാച്ചി പറേങ്കയ്യേല’ എന്ന നിശ്ചയദാര്‍ഢ്യത്തിന്റെ നിറവ്. കുരുവിയോടും അട്ടയോടും കരകവിഞ്ഞൊഴുകിയ കാരുണ്യത്തില്‍ കുതിര്‍ന്ന ഒരു മനസ്സിന്റെ ഈ പരിണാമത്തിന്റെ പിന്നിലെ ശക്തി സ്‌നേഹത്തിന്റെതായിരുന്നു. കൊമ്പനാന കുയ്യാനയിലേക്ക് കൂപ്പു കുത്തുമ്പോള്‍ മാമൂലിന്റെ മതിലുകള്‍ സ്‌നേഹത്തിന്റെ ഹിമപാതത്തില്‍ തകരുകയായിരുന്നു.

മലയാളത്തില്‍ ആന നോവലിന് അരങ്ങേറ്റം കുറിച്ച കൃതിയാണിത്. ഇതിലെ ആദര്‍ശമാധ്യമമാണ് ആന. തങ്ങളുടെ കുറവുകള്‍ മറയ്ക്കാന്‍ വേണ്ടി ആളുകള്‍ തങ്ങളുടെ പോയകാല പ്രതാപത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നതിനെ കളിയാക്കാനായാണ് ബഷീര്‍ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് എന്ന പ്രയോഗത്തിലൂടെ ശ്രമിക്കുന്നത്. ഉപ്പൂപ്പാന്റെ കൊമ്പനാന യാഥാസ്ഥിതികത്വത്തിന്റെ പ്രൗഢ പ്രതീകമാണ്. അതാണീ നോവലിന്റെ കേന്ദ്രബിന്ദു. ‘ആന ഉണ്ടാര്‍ന്ന’ തറവാട്ടിലെ കാരണവത്തിയായതിനാല്‍ പട്ടിണിയാണെങ്കിലും മെതിയടിയിട്ട് തത്തി തത്തി നടക്കുന്ന ഉമ്മയെ മകള്‍ കുഞ്ഞുപാത്തുമ്മ അത് ‘കുയ്യാന’ (കുഴിയാന) ആയിരുന്നു എന്ന് പറഞ്ഞു പരിഹസിക്കുന്നത് ഈ നോവലില്‍ നമുക്ക് കാണാം. പാരമ്പര്യപ്പൊലിമയുടെ ലഹരിയിലായിരുന്നു കുഞ്ഞിപ്പാത്തുമ്മയുടെ ശൈശവം. ‘ന്റെ കുഞ്ഞിപ്പാത്തുമ്മാ, നീ ആനമക്കാറിന്റെ പുന്നാരമോള്‍ടെ പുന്നാരമോളാ. നിന്റെ ഉപ്പൂപ്പാക്കേ ഒരാനേണ്ടാര്‍ന്നു. ബല്യ ഒരു കൊമ്പനാന.’ ഇങ്ങനെ പറഞ്ഞ കുഞ്ഞുതാച്ചുമ്മ അവസാനം വിങ്ങിപ്പൊട്ടിപ്പോകുന്നു. “കുയ്യാനേര്‍ന്ന്. കുയ്യാന”, കൊമ്പനാന കുയ്യാനയായി തീര്‍ന്ന തകര്‍ച്ചയില്‍ താരണിഞ്ഞ തലമുറയുടെ ആനക്കഥ മലയാളത്തിന്റെ അന്നത്തെ ഉള്‍പ്പുളകമായിരുന്നു.

തന്റെ ജീവിതാനുഭവങ്ങളേക്കാള്‍ മികച്ച ഒരസംസ്‌കൃത വസ്തു വേറെയില്ല എന്നു തന്നെ വിശ്വസിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്’ 1951-ലാണ് പ്രസിദ്ധീകരിച്ചത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ നോവലിന്റെ 37-ാം പതിപ്പാണ് ഇപ്പോള്‍ വില്പ്പനക്കുള്ളത്.

Comments are closed.