DCBOOKS
Malayalam News Literature Website

നോവല്‍; സിദ്ധിയും സാധനയും; നോവല്‍ നിരൂപണത്തിലെ മികച്ച കൃതി

novel

നമ്മുടെ സാഹിത്യത്തില്‍ നോവലിനുള്ള സ്ഥാനം മഹനീയമാണ്. ഒരു കലാരൂപമെന്ന നിലയില്‍ നോവലുകള്‍ക്കു പൊതുവായ പല പ്രത്യേകതകളുമുണ്ട്. ആ പ്രത്യേകതകള്‍ക്ക് ഒരു നിയമസംഹിതയുടെ ക്ലിപ്തഭാവം കൊടുക്കുന്നത് അബദ്ധമായിരിക്കുമെന്നേയുള്ളു. ആ അബദ്ധത്തിലേക്കു നീങ്ങാതെ നോവലിന്റെ പ്രത്യേകതളുടെ താത്ത്വികമായ ക്രോഡീകരണം,വളര്‍ച്ചയാഗ്രഹിക്കുന്ന ഏതൊരു നോവല്‍ സാഹിത്യത്തിനും അനുപേക്ഷണീയമാണ്, എന്ന് പി കെ ബാലകൃഷ്ണന്‍ നോവല്‍ സിദ്ധിയും സാധനയും എന്ന നിരൂപണഗ്രന്ഥത്തില്‍ പറഞ്ഞുവയ്ക്കുന്നു. മലയാളത്തിലെ നിരൂപണപഠനഗ്രന്ഥങ്ങളില്‍ മുന്‍നിരയിലേക്ക് എടുത്തുപറയാവുന്ന പുസ്തകമാണിത്. നോവല്‍ പഠിതാക്കളും, അദ്ധ്യാപകരും സാഹിത്യവിദ്യാര്‍ത്ഥികളുമെല്ലാം വര്‍ഷങ്ങളായി തിരഞ്ഞെടുക്കുന്ന റഫറന്‍സ് ഗ്രന്ഥവും ഇതുതന്നെ. 1965ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് (രണ്ടാംപതിപ്പിന് ) ആമുഖക്കുറിപ്പ് എഴുതിയിരിക്കുന്നത് അയ്യപ്പപ്പണിക്കരാണ്. ഗന്ഥത്തിന്റെ സവിശേഷതകളെക്കുറിച്ച് ആമുഖക്കുറുപ്പില്‍ അദ്ദേഹംവാചാലനാകുന്നുണ്ട്.

പുസ്തകത്തിന് അയ്യപ്പപ്പണിക്കര്‍ എഴുതിയ ആമുഖകുറുപ്പില്‍ നിന്ന്;

novelമലയാള സാഹിത്യ നിരൂപണത്തില്‍ പുതിയ ചക്രവാളം എന്ന് ആരംഭത്തില്‍ പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചത് ഇത്രയുമൊക്കയാണ്. ഉത്തമമായ നിരൂപണവും വാക്കുകളില്‍ പ്രത്യുത്പാദിപ്പിക്കപ്പെടുന്ന അനുഭൂതിയാണെന്നു നാം കണ്ടുകഴിഞ്ഞു. വാണിജ്യവ്യാപാരനിയമങ്ങളില്‍ നിന്നു സ്വതന്ത്രമായ സഹജപ്രതിഭയും അതിന്റെ സമ്പൂര്‍ണ്ണ സാക്ഷാത്കാരത്തിന് അനുപേക്ഷണീയമായ സാധനയും നോവല്‍ എന്ന സാഹിത്യ രൂപത്തെ സംബന്ധിച്ചിടത്തോളം എത്രമാത്രം പ്രാധാന്യമുള്ളതാണെന്നു സ്ഥാപിക്കുക മാത്രമല്ല ഈ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യം. നിരൂപകന്റെ ആത്മപ്രകാശനം മഹത്വത്തോടുള്ള ആദരപ്രകടനംവഴി ഇവിടെ നിറവേറ്റിയിട്ടുണ്ട്. ചര്‍ച്ചചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥകാരന്മാരെയും ഗ്രന്ഥങ്ങളെയുംപറ്റി ബാലകൃഷ്ണനു തോന്നുന്നത്ര ഉല്‍ക്കടമായ ആദരവ് ഒരുപക്ഷേ നമുക്ക് തോന്നുന്നില്ലെങ്കില്‍പ്പോലും അദ്ദേഹം അവതരിപ്പിക്കുന്ന പുതിയ വീക്ഷണത്തിന്റെ സാധുത എളുപ്പത്തില്‍ ചോദ്യംചെയ്യപ്പെടാവുന്നവ അല്ല. നോവലിനെപ്പറ്റി പരിമിതാര്‍ത്ഥത്തിലുള്ള ഒരു ലക്ഷണഗ്രന്ഥമാണിതെന്നു ഗ്രന്ഥകര്‍ത്താവ് അവകാശപ്പെടുന്നില്ല. എങ്കിലും ഒരു ലക്ഷണഗ്രന്ഥത്തില്‍ നാം പ്രതീക്ഷിക്കുന്ന ലക്ഷ്യലക്ഷണവിവരങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

നമ്മുടെ നോവല്‍ സാഹിത്യത്തിനു ശതാഭിഷേകപ്രായം അടുക്കാറായ സ്ഥിതിക്ക് ഇനി ഗൗരവമുള്ള ഇത്തരം ചര്‍ച്ചനടക്കുന്നത് എന്തുകൊണ്ടും അഭിലഷണീയമാണ്. നമ്മുടെ ഇടയില്‍ അടുത്തകാലത്ത് പ്രചാരംനേടിയിട്ടുള്ള പലതെറ്റായ ആശയഗതികളെയും തിരുത്തുന്നതിന് ഈ ചര്‍ച്ച ഉപകരിക്കും. അച്ചടിയന്ത്രങ്ങള്‍ തുപ്പിവിടുന്ന നൂറുകണക്കുനോവലുകളില്‍നിന്ന് മഹത്വത്തിന്റെ അംശംകലര്‍ന്ന കൃതികള്‍ തിരഞ്ഞെടുക്കാന്‍ വേണ്ടത്രബോധം വായനക്കാരന് ഈ ചര്‍ച്ചയില്‍നിന്നു ലഭിക്കാതിരിക്കില്ല. അങ്ങനെ മലയാളത്തിലെ നോവലിസ്റ്റുകള്‍ക്കും നിരൂപകന്മാര്‍ക്കും വായനക്കാര്‍ക്കും ഇതിലെ ഓരോ പ്രസ്താവനെയും ഒരു വെല്ലുവിളിയും സാധനാപഠനവുമായിരിക്കും. മലയാളനോവലുകളെപ്പറ്റി പ്രത്യേകമായിട്ടൊന്നും ഇതില്‍ പറഞ്ഞിട്ടില്ലെങ്കിലും വാസ്തവത്തില്‍ ഈ പഠനത്തിന്റെ മുഴുവന്‍മൂല്യവും കിടക്കുന്നത് ഓരോ വാചകത്തിന്റെയും പിന്നില്‍ അപ്രസ്തുതമായി കിടക്കുന്ന ഒരു താരതമ്യവിവേചനബോധത്തിലാണ്. അന്നന്നിറങ്ങുന്ന നോവലുകളെ നിഷ്‌കൃഷ്ടമായ പഠനമോ ഉത്തമബോധ്യമോ കൂടാതെ വാനോളം പുകഴ്ത്തുന്ന നമ്മുടെ നോവല്‍നിരൂപകന്മാര്‍ക്കായിരിക്കും ഈ ചര്‍ച്ചകള്‍കൊണ്ട് ഏറ്റവും കൂടുതല്‍ അസ്ഥാസ്ഥ്യം ജനിക്കുന്നത്. അവരുടെ അന്തശ്ചേതനയെ തട്ടിയുണര്‍ത്തുന്നതിന് ഈ പുസ്തകം ഉപകരിക്കുമെന്നുള്ള വിശ്വസത്തോടുകൂടി ആമുഖം ഇവിടെ അവസാനിപ്പിക്കട്ടെ..!

Comments are closed.