DCBOOKS
Malayalam News Literature Website

ഞാനും ബുദ്ധനും എന്ന നോവലിനെ മുന്‍നിര്‍ത്തിയുള്ള വിചാരങ്ങള്‍

കരുണയുടെ ഉള്ളുറവകളില്‍ നിന്നുള്ള സൗമ്യപ്രവാഹമായാണ് ബുദ്ധനും ബുദ്ധദര്‍ശനങ്ങളും അതിന്റെ ചരിത്രപ്രയാണമാരംഭിച്ചത്. പതുക്കെ അതൊരു മഹാപ്രവാഹമായി, അന്നുവരെയുള്ള സാമൂഹ്യജീവിതത്തിന്റെ ആധാരശിലകളെ ഇളക്കിക്കളഞ്ഞ കുത്തൊഴുക്കായി. ജനപദങ്ങളെ മുക്കിക്കളഞ്ഞ പീതാംബര പ്രളയമായി. അനുയായികളും അനുചരവൃന്ദങ്ങളുമായി ബുദ്ധനു പിറകെ കൂടിയവരില്‍ ചാതുര്‍വര്‍ണ്യത്തിന്റെ അപമാനഭാരം പേറിയ അസ്പൃശ്യര്‍ മാത്രമായിരുന്നില്ല. സര്‍വ്വാധികാരത്തിന്റെ സപ്രമഞ്ചങ്ങളുമുപേക്ഷിച്ച് സര്‍വ്വംഗപരിത്യാഗികളായ ചക്രവര്‍ത്തിമാരുമുണ്ടായിരുന്നു.

ഉത്തരദക്ഷിണാവര്‍ത്തങ്ങളെ ഇളക്കിമറിച്ച ബുദ്ധമതം ഇന്ന് ഇന്ത്യയില്‍ സജീവ സാന്നിദ്ധ്യമല്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മറ്റു പല രാഷ്ട്രങ്ങളിലും ഉള്ളത്ര പോലും ശതമാനം ജനത ഈ മഹാരാജ്യത്ത് ഒരു മതം എന്ന നിലയില്‍ അതിനെ പിന്‍പറ്റുന്നില്ല. പക്ഷേ അവബോധത്തിലും, ജീവിത രീതിയിലും ബുദ്ധ ദര്‍ശനങ്ങള്‍ പലതരത്തില്‍ നമ്മുടെ ജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. ബുദ്ധനുണര്‍ത്തിയ ചോദ്യങ്ങളില്‍ സ്തംഭിച്ചു നിന്ന വൈദികമതം അതിന്റെ പ്രപഞ്ചവീക്ഷണത്തെയും രീതിശാസ്ത്രത്തെയും കൂടി സ്വാംശീകരിച്ചാണ് പുനരുജ്ജീവിക്കപ്പെട്ടത്. (ആദിശങ്കരന്‍ ‘പ്രച്ഛന്നബുദ്ധന്‍’ എന്ന് പരിഹസിക്കപ്പെട്ടിരുന്നുവല്ലോ?) ബുദ്ധയുഗത്തിന്റെ അസ്തമയത്തെക്കുറിച്ച് ചരിത്രം പലതരത്തില്‍ വിശദീകരിക്കുന്നുണ്ട്. അതില്‍ രണ്ടു വസ്തുതകള്‍ പ്രധാനമാണ്. ഈ ഭൂമിയിസില്‍ മനുഷ്യജീവിതം സാദ്ധ്യമാക്കുന്ന രണ്ട് സവിശേഷ പ്രക്രിയകളുണ്ട്. ഒന്ന് ഉല്പാദനവും മറ്റൊന്ന് പ്രത്യുല്പാദനവും.

പ്രത്യുല്പാദനം പ്രകൃതിയുടെ നിയോഗമെങ്കില്‍ ഉല്പാദനപ്രക്രിയയാണ് സംസ്‌കൃതിയുടെ ആധാരശില. പ്രത്യുല്പാദനത്തെ ലക്ഷ്യം വച്ചുള്ള കുടുംബജീവിതവും ഉല്പാദനക്രമത്താല്‍ നിര്‍ണ്ണയിക്കപ്പെടുന്ന തൊഴില്‍/സാമൂഹ്യജീവിതവും. ഇവയില്‍ ജീവിക്കുമ്പോള്‍ മനുഷ്യര്‍ക്കുണ്ടാവുന്ന പലവിധ മമതകളുണ്ട്. ആഗ്രഹങ്ങളുടെ / കാമനകളുടെ ലോകമാണ്, വിലോഭനീയമായ അവയുടെ നിറങ്ങളാണ് ഈ രണ്ട് ജീവിതങ്ങള്‍ക്കും ഊര്‍ജ്ജമാവുന്നത്.

മനുഷ്യന്‍ തന്റെ മോഹങ്ങളില്‍ സൂക്ഷിക്കുന്ന ഈ ലോകത്തിന്റെ നിറപ്പകിട്ടും യഥാര്‍ത്ഥ ജീവിതത്തിന്റെ നിറമില്ലായ്മയും തമ്മിലുള്ള പൊരുത്തക്കേടാണ്, സംഘര്‍ഷങ്ങളാണ് എല്ലാത്തരം ദു:ഖങ്ങളുടേയും അടിസ്ഥാനകാരണം. അതുകൊണ്ട് മമതയില്‍ നിന്നു പുറത്തു കടക്കാന്‍, ആഗ്രഹങ്ങളെ ഉപേക്ഷിക്കാന്‍ ബുദ്ധന്‍ പറഞ്ഞു. എല്ലാം ഉപേക്ഷിച്ചു കഴിഞ്ഞാല്‍ പിന്നെ ഈ ലോകത്തോട് തോന്നുന്ന സമഭാവനയില്‍ അധിഷ്ഠിതമായ കരുണയെ ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പഠിപ്പിച്ചു. ഒരാട്ടിന്‍കുട്ടിക്ക് പകരം തന്റെ ശരീരം സമര്‍പ്പിക്കാന്‍ ആ നിരാസക്തിക്ക് സാധിക്കുന്നുണ്ട്.എല്ലാ ആഗ്രഹങ്ങളും ആന്ദനങ്ങളും ചെന്നുചേരുന്ന/സംവദിക്കുന്ന ഇന്ദ്രിയബദ്ധമായ ഉടല്‍. അതിന്റെ കാമനകളില്‍ നിന്നു മുക്തനാവാനുള്ള യുദ്ധമായിരുന്നു ബുദ്ധജീവിതം.

അതുകൊണ്ട് ഇണയില്‍ നിന്ന്/തൊഴിലില്‍ നിന്ന് ബുദ്ധന്‍ വഴിമാറി നടന്നു. തന്നെ പിന്‍പറ്റിയവര്‍ക്ക് ചീവരവും മരയോടും നല്‍കി. പക്ഷേ, ഭിക്ഷുക്കള്‍ കയ്യിലേന്തിയ മരയോടുകള്‍ നിറയണമെങ്കില്‍ അദൃശ്യമായ സ്ഥലങ്ങളില്‍, ചരിത്രം അടയാളപ്പെടുത്താത്ത മനുഷ്യര്‍ മണ്ണിലിറങ്ങിപ്പണിയണമായിരുന്നു. ഒരു തത്വചിന്തയിലും അടയാളപ്പെടുത്തിയിട്ടില്ലാത്ത മനുഷ്യര്‍.മമതയാല്‍, സ്വാര്‍ത്ഥതയാല്‍, ആഗ്രഹങ്ങളാല്‍ ബന്ധിതനായതുകൊണ്ടാണ് മനുഷ്യര്‍ അദ്ധ്വാനിക്കുന്നത്. ലോകം മുഴുവന്‍ ഈ മമതയില്‍ നിന്നു മുക്തി നേടിയാല്‍ പിന്നെ ഈ ഭിക്ഷാപാത്രത്തില്‍ എന്തു വന്നു നിറയുമെന്നാവും ബുദ്ധന്‍ കരുതിയിട്ടുണ്ടാവുക? പ്രകൃതി ശരീരത്തിലും മനസ്സിലും നിറച്ച രതിയുടെ രാസപരാഗങ്ങളെ ഭയന്നാണല്ലോ യശോധരയില്‍ (ഗോപ) നിന്ന്, ചോരക്കുഞ്ഞായ രാഹുലനില്‍ നിന്ന് സിദ്ധാര്‍ത്ഥന്‍ ഒളിച്ചു പോവുന്നത്. (കരുണയെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ച ക്രിസ്തുമതത്തിന്റേയും അടിസ്ഥാന ഭയങ്ങളില്‍ ഒന്ന് ശരീരം തന്നെയായിരുന്നു എന്നത് യാദൃശ്ചികമാവാം).

രാജേന്ദ്രന്‍ എടത്തുംകരയുടെ ഞാനും ബുദ്ധനും എന്ന നോവലിനെക്കുറിച്ച് ഷിജു.ആര്‍ എഴുതിയ വായനാനുഭവം

Comments are closed.