DCBOOKS
Malayalam News Literature Website

‘ഞാനും ബുദ്ധനും’ നോവലിനെ കുറിച്ച് ഡോ എം സി അബ്ദുള്‍ നാസര്‍ എഴുതുന്നു..

രാജേന്ദ്രന്‍ എടത്തുംകരയുടെ ഞാനും ബുദ്ധനും   എന്ന നോവലിനെ കുറിച്ച് ഡോ എം സി അബ്ദുള്‍ നാസര്‍ എഴുതിയ ആസ്വാദനക്കുറിപ്പ്;

ഇന്നലെ രാത്രി ഒരു മണിക്കാണ് ‘ഞാനും ബുദ്ധനും ‘ വായിച്ചു തീരുന്നത്. വ്യക്തിപരവും ഔദ്യോഗികവുമായ ചില തിരക്കുകളുടെ കുരുക്കുകളില്‍ നിന്ന് വേറിടാനായത് ഇന്നലെയോടെയാണ്. വായന വൈകിയതുകൊണ്ട് പറഞ്ഞു കേട്ട വായനാനുഭവങ്ങളുടെ ഒഴിവാക്കാനാവാത്ത ഭാരം വായനയില്‍ കലരുമോ എന്ന തോന്നലും വായിക്കാനിരിക്കുമ്പോള്‍ കൂടെയുണ്ടായിരുന്നു. കുറച്ചു കാലമായി, നോവലുകളുടെ വായന ഒരു തരം സ്‌കിമ്മിംഗ് ആണ്. വായനയില്‍ കൈവരിച്ച വേഗത്തെക്കുറിച്ചുള്ള എന്റെ അഹന്ത ഈ നോവലിന്റെ നാന്ദിവാക്യങ്ങള്‍ തന്നെ തകര്‍ത്തു തന്നു. 134 പുറങ്ങളുള്ള ഒരു നോവല്‍ വായിക്കാന്‍ എത്ര സമയം വേണം? ആ മുന്‍ധാരണയെ വെല്ലുവിളിക്കാനുള്ള കോപ്പുണ്ടിതില്‍. തന്നെ ശ്രദ്ധിക്കാതെ കടന്നു പോവാന്‍ ഒരു വാക്കും വായനക്കാരെ അനുവദിക്കുമെന്ന് തോന്നുന്നില്ല. വള്ളത്തോളിന്റെ ‘പദധ്യാന’ത്തെക്കുറിച്ച് മാരാര്‍ എഴുതിക്കണ്ടിട്ടുണ്ട്. ഉചിതമായ അര്‍ത്ഥത്തിന് സ്വരൂപം തേടുന്ന ധ്യാനം.ഇവിടെ പക്ഷേ, വാക്ക് അര്‍ത്ഥത്തിന്റെയോ ആശയത്തിന്റെയോ ഉപാധി എന്നതില്‍ ഒതുങ്ങില്ല. വാക്ക് തന്നെ ഭൗതികപ്രത്യക്ഷമായി മാറുന്നു. വാക്കിന്റെ മഹാശൈലം എന്നതൊക്കെ ഒരു പഴയ സങ്കല്പമാണ്. ഏതു വാക്കും കുന്നൊക്കുന്നതും കയമാളുന്നതും ചരിത്രവും വര്‍ത്തമാനവും സന്ധിക്കുന്ന ഇടങ്ങളിലാണ്. ഒന്നുലഞ്ഞാല്‍ റെട്ടറിക്കായി മാത്രം പരിണമിക്കാവുന്ന ഇടങ്ങളില്‍, വാക്ക് ഭാവശക്തിയായി മാറുന്നതിന്റെ അനുഭൂതികളിലേക്കുണരാതെ വായന മുന്നോട്ടു പോവുകയേയില്ല. നെഞ്ചിടിപ്പ് കൂടിക്കൂടി വരുന്നതും ശ്വാസം മുട്ടുന്നതും ഒരു പിടിവള്ളിയ്ക്കായി കൈ നീട്ടുന്നതും വായനയുടെ ഇടവഴികളിലറിയും. വാക്ക് കരുവല്ല തന്നെ. ഭൗതികാനുഭവമാണത്.

ബുദ്ധരുടേയും മനുഷ്യരുടേയും കഥയാണ് ‘ഞാനും ബുദ്ധനും ‘.ബോധസ്വരൂപമാര്‍ന്ന ഒരു നദിയുടെ അപ്പുറവും ഇപ്പുറവും ആയി അവരുണ്ട്. പക്ഷേ ബുദ്ധര്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ ചിറ കെട്ടിത്തീര്‍ക്കാനാവാത്ത വിധം ദൂരം അനന്തമായി നീളുന്നു. മനുഷ്യരായി നിന്നുകൊണ്ട് നിങ്ങള്‍ക്ക് ബുദ്ധരെ മനസ്സിലാക്കാനേ ആവില്ല. ബുദ്ധരായി നിന്നുകൊണ്ട് മനുഷ്യരേയും. രണ്ടിനുമിടയില്‍ പെട്ടു പോവുന്നവര്‍ വെന്ത ജന്‍മങ്ങള്‍. ധ്യാനബുദ്ധന്റ സമീപമിരിക്കുമ്പോഴും കപിലവസ്തുവിലെ നന്ദന് ഈ വേവ് മാത്രം ബാക്കിയാവുന്നു. ശീര്‍ഷകത്തിലെ ദൈ്വതഭാവം തൊട്ട് തുടങ്ങുന്ന ഈ വൈരുധ്യം, ഭരതവാക്യം നിലച്ചശേഷവും പിന്തുടരുന്നു.

ഇതിഹാസങ്ങളുടെ കഥ പറച്ചിലിനോടാണ് ഈ നോവലിന്റെ ആഖ്യാനം ചേര്‍ന്നു നില്‍ക്കുന്നതെന്നത് വിചിത്രമായിത്തോന്നുന്നു. ഇതിഹാസങ്ങള്‍ സാധാരണ മനുഷ്യരുടേതല്ല. സൂതരും മാഗധരും ആയിരത്തൊന്നാവര്‍ത്തിച്ച കഥകളിലൂടെ മണ്ണില്‍ നിന്ന് ഉയര്‍ന്നുപൊങ്ങി അമാനുഷികരായിത്തീര്‍ന്നവരാണ് ഇതിഹാസങ്ങളിലെ മിഴിവുള്ളവരൊക്കെയും. കോളനിആധുനികതയുടെ വെളിച്ചത്തിലാണ് അവരുടെ കാല്‍മടമ്പുകളെ പിന്നെയും മണ്ണിലേക്ക് തൊടുവിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളുണ്ടായത്. ഭൂമികന്യാസീതയും ചിന്താവിഷ്ടയായ സീതയും കാഞ്ചനസീതയും ഇതിഹാസത്തിന്റെ ആതിശായനരൂപങ്ങളില്‍ നിന്ന് വിമോചിപ്പിക്കാനുള്ള ബൈപ്പാസുകളായാണ് പ്രവര്‍ത്തിച്ചത്. ഇതിഹാസങ്ങളുടെ ഹൈവേയിലാണ് പക്ഷേ ഈ നോവല്‍ ചക്രങ്ങളുറപ്പിച്ചിരിക്കുന്നത്. മനുഷ്യസാധാരണജീവിതങ്ങളുടെ ഉയിരടയാളങ്ങള്‍ ചുരുക്കമെന്നു തോന്നുന്നു. ഏതൊക്കെയോ തരത്തിലുള്ള ആദര്‍ശവല്‍ക്കരണങ്ങള്‍ കൊണ്ട് മഹാബലത്വം സിദ്ധിച്ചിരിക്കുന്നു കഥാപാത്രങ്ങള്‍ക്കൊക്കെയും. സിദ്ധാര്‍ത്ഥ ന്റെ റാണി, ഗോപയെ നോക്കൂ. ഉപേക്ഷിക്കപ്പെട്ട ഈ പെണ്ണ്, കുലീനമായ കാത്തിരിപ്പ് കൈവിടാത്തവളാണ്. സിദ്ധാര്‍ത്ഥനെന്ന ചുഴിക്കുറ്റിയില്‍ കേന്ദ്രീകരിച്ചാണ് അവളുടെ ഉയിരിന്റെയും ഉടലിന്റെയും നിലകള്‍. ആ ചുഴിക്കുറ്റിയില്‍ നിന്ന് അവള്‍ വിടുതി നേടിയ ചില നാഴികകളെങ്കിലും ഉണ്ടാവില്ലേ? ഒരു പെണ്ണിന്റെ ‘ഇടര്‍ച്ചകള്‍’ ( വളര്‍ച്ചകള്‍ എന്നും പറയാം) അവളും അനുഭവിച്ചു കാണില്ലേ? കാത്തിരിപ്പിന്റെ ആദര്‍ശാത്മകപരിവേഷത്തിനപ്പുറത്ത് ഒരു സ്ത്രീയുടെ വൈകാരികജീവിതത്തിന്റെ ആരോഹണാവരോഹണങ്ങളെക്കുറിച്ച് നോവല്‍ നിശ്ശബ്ദമായതെന്തുകൊണ്ടാവും? ദേവദത്തനാകട്ടെ, അക്ഷരാര്‍ത്ഥത്തില്‍ ഇതിഹാസ ദുരന്തനായകന്‍ തന്നെ.

‘ശിലാകൂടങ്ങളേക്കാള്‍ കരുത്തുള്ള കൈകള്‍ ‘, ‘കാട്ടുനദിയേക്കാള്‍ ചലനവേഗമുള്ള മെയ്യ് ‘ വിശേഷണങ്ങള്‍ സൂതരുടെ വാഴ്ത്തുഗാഥകളിലെ സൂപ്പര്‍ലേറ്റീവ്‌സിനെത്തന്നെ ഓര്‍മിപ്പിക്കുന്നു. കാളുദായ്, തേലംഗന്‍, കോകാലികന്‍, , കമല, എന്നിങ്ങനെ വലിപ്പച്ചെറുപ്പമെന്യേ കഥാപാത്രങ്ങളൊക്കെയും തങ്ങളുടേതായ ആദര്‍ശങ്ങള്‍ക്കായി ജീവിതത്തെ വ്രതസമാനമായി മാറ്റിപ്പണിഞ്ഞവര്‍.ഈ ആദര്‍ശസാന്നിധ്യം അവരുടെ നിസ്സഹായതകള്‍ക്കുപോലും സാധാരണ മനുഷ്യരുടേതില്‍ കവിഞ്ഞ ഒരു ഇതിഹാസ പരിവേഷം നല്‍കുന്നു. നന്ദനേയോ കോസല ദേവിയെയോ പോലെ ചുരുക്കം ചിലര്‍ മാത്രം ചാഞ്ചല്യങ്ങളുടെ മനുഷ്യസാധാരണനിലങ്ങളില്‍ വെന്തു നടക്കുന്നു.

രാമായണ ഭാരതങ്ങളില്‍ മൗനമാര്‍ന്ന ഒരു നിലവിളി മാത്രമായി ഒതുങ്ങിപ്പോയ ഒട്ടേറെ പെണ്ണുങ്ങളില്ലേ?ഊര്‍മ്മിള തൊട്ട് ഹിഡിംബി വരെയുള്ളവര്‍? ഈ നോവലിന്റെ ഇതിഹാസ ശില്പവും നാവില്ലാത്ത അത്തരം ചില മൗനങ്ങള്‍ ശേഷിപ്പിക്കുന്നുണ്ട്. ദേവദത്തന്റെ ഭാര്യയും ആനന്ദന്റെ അമ്മയും രാഹുലനെന്ന ബാലഭിക്ഷുവുമൊക്കെ തികഞ്ഞ മൗനങ്ങളുള്ള ബാധകളായി കൂടെപ്പോരുന്നു. ‘സ്ത്രീകള്‍ മനസ്സുകൊണ്ടാണ് സംസാരിക്കുന്നത്, അതിന്റെ ആയിരത്തിലൊന്നു പോലും വാക്കുകളായി പുറത്തു വരാറില്ല’ എന്ന് നോവലിലൊരിടത്ത് ഗോപ പറയുന്നുണ്ടല്ലോ. നോവലിലെ എത്‌നോഗ്രാഫിക് ഡീറ്റെയ്‌ലിംഗ് ശ്രദ്ധേയം. രചനയുടെ സൂക്ഷ്മമായ തയ്യാറെടുപ്പുകളെ അത് സൂചിപ്പിക്കുന്നുണ്ട്.

ഒരു പാട് കാലത്തിനു ശേഷമാണ് ഒരു മലയാള നോവല്‍ ഇങ്ങനെ എന്നെ ബാധിക്കുന്നത്. തടവറയില്‍ പട്ടിണി കിടക്കുന്ന അച്ഛനെ കമ്പിയഴികള്‍ക്കിപ്പുറത്തു നിന്ന് മുലയൂട്ടുന്ന മകളുടെ വിഖ്യാതമായ പെയിന്റിംഗ് ലുവ്‌റ മ്യൂസിയത്തില്‍ വെച്ച് കണ്ടിട്ടുണ്ട്. സ്വന്തം പുത്രനാല്‍ തടവറയില്‍ പട്ടിണി മരണത്തിനു വിധിക്കപ്പെട്ട ബിംബിസാരന്റെ നീര്‍ വറ്റി ഉണങ്ങിയ ചുണ്ടുകളില്‍, സ്വന്തം കണ്ണീര് വിരലുകൊണ്ട് വടിച്ചെടുത്ത് തേച്ചു കൊടുക്കുന്ന കോസലാദേവിയെ ഇനിയെത്ര രാവുകളില്‍ ഞാന്‍ അഭിമുഖീകരിക്കണം..

Comments are closed.