DCBOOKS
Malayalam News Literature Website

‘നിശബ്ദ സഞ്ചാരങ്ങൾ ‘ ; മലയാളി നഴ്‌സുമാരുടെ ആഗോളസഞ്ചാരം ആസ്പദമാക്കി ബെന്യാമിന്‍ രചിച്ച നോവൽ

മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലിനു ശേഷം ബെന്യാമിൻ എഴുതിയ ‘നിശബ്ദ സഞ്ചാരങ്ങള്‍’ ലോക നഴ്സസ് ദിനത്തിൽ ഓർഡർ ചെയ്യൂ 25% വിലക്കുറവിൽ. ഒച്ചയും ബഹളവും ആരവങ്ങളുമില്ലാതെ പുരുഷനുമുമ്പേ ആഗോളസഞ്ചാരം ആരംഭിച്ചവരാണ്‌ മലയാളിനഴ്‌സുമാർ. ലോകത്തിന്റെ എല്ലാ ഭാഗത്തും അവരുടെ നിശബ്ദ സാന്നിദ്ധ്യമുണ്ട്. അവരാണ് കേരളത്തിലെ വലിയൊരു ജനതയെ പട്ടിണിയിൽ നിന്നും കുടിയേറ്റത്തിൽ നിന്നും രക്ഷിച്ചത്. ഇന്നത്തെപ്പോലെ സൗകര്യങ്ങൾ എളുപ്പം ലഭിക്കാത്ത കാലത്ത് യാത്ര ആരംഭിച്ച നഴ്സിന്റെയും അവരുടെ പിന്തലമുറയുടെയും ലോകജീവിതമാണ് നോവലിലൂടെ ബെന്യാമിന്‍ ആവിഷ്‌കരിക്കുന്നത്. മധ്യ തിരുവിതാംകൂറിൽ നിന്ന് ഇന്നും തുടരുന്ന നഴ്സുമാരുടെ പലായനങ്ങളുടെ രേഖപ്പെടുത്താത്ത ചരിത്രത്തെ ബെന്യാമിൻ ഈ നോവലിൽ അടയാളപ്പെടുത്തുന്നു.

നോവലിൽ നിന്നും ഒരു ഭാഗം

നീണ്ട ഇരുപതു വര്‍ഷത്തിന്റെ നീളമുണ്ടെന്ന് തോന്നിച്ച ഇരുപതു ദിവസത്തെ ആശുപത്രി വാസത്തിനുശേഷം ഇന്നലെയാണ് ഞാന്‍ വീട്ടില്‍ തിരിച്ചെത്തുന്നത്. മുള്‍ക്കാടുകള്‍ക്കിടയില്‍ കൊമ്പ് കുടുങ്ങിപ്പോയ കലമാന്‍ വല്ലവിധേനയും തലവലിച്ച് ഓടിരക്ഷപ്പെടുന്നതു മാതിരിയാണ് ഞാന്‍ ആ ആശുപത്രിക്കിടക്കയില്‍ നിന്നും രക്ഷപെട്ടുപോന്നത്.

ഒന്നുമില്ല, വെറുതെ ഒരു വൈറല്‍ ഫീവര്‍ വന്നതാണ്. ഞാനത് ശ്രദ്ധിക്കാതെ കുറച്ചുദിവസം കൊണ്ടുനടന്നു. ആഹാരശേഷം മമ്മി തന്ന ഗുളികകളും കഫ് സിറപ്പും ഞാന്‍ നിസാരഭാവത്തോടെ മേശപ്പുറത്ത് ഉപേക്ഷിച്ച് പാട്ടു കേള്‍ക്കുകയും നെറ്റ്ഫ്ലിക്‌സ് കാണുകയും ചെയ്തു. ഒരുദിവസം പുറത്തു പോയിവന്ന ഞാന്‍ മുറ്റത്തു തളര്‍ന്നുവീണു. ബൈക്ക് സ്റ്റാന്റില്‍ കയറ്റിവച്ചത് എനിക്കോര്‍മയുണ്ട്. പുല്‍മേട്ടില്‍ നിഴലു പരക്കുന്നതു പോലെ മയക്കം എന്റെ ബോധത്തെ വന്നുമൂടുന്നത് ഞാനറിഞ്ഞു. കൈനീട്ടി സിറ്റൌട്ടിന്റെ ഗ്രില്ലില്‍ പിടിക്കാന്‍ നോക്കി. അത്രതന്നെ.
ഭാഗ്യം, രണ്ടു മിനുറ്റ് നേരത്തെ ആയിരുന്നെങ്കില്‍ ബൈക്കുമായി ഞാന്‍ റോഡിലെവിടെയെങ്കിലും വീഴുമായിരുന്നു. മുറ്റത്തുകിടന്ന എന്നെ എത്രയോ നേരം കഴിഞ്ഞ് എപ്പോഴോ ആണ് മമ്മി കാണുന്നത്. ബൈക്ക് വന്നു നിന്ന ശബ്ദം Textഅടുക്കളയില്‍ കുക്കറിന്റെയും മിക്സിയുടെയും കീഴിലായിരുന്ന മമ്മി ശ്രദ്ധിച്ചു കാണില്ല. പപ്പ വീട്ടില്‍ ഉണ്ടായിരുന്നില്ല താനും. മമ്മിയുടെ നിലവിളി കേട്ട് ഓടിവന്ന അടുത്ത വീട്ടിലെ രാജു അങ്കിള്‍ എന്നെ അപ്പോള്‍ തന്നെ വാരിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. മൂന്നാം മണിക്കൂറിലാണ് എനിക്ക് ബോധം തിരിച്ചു കിട്ടുന്നത്. പനി ശ്രദ്ധിക്കാതെ ന്യുമോണിയ ആയി മാറിയിരുന്നു. പിന്നെ മെനഞ്ചൈറ്റിസ് ആണെന്നോ ലിവറില്‍ പ്രശ്‌നമെന്നോ, പാന്‍ക്രിയാസില്‍ പ്രശ്നമെന്നോ എന്തൊക്കെയോ ഡോക്ടേഴ്സ് പറഞ്ഞു. പിന്നത്തെ അഞ്ചു ദിവസങ്ങളില്‍ ഞാന്‍ ഐ.സി.യു വിലെ കടുത്ത നിരീക്ഷണത്തിലായിരുന്നു. തലവേദനയുടെയും പനിയുടെയും കുളിരിന്റെയും കിടുകിടുപ്പിന്റെയും ശര്‍ദ്ദിലിന്റെയും വയറിളക്കത്തിന്റെയും തളര്‍ച്ചയുടെയും ക്ഷീണത്തിന്റെയും അഞ്ച് പീഡനദിവസങ്ങള്‍. മഞ്ഞിലൂടെ കാലുവലിച്ചു നടക്കുന്ന ഒരു മുടന്തന്‍ കരടിയെക്കാളും പതിയെ നീങ്ങിയ അഞ്ച് ഉറുമ്പ് വര്‍ഷങ്ങള്‍.
ഐ.സി.യുവില്‍ സന്ദര്‍ശകര്‍ക്ക് കനത്ത വിലക്കുണ്ടായിരുന്നു. അനുവദിച്ചിരിക്കുന്ന സമയത്ത് രണ്ടുപേര്‍ക്ക് ഇത്തിരിനേരം കേറിക്കാണാം. അപ്പോള്‍ പപ്പയും മമ്മിയും വന്ന് സുഖാന്വേഷണം നടത്തും. നിര്‍ബന്ധിച്ച് ചായ കുടിപ്പിക്കും. ബിസ്‌കറ്റ് വായില്‍ വച്ചു തരും. അപ്പോഴേക്കും സമയമായി എന്നുപറഞ്ഞ് അവരെ ഇറക്കി വിടും. മുഴുവന്‍ സമയവും അവര്‍ പുറത്തുണ്ട് എന്നെനിക്കറിയാം. പക്ഷേ അവര്‍ നിസ്സഹായരായിരുന്നു. രണ്ടു ദിവസം വൈകുന്നേരം ജാനകി വന്നു. അടുത്തിരുന്ന് ഇത്തിരി നേരം കരഞ്ഞു. ആ ദിവസങ്ങളില്‍ ഞങ്ങളൊന്നിച്ച് ബീച്ചില്‍ പോയിരുന്നു. കാറ്റ് കൊണ്ട്, കപ്പലണ്ടി കൊറിച്ച്, ഐസ് ക്രീം നുണഞ്ഞ് ഞങ്ങള്‍ കുറേ നടന്നു. അന്നേ എനിക്കൊരു ചെറിയ ചുമ ഉണ്ടായിരുന്നു. അവള്‍ കാരണമാണ് അസുഖം കൂടിയത് എന്നു പറഞ്ഞ് സ്വയം കുറ്റമേറ്റ കരച്ചിലായിരുന്നു അത്. എന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് മറ്റുള്ളവര്‍ സ്വയം കുരിശിലേറാന്‍ ശ്രമിക്കുന്ന നാടകം എനിക്കിഷ്ടമല്ലാത്തതിനാല്‍ ഞാനവളെ ചീത്ത പറഞ്ഞോടിച്ചു. പിന്നെ ഒരു ദിവസം പപ്പയുടെ പെങ്ങള്‍ ലാലി ആന്റി വന്നു. ആന്റിയുടെ മകന്‍ ജെറിനു ദോഹയില്‍ പുതിയ ജോലി കിട്ടിയ കാര്യം പറഞ്ഞു. പോയി. ഒരു ദിവസം രാജു അങ്കിള്‍ വന്നു. അതേയുള്ളൂ. ബാക്കിനേരമെല്ലാം കണ്ണിനും സീലിംഗിനും ഇടയിലുള്ള ഇത്തിരി ശൂന്യതയില്‍ നോക്കി ഒരേ കിടപ്പു തന്നെ. ഏകാന്തത ഒരു തോന്നല്‍ അല്ല അനുഭവമാണ് എന്ന് ആ കിടപ്പില്‍ എനിക്ക് മനസിലായി. ആരെങ്കിലും ഒരാള്‍ എന്റെ അടുത്തിരുന്ന് ഇത്തിരി നേരം വര്‍ത്തമാനം പറഞ്ഞിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയ നിമിഷങ്ങള്‍.
വാര്‍ഡില്‍ ഉണ്ടായിരുന്ന നേഴ്സുമാര്‍ മാത്രമായിരുന്നു ആ ദിവസങ്ങളില്‍ എനിക്ക് ശരിക്കും ആശ്വാസം. തൊട്ടടുത്ത കട്ടിലിലുകളില്‍ കിടന്ന് കുറുകുകയും കരയുകയും ചെയ്യുന്ന മറ്റ് രോഗികളെ ഒന്ന് കണ്ണുയര്‍ത്തി നോക്കാന്‍ പോലും എനിക്കാവതില്ലായിരുന്നു.

പ്രതീക്ഷയുടെ അകമ്പടിയോടെ ചിലരൊക്കെ അങ്ങോട്ട് വരികയും നിലവിളിയുടെ അകമ്പടിയോടെ ചിലരൊക്കെ മടങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു. ഒന്നും ഗൗനിക്കാനാവാതെ ഞാന്‍ കട്ടിലില്‍ തളര്‍ന്നു കിടക്കുമ്പോള്‍ ചില ഭ്രമാത്മകസ്വപ്നങ്ങള്‍ എന്നെ വന്നുപൊതിയും. നിറയെ പോപ്പി ചെടികള്‍ പൂത്തു നില്‍ക്കുന്ന നീളന്‍ പടങ്ങള്‍. തലയ്ക്കു ചുറ്റും ചിറകു വിറപ്പിച്ചു പറക്കുന്ന മുഴുത്ത പൂമ്പാറ്റകള്‍. ആകാശത്ത് മഞ്ഞു പാടയ്ക്കിടയിലൂടെ പൊഴിഞ്ഞു വീഴുന്ന മഞ്ഞ നിറമുള്ള അപ്പൂപ്പന്‍ താടികള്‍. കണ്ണെത്താ ദൂരത്തോളം കൂനകൂട്ടിയിട്ടിരിക്കുന്ന പല വര്‍ണ്ണത്തിലുള്ള മുഠായികള്‍. പറന്നു നടക്കുന്ന ഒട്ടകങ്ങള്‍. വള്ളം തുഴഞ്ഞു പോകുന്ന കുട്ടിയാനകള്‍. ജിമിക്കി കമ്മലിട്ട് നൃത്തം ചവുട്ടുന്ന മാന്‍പേടകള്‍. ക്രിക്കറ്റ് കളിക്കുന്ന ജിറാഫുകള്‍. സൈക്കിളില്‍ ഡബിളിരുന്നു പോകുന്ന വെള്ളക്കരടികള്‍. ചെവി കടിച്ചെടുക്കാനായി വരുന്ന നീല വവ്വാലുകള്‍.

സ്വപ്നക്കാഴ്ചകള്‍ക്കിടയില്‍ പെട്ടെന്നെനിക്ക് ശര്‍ദ്ദിക്കാന്‍ വരും. ബെഡ് പാനുമായി സിസ്റ്റര്‍ ഓടി വരുമ്പോഴേക്കും ഞാന്‍ ഉടുപ്പിലും കിടക്കയിലുമായി ശര്‍ദ്ദിച്ചു കഴിഞ്ഞിരിക്കും. എനിക്ക് എന്നോടു തന്നെ ഈര്‍ഷയും ദേഷ്യവും തോന്നിപ്പോകുന്ന നിമിഷങ്ങള്‍. വല്ലവിധത്തിലും ഞാനത് സ്വയം കഴുകിത്തുടയ്ക്കാന്‍ നോക്കുമ്പോള്‍ അവര്‍ വന്നു തടയും. ഇത് ഞങ്ങളുടെ ഡ്യുട്ടിയാണ് എന്നു പറഞ്ഞുകൊണ്ട് എന്റെ മുഖം കഴുകിത്തരും. ഉടുപ്പ് മാറ്റും. ബെഡ് ഷീറ്റ് മാറ്റും. തറ തുടപ്പിക്കും. ഇത്തിരി കഴിയുമ്പോള്‍ ഞാന്‍ വീണ്ടും ശര്‍ദ്ദിക്കും. ഒരു ഈര്‍ഷയുമില്ലാതെ അവര്‍ തങ്ങളുടെ പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കും.

തുടർന്ന് വായിക്കാൻ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.