DCBOOKS
Malayalam News Literature Website

എ.പി.ജെ അബ്ദുള്‍ കലാമിന്റെ ‘നിര്‍മ്മിക്കാം നല്ല നാളെ’

 

രാമേശ്വരത്ത് ജനിച്ച് ഇന്ത്യന്‍ രാഷ്ട്രപതിയായുയര്‍ന്ന് സാങ്കേതികവിദ്യയെ ജനക്ഷേമത്തിനായി വിനിയോഗിക്കുന്നതില്‍ നിരവധി മാതൃകകള്‍ സൃഷ്ടിച്ച എ പി ജെ അബ്ദുള്‍ കലാമിന്റെ ‘ഫോര്‍ജ് യുവര്‍ ഫീച്ചര്‍’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് നിര്‍മ്മിക്കാം നല്ല നാളെ. പുതിയ സ്വപ്‌നങ്ങള്‍ കാണുവാനും നല്ലനാളെകളെ നിര്‍മ്മിക്കുവാനും വായനക്കാരനെ പ്രാപ്തനാക്കുന്ന നിര്‍മ്മിക്കാം നല്ല നാളെയില്‍ അഴിമതി നിര്‍മ്മാര്‍ജ്ജനം, സാങ്കേതികവിദ്യ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള യുവാക്കളുടെ ചോദ്യങ്ങള്‍ക്ക് ജീവിതാനുഭവങ്ങളില്‍നിന്ന് ആര്‍ജ്ജിച്ചെടുത്ത പരിചയസമ്പത്തിലൂടെ എ പി ജെ അബ്ദുള്‍ കലാം മറുപടി പറയുന്നു.

ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്ന വ്യത്യസ്തമായ വിഷയങ്ങള്‍ മഴവില്ലിലെ ഏഴുനിറങ്ങള്‍പോലെയാണ്. വര്‍ണരാജി വിടര്‍ത്തുന്ന അവ പക്ഷേ, ഒരേ പ്രകാശത്തില്‍ പ്രസരിക്കുന്നവയുമാണ്. ആ പ്രകാശം ആത്മാവിന്റെ ദീപക്കാഴ്ചയാണ്. യുവാക്കളുടെ ഹൃദയത്തിലൂടെ ബഹിര്‍ഭവിച്ചുകൊണ്ടിരിക്കുന്ന സത്യസന്ധതയുടെ, പ്രതീക്ഷയുടെ, ജിജ്ഞാസയുടെ ദീപക്കാഴ്ചയാണത്. നമ്മുടെ യുവാക്കളുടെ മനസ്സിന്റെയും ആത്മാവിന്റെയും പ്രകാശത്തെ ജീവസ്സുറ്റതാക്കുവാനും ഉജ്ജ്വലിപ്പിക്കുവാനുമാണ് ഞാന്‍ ഈ പുസ്തകത്തിലൂടെ ശ്രമിക്കുന്നത് എന്ന് കലാം തന്നെ തുറന്നു പറയുന്നുണ്ട്.

മേഘ സുധീര്‍ ആണ് വിവര്‍ത്തക. മേഘ സുധീര്‍ എഴുതിയ വിവര്‍ത്തനക്കുറിപ്പ് വായിക്കാം ;

എന്റെ ദിവസങ്ങള്‍ക്കു ചിറകുകള്‍ മുളച്ച ഏതോ കാലത്താവണം മഹാനായ എ.പി.ജെ. അബ്ദുള്‍  കലാമിന്റെ ‘ഫോര്‍ജ് യുവര്‍ ഫീച്ചര്‍’ എന്നെ തേടിയെത്തിയത്. കാലം എനിക്കു ഭാഷാന്തരം ചെയ്യുവാന്‍ കാത്തുവയ്ക്കുമെന്നറിയാതെ ഈ പുസ്തകത്തിന് അനുയോജ്യമായ പേരു നിര്‍ദ്ദേശിക്കുവാന്‍ പ്രേരിപ്പിച്ച് കലാംജി ഇട്ട ഫേസ്ബുക്ക് പോസ്റ്ററില്‍ ഞാനും അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. 41,675 പേര്‍ നിര്‍ദ്ദേശിച്ച പുസ്തകത്തിന്റെ ആ പേരിന്, ആ പുസ്തകത്തിലെ വരികള്‍ക്ക്, വാക്കുകള്‍ക്ക് മലയാളം തിരഞ്ഞു നടക്കുവാന്‍ എളിയവളായ എന്നെ നിയോഗിച്ചത് സ്വര്‍ഗ്ഗീയനാദങ്ങളുടെ കേള്‍വിക്കാര്‍തന്നെയാകും, തീര്‍ച്ച.

എ.പി.ജെ. അബ്ദുള്‍കലാമിന്റെ ശ്രദ്ധയും കരുതലും ആകാശത്തിന്റെ അനന്തതയിലേക്കു നീണ്ടതുപോലെതന്നെ ഭൂമിയുടെ അഗാധതയിലേക്കും ചെന്നിരുന്നു. എസ്.എല്‍.വി. പ്രൊജക്ടിന്റെ തലവനായിരുന്ന അദ്ദേഹത്തിന് ഐ.എസ്.ആര്‍.ഒ.യിലെ സഹപ്രര്‍ത്തകരില്‍ ഓരോരുത്തരിലും, ബഹിരാകാശശാസ്ത്രവും സാങ്കേതികവിദ്യയും രാജ്യത്തിനും ജനങ്ങള്‍ക്കുംവേണ്ടി ഉപയോഗിക്കുവാനായി ജനിച്ചവരാണ് തങ്ങളെന്ന ബോധം സൃഷ്ടിക്കുവാന്‍ കഴിഞ്ഞിരുന്നു. എല്ലാ സങ്കേതങ്ങളും സാങ്കേതികതയും രൂപംകൊണ്ടതും വികസിച്ചതും നിര്‍മ്മിച്ചതും പരീക്ഷിക്കപ്പെട്ടതും ഒരേയൊരു ലക്ഷ്യത്തിനുവേണ്ടിയായിരുന്നു–ശാസ്ത്രം ജനജീവിതത്തിനു പ്രയോജനപ്പെടുന്ന സുശക്തമായ ഒരു ഇന്ത്യ സൃഷ്ടിക്കപ്പെടണം, ആ ഇന്ത്യയെ ഓര്‍ത്ത് ജനങ്ങള്‍ ഉദ്ധതമനസ്‌കരാകണം. ബഹിരാകാശ ശാസ്ത്രജ്ഞന്റെ ആശയം സമ്പൂര്‍ണ്ണമായിരുന്നു. മണ്ണിനെയും ഭൂഗര്‍ഭജലത്തെയും വനങ്ങളെയും സംരക്ഷിക്കുന്നതിനുവേണ്ടി ‘അനന്ത’മായ ശാസ്ത്രം ഉപയോഗിക്കുക എന്ന സമ്പൂര്‍ണ്ണ ആശയം. വനവത്കരണം എന്ന ലക്ഷ്യത്തിനായി തന്റെ ജീവിതപരിസരത്ത് അഞ്ചു മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്നു പ്രതിജ്ഞയെടുത്ത ശാസ്ത്രജ്ഞനായിരുന്നു കലാം. എന്റെ ഗ്രാമവും നഗരവും ശുചിയാക്കി സൂക്ഷിക്കുന്നതിനൊപ്പം എന്റെ ഭൂമിയെ ഞാന്‍ ഹരിതാഭമാക്കി നിലനിര്‍ത്തുമെന്നു പ്രഖ്യാപിച്ച ശാസ്ത്രചിന്തകന്, ശാസ്ത്രത്തിന്റെ വളര്‍ച്ചയോടൊപ്പം കലാ-സാംസ്‌കാരിക-സാമൂഹിക-കാര്‍ഷിക രംഗങ്ങളുടെയും വളര്‍ച്ച സ്വന്തം സ്വപ്നമായിരുന്നു. പ്രകൃതിദുരന്തങ്ങളെ കാലേകൂട്ടി പ്രവചിക്കുവാനായി ബഹുരാകാശ സൂത്രവാക്യങ്ങള്‍ ഉപയോഗിക്കപ്പെടണമെന്നത് കലാമിലെ മനുഷ്യസ്‌നേഹിയായ ശാസ്ത്രദര്‍ശിയുടെ  ആവശ്യമായിരുന്നു. മാനവികതയും ശാസ്ത്രനേട്ടങ്ങളും പരസ്പരപൂരകങ്ങളാകുന്ന ആശയസത്യത്തിന്റെ ഉദാഹരണമായിരുന്ന ആ ക്രാന്തദര്‍ശിയുടെ പേര് ‘ഗ്ലോബല്‍ സാറ്റിന്’ ഇടുമെന്ന പ്രഖ്യാപനത്തെപ്പറ്റി ഞാന്‍ കേട്ടത് അടുത്തിടെയാണ്. ‘വേള്‍ഡ് -സ്‌പേസ് വിഷന്‍-2050’ എന്ന തന്റെ ദര്‍ശനത്തിലൂടെ-പ്രകൃതിദുരന്തങ്ങളെ മുന്‍കൂട്ടി അറിയുവാന്‍ ലോകരാഷ്ട്രങ്ങള്‍ പരസ്പരം കൈകോര്‍ക്കണമെന്ന ഉല്‍ക്കൃഷ്ടമായ ആശയം മുന്നോട്ടുവച്ച കലാംജിയുടെ ചിരസ്മാരകമായി ‘യു.എന്‍. കലാം ഗ്ലോബല്‍സാറ്റ്’ ബാഹ്യാകാശത്തുണ്ടായേക്കുമെന്നത് പലതലങ്ങളില്‍ ശുഭപ്രതീക്ഷയാകുന്നു.

‘ജനങ്ങളുടെ രാഷ്ട്രപതി’ ആയിരുന്നു ഇന്ത്യയുടെ പതിനൊന്നാമതു രാഷ്ട്രപതിയായിരുന്ന ഭാരത് രത്‌ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാം. 340 മുറികളുള്ള വിസ്മയമഹാസൗധത്തിലെ–രാഷ്ട്രപതിഭവനിലെ–വിനീതമായ ‘മിസ്സൈല്‍ മനുഷ്യന്‍’ ആയിരുന്നു കലാമെന്ന് അവിടത്തെ ഉദ്യോഗസ്ഥവൃന്ദം ഓര്‍ക്കുന്നു. രാഷ്ട്രപതിഭവന്റെ കനത്ത സുരക്ഷയുടെ വാതിലുകള്‍ കുട്ടിപൗരന്മാരുടെ കുതൂഹലങ്ങള്‍ക്ക് തുറന്നുകൊടുത്തത് അദ്ദേഹമായിരുന്നു. കര്‍ക്കശവും വിട്ടുവീഴ്ചയില്ലാത്തതുമായ പ്രോട്ടോകോളുകള്‍ക്ക് പ്രസിദ്ധിയാര്‍ജിച്ച രാഷ്ട്രപതിസ്ഥാനത്തിരുന്ന് പാചകക്കാരന്‍ മുതല്‍ കാര്യദര്‍ശിവരെയുള്ളവരോട് അദ്ദേഹം കുശലമന്വേഷിച്ചിരുന്നു. ചുറ്റുമുള്ളവരോട് ക്രമാതീതമായ കരുതലാണ് കലാം കാട്ടിയിരുന്നതെന്ന് രാഷ്ട്രപതിഭവനില്‍ മൂന്നു പതിറ്റാണ്ടുകളോളംവരെ അനുഭവപരിജ്ഞാനമുള്ള ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. സുരക്ഷാഉദ്യോഗസ്ഥര്‍ ഒരുക്കുന്ന പ്രതിരോധനിരയെ ഭേദിച്ച് തോട്ടംജീവനക്കാരുടെ താമസയിടങ്ങളിലേക്ക് രാഷ്ട്രപതി നടന്നെത്തുമായിരുന്നു. തൊഴിലാളികളുടെ വീടായിരുന്ന ബ്രിട്ടീഷുകാലത്തെ പഴയ കെട്ടിടങ്ങളെ ആധുനിക സജ്ജീകരണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വൃത്തിയും സൗകര്യവുമുള്ളവയാക്കിത്തീര്‍ത്തത് അദ്ദേഹമാണ്. രാഷ്ട്രപതിഭവന്റെ പൂന്തോട്ടത്തിന്റെ ഹരിതഭംഗി വര്‍ദ്ധിപ്പിച്ചും ഔഷധസസ്യങ്ങള്‍ വച്ചുപിടിപ്പിച്ചും അദ്ദേഹം ഇന്ത്യയുടെ പ്രഥമ പൗരന്റെ താമസസ്ഥലത്തെ കൂടുതല്‍ സുന്ദരമാക്കി. തന്റെ ശേഖരത്തിലുള്ള ഗ്രന്ഥങ്ങള്‍ പോരാത്തതിന് രാഷ്ട്രപതിഭവന്‍ ലൈബ്രറിയിലെ പുസ്തകശേഖരത്തിനിടയില്‍ സംഗീതസംബന്ധിയും സാഹിത്യസംബന്ധിയുമായ പുസ്തകങ്ങള്‍ വൈണികന്‍കൂടിയായിരുന്ന കലാം തിരഞ്ഞിരുന്നു. ഇരുപതു വര്‍ഷക്കാലം തുമ്പ ഇക്വിറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനില്‍ പ്രവര്‍ത്തിച്ച എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ഔദ്യോഗികവും അനൗദ്യോഗികവുമായ ജീവിതം അടുത്തുനിന്നു കാണുവാന്‍ മലയാളികള്‍ക്കും ഭാഗ്യമുണ്ടായി. തുമ്പപ്പൂക്കള്‍ നിറഞ്ഞ പൊന്തക്കാടിനെ റോക്കറ്റ് സ്റ്റേഷനാക്കുവാന്‍ 1962 ല്‍ മുന്‍കൈയെടുത്തത് മഹാന്മാരായ ഹോമി ഭാഭായും വിക്രംസാരാഭായിയും ചേര്‍ന്നാണ്.

തിരുവനന്തപുരം വിമാനത്താവളത്തോടടുത്തുകിടന്ന വെളുത്ത മണല്‍വിരിപ്പണിഞ്ഞ തുമ്പ എന്ന ചെറുഗ്രാമത്തിലേക്ക് 70 കളുടെ ആദ്യപാദത്തിലാണ് എസ്.എല്‍.വി. പ്രോജക്ടിന്റെ ചുമതലക്കാരനായി ഇന്ത്യയുടെ ഏറ്റവും സമര്‍ത്ഥനായ ശാസ്ത്രപ്രതിഭ എത്തിച്ചേര്‍ന്നത്. തെങ്ങിന്‍തോപ്പുകള്‍ക്കു നടുവിലായിരുന്നു തുമ്പയിലെ റോക്കറ്റ് ലോഞ്ചിങ് പാഡ്. സെന്റ് മേരി മഗ്ദലീന്‍ പള്ളിയായിരുന്നു ബഹിരാകാശശാസ്ത്രജ്ഞരുടെ ഓഫീസ്. ബിഷപ്പിന്റെ വീട് അവര്‍ നിര്‍മ്മാണശാലയാക്കി മാറ്റി. തൊട്ടടുത്തുള്ള കാലിത്തൊഴുത്ത് പരീക്ഷണശാലയുമായി മാറ്റിയെടുത്തു. അവിടെ എ.പി.ജെ. അബ്ദുള്‍ കലാമും സംഘവുമടങ്ങുന്ന ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞയുവത്വം ഇന്ത്യയുടെ ആദ്യത്തെ സൗണ്ടിങ് റോക്കറ്റിനുവേണ്ടി പഠനവും പ്രയത്‌നവും നടത്തി. താന്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളിലും പദവികളിലുമിരുന്ന് സാമാന്യജനങ്ങളെയും കീഴുദ്യോഗസ്ഥരെയും അദ്ദേഹം സമഭാവനയോടെയാണ് കണ്ടിരുന്നത്. അനാഡംബരജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന്റെ ലാളിത്യമുള്ള ആഹാരശീലം കണ്ട് സുഹൃത്തുക്കള്‍ അദ്ദേഹത്തെ ‘കലാം അയ്യര്‍’ എന്നു തമാശയായി വിളിച്ചിരുന്നു. തിരുവനന്തപുരം നഗരത്തില്‍ രണ്ടു പതിറ്റാണ്ടുകാലം ജീവിച്ച അദ്ദേഹത്തിന്റെ പല പരിചയക്കാരിലൊരാളായ ചെരുപ്പുകുത്തിയെ, രാഷ്ട്രപതിയായശേഷം ഒരു കേരളസന്ദര്‍ശനവേളയില്‍ കണ്ടപ്പോള്‍ പേരുവിളിച്ചു ക്ഷേമം അന്വേഷിച്ചത് അന്ന് പത്രവാര്‍ത്തയായിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. നഗരത്തില്‍നിന്നും ബസ്മാര്‍ഗ്ഗം തുമ്പയില്‍ എത്തിയിരുന്ന അദ്ദേഹം സദാ ചിന്താമഗ്നനായി കാണപ്പെട്ടിരുന്നുവെന്നത് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. ഊണിലും ഉറക്കത്തിലും മാത്രമല്ല, നടപ്പിലുള്‍പ്പെടെ എസ്.എല്‍.വി. പ്രൊജക്ട് മാത്രം. കവാടത്തിലുള്ള സുരക്ഷാ ജീവനക്കാരനെ തിരിച്ചറിയല്‍കാര്‍ഡ് കാണിച്ചിട്ടുവേണം ഉദ്യോഗസ്ഥര്‍ അകത്തേക്കു കയറേണ്ടത്. മേലുദ്യോഗസ്ഥനായതുകൊണ്ടും ചിരപരിചിതമുഖമായിരുന്നതുകൊണ്ടും ആലോചനയില്‍ ലയിച്ചു കടന്നുപോകുന്ന കലാമിനെ സുരക്ഷാഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നില്ല. എന്നാല്‍ നിയമം അനുസരിക്കുവാന്‍ എന്നും ജാഗ്രത പുലര്‍ത്തിയിരുന്ന അദ്ദേഹം തിരികെയെത്തി തിരിച്ചറിയല്‍ കാര്‍ഡ് അവരെ കാണിച്ചിട്ട് കടന്നുപോകുന്ന കാഴ്ച പതിവായിരുന്നു.

‘ഫോര്‍ജ് യുവര്‍ ഫ്യൂച്ചറി’ന്റെ ഭാഷാന്തരകാലത്ത് ഒരുപാടു പുതിയ അറിവുകള്‍ എനിക്കു കിട്ടി. വായിക്കുമ്പോഴും പഠിക്കുമ്പോഴും വീണ്ടും വീണ്ടും എന്നെ അദ്ദേഹം പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. അഗ്നിച്ചിറകുകള്‍ വായിച്ച് ഹരംകൊണ്ട കോളജ്‌വിദ്യാര്‍ത്ഥിനിയില്‍നിന്നും ജീവിതപ്രാരാബ്ദങ്ങളിലേക്ക്, ഔദ്യോഗിക ജീവിതക്ലേശങ്ങളിലേക്ക്, ആത്മീയതലത്തിലെ വേറിട്ട കാഴ്ചകളിലേക്ക് എന്റെ കണ്ണും മനസ്സും എത്തിച്ചേര്‍ന്നപ്പോള്‍ വിചാരധാരകള്‍ക്ക് ഊര്‍ജ്ജം പകരുവാന്‍ കലാമിന്റെ വാക്കുകളുണ്ടായി. അഞ്ചുനേരം നിസ്‌കരിച്ചിരുന്ന, പൂര്‍ണ്ണചന്ദ്രനുള്ള രാത്രിയിലെ പ്രഭചൊരിയുന്ന ഓര്‍മ്മയായാണ് കലാംജി അമ്മയെ രേഖപ്പെടുത്തിയിരിക്കുന്നത്. രാമേശ്വരത്തു ജനിച്ച്, ഇന്ത്യന്‍ രാഷ്ട്രപതിയായുയര്‍ന്ന, ചക്രവാളങ്ങള്‍ക്കപ്പുറത്ത് സങ്കേതങ്ങളെയെത്തിച്ച് ജനങ്ങള്‍ക്കുവേണ്ടി ശാസ്ത്രം ഉപയോഗിക്കുവാനായി മാതൃകകള്‍ സൃഷ്ടിച്ചുവച്ച, കലാംജിക്ക് നമസ്‌കാരമര്‍പ്പിച്ച്, സ്‌നേഹത്തിന്റെയും കരുണയുടെയും ദൈവികതയുടെയും പ്രതീകമായിരുന്ന കലാമിന്റെ അമ്മ ആഷിയമ്മയോട് ഇന്ത്യന്‍ ജനതയുടെ, ലോകജനതതിയുടെ കടപ്പാടര്‍പ്പിച്ച് സ്വപ്നം കാണുവാനുള്ള ഊര്‍ജ്ജം സംഭരിച്ച് ഞാനെന്റെ പാഥേയവുമായി മുന്നോട്ടു പോകട്ടെ…!

കലാമിന്റെ മറ്റ് പുസ്തകങ്ങളെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്‌ചെയ്യുക

Comments are closed.