DCBOOKS
Malayalam News Literature Website

ആരോടും കാലുഷ്യമില്ലാതെ, എല്ലാവരെയും സ്‌നേഹിച്ച്

കലൂര്‍ ഡെന്നീസിന്റെ ‘നിറഭേദങ്ങള്‍’ എന്ന പുസ്തകത്തിന് ടി പത്മനാഭന്‍ എഴുതിയ അവതാരികയില്‍ നിന്നും

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുകയും വീണ്ടും വീണ്ടും കാണുകയും ചെയ്യുന്ന കുറെ സിനിമകള്‍ക്ക് ദൃശ്യ ഭാഷയൊരുക്കിയ എഴുത്തുകാരനാണ് കലൂര്‍ ഡെന്നീസ്. അദ്ദേഹത്തിന്റെ ആത്മകഥയായ നിറഭേദങ്ങള്‍ മാധ്യമം വാരികയില്‍ സീരിയലൈസ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഏറെ താത്്പര്യത്തോടെയാണ് ഞാന്‍ വായിക്കാന്‍ തുടങ്ങിയത്. ഡെന്നീസിന്റെ എഴുത്തിന്റെ ഭംഗിയെയും ശക്തിയെയും കുറിച്ച് ഞാന്‍പ്രത്യേകം പറയേണ്ടതില്ല. പക്ഷേ, ഇതിനുമപ്പുറത്തായി എന്നെ ഏറെ ആകര്‍ഷിച്ചത് അദേഹത്തിന്റെ തീര്‍ത്തും നിഷ്പക്ഷവും സത്യസന്ധവുമായ നിരീക്ഷണങ്ങളെയായിരുന്നു. താല്‍ക്കാലിക ലാഭത്തിനോ ഏതെങ്കിലും കാര്യസാദ്ധ്യത്തിനു വേണ്ടിയോ അല്ലാത്ത നിരീക്ഷണങ്ങള്‍ വ്യക്തികളെക്കുറിച്ച്, സംഭവങ്ങളെക്കുറിച്ച്…സിനിമകള്‍ കാണുകയും അവയെക്കുറിച്ച് മനസ്സില്‍ എന്റേതായ അളവുകോലുകള്‍ വെച്ചു വിലയിരുത്തലുകള്‍ നടത്തുകയും ചെയ്യുന്ന ഒരുവനാണ് ഞാന്‍. എഴുതാനൊന്നും പോകാറില്ല. ഇഷ്ടപ്പെട്ട സിനിമകള്‍ വീണ്ടും വീണ്ടും കാണുകയും ചെയ്യും. മംഗലാപുരത്ത് പഠിച്ചിരുന്ന Textകാലത്ത് സ്ഥിരമായി ഇംഗ്ലിഷ് സിനിമകള്‍ കാണാനും തുടങ്ങി. അവിടെ ഇംഗ്ലിഷ് സിനിമ മാത്രം പ്രദര്‍ശിപ്പിക്കുന്ന ഒരു തിയേറ്ററുണ്ടായിരുന്നു. ഒരിക്കല്‍ അവിടെ ഞാന്‍ ഒരു സിനിമ കാണാന്‍ പോയി എറോള്‍ ഫ്‌ലിന്‍ അഭിനയിച്ച ‘അഡ്വെഞ്ചേഴ്‌സ് ഓഫ് ഡോണ്‍ ജുവാന്‍’. സിനിമ ഏറെ ഇഷ്ടപ്പെട്ട ഞാന്‍ മാറ്റിനി ഷോ കഴിഞ്ഞ ശേഷം വീണ്ടും ടിക്കറ്റെടുത്ത് ആ സിനിമയുടെ ഫസ്റ്റ് ഷോ കൂടി കണ്ടു!

കാലമേറെ കഴിഞ്ഞിട്ടും ഇപ്പൊഴും ആ സിനിമയുടെ അവസാനത്തില്‍ എറോള്‍ ഫ്‌ലിന്‍ ചോദിക്കുന്ന ചോദ്യം എന്റെ മനസ്സില്‍ മുഴങ്ങുന്നു.

“”Which is the way to Barcelona?”

ഞാന്‍ ഇത്രയും എഴുതിയത് നല്ലതെന്ന് ഞാന്‍ കരുതുന്ന സിനിമകളോടുള്ള എന്റെ ‘കമ്പം’ വ്യക്തമാക്കാന്‍ മാത്രമാണ്.

ഏതാനും കൊല്ലങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ടി.വി.യില്‍ ഒരു മലയാള സിനിമ കണ്ടു. വലിയ താരനിരയൊന്നുമുള്ള സിനിമയായിരുന്നില്ല. സിനിമയുടെ പേര് ‘വെല്‍ക്കം ടു കൊടൈക്കനാല്‍’. ഇതിലെ പ്രധാന കഥാപാത്രത്തിന്റെ–നായകന്റെതന്നെ –റോള്‍ ചെയ്തത് ജഗദീഷായിരുന്നു. മലയാള സിനിമ കാണുന്നവര്‍ക്കൊക്കെ ജഗദീഷിനെ അറിയാം. വളിപ്പ് വേഷങ്ങള്‍ ചെയ്യുന്ന ഒരു സാധാരണ കൊമേഡിയന്‍. പക്ഷേ, ഈ സിനിമയില്‍ അദേഹത്തിന്റേത് ഒരു പതിവ് കൊമേഡിയന്റെ റോളായിരുന്നില്ല. മഹാവ്യഥകള്‍ ഉള്ളിലൊതുക്കി പുറമേ കളിയും ചിരിയും സംഗീതവുമൊക്കെയായി നടക്കുന്ന ഒരു മ്യൂസിക് ടീച്ചറുടെ റോളായിരുന്നു അദ്ദേഹത്തിേന്റത്. ഏത് നിമിഷവും മരണത്തിലവസാനിക്കുന്ന ഒരു മാറാരോഗത്തിന് അടിമയുമാണ് അയാള്‍. ഇതിന് പുറമേ വേറെയും വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ട്. പക്ഷേ, ഇവയൊന്നുംതന്നെ ആരുമായും അയാള്‍ പങ്കുവെക്കുന്നില്ല.

ഈ സിനിമയുടെ അവസാന രംഗം ജഗദീഷ് ആംബുലന്‍സില്‍ കയറാന്‍ പോകുമ്പോള്‍ അദേഹത്തിന്റെ സഹപ്രവര്‍ത്തകരും പരിചയക്കാരുമെല്ലാംകൂടി അദ്ദേഹം വേഗം സുഖം പ്രാപിച്ച് തിരിച്ചു വരട്ടെ എന്നാശംസിക്കുന്ന രംഗം ഏത് നിമിഷവും അതിഘോരമായ ഒരു വികാരവര്‍ഷം തിമിര്‍ത്തു പെയ്യും, പക്ഷേ, പെയ്യുന്നില്ല. ഈ സിനിമ ഒന്നിലധികം
തവണ കാണുകയും അതിനെപ്പറ്റി ഏറെ ചിന്തിക്കുകയും ചെയ്തപ്പോള്‍ ഇങ്ങനെയൊരു ‘തീം’ ഞാന്‍ ഇത് വരെ വലയാള സിനിമയിലോ കഥാ സാഹിത്യത്തിലോ കണ്ടിട്ടില്ലല്ലോ എന്നോര്‍ത്തു പോയി. ഇത് കൊണ്ടാണ് ഞാന്‍ ഈ സിനിമയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയ ഡെന്നീസിനോട് ഇതിന്റെ കഥയ്ക്ക് വല്ല ഇംഗ്ലിഷ് സിനിമയോടോ നോവലിനോടോ കടപ്പാടുണ്ടേണ്ടാ എന്ന് ചോദിച്ചത്. ഡെന്നീസുമായി വ്യക്തിപരമായ ഒരു പരിചയവും അതുവരെ എനിക്കില്ലായിരുന്നു. അതുകൊണ്ട് മാധ്യമം വാരികയുടെ പത്രാധിപരായ ബിജുരാജില്‍നിന്ന് ഡെന്നീസിന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയാണ് വിളിച്ചത്. ഡെന്നീസ് അപ്പോള്‍ എന്നോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.

”സാറിന്റെ സംശയം എനിക്ക് മനസ്സിലാകുന്നുണ്ട്. ഈ സിനിമയുടെ കഥ എന്റേതല്ല; സംവിധായകരായ അനില്‍ ബാബുമാരുടേതുമല്ല, അത് എ.കെ. സാജന്റേതാണ്. പിന്നെ, സാറിന്റെ സംശയം നമ്മുടെ മലയാള സിനിമയല്ലേ, ഇങ്ങനെയൊക്കെ ഭവിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.”

വളരെ അര്‍ത്ഥഗര്‍ഭമായിരുന്നു ആ ചിരി, അതോടൊപ്പം ഏറെ നിഷ്‌കളങ്കവും.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.