DCBOOKS
Malayalam News Literature Website

നിപ്പ-ഓഖി പ്രതിരോധ മതിലുകള്‍

കെ.എല്‍.എഫിന്റെ മൂന്നാം ദിനം അല്പം ഓടിക്കിതച്ചാണ് ഞാന്‍ ‘അക്ഷരം’ എന്ന രണ്ടാം നമ്പര്‍ വേദിയില്‍ എത്തിയത്. ‘നിപ്പയും പ്രളയവും’ എന്ന വിഷയത്തില്‍ മന്ത്രിമാരായ കെ.കെ ശൈലജ ടീച്ചറുടെയും ജെ. മെഴ്‌സികുട്ടിയമ്മയുടെയും സംവാദം നേരത്തെ തുടങ്ങിയിട്ടുണ്ടായിരുന്നു. മനില സി.മോഹനായിരുന്നു മോഡറേറ്റര്‍. 2017 നവംബറില്‍ കേരളജനതയെ ഒന്നടങ്കം ഭീതിയില്‍ ആഴ്ത്തിയ ഓഖിയും, 2018-ല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി പതിനാറോളം മനുഷ്യജീവനുകളെ അപഹരിച്ച നിപ്പ അണുബാധയുമായിരുന്നു പ്രധാന ചര്‍ച്ചാവിഷയം.

നിപ്പ പ്രതിരോധം

എല്ലാ മനുഷ്യനും സ്വയംസേനാപതികളായ ചെറുത്തുനില്പായിരുന്നു നിപ്പ അതിജീവനത്തിനു പിന്നിലെന്ന് ശൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു. അണുബാധയാണെന്നു തുറന്നു പറഞ്ഞാല്‍ ജനങ്ങള്‍ പരിഭ്രമിക്കും, എന്നാല്‍ പറയാതെയിരിക്കാനും വയ്യ. ഉടനെതന്നെ കോഴിക്കോട് ഐസൊലേഷന്‍ വാര്‍ഡ് തുറന്നു. കേന്ദ്രത്തില്‍ നിന്നും സഹായത്തിനു ടീമെത്തി, അവരെയും കേരള ടീമിനെയും ഏകോപിച്ചു. ഭീതി പരത്താതെ വാര്‍ത്തയും അടിയന്തരമായ നിര്‍ദേശങ്ങളും ജനങ്ങളിലേക്ക് എത്തിക്കാന്‍ കോഴിക്കോട്ടെ മാധ്യമങ്ങള്‍ അഭിനന്ദനാര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ മലപ്പുറത്ത് അണുബാധയുള്ളതായി നിരീക്ഷിച്ചു. ഉടനെ തന്നെ മലപ്പുറത്തും കണ്‍ട്രോള്‍ റൂമും യൂണിറ്റും തുടങ്ങി.

മഹാരാഷ്ട്രയില്‍ നിന്ന് മരുന്നുകള്‍ നാട്ടിലെത്തിച്ചു. ഓസ്‌ട്രേലിയയില്‍ പുതിയതായി വികസിപ്പിച്ചെടുത്ത മരുന്ന് നിയമത്തിന്റെ നൂലാമാലകള്‍ പരിഹരിച്ച് അടിയന്തരമായി എയര്‍ലിഫ്റ്റ് ചെയ്തു കോഴിക്കോടെത്തിച്ചു. എന്നാല്‍ ഇത് ഉപയോഗിക്കേണ്ടി വന്നില്ല. അതിനോടകം തന്നെ അണുബാധ നിയന്ത്രിക്കാന്‍ സാധിച്ചിരുന്നു. 18 പേരില്‍ നിരീക്ഷിച്ച അണുബാധ 16 ജീവനുകള്‍ കവര്‍ന്നു, എന്നാല്‍ ആ രണ്ടു പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാടു സന്തോഷവും സംതൃപ്തിയുമുണ്ട്. അമേരിക്കയില്‍ നിന്നുപോലും ഈ ചെറുത്തുനില്പിന് അഭിനന്ദനങ്ങളെത്തി.

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ മഹത്തരമായ ഒരു പ്രവര്‍ത്തിയും കൂട്ടായ്മയുടെ ഫലവുമായൊക്കെ തോന്നുന്നുണ്ടെങ്കിലും, അന്ന് ഭയന്ന് നില്ക്കാന്‍ പറ്റിയില്ല എന്നതാണ് സത്യം. അണുബാധ പടരാന്‍ സാധ്യതയുള്ളതിനാല്‍ വൈദ്യരംഗത്ത് നിന്നുള്ളവര്‍ക്കല്ലാതെ മറ്റാരെയും സഹായത്തിനായി വിളിക്കാനും പറ്റുമായിരുന്നില്ല. ഒരു ചെറിയ ഉദാഹരണം പറയുകയാണെങ്കില്‍ ഗള്‍ഫില്‍ നിന്ന് ഒരു കോടിയോളം രൂപയുടെ പ്രതിരോധ ഉപകരണങ്ങളെത്തി. എന്നാല്‍ ഇത് ഉപയോഗിക്കാനും നീക്കം ചെയ്യാനും പ്രത്യേകം പരിശീലനം ആവശ്യമായി വന്നു.

പ്രധാനമായും മൂന്ന് ആശങ്കകളാണ് ടീച്ചര്‍ക്കും സംഘത്തിനും നേരിടേണ്ടി വന്നത്. ഒന്നാമതായി ചെങ്ങല്ലൂരില്‍ നിന്നുള്ള ജനങ്ങളുടെ പലായനം. അണുബാധയേല്ക്കും എന്ന് പരിഭ്രാന്തരായ ജനങ്ങള്‍ കൂട്ടത്തോടെ ആ ഗ്രാമം വിടുകയാണുണ്ടായത്. എന്നാല്‍ ടീച്ചറും സംഘവും നേരിട്ട് ആ ഗ്രാമത്തിലെത്തുകയും ജനങ്ങളുമായി സംസാരിക്കുകയും അവരുടെ തെറ്റായ മുന്‍വിധികള്‍ തിരുത്തുകയും ചെയ്തപ്പോള്‍ ഇതിനൊരു ആശ്വാസമുണ്ടായി. രോഗിയുടെ കണ്ണില്‍ നോക്കിയാല്‍ രോഗം പടരുമോ എന്ന് ഭയന്ന നാട്ടുകാരോട് ക്ഷമയോടെ വവ്വാല് കടിച്ച പഴങ്ങള്‍ കഴിക്കരുത് എന്നും, രോഗിയുടെ ചുമ തുമ്മല്‍ എന്നിവയില്‍ നിന്നും ഒരു മീറ്റര്‍ അകലം പാലിക്കണമെന്നും, മാസ്‌ക് ഉപയോഗിച്ചാല്‍ മതിയെന്നുമുള്ള നിര്‍ദേശങ്ങള്‍ നല്‍കി.

ഇതിനിടയില്‍ രോഗബാധ്യതയുള്ള സ്ഥലങ്ങളില്‍ നിരന്തരമായി പോവുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ടീച്ചറെയും സംഘത്തെയും പലരും ആശങ്കയോടെ വീക്ഷിക്കാന്‍ തുടങ്ങി. ‘ലിനിയെ (നിപ്പയില്‍ മരണപ്പെട്ട മലയാളി നേഴ്‌സ്) നമുക്ക് രക്ഷിക്കാനായില്ല. ഇതിനിടയില്‍ സംഘത്തിലെ ജയശ്രീക്ക് പനി വന്നു. ഇത് ആശങ്കക്ക് കാരണമായി. അതുപോലെ ഡോക്ടര്‍ അനൂപ് നിരന്തരമായി രോഗികള്‍ക്കൊപ്പമായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യകാര്യത്തിലും ഞങ്ങള്‍ അതീവ ശ്രദ്ധാലുക്കളായിരുന്നു.’

മൂന്നാമതായി നേരിടേണ്ടി വന്ന ആശങ്ക മരണപ്പെട്ട രോഗികളുടെ മൃതശരീരങ്ങളുടെ സംസ്‌കരണമായിരുന്നു. വേദനാജനകമെങ്കിലും മൃതശരീരങ്ങള്‍ വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കാന്‍ സാധിക്കുമായിരുന്നില്ല. വൈദ്യുതി ഉപയോഗിച്ച് ശരീരങ്ങള്‍ ദഹിപ്പിച്ചുകൊണ്ടുള്ള സംസ്‌കരണത്തിന് സഹായിച്ചത് ഡോ.ഗോപകുമാറാണ്. ഇതിനടയില്‍ ഒരു മുസ്‌ലിം മരിച്ചപ്പോള്‍ ഈ മാര്‍ഗം സ്വീകരിക്കാന്‍ പറ്റാതെയായി. അപ്പോള്‍ ‘ഡീപ് ബറിയല്‍’ എന്ന മാര്‍ഗ്ഗമാണുപയോഗിച്ചത്. ആഴത്തിലുള്ള കുഴിയില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് ശരീരം മറവുചെയ്യുന്ന പ്രക്രിയ. എന്നാല്‍ ഇതിനു മുതിര്‍ന്നപ്പോള്‍ ജനങ്ങളില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. അന്ന് ജനങ്ങളെ കണ്ടു സംസാരിക്കുകയും മറവു ചെയ്യാനുള്ള എല്ലാ സഹായവും ചെയ്തത് കളക്ടര്‍ യു.വി ജോസാണ്. അദ്ദേഹത്തെയും ടീച്ചര്‍ നന്ദിയോടെ ഓര്‍ത്തു.

ഇന്ന് ലോകാരോഗ്യസംഘടനകളുടെയല്ലാം വേദികളില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്നു. ഡോ.സരിതയെ ഒരു പേപ്പര്‍ അവതരിപ്പിക്കാന്‍ ക്ഷണിക്കുകയുണ്ടായി. ഇതെല്ലാം ലോകത്തിനു മാതൃകയാകുന്ന രീതിയിലുള്ള നമ്മുടെ കൂട്ടായപരിശ്രമങ്ങളുടെ വിജയമാണെന്നാണ് ടീച്ചര്‍ പറഞ്ഞു.

ഓഖി യുദ്ധം

2017 നവംബര്‍ മാസത്തില്‍ കേരളത്തെ തീരദേശ ഭാഗങ്ങളെ ആക്രമിച്ച ഓഖി ചുഴലിക്കാറ്റിനെ കുറിച്ചും ആ സമയത്തു കൈകൊണ്ട നടപടി ക്രമങ്ങളെ കുറിച്ചുമായിരുന്നു മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ സംസാരിച്ചത്. നന്നായി സംസാരിച്ചു നിര്‍മല സീതാറാം മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും കൈയടി കൊണ്ട് പോയില്ലേ എന്ന മനിലയുടെ ചോദ്യത്തോടെയാണ് ഈ സംഭാഷണം തുടങ്ങിയത്. തങ്ങളെ ഏല്പിച്ചു തന്നിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ ചെയ്തിതീര്‍ക്കുന്നതിലേ ശ്രദ്ധ ചെലുത്താറുള്ളുവെന്നും അത് ജനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടോ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ആശങ്കപ്പെടാറില്ലെന്നുമാണ് മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞത്.

ഉള്‍ക്കടലില്‍ 70 നോട്ടിക്കല്‍ മൈല്‍ അകലെ നടന്ന രക്ഷാപ്രവര്‍ത്തനങ്ങളെ കുറിച്ച് കരയിലിരിക്കുന്ന ജനങ്ങളെ അറിയിക്കുന്നതില്‍ സ്വാഭാവികമായും കാലതാമസവും സാങ്കേതികതടസങ്ങളും നേരിട്ടു. കടലില്‍ നിന്ന് രക്ഷിച്ച മത്സ്യത്തൊഴിലാളികളെയുംകൊണ്ട് ആശുപത്രികളിലേക്ക് പോകുന്ന ആംബുലന്‍സുകളെ പോലും നാട്ടുകാര്‍ തടഞ്ഞു. അതുപോലെ തന്നെ രക്ഷിക്കാന്‍ ചെന്നവരുടെ കൂടെ ബോട്ട് ഉപേക്ഷിച്ചു ചെല്ലാന്‍ മത്സ്യത്തൊഴിലാളികളും വിസമ്മതിച്ചു. ഇത്തരം പ്രശ്‌നങ്ങളുടെ പിന്നാലെ പായുന്ന തിരക്കില്‍, നിര്‍മ്മലയുടെ വാക്കുകളെ വൈകാരികമായി കണ്ടില്ല, അങ്ങനെ പ്രതികരിച്ചതുമില്ല. നിപ്പയുടെ കാര്യത്തില്‍ കഴിഞ്ഞതുപോലെ എന്തേ മിനിസ്റ്റര്‍ക്കു ജനങ്ങളെ നേരിട്ടുകണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ കഴിഞ്ഞില്ല എന്ന സംശയങ്ങള്‍ സ്വാഭാവികമായി എന്റെ മനസ്സില്‍ ഉയര്‍ന്നു.

ഇവയെക്കൂടാതെ ലിംഗനീതി, ശബരിമല വിഷയം എന്നിവയെ കുറിച്ചും മന്ത്രിമാര്‍ സംസാരിച്ചു. അക്രമശക്തമാകുന്ന സ്ത്രീകളെ വിമര്‍ശിക്കാന്‍ വരുന്നവര്‍, അനീതിയ്‌ക്കെതിരെയുള്ള സ്ത്രീകളുടെ പ്രതിരോധനത്തെ അഭിനന്ദിക്കാനും പഠിക്കണമെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.

നിപ്പയുമായി ബന്ധപെട്ടു ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിവാദം നിപ്പയുടെ സമയത്തു താത്കാലികമായി പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥരെ സ്ഥിരപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെയും ജനങ്ങളുടെയും പിന്തുണ ലഭിക്കാനായി ഏതാനും ഉദ്യോഗസ്ഥര്‍ സാഹിത്യോത്സവത്തിന്റെ വേദിയിലും സംഘടിക്കുകയുണ്ടായി. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ശൈലജ ടീച്ചര്‍ പ്രതികരിച്ചതിങ്ങനെ: നിപ്പയുടെ സമയത്തു സഹായിച്ച പുതിയ അധികൃതരെ നമ്മള്‍ ആദരിക്കുകയുണ്ടായി. പക്ഷെ അവരെ സ്ഥിരപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്. അതിനെതിരെ സുപ്രീം കോടതിയുടെ ഒരു വിധിയുണ്ട്. താല്കാലികമായിട്ടെടുക്കുന്ന തൊഴിലാളികളെ 179 ദിവസങ്ങള്‍ക്കു ശേഷം പിരിച്ചുവിട്ട് പുതിയ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് വിധി നിഷ്‌കര്‍ഷിക്കുന്നത്. എന്നിരുന്നാലും മെഡിക്കല്‍ കോളെജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന 45 പേരെയെങ്കിലും സ്ഥിരപ്പെടുത്താന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.

തയ്യാറാക്കിയത്: ജോയ്‌സ് ജോബ് (കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒഫീഷ്യല്‍ ബ്ലോഗര്‍)

Comments are closed.