DCBOOKS
Malayalam News Literature Website

‘നേവ ഹോസ്പിറ്റൽ’ ; രോഗിയായ ഒരു ഡോക്ടറുടെ കഥ

ഡോ. ഉമറുൽ ഫാറൂഖിന്റെ ‘നേവ ഹോസ്പിറ്റൽ’ എന്ന നോവലിന്  അൻഷിദ് വയനാട് എഴുതിയ വായനാനുഭവം 

പോപ്പുലർ ഫിക്ഷന്റെ ശൈലിയിലുള്ള ലളിതമായ ഭാഷയിലും ആഖ്യാന രീതിയിലും എഴുതിയ ഗൗരവസാഹിത്യം.  അതാണ്‌ നേവ ഹോസ്പിറ്റൽ എന്ന നോവൽ.

പ്രശസ്ത റഷ്യൻ നോവലിസ്റ്റ് ഫയദോർ ദസ്തയേവ്സ്കി  ഈ നോവലിലെ പ്രധാന കഥാപാത്രമാണ്. ദസ്തയെവ്സ്കിയെ ഈ കുറിപ്പുകാരൻ അടുത്തറിയുന്നത് പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവലിലൂടെയാണ്. ഈ വായനയിൽ നിന്ന് , ‘കഥാപാത്രങ്ങളെക്കാൾ ആഴമുള്ള ജീവിതം ജീവിച്ച കഥാകാരൻ’ എന്ന ഒരു ധാരണ അദ്ദേഹത്തെക്കുറിച്ച് എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു.  അദ്ദേഹത്തിന്റെ കൃതികളായകുറ്റവും ശിക്ഷയും’ , ‘ കാരമസേവ് സഹോദരന്മാർ’ എന്നിവ വായിക്കാൻ തീരുമാനിച്ചു. അങ്ങനെയിരിക്കെയാണ് നാലു മാസങ്ങൾക്കു മുൻപ്  ഡി സി ബുക്സ് പുറത്തിറക്കിയ ഡോ. ഉമറുൽ ഫാറൂഖ് എഴുതിയ നേവ ഹോസ്പിറ്റൽ എന്ന നോവൽ കയ്യിലെത്തുന്നത്.

രോഗിയായ ഒരു ഡോക്ടറുടെ കഥയാണ് നോവൽ ചർച്ചയാക്കുന്നത്, എന്നാൽ റഷ്യൻ എഴുത്തുകാരൻ ദസ്തയേവ്സ്‌കി നോവലിലെ കഥാപാത്രമാണ് താനും. ഒറ്റ നോട്ടത്തിൽ തന്നെ വിചിത്രമെന്ന് തോന്നുന്ന ഈ സംയുക്തം എങ്ങനെ ചുരുളഴിയുമെന്ന കൗതുകം പുസ്തകം വായിക്കാൻ പ്രേരിപ്പിച്ചു. ഒറ്റവാക്കിൽ പറയുകയാണെങ്കിൽ വളരെ മനോഹരമായ രചന.

ആശുപത്രിയും, രോഗികളും,  മെഡിക്കൽ ലാബും, ഡോക്ടർമാരുമെല്ലാം പ്രമേയമായി വരുന്ന രണ്ട് നോവലുകളാണ് Textഈ അടുത്തകാലത്തായി വായിച്ചത്.  അവ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ‘മരുന്നും‘ ഡോ.രജത് എഴുതിയ ‘ബോഡിലാബും’  ആയിരുന്നു. ഓരോന്നും വ്യത്യസ്ത വായനാനുഭവങ്ങൾ ആയിരുന്നു.

നേവ ഹോസ്പിറ്റലും വ്യത്യസ്തവും ആസ്വാദ്യകരവുമായ അനുഭവമാണ് സമ്മാനിച്ചതെന്ന് നിസ്സംശയം പറയാം.

ഓ.സി.ഡി രോഗത്തെക്കുറിച്ച്  നമ്മളിൽ അധികംപേർക്കും അറിയുമായിരിക്കാം. എന്നാൽ ആ രോഗം ഒരു ഡോക്ടറുടെ വ്യക്തിജീവിതത്തെയും കുടുംബജീവിതത്തെയും ഏതു രൂപത്തിലാണ് ബാധിച്ചതെന്ന് നമുക്കീ നോവലിലൂടെ വായിച്ചറിയാം.  രോഗത്തിന്റെ തീവ്രതയും ചില സമയങ്ങളിലെ അവസ്ഥകളുമെല്ലാം എത്ര തീക്ഷണമാണെന്ന് നമുക്ക് ഈ വായനയിലൂടെ കൂടുതൽ വ്യക്തമാകുന്നു.

രോഗാവസ്ഥയെക്കുറിച്ച് ഒരു ഡോക്ടർ എന്ന നിലയിൽ സമൂഹത്തിന് വ്യക്തമായ അവബോധമാണ് ഈ നോവലിലൂടെ എഴുത്തുകാരൻ നൽകുന്നത്. ഡോക്ടർ അലിയാണ് ഇതിലെ മുഖ്യ കഥാപാത്രം. ഒപ്പം ഒരുപിടി വേറിട്ട കഥാപാത്രങ്ങളും കടന്നുവരുന്നുണ്ട്. അവരിൽ വ്യത്യസ്ത പരാധീനതകൾ അനുഭവിക്കുന്ന രോഗികളുമുണ്ട്.  അവരുടെയെല്ലാം ജീവിതവും അവസ്ഥകളും നമുക്ക് വായിക്കാൻ സാധിക്കുന്നു.

ആമുഖത്തിൽ എഴുത്തുകാരൻ ഈ പുസ്തകത്തെ  ദസ്തയേവ്സ്കിക്കുള്ള ആദരാഞ്ജലിയായി കാണുന്നു എന്ന് പറയുന്നുണ്ട് . കവർചിത്രത്തിലേതു പോലെ തന്നെ അദ്ദേഹം നോവലിലെ പ്രധാന കഥാപാത്രമായി കടന്നുവരുന്നുണ്ട്.  അത് നമ്മെ  ആകാംക്ഷഭരിതരാക്കുന്നു.  ഡോക്ടർ അലിയും ഫയദോറും അവരുടെ പരിഭവങ്ങളും മനോവ്യവഹാരങ്ങളുമെല്ലാം പരസ്പരം കൈമാറുന്നു.

നേവ തടാകക്കരയിലെ  അവരുടെ സംഭാഷണങ്ങളും ചർച്ചകളും വായനക്കാർക്ക് ദസ്തയേവ്സ്കിയെ കൂടുതൽ  അറിയാനും വായിക്കാനും പ്രചോദനം നൽകുന്നു.  അതുപോലെ അദ്ദേഹത്തിന്റെ പ്രസിദ്ധമായ കുറ്റവും ശിക്ഷയും,  കാരമസേവ സഹോദരന്മാർ തുടങ്ങിയ നോവലുകളും അദ്ദേഹം കഥാപാത്രമായി വരുന്ന വ്യത്യസ്ത രചനകളും വിവർത്തന കൃതികളുമെല്ലാം നോവലിൽ ചർച്ചയാകുന്നു. അദ്ദേഹത്തിന്റെ ആരാധകർ തീർച്ചയായും പുസ്തകം വായിക്കേണ്ടതാണ്.

അതുപോലെ, ദസ്തയേവ്സ്കിക്കും ആശുപത്രി ജീവിതങ്ങൾക്കും പുറമേ വായനയും എഴുത്തുകാരും വേറെത്തന്നെ ഈ നോവലിന്റെ പ്രതിപാദ്യ വിഷയമാണ്.ഓ. സി.ഡി എന്ന രോഗാവസ്ഥയുടെ പശ്ചാത്തലത്തിൽ വായനയെ മനോഹരമായി ആവിഷ്കരിക്കുകയും അസുഖത്തിന്റെ തീവ്രതയുമായും വിവിധ ഘട്ടങ്ങളുമായും ബന്ധപ്പെടുത്തുകയും ചെയ്യുന്നു.പ്രസിദ്ധ കൊളംബിയൻ സാഹിത്യകാരനും നോബൽ സമ്മാന ജേതാവുമായ ഗബ്രിയേൽ ഗാർസിയാ മാർക്വെസിന്റെ മാസ്റ്റർ പീസായ  ‘ഏകാന്തതയുടെ നൂറു വർഷങ്ങൾ ‘,  ചിന്തകനും എഴുത്തുകാരനുമായ ആനന്ദിന്റെ ‘ആൾക്കൂട്ടം’,  ‘മരുഭൂമികൾ ഉണ്ടാകുന്നത്’   എം. പി.നാരായണ പിള്ളയുടെ ‘പരിണാമം’ തുടങ്ങിയ വ്യത്യസ്ത നോവലുകളും അവയിലെ കഥാപാത്രങ്ങളും എഴുത്തുകാരും കവിതാശകലങ്ങളുമെല്ലാം നോവലിൽ, കഥയുടെ ഒഴുക്കിനും കഥാപാത്രങ്ങളുടെ മനോവ്യാപാരത്തിനുമനുസരിച്ച് അങ്ങിങ്ങായി പരാമർശിക്കുന്നു. വായനയെയും പുസ്തകങ്ങളെയും ഇഷ്ടപ്പെടുന്നവർക്ക് ഇത് കൂടുതൽ നവ്യമായ അനുഭൂതി നൽകുന്നു.

മനോഹരമായ നല്ല ഒഴുക്കുള്ള ഭാഷ. ഒരുപാട് ജീവിതങ്ങൾ നോവലിലൂടെ വായനക്കാരിലേക്ക് കടന്നു വരുന്നു. ഇത് എഴുത്തുകാരന്റെ ആദ്യരചനയാണെന്ന് പറയാൻ സാധ്യമല്ലാത്ത വിധം ഭംഗിയാക്കിയിരിക്കുന്നു.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.