DCBOOKS
Malayalam News Literature Website

‘നേർപാതി’ പ്രണയത്തിന്റെ വിരൽ പിടിച്ചുള്ള ഒരന്വേഷണം

സുധ തെക്കേമഠത്തിന്റെ ‘നേര്‍പാതി’ എന്ന നോവലിന് പ്രിയാസുനില്‍ എഴുതിയ വായനാനുഭവം

നിന്നെ മറ്റൊരാളായി കാണാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല ലോറാ. നിന്റെ ചിന്തകളിലും ചലനങ്ങളിലുമെല്ലാം നിഴലായി നില്‍ക്കുന്നത് എന്റെ അംശമാണ്. എന്റെ മനസ്സിന്റെയും ശരീരത്തിന്റെയും നേര്‍പാതിയാണ് നീ. വേറിട്ടൊരു സ്ഥാനവും ചിന്തയും നീ ആഗ്രഹിക്കുന്നുണ്ടോ ?

നേര്‍പാതിയെന്ന സ്ഥാനം നല്‍കിയിട്ടും ലോറ അറിയാത്ത രഹസ്യങ്ങള്‍ ശന്തനുവിനുണ്ടായി. അവള്‍ വിലക്കുമെന്ന് ഭയന്നാവാം ലോറയോട് പറയാത്ത യാത്രകളിലൂടെയും അനുഭവങ്ങളിലൂടെയും അവന്‍ കടന്നു പോയി. തന്റെ പ്രണയം നഷ്ടമായ വഴികളിലൂടെ അതിന്റെ കാരണങ്ങളിലൂടെ ലോറ നടത്തുന്ന സാഹസിക യാത്രയാണ് സുധതെക്കേമഠത്തിന്റെ നേര്‍പാതിയെന്ന നോവല്‍.

വരകളും വര്‍ണങ്ങളും കൊണ്ട് സമ്പന്നമായ പ്രപഞ്ചത്തിലെ , മനോഹരകാഴ്ചകളെയെല്ലാം തന്റെ കാന്‍വാസിലേക്ക് പകര്‍ത്താന്‍ മോഹിച്ച ശന്തനു. അവന്റെ ഇഷ്ടങ്ങളെ സ്വന്തം ഇഷ്ടങ്ങളായി സ്വീകരിച്ച പ്രണയിനി ലോറ. എന്നിട്ടും പ്രണയം അതിന്റെ വസന്തത്തിലേക്ക് കടക്കും മുന്‍പ് ലോറയ്ക്ക് ശന്തനുവിനെ നഷ്ടമാവുന്നു. അവനൊരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന വിശ്വാസത്തെ പിന്‍ബലമാക്കിയാണ് അവന്‍  പോയ വഴിയെ അവള്‍ സഞ്ചരിക്കുന്നത്.

‘എത്ര അകലേക്കു പോയാലും വിരഹം തോന്നാത്ത അത്രയും ആഴത്തിലല്ലേ നമ്മുടെ പ്രണയം’ ശന്തനുവിന്റെ വാക്കുകള്‍ പരമാര്‍ത്ഥമാണെന്ന് ഓരോ സന്ദര്‍ഭത്തിലും ലോറ തിരിച്ചറിയുന്നു. ഈ ഭൂമിയില്‍ നിന്നുതന്നെ അകന്നുപോയിട്ടും അവന്റെ സാന്നിദ്ധ്യം പലപ്പോഴും അനുഭവപ്പെട്ട് ശന്തനു അവിടെയെവിടെയോ ഇല്ലേ എന്ന സംശയത്തില്‍ ഉഴറുന്നുണ്ടവള്‍. അവന്‍ താമസിച്ചിരുന്ന മുറി , വരയ്ക്കാനെടുത്ത ബ്രഷ് , വരച്ച് തീര്‍ത്ത ചിത്രങ്ങള്‍ അങ്ങനെയങ്ങനെ എല്ലായിടത്തും അവളവനെ കാണുന്നു.

സഞ്ചരിച്ച വഴിയില്‍ അവള്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങള്‍ മിക്കതും വിചിത്രസ്വഭാവമുള്ളവരാണ്. പലരിലേക്കും സംശയക്കണ്ണുകള്‍ നീളും വിധം സമര്‍ത്ഥമായിട്ടാണ് എഴുത്തുകാരി നോവലിനെ കൊണ്ടു പോകുന്നത്. അതുകൊണ്ടുതന്നെ പ്രണയത്തിനപ്പുറം അന്വേഷണാത്മക സ്വഭാവം ഈ നോവലിന് വന്നു ചേര്‍ന്നിട്ടുണ്ട്. പ്രണയത്തിന്റെ നേര്‍പാതിയായി അന്വേഷണാത്മകതയെയും ചേര്‍ത്തു വയ്ക്കാമെന്ന് സാരം. ഇത് നോവല്‍ വായനയെ ആകാംക്ഷാഭരിതമാക്കി മാറ്റിയിട്ടുണ്ട്.

Textലോറയ്ക്ക് താമസിക്കാനിടം നല്‍കുന്ന അന്നയും റാഹേലും വായനക്കാരെ ഏറെ ആകര്‍ഷിക്കുന്ന കഥാപാത്രങ്ങളാണ്. നാലു തലചേര്‍ന്നാലും എന്ന് തുടങ്ങുന്ന പഴഞ്ചൊല്ലിനെ അപ്രസക്തമാക്കിക്കൊണ്ട് വര്‍ഷങ്ങളായി ഒരുമിച്ച് കഴിയുന്ന രണ്ട് വൃദ്ധ സ്ത്രീകള്‍. പരസ്പരം ഊന്നുവടികളായി നിലകൊള്ളുന്നു എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നുണ്ടെങ്കിലും അവര്‍ തമ്മില്‍ എഴുത്തുകാരി കാണാതെ പോയ പ്രണയത്തെ കണ്ടെടുക്കുന്നുണ്ട് എന്റെ വായന. എത്ര കലഹിച്ചാലും പിണങ്ങി മാറിയാലും പരസ്പരം മടുക്കാന്‍ സാധിക്കാത്ത ഊഷ്മളമായൊരു ബന്ധം അവര്‍ക്കിടയിലുണ്ട്. എങ്ങനെയോ ജീവിക്കുകയല്ല അവര്‍ ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കുകയാണ്. അവര്‍ക്കിടയിലേക്ക് മടങ്ങി വരാന്‍ സാധിച്ച ലോറ ഭാഗ്യവതി തന്നെ !

ശന്തനുവിന് അപകടം സംഭവിച്ച ഗ്രാമത്തില്‍ ലോറ കണ്ടു മുട്ടുന്ന ധാരാളം കഥാപാത്രങ്ങളുണ്ട്. അവള്‍ കാണാത്ത എന്നാല്‍ ഏറെ അടുത്തറിഞ്ഞ കണ്ണയ്യന്റെയും കാദംബരിയുടെയും പ്രണയവും നോവലില്‍ പ്രധാനപ്പെട്ടൊരു ഭാഗം തന്നെയാണ്. രാമപുരത്തെ കാമവെറിയന്മാരുടെ ഇരയാവേണ്ടി വന്ന കാദംബരിയും അവളുടെ കാമുകന്‍ കണ്ണയ്യനും ! രണ്ടു പേരെയും അടുത്തടുത്ത ചിതയില്‍ ദഹിപ്പിച്ച ചുടലക്കാരന്‍ ദേവനായകം. കണ്ണയ്യന്റെയും കാദംബരിയുടെയുടെയും ആളിക്കത്തുന്ന ചിതയായിരുന്നു ശന്തനു അവസാനം വരച്ചതെന്ന സത്യം ലോറയെ അസ്വസ്ഥയാക്കുന്നു.

ദേവനായകവും ചന്ദ്രാക്കയും തമ്മിലുള്ള അപൂര്‍വ്വ പ്രണയം , സിറ്റി ചാനല്‍ വാര്‍ത്ത വായനക്കാരി അമുദയ്ക്ക് ഉദയനോടുള്ള നിശ്ശബ്ദ പ്രണയം എല്ലാം എല്ലാം പ്രണയമയം ! ഒടുവില്‍ തന്റെ പ്രണയഭാജനത്തെ ഇല്ലാതാക്കിയവനെ കണ്ടെത്തി ശിക്ഷ വിധിക്കുന്ന ലോറ. അയാളിലേക്ക് വിരല്‍ ചൂണ്ടിക്കൊടുത്തതാവട്ടെ ഭ്രാന്തിയെന്ന് മുദ്ര കുത്തപ്പെട്ട ദെയ്യാമ്മയും !

ഒരാളെ പ്രണയിക്കുകയെന്നാല്‍ അയാളിലേക്ക് ലയിക്കുക എന്നാണര്‍ത്ഥം. രണ്ടു പേരുടെ ഗുണങ്ങളും ദോഷങ്ങളുമെല്ലാം ഉള്‍ക്കൊണ്ടുള്ള ലയനം.

ശരിയാണ് ; അപ്പോള്‍ മാത്രമാണ് നേര്‍പാതിയാവാന്‍ സാധിക്കുക. ഭൂമിയും ആകാശവുമെല്ലാം നീയാണെന്ന തോന്നലുണ്ടാവുക.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.