DCBOOKS
Malayalam News Literature Website

വിന്നി മണ്ടേല അന്തരിച്ചു

ജോഹന്നാസ്ബര്‍ഗ്: നെല്‍സണ്‍ മണ്ടേലയുടെ മുന്‍ഭാര്യ വിന്നി മണ്ടേല (81) അന്തരിച്ചു. ദീര്‍ഘാകാലമായി അസുഖ ബാധിത ആയിരുന്ന വിന്നി മണ്ടേല. ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയിലാണ് അന്തരിച്ചതെന്ന് കുടുംബത്തിന്റെ വക്താവ് അറിയിച്ചു. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ ശക്തമായ സാന്നിധ്യമായിരുന്നു വിന്നി മണ്ടേല. പുതിയ ദക്ഷിണാഫ്രിക്കയുടെ മാതാവ് എന്നാണ് വിന്നിയെ വിശേഷിപ്പിച്ചിരുന്നത്..

1936ല്‍ ഈസ്‌റ്റേണ്‍ കേപ്പിലാണു വിന്നി ജനിച്ചത്. സാമൂഹിക പ്രവര്‍ത്തനവുമായി മുന്നോട്ടുപോകവെ, 22 വയസ്സുള്ളപ്പോഴാണു വിന്നി നെല്‍സണ്‍ മണ്ടേലയെ കണ്ടുമുട്ടുന്നത്. 1958 ജൂണില്‍ വിവാഹിതരായ ഇരുവര്‍ക്കും അധികകാലം ഒരുമിച്ച് കഴിയാന്‍ സാധിച്ചില്ല. ദക്ഷിണാഫ്രിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തകയും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് വിമന്‍ ലീഗിന്റെ നേതാവുമായിരുന്നു വിന്നി മണ്ടേല.

അധികം വൈകാതെ തന്നെ നെല്‍സണ്‍ മണ്ടേല ഒളിവില്‍ പോകുകയും പിന്നീടു പിടിയിലാവുകയുമായിരുന്നു. അദ്ദേഹം ജയിലില്‍ കഴിഞ്ഞ 27 വര്‍ഷക്കാലം രണ്ടു മക്കളെ വളര്‍ത്തുന്നതിനൊപ്പം വര്‍ണവിവേചനത്തിനെതിരായ പോരാട്ടം ശക്തമായി മുന്നോട്ടുകൊണ്ടുപോയതും വിന്നിയായിരുന്നു. 1995ല്‍ അഴിമതി ആരോപണത്തെത്തുടര്‍ന്ന് നെല്‍സണ്‍ മണ്ടേല അവരെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയിരുന്നു.1996ലാണ് ഇരുവരും വിവാഹമോചിതരായത്. വിവാഹമോചനത്തിനുശേഷവും മണ്ടേലയുമായുള്ള ബന്ധം അവര്‍ നിലനിര്‍ത്തിയിരുന്നു.

Comments are closed.