DCBOOKS
Malayalam News Literature Website

പ്രതീക്ഷകളുടെ ‘നീരാളിച്ചൂണ്ട’

പി.കെ.ഭാഗ്യലക്ഷ്മിയുടെ ‘നീരാളിച്ചൂണ്ട’ എന്ന നോവലിന് ഖദീജാ മുംതാസ് എഴുതിയ വായനാനുഭവം

നീരാളിച്ചൂണ്ട വായിച്ചു. ചിത്രകാരിയും ഫെമിനിസ്റ്റ് എഴുത്തുകാരിയുമായ പ്രിയ സുഹൃത്ത് പി.കെ.ഭാഗ്യലക്ഷ്മിയുടെ നോവല്‍. തെയ്യങ്ങളുടെയും കാവുകളുടെയും പുഴകളുടെയും കടല്‍ത്തിരകള്‍ താലോലിക്കുന്ന മാടായിക്കുന്നിന്റെയും നാട്ടുകാരിയാണ് കഥാകാരി. മാരിത്തെയ്യങ്ങളെ തുടികൊട്ടിപ്പാടാനനുവദിക്കാതെ കടല്‍ കടന്നെത്തിയ മഹാമാരി താണ്ഡവം തുടങ്ങിയ ആദ്യ നാളുകളിലൊന്നില്‍ തുടങ്ങുന്നു കഥ. മഹാനഗരത്തിലെ അടച്ചുപൂട്ടല്‍ നാട്ടിലേക്ക് തിരികെയയച്ചവന്‍ ഒറ്റത്തീവണ്ടിയില്‍, പാതിരാ നേരത്ത് അവിടെ വന്നെത്തുകയാണ്. തുടക്കം അതിഗംഭീരം!

എങ്കിലും, കഥയുടെ തീവണ്ടി ഏറെ വൈകാതെ നഗരപ്രാന്തങ്ങളിലേയ്ക്ക് തിരികെ പോയത് മാടായി ഗ്രാമത്തെയും മാടായിക്കുളത്തെയും യക്ഷിയെയും മനസ്സില്‍ പ്രതിഷ്ഠിച്ചു തുടങ്ങിയവരെ ഇത്തിരി അങ്കലാപ്പിലാക്കും. എപ്പോഴാണ് തിരികെ, തിരികെ വടക്കന്‍ മലബാറിലേക്ക് എന്നു ചോദിച്ചു കൊണ്ടേയിരിക്കും Textനമ്മുടെ മനസ്സ് . പിന്നെ, പതുക്കെപ്പതുക്കെ ആ മഹാനഗരത്തിലെ നന്മയുടെ കമ്യൂണുമായി നമ്മളും സമരസപ്പെടുകയായി.

അതി കഠിനമായ പീഡന പരമ്പരകളിലൂടെ കടന്നു വന്ന രണ്ടു അതിജീവിതമാര്‍ തുടങ്ങിവെച്ച ‘ആശ്വാസ് ‘ എന്ന ചെറിയ അഭയകേന്ദ്രത്തില്‍ നിന്ന്  ‘തണല്‍’ എന്ന കമ്യൂണ്‍ ജീവിതത്തിലേക്കുള്ള വളര്‍ച്ചയില്‍ അവര്‍ ചുവന്ന തെരുവിലെയും ചേരികളിലെയും ദുരിത ജീവിതത്തില്‍ നിന്നു രക്ഷപ്പെട്ടു വന്ന സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൂടെക്കൂട്ടുന്നു. ആണവ നിലയം പുറത്താക്കിയ കടപ്പുറം വാസികള്‍ക്കും അനീതിക്കെതിരെ പൊരുതുന്ന ആദിവാസി യുവാക്കള്‍ക്കും അവിടം സ്വന്തമിടമാകുന്നു. അവര്‍ കൃഷി ചെയ്യുന്നു, കന്നുകാലികളെ വളര്‍ത്തുന്നു, പൂന്തോട്ടമുണ്ടാക്കുന്നു, കുളംകുഴിക്കുന്നു. അവിടത്തെ കുഞ്ഞുങ്ങള്‍ക്കു് അവിടെയുള്ള എല്ലാ സ്ത്രീകളും അമ്മമാര്‍. അവരുടെ സ്വന്തം പാഠശാലയില്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ അവരില്‍ നിന്നു തന്നെ അധ്യാപകര്‍. അവരില്‍ നിന്ന് പഠിച്ച് ഉന്നതങ്ങളിലെത്തിയവര്‍ ആ സ്വയംപര്യാപ്തകമ്യൂണിന്റെ രക്ഷാകര്‍ത്താക്കള്‍. ഭിന്ന ലൈംഗികതയുള്ളവര്‍ക്കും അവിടെ സ്വാഭാവിക സ്വീകാര്യത. മനുഷ്യര്‍ തമ്മിലുള്ള പാരസ്പര്യത്തില്‍, അതിന്റെ ധന്യതയില്‍ ഹൃദയാഹ്‌ളാദം അനുഭവിക്കുന്നു അവിടെ എല്ലാവരും. ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജ് ഇതു തന്നെയായിരുന്നില്ലേ! ഇത്തരം കമ്യൂണുകള്‍ക്കേ മുതലാളിത്തത്തിന്റെ ആസുരതകളില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാനാവൂ എന്ന് ആ മഹാനുഭാവന്‍ അറിഞ്ഞിരുന്നു . കഥാകാരിയുടെ മനസ്സിന്റെ നന്മയില്‍ നിന്ന് ആ വിശിഷ്ടാദര്‍ശം ഏറെ സ്വാഭാവികമായിത്തന്നെയാണ് വിടര്‍ന്നു വരുന്നത് എന്നു കാണാം. കമ്പോളം ശീലിപ്പിച്ച സ്വാര്‍ത്ഥപൂരിതമായ ജീവിതം കൊണ്ട് നമ്മളെന്താണ് നേടുന്നത്, അതിനേക്കാള്‍ എത്രയോ ഇരട്ടി ഹൃദയ ധനൃത പരസ്പര സഹകരണത്തിലും മാനവികതയിലുമൂന്നിയ ഇത്തരം ജീവിതമല്ലേ നമുക്കു പകര്‍ന്നു തരിക എന്നൊക്കെയുള്ള ഉണര്‍വുകള്‍ എഴുത്തുകാരിയുടെ ശ്രേഷ്ഠ ദര്‍ശനങ്ങളായി വായനയിലൂടെ നമ്മിലേയ്‌ക്കെത്തുന്നു. തേച്ചുമിനുക്കിയാല്‍ അത്ഭുതകരമായ തിളക്കമാര്‍ജ്ജിക്കാവുന്ന എത്രയെത്ര പ്രതിഭകളാണ് ചേരികളിലെ മഹാ ദുരിതങ്ങളില്‍, പീഡനങ്ങളില്‍ ഒന്നു മല്ലാതെ ഒടുങ്ങിപ്പോകുന്നത്, തക്ക സമയത്തു കിട്ടുന്ന ഒരു കൈത്താങ്ങ് മാത്രം മതിയല്ലോ അത്ഭുതങ്ങള്‍ സംഭവിക്കാന്‍ എന്നൊക്കെയുള്ള തിരിച്ചറിവുകള്‍, ഒപ്പം, മഹാമാരിക്കാലം കഥാകാരിയിലുണ്ടാക്കിയ തത്വചിന്താപരമായ വീക്ഷണ വിശേഷങ്ങളും.

സ്വപ്ന സദൃശമാണ് തണലിന്റെ വളര്‍ച്ച.നല്ല സ്വപ്നങ്ങള്‍ക്കൊന്നും ദീര്‍ഘായുസ്സുണ്ടാകില്ല എന്നാണോ? ശത്രുക്കള്‍ ധാരാളമുണ്ടായിരുന്നു ആ ആദര്‍ശ സമൂഹ ജീവിതത്തിനും. ഭൂമാഫിയകളും സ്ത്രീപീഡകരും അധികാരവര്‍ഗവും ഒക്കെ ഇത്തരം കമ്യൂണുകള്‍ക്ക് പുറത്ത് ആര്‍ത്തിക്കണ്ണുകളുമായി ഉണ്ടാവുക സ്വാഭാവികം. അവയാല്‍ നശിപ്പിക്കാന്‍ വിട്ടു കൊടുക്കാതെ ഒരു സ്വപ്നം പോലെ അവിശ്വസനീയമാം വിധം തണലിനെ മാഞ്ഞു പോകാന്‍ അനുവദിക്കുകയാണ് കഥാകാരി.

വ്യത്യസ്തമാണ് ഭാഗ്യലക്ഷ്മിയുടെ ഈ നോവല്‍. കോവിഡ് ഉണ്ടാക്കിയ അനാഥത്വവും അനിശ്ചിതത്വവുമാകാം ഒരളവുവരെ ഘടനയിലെ ചെറിയ ചിതറിച്ചകള്‍ക്കു കാരണം. ഇനിയുമേറെ ഉയരത്തിലുള്ളവയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട് തീര്‍ച്ചയായും നീരാളിച്ചൂണ്ട.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.