DCBOOKS
Malayalam News Literature Website

വിഷം കുടിക്കണോ?

എഴുത്തുകാരന്റെ ജോലി രക്തസാക്ഷിയാവുകയല്ല

സക്കറിയ / മുഹമ്മദ് സുഹൈബ്‌

(അഭിമുഖം)

ഇപ്പോള്‍ കേരളത്തിലെ സഭക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനഭിമതനാണ്. അദ്ദേഹ
ത്തിന്റെ കല്‍പനകള്‍ പലതും ഇവിടെ ആദരിക്കപ്പെടുന്നില്ല. സഭ ഇവിടെ ഒരു സാമ്രാജ്യംസ്ഥാപിച്ച് നടത്തികൊണ്ടിരിക്കുകയാണ്. റോമില്‍ ഇരിക്കുന്ന മാര്‍പ്പാപ്പ അതിന് തലപ്പാവുപോലെയൊരു അലങ്കാരം മാത്രമാണ്. ആവശ്യം വരുമ്പോള്‍ അങ്ങോട്ട് ചൂണ്ടിക്കാണിക്കും. ഇവിടത്തെ സമ്പത്തിന്റെ നടത്തിപ്പുകാര്‍ ഇവിടത്തെ സഭയാണ്. മാര്‍പ്പാപ്പക്ക് ഇവിടെ വന്ന് തേങ്ങയീടിപ്പിക്കാനും റബ്ബര്‍ വെട്ടിക്കാനും പറ്റില്ലല്ലോ.

പാലാ ബിഷപ്പ് ജോസഫ് കല്ലരങ്ങാട്ടിന്റെ ‘നാര്‍കോട്ടിക് ജിഹാദ്’ പ്രസ്താവന കേരളസാമൂഹിക മണ്ഡലത്തെ വിഷലിപ്തവാദങ്ങള്‍ കൊണ്ട് മുഖരിതമാക്കിയിരിക്കുകയാണ്. ഈ പ്രസ്താവനകൊണ്ടുണ്ടാവുന്ന അപകടങ്ങള്‍ തുറന്നുകാട്ടി സാഹിത്യരംഗത്തുനിന്ന് സക്കറിയ ഉടന്‍ പ്രതികരിച്ചു. മതവ്യാപാരികളും രാഷ്ട്രീയക്കാരും വിഭജനത്തിന്റെപ്രത്യയശാസ്ത്രം അണിഞ്ഞവരും
കുഴഞ്ഞുമറിഞ്ഞ അന്തരീക്ഷത്തില്‍തങ്ങളുടെ സാധ്യതകള്‍ തേടാനിറങ്ങിയപ്പോള്‍ സക്കറിയയുടെ പ്രതികരണം വേറിട്ടുനിന്നു. ബിഷപ്പ് മറന്നുപോയതും ഒരിക്കലും മറക്കരു
pachakuthiraതാത്തതുമായ ഒരാളുടെ കാര്യം ഓര്‍മപ്പെടുത്തി സക്കറിയ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു: ”വളരെ കാലം മുമ്പ് പലസ്തീനിലൂടെ പ്രസംഗം പറഞ്ഞുനടന്ന ഒരു ചെറുപ്പക്കാരനെ ബിഷപ് മറന്നെന്നു തോന്നുന്നു – അദ്ദേഹമാണ് നിങ്ങളുടെ ബ്രാന്‍ഡ് നെയിം. അദ്ദേഹം പറഞ്ഞ ചില വാ
ക്കുകളെങ്കിലും ഓര്‍മിച്ചിരുന്നെങ്കില്‍ ഇത്രയും കടുത്ത പദങ്ങള്‍ നമ്മുടെ സഹപൗരരെപറ്റി ബിഷപ് പറയില്ലായിരുന്നു. യേശു എന്ന ആ ചെറുപ്പക്കാരന്‍ പറഞ്ഞ ഒരു കാര്യം ഇതാണ്: നീ ബലിപീഠത്തിങ്കല്‍ കാഴ്ച അര്‍പ്പിക്കുമ്പോള്‍ നിന്റെ സഹോദരന് നിന്നോട് പിണക്കമുണ്ട് എന്ന് അവിടെ വച്ച് ഓര്‍മിക്കയാണെങ്കില്‍, കാഴ്ചവസ്തു ബലിപീഠത്തിന്റെ മുമ്പില്‍ വച്ചിട്ട് പോകുക: ആദ്യംനിന്റെ സഹോദരനുമായി രമ്യപ്പെടുക; പിന്നീട് വന്നു കാഴ്ച അര്‍പ്പിക്കുക- (മത്തായി, 5, 23-25). ബിഷപ്എന്നും ബലിപീഠത്തിങ്കല്‍ കാഴ്ചയര്‍പ്പിക്കുന്ന ആളാണ്താനും. പക്ഷെ ഒന്നും നേടാതെ കുരിശില്‍ കിടന്നു മരിച്ച ആ പാവത്താനെ, വെട്ടിപ്പിടിക്കലുകളുടെ ബഹളത്തില്‍ അദ്ദേ
ഹവും മറ്റു സഭാപ്രമാണികളും മറന്നതില്‍ അദ്ഭുതമില്ല.”

ഈ പശ്ചാത്തലത്തില്‍ സക്കറിയ സംസാരിക്കുകയാണ്. സമകാലീക രാഷ്ട്രീയ-സാമൂഹിക അവസ്ഥ,മതങ്ങളും പുരോഹിതന്‍മാരും സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍, സ്വതന്ത്രമായ എഴുത്തിനെ തടയുന്ന സാഹചര്യങ്ങള്‍ തുടങ്ങിയവയെ കുറിച്ച് സക്കറിയ വിശദീകരിക്കുന്നു.

മുഹമ്മദ് സുഹൈബ്: എഴുത്തിന്റെ തുടക്കകാലത്ത്തന്നെ ക്രൈസ്തവ സഭകളെയോ അതുപോലുള്ള അധികാര സ്ഥാപനങ്ങളെയോ കഥയിലൂടെ വിമര്‍ശിക്കാന്‍ മടികാണിച്ചിട്ടുള്ള ആളല്ല താങ്കള്‍. പക്ഷേ, കാലം മാറിയോ. അത്തരം ഇടപെടലുകള്‍ അനായാസം സാധ്യമല്ലാത്ത അവസ്ഥയില്‍ നാം എത്തിയിരിക്കുകയാണോ?

സക്കറിയ: മതങ്ങളും ജാതികളും വര്‍ഗീയസംഘടനകളും മറ്റും പലതരത്തിലുള്ള നിയമങ്ങള്‍ ദുരുപയോഗപ്പെടുത്തി എതിരാളികളെ ബുദ്ധിമുട്ടിക്കാനും ശല്യംചെയ്യാനും ശ്രമിക്കുന്നുവെന്നത് സത്യമാണ്. അതാണ് ഇപ്പോഴത്തെ പൊതുപ്രവണതയും. എന്നാല്‍, കേരളത്തിലത് കുറവാണ്. ‘മതവികാരം വ്രണപ്പെട്ടു’ എന്ന് പറഞ്ഞ് ഈ രണ്ടുമൂന്നുവര്‍ഷത്തിനിടയില്‍ അധികം കേസുകളൊന്നും ആരും കൊടുത്തതായി തോന്നുന്നില്ല.

? എസ്. ഹരീഷിന്റെ നോവലുമായിബന്ധപ്പെട്ട് അങ്ങനെയൊരു വിവാദം ഉണ്ടായല്ലോ.

അതെ. അതുപക്ഷേ, പ്രസിദ്ധീകരിച്ച സ്ഥാപനവുമായി ബന്ധപ്പെട്ട് ഒതുങ്ങുകയായിരുന്നു. എഴുത്തുകാരന്‍ എന്നുമാത്രമല്ല, ആരെയും മൗനം പാലിപ്പിക്കാന്‍ കരിനിയമങ്ങളെ ഉപയോഗിക്കുന്നുണ്ട്. അവയെല്ലാംതന്നെ കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ കൊണ്ടുവന്നവയാണെന്ന് മറക്കേണ്ട. ബി.ജെ.പിക്ക് അത്രയും പണികുറഞ്ഞു! അതുകൊണ്ടുതന്നെ സത്യസന്ധമായി എഴുതാനോ അഭിപ്രായം പറയാനോ ആളുകള്‍ മടിക്കും, പ്രത്യേകിച്ച് ഇതൊക്കെ നേരിടാന്‍ സൗകര്യവും സംവിധാനങ്ങളും ഇല്ലാത്തവര്‍. രാഷ്ട്രീയപാര്‍ട്ടി നേതാവിനും മറ്റും ഭയപ്പെടാനില്ല.
അവര്‍ക്ക് പണമുണ്ട്, അനുചരന്‍മാരുണ്ട്. അതൊന്നും ഇല്ലാത്തവര്‍ മടിക്കും. എഴുത്തുകാരന്റെ ജോലി രക്തസാക്ഷിയാവുകയല്ല.

? ഇപ്പോള്‍ എഴുതുമ്പോള്‍ ഒരുതരം സ്വാതന്ത്ര്യമില്ലായ്മ നേരിടുമെന്നാണോ?

എവിടെയെങ്കിലും ഇത് അബോധമായി ബാധിക്കുമെന്നതില്‍ സംശയമില്ല. കാരണം ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ നിലനില്‍ക്കുന്നു എന്ന് ഉറപ്പുള്ളിടത്തേ കലാകാരന്‍മാര്‍ക്ക് സ്വതന്ത്രമായി ആത്മപ്രകാശനം നടത്താന്‍ കഴിയൂ. അല്ലെങ്കില്‍ സോവിയറ്റ് ഭരണത്തിലായിരുന്ന കിഴക്കന്‍ യൂറോപ്പിലെന്ന പോലെ കല ഒരു ഒളിപ്പോരാട്ടം ആയിത്തീരും. കുന്ദേരയെയും മറ്റുംപോലെ സ്വാതന്ത്ര്യം തേടുന്ന കലാകാരന്‍മാര്‍ അഭയാര്‍ഥികളായിത്തീരും. അതുനമ്മള്‍ ഒളിച്ചുവെച്ചിട്ട് കാര്യമില്ല. ഇപ്പോള്‍ പാലാ ബിഷപ്പിന്റെ പ്രസ്താവനയുടെ കാര്യത്തില്‍ ഞാനൊരു അഭിപ്രായം പറഞ്ഞു.

കൃത്യമായി എനിക്ക് ധാരണയുള്ള സംവിധാനമാണ് കത്തോലിക്ക സഭ. പഠിച്ചിട്ടുള്ള സംവിധാനം. അതേസമയം കൃത്യമായി അറിവില്ലാത്ത ഒരു സംവിധാനത്തെ പറ്റി ധാരണകള്‍ മാത്രം വെച്ചുകൊണ്ട് എഴുതുകയില്ല. അതിനെ പറ്റി വസ്തുതകള്‍ പഠിച്ച് വിശകലനം ചെയ്‌തേ എഴുതൂ. എന്നാല്‍പോലും കള്ളക്കേസുകളുണ്ടാക്കുന്ന ഭീഷണിമൂലം നാം നമ്മെത്തന്നെ അവിശ്വസിക്കുന്ന ഒരവസ്ഥ ഉണ്ടായേക്കാം. അതിലൊക്കെനിന്ന് പിന്‍മാറാനേ ആരും ശ്രമിക്കുകയുള്ളു. സത്യം വസ്തുതാപരമായിരിക്കണം. പക്ഷേ, വസ്തുതകളെ ‘വിശ്വാസ’ങ്ങളും അന്ധവിശ്വാസങ്ങളും കൊണ്ട് കരിതേക്കുന്ന ഒരുകാലത്താണ് നാം ജീവിക്കുന്നത്. സത്യം പറയാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എഴുതിയിട്ട് എന്തുകാര്യം?

? കത്തോലിക്ക സഭയെ കുറിച്ച് താങ്കള്‍ക്കുള്ള അടിസ്ഥാന ധാരണകളാണോ പാലാ ബിഷപ്പിന്റെ വിവാദ ‘നാര്‍കോട്ടിക് ജിഹാദ്’ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്?

അതില്‍ ജനിച്ചുവളര്‍ന്ന ആളെന്ന നിലയിലും 1,500ലേറെ വര്‍ഷം പഴക്കമുള്ള ആഗോളസഭയുടെ ചരിത്രം പഠിയ്ക്കാനിടവന്നിട്ടുള്ള ആളെന്ന നിലയിലുമാണ് ആ വിഷയത്തില്‍ ഇടപെട്ടത്. ഈ കാര്യത്തില്‍ എന്റെ അഭിപ്രായം എന്താണെന്ന് പലരും അന്വേഷിച്ചിരുന്നു. എനിക്ക് അറിയാവുന്ന ഒരു വിഷയത്തെ കുറിച്ച് ഒരു പൗരന്‍ എന്ന നിലയില്‍ അഭിപ്രായം പറയുന്നതാണ് ശരി.

? അധികാരത്തോട് എന്നും ചേര്‍ന്നു നിന്ന്, അതിനെ തൃപ്തിപ്പെടുത്തുന്ന ഒരു സംവിധാനമാണോ സഭ?

തീര്‍ച്ചയായും. സഭ അതിന്റെ ചരിത്രത്തില്‍ അപൂര്‍വം ചില അവസരങ്ങളില്‍ ഒഴികെ അധികാരത്തോടൊപ്പമാണ് നിന്നിട്ടുള്ളത്. ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും ഒപ്പം പോലും നിശ്ശബ്ദത പ്രഖ്യാപിച്ചുകൊണ്ട് സഭ നിന്നു. സഭക്ക് അതിന്റെ അതിജീവനമാണ് പ്രധാനം. വമ്പിച്ചസ്ഥാപനമാണ്. വമ്പിച്ച സമ്പത്തുണ്ട്. നിലനില്‍പ്പാണ് അതിന്റെ അടിസ്ഥാന പ്രശ്‌നം. കോണ്‍സ്‌റ്റൈന്റന്‍ ചക്രവര്‍ത്തിയുടെ കാലത്ത്തന്നെ അത് അധികാരശക്തികളുടെ മതമായി തീര്‍ന്നതാണ്. ഒരുകാലത്ത് യൂറോപ്പില്‍ ചക്രവര്‍ത്തിമാര്‍ക്ക് കിരീടധാരണം നടത്തിയിരുന്നത് സഭയാണ്. അതിന് ശേഷം അത്തരം രാഷ്ട്രീയഅധികാരം നഷ്ടപ്പെട്ടെങ്കിലും അതതുസമയത്തെ അധികാരികള്‍ക്കൊപ്പമാണ് സഭ നിലയുറപ്പിച്ചത്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഒക്ടോബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍  ലക്കം ലഭ്യമാണ്‌

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച സക്കറിയയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ 

 

 

 

Comments are closed.