DCBOOKS
Malayalam News Literature Website

മലയാളഭാഷയെ അടുത്തറിയാന്‍ ‘നല്ലഭാഷ’

തെറ്റില്ലാത്ത ഭാഷയില്‍ എഴുതണമെന്നുള്ളത് എല്ലാവരുടെയും ആഗ്രഹമാണ്. ഭാഷാജ്ഞാനവും ഭാഷാപ്രയോഗജ്ഞാനവും ഒത്തിണങ്ങുമ്പോള്‍ മാത്രമേ തെറ്റില്ലാത്ത ഭാഷയില്‍ എഴുതാന്‍ സാധിക്കൂ. ശുദ്ധമായ മലയാളഭാഷ ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഉപയോഗപ്പെടുന്ന കൃതിയാണ് പ്രൊഫ. പന്മന രാമചന്ദ്രന്‍ നായരുടെ നല്ല ഭാഷ. മലയാള ഭാഷ ഉപയോഗിക്കുന്ന മുഴുവന്‍ പേരെയും അഭിസംബോധന ചെയ്യുന്ന കൃതിയാണിത്.

തെറ്റും ശരിയും, തെറ്റില്ലാത്ത മലയാളം, ശുദ്ധ മലയാളം, തെറ്റില്ലാത്ത ഉച്ചാരണം, ഭാഷാശുദ്ധി സംശയപരിഹാരങ്ങള്‍ എന്നീ ഭാഷാശുദ്ധി ഗ്രന്ഥങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന നല്ല ഭാഷയുടെ മൂന്നാമത് പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.

കൃതിയുടെ ആമുഖത്തില്‍നിന്ന്

നല്ല ഭാഷ

നല്ല ഭാഷ എന്നാല്‍ എന്താണ്? തെറ്റൊന്നുമില്ലാത്ത ഭാഷയല്ലേ നല്ല ഭാഷ ?- എന്ന് കരിയര്‍ മാഗസിനില്‍ ഞാന്‍ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്തിരുന്ന കാലത്തും പിന്നീടും പലരും എന്നോടു ചോദിച്ചിട്ടുണ്ട്. തെറ്റൊന്നുമില്ലാത്തതു കൊണ്ടുമാത്രം നല്ല ഭാഷയാവില്ല. അതത് ഉപയോഗത്തിനു ചേര്‍ന്ന തരത്തിലുള്ള ശക്തിയും ഭംഗിയും കൂടി ഭാഷയ്ക്കുണ്ടായിരിക്കണം. ഉപയോഗത്തിനു ചേര്‍ന്ന എന്നു വച്ചാലോ? ലേഖനത്തില്‍ ഉപയോഗിക്കുന്ന ഭാഷാരീതി പോരാ ചെറുകഥയ്ക്കും നോവലിനും. നല്ല ഒരു ലേഖനം ഉച്ചഭാഷിണിയിലൂടെ വായിച്ചുകേള്‍പ്പിച്ചാല്‍, നല്ല പ്രഭാഷണമാവില്ല. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമല്ലേ നാടകത്തിലെ ഭാഷ? നാടകത്തില്‍ സംഭാഷണം മാത്രമല്ലേ ഉള്ളൂ? ലേഖനംതന്നെ ഒരാള്‍ പല വിഷയങ്ങളെക്കുറിച്ചെഴുതുമ്പോള്‍ വിഷയഭേദമനുസരിച്ച് ഭാഷ വ്യത്യസ്തമാകും. വെള്ളരികൃഷിയെക്കുറിച്ചെഴുതാന്‍ പറ്റിയ ഭാഷയില്‍ അദൈ്വതസിദ്ധാന്തത്തെക്കുറിച്ചെഴുതാന്‍ പറ്റുമോ? ശൈലീഭിന്നത പറഞ്ഞു മനസ്സിലാക്കാനാവില്ല; വായിച്ചറിയാനേ പറ്റൂ. നല്ല ഗദ്യശൈലിയിലുള്ള ലേഖകരുടെ രചനകള്‍ താരതമ്യം ചെയ്തു വായിച്ചാല്‍ ഇപ്പറഞ്ഞതു മനസ്സിലാകും.

പ്രാദേശികഭാഷ

കേരളത്തിലാകമാനം സംസാരിക്കുന്ന ഭാഷ മലയാളം തന്നെയാണെങ്കിലും പാലക്കാടന്‍ മലയാളവും കോഴിക്കോടന്‍ മലയാളവും തിരുവനന്തപുരം മലയാളവുമുണ്ട്. ഇതുപോലെ കേരളത്തിലെ ഓരോ പ്രദേശത്തുമുള്ള മലയാളം ചില വ്യത്യസ്ത പദങ്ങളുടെ പ്രയോഗം കൊണ്ടും ഉച്ചാരണരീതിയിലുള്ള വ്യത്യാസംകൊണ്ടും മറ്റു പ്രദേശങ്ങളിലെ ‘മലയാളങ്ങളില്‍’നിന്നു വ്യത്യസ്തമാണ്.

‘എന്തര്?’ ‘എന്തൂട്ടാ?’ ‘എന്ത്വാ?’ ‘എന്നതാ?’ ഇവ കേരളത്തിലെ പല പ്രദേശങ്ങളിലെ പ്രയോഗങ്ങളാണ്. ഇവയ്‌ക്കെല്ലാം ‘എന്താണ്’ എന്നര്‍ത്ഥം. ഇതുപോലെ വരില്ല, വരില്ല്യ, വരത്തില്ല, വരൂല്ല -എല്ലാം ‘വരുകയില്ല’ തന്നെ. ഈ വാക്കുകളില്‍ എന്തൊക്കെയാണു ശരി എന്നു ചോദിച്ചാല്‍ എല്ലാം ശരി എന്നാണുത്തരം. ഇവയെല്ലാം പ്രാദേശികരൂപങ്ങളാണ്. ഏതെങ്കിലുമൊരെണ്ണം മറ്റുള്ളവയേക്കാള്‍ മെച്ചമെന്നോ മോശമെന്നോ പറയാനാവില്ല.

സംസാരഭാഷയുടെ ജീവനാണ് പ്രാദേശികപ്രയോഗങ്ങള്‍. നാടകം, ചെറുകഥ, നോവല്‍ എന്നീ സാഹിത്യരൂപങ്ങളില്‍ സംഭാഷണങ്ങള്‍ക്കു മുഖ്യസ്ഥാനമുള്ളതിനാല്‍ അവയില്‍ പ്രാദേശികപ്രയോഗങ്ങള്‍ ധാരാളം വരും. എന്നാല്‍ പ്രസംഗങ്ങളിലും ലേഖനങ്ങളിലും പ്രാദേശിക പ്രയോഗങ്ങള്‍ മിക്കവാറും ഒഴിവാക്കുകയും പരക്കെ അംഗീകാരമുള്ള പ്രയോഗങ്ങള്‍മാത്രം സ്വീകരിക്കയുമാണ് ചെയ്യുന്നത്.

ഭാഷാശുദ്ധിയും ശൈലിയും

‘തെറ്റൊന്നുമില്ലാത്ത ഭാഷ സ്വായത്തമാക്കിയതിനു ശേഷം വേണ്ടേ നല്ല ഭാഷാശൈലി പരിശീലിക്കാന്‍?’ വളരെ പ്രസക്തമായ ഒരു സംശയമാണ്. ഒരു തെറ്റുമില്ലാത്ത ഭാഷ എന്നത് ഒരു ആദര്‍ശസങ്കല്പമാണ്. അതിനുവേണ്ടിയുള്ള പരിശ്രമം നാം തുടര്‍ന്നുകൊണ്ടേയിരിക്കണം. അതിനാല്‍ നല്ല ഭാഷാശൈലി നേടാനുള്ള പരിശ്രമവും സമാന്തരമായിത്തന്നെ നടത്തിയേ പറ്റൂ.

നിരന്തരയത്‌നം

നല്ല ഭാഷ സ്വായത്തമാക്കുക എന്ന ലക്ഷ്യം നേടണമെങ്കില്‍ ശ്രദ്ധാപൂര്‍വ്വം യത്‌നിക്കണം. മിതവും സാരവത്തുമായ വാക്പ്രയോഗം കൊണ്ടേ നല്ല ശൈലി നേടാനാവൂ. പക്ഷേ, മിക്കവാറും അശ്രദ്ധമായിട്ടാണ് വാക്കുകള്‍ പ്രയോഗിക്കുന്നത്. അടുത്തടുത്തുള്ള നാലഞ്ചു വാക്യങ്ങള്‍ ‘ആണ്’ എന്നോ ‘ആയിരുന്നു’ എന്നോ ഒരേവാക്കില്‍ അവസാനിച്ചാലും അതിന്റെ ഭംഗികേട് ചിലര്‍ അറിയുന്നില്ല. ഒരേ വിഭക്തി പ്രത്യയം അടുത്തടുത്ത് എത്രവന്നാലും ശ്രദ്ധയില്‍പെടുന്നില്ല. ഇങ്ങനെയുള്ളവര്‍ ഒരിക്കലും നല്ല ഗദ്യരചയിതാക്കളാവില്ല.

സ്വന്തം കഴിവുകള്‍, തെറ്റുകളും ഭംഗികേടുകളും ചൂണ്ടിക്കാണിക്കാന്‍ കഴിവുള്ളവരെ കാണിച്ച് പോരായ്മകള്‍ മനസ്സിലാക്കുക, തിരുത്തിക്കുക, രചനകള്‍ വീണ്ടും വീണ്ടും തിരുത്തിയെഴുതുക. ഇങ്ങനെ നല്ല വായനക്കാരുടെ അംഗീകാരം നേടാന്‍തക്ക ഭാഷാശൈലിക്കുവേണ്ടി നിരന്തരം യത്‌നിക്കുക. വിജയം സുനിശ്ചിതം. ഉത്തമ ഗദ്യകാരന്മാരുടെ രചനകള്‍ ആവര്‍ത്തിച്ചു വായിക്കുകയും വേണം. നാലു സാഹിത്യകാരന്മാരുടെ പേരുകള്‍ നിര്‍ദ്ദേശിക്കുന്നു. കുട്ടിക്കൃഷ്ണമാരാര്, എം.പി.പോള്‍, എസ്. ഗുപ്തന്‍ നായര്‍, സി.വി കുഞ്ഞുരാമന്‍.

Comments are closed.