DCBOOKS
Malayalam News Literature Website

ഇതിഹാസങ്ങള്‍ ഒളിച്ചുവച്ച രഹസ്യങ്ങളുടെ മഹാഭാരത കലവറയില്‍നിന്ന് ഒരു പുതുനോവല്‍…!

ഇതിഹാസങ്ങള്‍ ഒളിച്ചുവച്ച രഹസ്യങ്ങളുടെ മഹാഭാരത കലവറയില്‍നിന്ന് ഒരു പുതുനോവല്‍ കൂടി, അതാണ് രാജീവ് ശിവശങ്കറിന്റെ ‘നാഗഫണം‘. ലോകം മനുഷ്യരുടേതു മാത്രമല്ലെന്ന തിരിച്ചറിവിലൂടെ വിസ്മയങ്ങളുടെ നാഗലോകത്തേക്കു വാതില്‍ തുറക്കുന്ന നോവലിലൂടെ അനന്തനും വാസുകിയും തക്ഷകനും കാര്‍ക്കോടകനുമെല്ലാം ഒരിക്കല്‍ക്കൂടി മലയാളിയുടെ ഭാവനാലോകത്തിലേക്ക് എത്തുന്നു.

നോവലില്‍ നിന്നും ഒരു ഭാഗം

ലോകം വലുതാണ്. വളരെ വലുത്. എങ്കിലും നമുക്ക് അതിന്റെ അറ്റവും പരപ്പും അളക്കാനാവും. പക്ഷേ, എന്റെ ജ്യേഷ്ഠന്റെ മനസ്സ് എത്ര ശ്രമിച്ചിട്ടും എനിക്കു മനസ്സിലാക്കാനാവുന്നില്ല. ശ്രീരാമനാണേ സത്യം…”

തല്പത്തില്‍നിന്ന് എഴുന്നേറ്റ തക്ഷകന്‍ കിളിവാതിലിലൂടെ നോട്ടം അമ്പുപോലെ പുറത്തേക്ക് എയ്തുവിട്ടു. ഇളംനീല കന്പളം പുതച്ച് വിതസ്താനദിയില്‍ മുഖം നോക്കിക്കിടക്കുന്ന തക്ഷശിലയുടെ ആകാശത്തുകൂടി അതു പക്ഷിയെപ്പോലെ പറന്നു. നദീതീരത്തെ പര്‍ണശാലകളില്‍ പുലരിക്കുളിരിന്റെ കൈപിടിച്ച് അക്ഷരവിദ്യ അഭ്യസിക്കുന്ന അസംഖ്യം പൈതലുകള്‍ക്കിടയിലൂടെ തുമ്പിയെപ്പോലെ ചുറ്റിത്തിരിഞ്ഞു.

സുമുഖനും എഴുന്നേറ്റ് മറ്റൊരു കിളിവാതിലിലൂടെ പുറംകാഴ്ചകളിലേക്കു സ്വയം കൊരുത്തു. ഗിരി ശിഖരങ്ങളില്‍ പുകമഞ്ഞു പൊങ്ങുന്നുണ്ടായിരുന്നു. കണ്ണീരുറഞ്ഞതുപോലെ വിതസ്താനദി. വെളിച്ചത്തിന്റെ നീളന്‍വിരലുകള്‍ ഓളങ്ങളെ തൊട്ടുണര്‍ത്തുന്നു. തക്ഷശിലയുടെ ജീവിതത്തെ പുഷ്ടിപ്പെടുത്തുന്നതില്‍ ഇവള്‍ക്കുള്ള പങ്ക് ചെറുതല്ല. എങ്കിലും Rajeev Sivasankar-Nagaphanamഒരിക്കലും ഇക്ഷുമതീനദിയാകാന്‍ വിതസ്തയ്ക്ക് കഴിയില്ല. കുരുക്ഷേത്രത്തില്‍, ഇക്ഷുമതീതീരത്തെ തക്ഷകന്റെയും അശ്വസേനയുടെയും ജീവിതം മറ്റൊന്നായിരുന്നു. പ്രണയിക്കുന്നവര്‍ തക്ഷകനെയും അശ്വസേനയെയും നോക്കിപ്പഠിക്കണമെന്ന് മുതിര്‍ന്നവര്‍ അടക്കം പറയുമായിരുന്നു. ഇക്ഷുമതിയുടെ പച്ചത്തണുപ്പും ചുഴിമലരുകളുമായിരുന്നു അവരുടെ ഗാഢപ്രണയത്തിനു സാക്ഷി. വിവാഹശേഷം ആ സ്‌നേഹം ഇരട്ടിച്ചതേയുള്ളൂ. ശ്രീരാമഭക്തനായ തക്ഷകന്‍ തനിക്ക് ലവകുശന്മാരെപ്പോലെ ഇരട്ടകളെ മക്കളായി കിട്ടണമെന്ന് ആഗ്രഹിച്ചു. ഇരട്ടകളെ കിട്ടിയില്ലെങ്കിലും തങ്കംപോലെ രണ്ടാണ്‍കുട്ടികളെ രാമന്‍ അവര്‍ക്കു കൊടുത്തു. ഇക്ഷുമതീതീരത്തെ മണല്‍പ്പരപ്പിലാണ് അശ്വസേനനും ബൃഹദ്ബാലയും പിച്ചവച്ചത്. പക്ഷേ, പെട്ടെന്നൊരു ദിവസം എല്ലാ സന്തോഷങ്ങളും അണഞ്ഞു. ഖാണ്ഡവവനത്തിലെ തീ എരിച്ചുകളഞ്ഞ ജീവിതങ്ങളുടെ കണക്കെടുപ്പില്‍ തക്ഷകനും പെടുന്നു. അശ്വസേനനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ പൊള്ളലേറ്റ് അവശയായ അവന്റെ അമ്മ അശ്വസേനയെ അര്‍ജ്ജുനന്‍ അമ്പെയ്തുകൊല്ലുകയായിരുന്നു എന്നതു രഹസ്യമല്ല. ഉടല്‍ പാതിയും പൊള്ളിയ അശ്വസേനനെ ധന്വന്തരിയുടെ പച്ചമരുന്നുകളാണ് രക്ഷപ്പെടുത്തിയത്. തക്ഷകന്റെ ഇളയ സഹോദരനും കാമ്യകത്തിലെ രാജാവുമായ ശ്രുതസേനനോടൊപ്പം മഹാദ്യുംനയിലായിരുന്നതിനാല്‍ ബൃഹദ്ബാല അപകടത്തില്‍നിന്നു രക്ഷപ്പെട്ടു. പ്രിയതമയുടെ മരണത്തോടെ ആകെത്തകര്‍ന്ന തക്ഷകനെ ഉറ്റചങ്ങാതി ഇന്ദ്രന്‍ ഒരുവിധത്തില്‍ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരികയായിരുന്നു. തക്ഷശിലയില്‍ ചെറിയൊരു സാമ്രാജ്യം രൂപപ്പെടുത്തിയതും കൊട്ടാരം പണികഴിപ്പിച്ചതും ചങ്ങാത്തത്തിന്റെ കടമയായി ഇന്ദ്രന്‍ ഏറ്റെടുത്തു.

നോക്കൂ, സുമുഖാ… നാഗലോകം, അവിടുത്തെ അധികാരപ്പോര്, അളവറ്റ സമ്പത്ത്. ഇതിലൊന്നും എനിക്കിപ്പോള്‍ കമ്പമില്ല. ഇന്ദ്രന്റെ നിര്‍ബന്ധം കൊണ്ടാണ് തക്ഷശിലയില്‍ വാഴുന്നതുതന്നെ. കണ്ടില്ലേ, പുഴയോരത്ത് കുഞ്ഞുങ്ങള്‍ ജ്ഞാനം നേടി വളരുന്നത്. അതാണിപ്പോള്‍ എന്റെ ആശ്വാസവും സ്വപ്നവും. അറിവ് എല്ലാത്തിനെയും നിഷ്പ്രഭമാക്കുന്നു എന്നു തിരിച്ചറിയാന്‍ വൈകി. നാഗലോകത്ത് നമ്മുടെ കൂട്ടര്‍ക്കില്ലാത്തതും ജ്ഞാനംതന്നെ. മദ്യം, പെണ്ണിന്റെ മണം, മാണിക്യക്കൂമ്പാരം ഇതൊക്കെ മതിയല്ലോ നമുക്ക്. പക്ഷേ, ജീവിതം ഇതൊന്നുമല്ല. കണക്കുകൂട്ടലുകള്‍ പിഴയ്ക്കുമ്പോഴേ അതു മനസ്സിലാകൂ. പരംപൊരുളിന്റെ വരദാനമാണ് ജീവിതമെന്ന് ഇപ്പോള്‍ എനിക്കറിയാം.”

തക്ഷകന്‍ വീണ്ടും തല്പത്തില്‍ ഇരുന്നു. തനിക്ക് അനുവദിച്ചിട്ടില്ലാത്ത ഏതോ ഇടത്ത് പ്രവേശിക്കേ ണ്ടിവന്ന ഭാവമായിരുന്നു മുഖത്ത്. സുമുഖന്‍ അത്ഭുതത്തോടെ നോക്കി. എത്രയോ കാലമായി ഇദ്ദേഹത്തെ അറിയാം. പുഴു ചിത്രശലഭമാകുന്നതുപോലെ തക്ഷകന്റെ ജീവിതത്തിന്റെ ഓരോ ഘട്ടവും അടുത്തുകണ്ടതാണ്. എന്തെല്ലാം അനുഭവിച്ചിരിക്കുന്നു ഈ ജന്മം. അമ്മയും ജ്യേഷ്ഠനും ശത്രുക്കളായി. ജനിച്ചുവളര്‍ന്ന മണ്ണില്‍നിന്നു പലായനം ചെയ്യേണ്ടിവന്നു. ആത്മാവില്‍ പകുതിയെന്നു കരുതിയ ഭാര്യ കൊല ചെയ്യപ്പെട്ടു. ഇടതും വലതും ഊന്നുവടിയാകേണ്ട, ഇക്ഷ്വാകു വംശത്തിന്റെ അഭിമാനമായി വളരേണ്ടിയിരുന്ന ആണ്‍മക്കള്‍ രണ്ടും അമ്മയുടെ മരണത്തിനു പകരം ചോദിക്കാന്‍ പോയി മരിച്ചു. എന്നിട്ടും, രാമഭക്തിയുടെ കരുത്തുകൊണ്ടുമാത്രമാകണം അദ്ദേഹം പിടിച്ചുനില്‍ക്കുന്നത്. എന്തൊരു തേജസ്സാണ് ഇപ്പോള്‍ ആ മുഖത്ത്. സദാ രാമനാമം ജപിക്കുന്ന ചുണ്ടുകള്‍… ആത്മീയ വെളിച്ചം തിളങ്ങുന്ന കണ്ണുകള്‍….

പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.