DCBOOKS
Malayalam News Literature Website

കോളനിവത്ക്കരണം തിരുത്തിക്കുറിച്ച നാഗ സങ്കല്‍പ്പങ്ങള്‍

രസ്മി ചന്ദ്രന്‍

കേരളത്തിലെ മതസംസ്‌ക്കാരിക ചരിത്രത്തിനു മാറ്റം കുറിക്കാന്‍ കോളോണിയലിസത്തിനു കഴിഞ്ഞിട്ടുണ്ട്. സ്ഥാവരമോ ജംഗമമോ ആയി ഭൂമിക്കൊപ്പം കൈമാറ്റം ചെയ്യപ്പെട്ടിരുന്ന പാമ്പിനെ കൊല്ലുകയും അവയുടെ ആരാധനാ കേന്ദ്രങ്ങളായ കാവുകളെ പുനര്‍ കുടിയിരുത്തകയും ചെയ്യുക എന്ന പുത്തന്‍ സംവിധാനം കോളോണിയനലിസത്തിന്റെ ഫലമാണ്. ജീവന്‍ ബലി നല്‍കി സംരക്ഷിച്ചവയെ ഗവണ്മെന്റും ഗവണ്മെന്റ് സഹായത്തോടെ പൊതുജനങ്ങളും വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ അന്നുവരെ ജീവനുള്ള ദൈവങ്ങള്‍ ആയി പൊതുസ്ഥലത്തു വിഹരിച്ചവ പെട്ടന്നുതന്നെ സാങ്കല്പികമോ പ്രതീകങ്ങളോ ആയി മാറി എന്നതാണ് ആദ്യത്തെ വിശ്വാസത്തിന്റെ മാറ്റം.

”കൊച്ചി രാജ്യത്തു മൂര്‍ഖന്‍ പാമ്പിനെ കുടുംബ ദൈവമായി കരുതിപ്പോന്നിരുന്ന ഒരു കുടുംബത്തിലെ പത്തു വയസുള്ള ഒരു പെണ്‍കുട്ടിയെ പാമ്പു കടിച്ചു. അവിടെ യാദൃച്ഛികമായി എത്തിയ ഡോക്ടര്‍ ഡോറന്‍ ആ വീട്ടിലേക്കു കയറിച്ചെല്ലുമ്പോള്‍ പെണ്‍കുട്ടി അന്ത്യശ്വാസം വലിക്കുകയും മരിക്കുകയും ചെയ്തത് കണ്ട് ഡോക്ടര്‍ ചോദിച്ചു: ‘ആ പാമ്പിനെ മുന്‍പേ തല്ലികൊല്ലുകയായിരുന്നേല്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ’. അപ്പോള്‍ ആ പെണ്‍കുട്ടിയുടെ അമ്മയുടെ മുഖത്തുകണ്ട ഭാവം തനിക്കൊരിക്കലും വിസ്മരിക്കാനാവില്ലെന്നദ്ദേഹം പറയുന്നു.നടുക്കത്തോടെ അവര്‍ പറഞ്ഞു, ആ മൂര്‍ഖനെ ഞങ്ങള്‍ കൊന്നിരുന്നുവെങ്കില്‍ ഈ കുടുംബത്തിലെ മറ്റെല്ലാ അംഗങ്ങളും അതേപോലെ മരിക്കേണ്ടി വരുമായിരുന്നു  (Samuel Mateer, 1883). ”

Pachakuthiraപാമ്പ് ഒരു സഹജീവി എന്നതിലപ്പുറം മലയാളികള്‍ക്ക് വൈകാരികവും ആത്മീയവുമായൊരു വികാരമായിരുന്നു എന്നതിന്റെ സൂചകമാണ് മുകളിലെ പരാമര്‍ശം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളത്തിലെ നാഗാരാധനയേയും അതിന്റെ ആവാസയിടമെന്ന നിലയില്‍ കാവുകളെയും കേന്ദ്രമാക്കിയുള്ള എഴുത്തുകള്‍ ജനപ്രിയ മേഖലയില്‍ സജീവമാണ്. നിരവധി സ്രോതസുകളാല്‍ സമ്പന്നമായ ഈ മേഖല പുത്തന്‍ സാമൂഹ്യശാസ്ത്ര വിശകലനങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒന്നാണ്. വിദേശ സഞ്ചാരികളുടെ രചനകള്‍, കൊളോണിയല്‍ മിഷനറി – അഡ്മിനിസ്‌ട്രേറ്റീവ് റിപ്പോര്‍ട്ടുകള്‍, കൊളോണിയല്‍ ബൊട്ടാണിക്കല്‍ ജേണലുകള്‍, സ്റ്റേറ്റ് മാനുവലുകള്‍, കേരളത്തിലെ കാവുകളുമായും നാഗവുമായും ബന്ധപ്പെട്ട വാമൊഴി, നാടോടി പാരമ്പര്യങ്ങള്‍ എന്നിങ്ങനെ നിരവധി ഉപാദാനങ്ങള്‍ ഈ മേഖലയിലെ ഗവേഷണത്തെ സഹായിക്കുന്നതാണ്. സാമൂഹികശാസ്ത്ര ഗവേഷകര്‍ കാവുകളെയും നാഗങ്ങളെയും മുന്‍നിര്‍ത്തി സാംസ്‌കാരികത, മതം, വിശ്വാസം, സമൂഹം തുടങ്ങിയവയെക്കുറിച്ച് പഠിക്കുമ്പോള്‍, മറുവശത്ത് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ അതിന്റെ ശാസ്ത്രീയ വശങ്ങളെയും ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യത്തെയും കുറിച്ച് പഠിക്കുന്നു. അതായത് ഒരേസമയം തന്നെ ശാസ്ത്ര -സാമൂഹ്യശാസ്ത്ര ഗവേഷകര്‍ അന്വേഷണം നടത്തുന്ന മേഖലയാണിത്. കോളനികാല നരവം
ശശാസ്ത്രജ്ഞരില്‍ നിന്നാണ് ഈ പഠന മേഖല ആരംഭിക്കുന്നത്.

ജെയിംസ് ഫെര്‍ഗൂസന്റെ ‘Trees and serpent worship in India’ (1873)  എന്ന നരവംശശാസ്ത്ര പഠനമാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. ആര്യന്മാരും ദ്രാവിഡരും സര്‍പ്പാരാധകരായിരുന്നില്ലെന്ന് ഫെര്‍ഗൂസന്‍ വ്യക്തമായി പ്രഖ്യാപിക്കുന്നു. ജെ. പി. എച്ച്. വോഗലിന്റെ Indian serpent lore (1972) എന്ന രചനയാകട്ടെ ഇന്ത്യന്‍ സംസ്‌കാരത്തില്‍, ഹിന്ദുപാരമ്പര്യങ്ങള്‍, ഇതിഹാസങ്ങള്‍, ഉപനിഷത്തുകള്‍ എന്നിവയില്‍ സര്‍പ്പാരാധനയെക്കുറിച്ച് എങ്ങനെ പ്രതിപാദിക്കുന്നു എന്നത് വിവരിക്കുന്നു. സി. അച്യുത മേനോന്റെ ‘കേരളത്തിലെ കാളി സേവ’യും (1959) (പരിഭാഷ), ഇ. ഉണ്ണികൃഷ്ണന്റെ ‘ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങള്‍’ (1995) എന്ന രചനയും കേരളത്തിലെ കാവ് സങ്കല്‍പ്പത്തിന്റെ ചരിത്രവും സാമൂഹിക തലവും കൈകാര്യംചെയ്യുന്ന ശ്രദ്ധേയമായ രചനകളാണ്. എന്നാല്‍ ഇവ നാഗാരാധനയെ കൂടുതലായി പറയാന്‍ ശ്രമിച്ചിട്ടില്ലെങ്കിലും കാവ് എന്ന സാമൂഹ്യവ്യവസ്ഥിതിയെ കൂടുതല്‍ അടുത്തറിയാന്‍ സഹായകമാണ് ഈ ഗവേഷണ കൃതികള്‍. സാമ്പത്തിക- നരവംശശാസ്ത്രത്തിന്റെ പിന്‍ബലത്താല്‍ മലയാളികള്‍ക്കിടയില്‍ പാമ്പെന്ന ജീവി, കേവലം ഇന്ദ്രിയഗോചരമായ അസ്തിത്വത്തിന് അതീതമായ, വ്യത്യസ്ത ജാതിവിഭാഗങ്ങള്‍ക്ക് തനതുരീതികളില്‍ സ്വംശീകരിക്കാവുന്ന ഒരു സംജ്ഞയായി രൂപാന്തരപ്പെട്ടത് എങ്ങനെയെന്ന് അന്വേഷിക്കുന്ന ഡോ. എസ്. രാജുവിന്റെ Narratives, Signs and Social Order: Nagam and the People of Keralam, 1991) പഠനമാണ് ഈ മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ അന്വേഷണം. സര്‍പ്പം എന്ന സങ്കല്പ്പം എങ്ങനെയല്ലാമാണ് മലയാളികളുടെ ഭാവന ലോകത്ത് കാണപ്പെട്ടത് എന്ന് അന്വേഷിക്കുന്ന ഈ പഠനത്തില്‍ ബ്രിട്ടീഷ് കൊളോണിയല്‍ക്കാലത്ത് നാഗസങ്കല്‍പ്പത്തിനുണ്ടായ മാറ്റങ്ങളെയും, കൊളോണിയല്‍ഭരണകൂട അധിനിവേശത്തിന്റെ പുത്തന്‍ നിയമങ്ങളെയും കാര്യമായി പരിഗണിക്കുന്നില്ല. കുട്ടനാട്ടിലെ കാവുകളെയും ആരാധനയെയും ജാതിസമ്പ്രദായത്തെയും കുറിച്ച് പഠിച്ചയസുഷി ഉഹിയാമദയുടെ പഠനം (Sacred grove (Kaav) Ancestral land of land
less agricultural labours in Kerala, India) 1995ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്ക ണോമിക്സില്‍ സമര്‍പ്പിച്ച പ്രബന്ധമാണ്. ആലപ്പുഴയില്‍ നടത്തിയ തന്റെ എത്‌നോഗ്രാഫിക്കല്‍ ഫീല്‍ഡ് വര്‍ക്കിലൂടെ മണ്ണാറശാലയും അവിടത്തെ നാഗാരാധനയും ദളിത് കാവുകളും സര്‍പ്പങ്ങളെയുമെല്ലാമാണ് അദ്ദേഹം ഗവേഷണ വിധേയമാക്കിയത്. കാവുകളിലെ ആരാധനയും മനുഷ്യനും തമ്മിലുള്ള വംശീയ വൈകാരികതയെയും തൊട്ടു കൂടായ്മയെയും ബന്ധിച്ചുകൊണ്ടു കാവുകളുടെ ഘടനയും സ്വഭാവവും തുടങ്ങി പ്രാകൃതആചാരങ്ങളുടെ ജനകിയ മാനസിക തലങ്ങള്‍ കൈകാര്യം ചെയ്യുന്ന പഠനമാണത്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ജൂണ്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂണ്‍ ലക്കം ലഭ്യമാണ്‌

 

Comments are closed.