DCBOOKS
Malayalam News Literature Website

എന്‍ വി യും ഡി. ലിറ്റ് ബിരുദവും

അന്ന് മദ്രാസ് സര്‍വകലാശാലയില്‍ മലയാളവകുപ്പിന്റെ തലവനായിരുന്ന ഡോ. ചേലന്നാട്ട് അച്യുതമേനോന്‍ എം.എ. ബിരുദമില്ലാതിരുന്ന എന്‍. വി.യെ ഗവേഷണം നടത്താന്‍ അനുവദിച്ചു. ‘മലയാളവൃത്തപഠനം’ എന്ന പ്രബന്ധത്തെ അടിസ്ഥാനമാക്കി എം.ലിറ്റ്. നല്കുകയും ചെയ്തു. ഇതിനു ശേഷം സര്‍വകലാശാലയില്‍ ഒരു ജോലിക്ക് അപേക്ഷിച്ചു.

(‘കാലത്തിന്റെ നാൾവഴി’യിൽ നിന്നും ഒരു ഭാഗം) ആഗസ്റ്റ് 25, 1987

‘കവിതയും ആട്ടക്കഥയും പ്രബന്ധങ്ങളും ലേഖനങ്ങളും യാത്രാവിവരണങ്ങളും പഠനങ്ങളും’ എഴുതി നമ്മുടെ സാഹിത്യത്തെ സമ്പന്നമാക്കിയ എന്‍.വി. കൃഷ്ണവാരിയരെ കാലിക്കറ്റ് സര്‍വകലാശാല ഇന്നലെ (ആഗസ്റ്റ് 24) ഓണററി ഡി. ലിറ്റ് ബിരുദം നല്കി ആദരിച്ചു. എന്‍. വി. യുടെ സുഹൃത്തുക്കളും ആരാധകരും ശിഷ്യരും ഉള്‍പ്പെട്ട ആയിരങ്ങള്‍ കലാശാല ആഡിറ്റോറിയത്തില്‍ സന്നിഹിതരായിരുന്നു. ആഗസ്റ്റ് 24-ന് അക്ഷരലോകത്തില്‍ പ്രാധാന്യമുണ്ട്. ലോകത്തിലെ ആദ്യത്തെ അച്ചടിച്ച പുസ്തകം, ഗുട്ടന്‍ബര്‍ഗിന്റെ ലത്തീന്‍ഭാഷയിലുള്ള ബൈബിള്‍, പുറത്തുവന്നത് 1456 ആഗസ്റ്റ് 24-നാണ്. ചരിത്രപ്രാധാന്യമുള്ള ഈ സംഭവത്തിന്റെ 531-ാം വാര്‍ഷികം കാലിക്കറ്റ് സര്‍വകലാശാല സമുചിതം ആഘോഷിച്ചിരിക്കുന്നു. ഈ സര്‍വകലാശാല ഇതിനു മുമ്പ് നാലുപേര്‍ക്ക് ഓണററി ഡി.ലിറ്റ് ബഹുമതി നല്കിയിട്ടുണ്ട്—എം. എം. ഗനി (പ്രഥമ വൈസ് ചാന്‍സലര്‍), കെ.പി. കേശവമേനോന്‍, എസ്.കെ. പൊറ്റെക്കാട്ട്, വൈക്കം മുഹമ്മദ്ബഷീര്‍. ഗനി ഒഴിച്ചുള്ളവരെല്ലാം സാഹിത്യനായകന്മാര്‍. ബഷീറിനു ബഹുമതി നല്കിയപ്പോഴും ഞാന്‍ അവിടെ സന്നിഹിതനായിരുന്നു. തകഴിക്ക് കേരള സര്‍വകലാശാലയും ഗാന്ധിജി സര്‍വകലാശാലയും ഡി. ലിറ്റ് നല്കിയ ചടങ്ങിലും ഞാന്‍ സംബന്ധിച്ചിട്ടുണ്ട്. പൊതുവേ പറഞ്ഞാല്‍ കോണ്‍വൊക്കേഷന്‍ ചടങ്ങുകള്‍ വിരസമായിരിക്കും. എന്നാല്‍, ആദരിക്കപ്പെടുന്നത് തകഴിയും ബഷീറും എന്‍. വി.യും അതുപോലുള്ളവരുമാകുമ്പോള്‍ അത് ആനന്ദപ്രദമായ ചടങ്ങായി മാറുന്നു. സാഹിത്യകാരന്‍കൂടിയായ വൈസ്ചാന്‍സലര്‍ ടി.എന്‍. ജയചന്ദ്രന്റെ അവതരണ (citation) പ്രസംഗത്തോടുകൂടിയാണ് ശരിക്കും ചടങ്ങുകള്‍ ആരംഭിച്ചത്. അനേകഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുവാന്‍ എന്നപോലെ വിദ്യയുടെ അനേകം മേഖലകളില്‍ സ്വന്തം സംഭാവനകള്‍ അര്‍പ്പിക്കുവാനും നിരന്തരം ഉത്സാഹിച്ച എന്‍.വി. ഒരു മാതൃകാ പണ്ഡിതനാണെന്ന് വൈസ്ചാന്‍സലര്‍ പറഞ്ഞു. ഏതു മേഖലയിലും കാലുറപ്പിച്ചു നില്ക്കാനും കൈയില്‍ കിട്ടുന്നതെന്തും നമ്മുടെ സംസ്‌കാരത്തിന്റെ വളര്‍ച്ചയ്ക്കുള്ള ഉപാധികളാക്കാനും നമ്മെ പഠിപ്പിച്ച ഈ ഗുരുവരനോടു കേരളീയര്‍ക്കുള്ള കടപ്പാട് കനെപ്പട്ടതാണെന്നും ആ കടപ്പാടിന്റെ ഒെരളിയ സൂചനമാത്രമാണ് ഈ ബിരുദദാനമെന്നും അദ്ദേഹം തുടര്‍ന്നു പ്രസ്താവിച്ചു. ഇത് ഒരു ഗുരുദക്ഷിണയാണെന്നുംകൂടി. കവിതയുടെ മണ്ഡലത്തില്‍ എന്‍. വി.യുടെ സേവനം വിലപ്പെട്ടതാണെന്നും ഗവര്‍ണറും ചാന്‍സലറുമായ പി.രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. സാമൂഹ്യ ലക്ഷ്യത്തോടുകൂടിയതാണ് അദ്ദേഹത്തിന്റെ കവിതകള്‍. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെയും യുഗപ്രഭാത് എന്ന ഹിന്ദി പ്രസിദ്ധീകരണത്തിന്റെയും പത്രാധിപര്‍ എന്ന നിലയില്‍ കൃഷ്ണവാരിയരുടെ സേവനം ഭാഷയ്ക്കും സാഹിത്യത്തിനും അമൂല്യനേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ചെറിയ അക്ഷരത്തില്‍ അച്ചടിച്ച നാലര പേജ് വരുന്ന ഗവര്‍ണരുടെ പ്രസംഗം പത്തു മിനിറ്റില്‍ അദ്ദേഹം തീര്‍ത്തു. പ്രസംഗങ്ങള്‍ അച്ചടിച്ച ‘കൊച്ചു പുസ്തക’ത്തിനുപകരം വലിയ കടലാസില്‍ വലിയ അക്ഷരത്തില്‍ ടൈപ്പ് ചെയ്ത കടലാസ്സ് ആണ് ഗവര്‍ണര്‍ ഉപയോഗിച്ചത്. എന്‍.വി.യും പുസ്തകത്തിലെ ചെറിയ ടൈപ്പിലച്ചടിച്ച പ്രസംഗത്തിനു പകരം എഴുതിക്കൊണ്ടുവന്ന പ്രസംഗം വായിക്കാനാണ് തുനിഞ്ഞത്. നാലഞ്ചു ഷീറ്റുകളിലെഴുതിയ പ്രസംഗം വായിക്കാനെടുത്തു. കടലാസ് നിവര്‍ത്തി നോക്കിയപ്പോഴാണ് അബദ്ധം മനസ്സിലായത്. പ്രൊഫസര്‍ കെ.സി. പീറ്ററിന്റെ ‘സ്‌നേഹം’ എന്ന പുസ്തകത്തിന് എന്‍.വി. എഴുതിയ അവതാരികയായിരുന്നു അത്. പിന്നെ അച്ചടിച്ച പ്രസംഗത്തെ ആശ്രയിച്ചു.

ഡീ.സി,  എന്‍.വി. കൃഷ്ണവാരിയരോടൊപ്പം അദ്ദേഹത്തിന്റെ വസതിയില്‍

ആദ്യന്തം ഒരു രസികന്‍ കഥ. സ്‌കൂളില്‍ പോയി പഠിച്ചതു നാലു ക്ലാസ്സു മാത്രം. അതിനപ്പുറത്തെ ക്ലാസിലിരിക്കാന്‍ ഫീസ് വേണം. അതിന് നിവൃത്തിയില്ലായിരുന്നു. അന്നു സംസ്‌കൃത വിദ്യാഭ്യാസം വെളിച്ചവും വായുവും വെള്ളവുംപോലെ സൗജന്യമായിരുന്നു. അതുകൊണ്ട് സംസ്‌കൃത സ്‌കൂളില്‍ ചേര്‍ന്നു പഠിച്ചു. പിന്നെ തൃപ്പൂണിത്തുറ സംസ്‌കൃതകോളജ് ‘കനിഞ്ഞു നല്കിയ വിദ്യാര്‍ത്ഥി വേതനം ഇല്ലായിരുന്നെങ്കില്‍’ താന്‍ ഒരു ആയുര്‍വേദ വൈദ്യനോ ജ്യോത്സ്യനോ ആകുമായിരുന്നു എന്നാണ് എന്‍. വി. പറഞ്ഞത്. തൃപ്പൂണിത്തുറ സംസ്‌കൃത കോളജില്‍ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നില്ല. ചില സുഹൃത്തുക്കളുടെ സഹായത്താല്‍ ഇംഗ്ലീഷ് പഠിച്ചശേഷം 1938-ലോ ’39-ലോ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കു പ്രൈവറ്റായി എഴുതാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചപ്പോള്‍ അതിനു നിയമം അനുവദിക്കുന്നില്ല എന്ന മറുപടിയാണ് കൊച്ചിയിലെ വിദ്യാഭ്യാസവകുപ്പ് നല്കിയത്. അക്കാലത്ത് മദ്രാസ് സര്‍വകലാശാല ബി.ഒ.എല്‍. ഡിഗ്രി ഏര്‍പ്പെടുത്തിയിരുന്നു. ഈ ഡിഗ്രി എഴുതിയെടുത്തു. ഇതിനിടെ മദ്രാസ് സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സിലില്‍ അംഗമായിത്തീര്‍ന്ന എന്‍. വി.കൃഷ്ണവാര്യര്‍ ബി.ഒ.എല്‍. കാരെ, എം.എ.യ്ക്ക് എഴുതാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചു. എന്നാല്‍, വൈസ് ചാന്‍സലറായിരുന്ന ഡോ. ലക്ഷ്മണസ്വാമി മുതലിയാര്‍, ബി.ഒ.എല്‍.കാര്‍ക്കു സൗജന്യമായി എം.എ. ബിരുദം നല്കാന്‍ തീരുമാനിക്കുകയാണ് ചെയ്തത്. അങ്ങനെ എന്‍.വി.ക്ക് 1955-ല്‍ ചക്കാത്തില്‍ എം.എ. ബിരുദം ലഭിച്ചു. മറ്റൊരത്ഭുതം കൂടി! ഇതിന് അഞ്ചു വര്‍ഷം മുമ്പുതന്നെ ഒരു ഗവേഷണപ്രബന്ധം അടിസ്ഥാനമാക്കി എന്‍.വി.ക്ക് എം. ലിറ്റ് ബിരുദം ലഭിച്ചിരുന്നു. ഈ ബിരുദം തനിക്കു ലഭിച്ചത് നേരായ വഴിയിലൂടെ അല്ലായിരുന്നു എന്ന് എന്‍.വി. പറഞ്ഞു.

അന്ന് മദ്രാസ് സര്‍വകലാശാലയില്‍ മലയാളവകുപ്പിന്റെ തലവനായിരുന്ന ഡോ. ചേലന്നാട്ട് അച്യുതമേനോന്‍ എം.എ. ബിരുദമില്ലാതിരുന്ന എന്‍. വി.യെ ഗവേഷണം നടത്താന്‍ അനുവദിച്ചു. ‘മലയാളവൃത്തപഠനം’ എന്ന പ്രബന്ധത്തെ അടിസ്ഥാനമാക്കി എം.ലിറ്റ്. നല്കുകയും ചെയ്തു. ഇതിനു ശേഷം സര്‍വകലാശാലയില്‍ ഒരു ജോലിക്ക് അപേക്ഷിച്ചു. ഡോ. ലക്ഷ്മണസ്വാമി മുതലിയാര്‍ അദ്ധ്യക്ഷനായുള്ള ഒരു കമ്മിറ്റിയുടെ മുമ്പില്‍ എന്‍.വി. ഹാജരായി. സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം മുതലിയാര്‍ ചോദിച്ചു: ‘അടിസ്ഥാനവിദ്യാഭ്യാസമില്ലാതെ നിങ്ങളെ എങ്ങനെ ഗവേഷണത്തിനെടുത്തു? ആരാണ് നിങ്ങളെ എടുത്തത്? ആര് നിങ്ങള്‍ക്കു സഹായധനം തന്നു?’ പേടിച്ചരണ്ട എന്‍.വി.യുടെ മറുപടി, ‘അങ്ങുതന്നെയാണ് സര്‍’ എന്നായിരുന്നു. ഏതായാലും ജോലി കിട്ടിയില്ല. എങ്കിലും പില്ക്കാലത്ത് താന്‍ പ്രൈമറി, സെക്കന്ററി, യൂണിവേഴ്‌സിറ്റി തലങ്ങളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ച കഥ എന്‍.വി. വിവരിച്ചു. കാലടി സംസ്‌കൃത ഹൈസ്‌കൂളില്‍ ഹെഡ്മാസ്റ്ററായിരിക്കുന്ന കാലം. 1942-ല്‍ സ്ഥാനം രാജിവച്ച് ക്വിറ്റ് ഇന്ത്യാ സമരത്തില്‍ ചേര്‍ന്നു. അതേപ്പറ്റി എന്‍.വി. യുടെ വാക്കുകള്‍തന്നെ ഇവിടെ പകര്‍ത്തട്ടെ.

‘സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഇന്ത്യയുടെ മഹാപ്രസ്ഥാനത്തില്‍, അവസാനഘട്ടത്തിലെങ്കിലും പങ്കുചേരാതിരുന്നാല്‍ പിന്നീടൊരിക്കലും ഒരു മനുഷ്യനെന്ന നിലയില്‍ തല ഉയര്‍ത്തി നില്ക്കാന്‍ സാധിക്കയില്ലെന്ന് അന്നെനിക്ക് തോന്നി. 1968-ല്‍ കേരളഭാഷ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആദ്യത്തെ ഡയറക്ടറായി. പിന്നീട് ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക് അസോസിയേഷന്റെ സീനിയര്‍ ഫെല്ലോ. അതിനുശേഷം ‘കുങ്കുമം’ പത്രാധിപര്‍. വീണ്ടും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. കുറച്ചുകാലത്തിനു ശേഷം കുങ്കുമത്തിലേക്കുതന്നെ തിരിച്ചുപോന്നു. സംഭവബഹുലമായ ആ കാലഘട്ടത്തിലേക്കൊന്നും ഞാനിപ്പോള്‍ കടക്കുന്നില്ല. ഇടയ്ക്കു കണ്ട ചില ‘ചെറിയ കാര്യങ്ങള്‍ മാത്രം’ ഇവിടെ ചൂണ്ടിക്കാണിച്ചു എന്നേയുള്ളു. 1938-ല്‍ മാതൃഭൂമിയില്‍ വന്ന ‘വിഭീഷണന്‍’ ആണ് പ്രസിദ്ധപ്പെടുത്തിയ ആദ്യത്തെ കവിത. എഴുപത്തൊന്നുകാരനായ എന്‍. വി. 41 കൃതികളുടെ കര്‍ത്താവാണ്. ഇന്നലെ പുറത്തുവന്ന ‘മനനങ്ങള്‍, നിഗമനങ്ങള്‍’കൂടിച്ചേര്‍ത്തു 42 ആക്കാം. ജയചന്ദ്രന് അഭിമാനിക്കാം. താന്‍ വൈസ്ചാന്‍സലറായിരുന്ന കാലത്ത് മലയാള സാഹിത്യത്തിലെ രണ്ടു മഹാരഥന്മാരെ ഡി. ലിറ്റ്. ബഹുമതി നല്കി ആദരിക്കാന്‍ കഴിഞ്ഞു എന്നതില്‍. അതോടെ കേരളത്തിലെ സഹൃദയരുടെ മനസ്സില്‍ കാലിക്കട്ട് സര്‍വകലാശാലയ്ക്ക് കൂടുതല്‍ സ്ഥാനം ഉറപ്പിച്ചു എന്നതിലും.

ഈ ലേഖനം അച്ചടിച്ചു വരുന്നതിനുമുമ്പ് ടി.എന്‍. ജയചന്ദ്രന്റെ വൈസ്ചാന്‍സലര്‍ സ്ഥാനം അവസാനിച്ചിരിക്കും. മറ്റൊരു നിലയിലും കൂടി ജയചന്ദ്രന്‍ ഓര്‍മിക്കപ്പെടുമെന്ന് തോന്നുന്നു. ഇന്നലെ ഒരു വിദ്യാര്‍ത്ഥി പറയുന്നതു കേട്ടു, ‘വൈസ് ചാന്‍സലറുടെ ശ്രമഫലമായി ഞങ്ങള്‍ക്ക് 24 മണിക്കൂറും വെള്ളവും വെളിച്ചവും കിട്ടുന്ന അവസ്ഥയിലെത്തി’ എന്ന്. ഇന്നത്തെ കഥയല്ല. രണ്ടു വര്‍ഷം മുമ്പ്. എന്നും രാത്രി വൈദ്യുതി അപ്രത്യക്ഷമാകും. നഗരത്തില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ആ വനമദ്ധ്യത്തില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും വളരെ വിഷമിച്ചാണ് കഴിഞ്ഞിരുന്നത്. വലിയ ജനറേറ്ററുകള്‍ സ്ഥാപിച്ച്, ആ ഇരുണ്ട ജീവിതത്തിനു മാറ്റം വരുത്തി. അതുപോലെതന്നെ വെള്ളത്തിന്റെ കാര്യവും.

യൂണിവേഴ്‌സിറ്റിയില്‍നിന്നു തിരിച്ചു നഗരത്തിലെത്തിയശേഷം കളക്ടറുമായി ഫോണില്‍ സംസാരിച്ചു (സാഹിത്യകാരനും കവിയും ഗാനരചയിതാവുമായ ജയകുമാറാണ് ജില്ലാ കളക്ടര്‍). എന്താണ് യൂണിവേഴ്‌സിറ്റിയില്‍ വരാഞ്ഞതെന്നന്വേഷിച്ചു. കളക്ടറേറ്റില്‍ മന്ത്രിതന്നെ വിളിച്ചുകൂട്ടിയ ഒരു യോഗം ആ സമയത്തുണ്ടായിരുന്നു എന്നു മറുപടി. എങ്കിലും ഗവര്‍ണര്‍ വരുമ്പോള്‍ കളക്ടര്‍ വേണ്ടതല്ലേ എന്നു ഞാന്‍ ചോദിച്ചു. യൂണിവേഴ്‌സിറ്റി മലപ്പുറം ജില്ലയിലാണ്. മലപ്പുറം കളക്ടര്‍ അവിടെ വന്നിരിക്കും’ എന്ന് ജയകുമാര്‍ പറഞ്ഞപ്പോഴാണ് കോഴിക്കോടു സര്‍വകലാശാല മലപ്പുറം ജില്ലയിലാണ് എന്ന കാര്യം ഓര്‍മവന്നത്.

Comments are closed.