DCBOOKS
Malayalam News Literature Website

ജാസ് വെറുമൊരു സ്രാവുപടമല്ല

എന്‍. എസ്. അരുണ്‍കുമാര്‍

കര എന്നത് ഒരു ഭൂഖണ്ഡമായും കടല്‍ എന്നത് മറ്റൊരു ഭൂഖണ്ഡമായും കണക്കാക്കു
ന്നതിലൂടെ കരയിലും കടലിലുമായി കഴിയുന്നവരെ വംശീയമായി വേര്‍തിരിക്കാനും അവരിലേക്ക് ദേശീയതയുടെ ചാട്ടുളി പായിച്ച് ഇഞ്ചിഞ്ചായി കൊല്ലുന്നതും ഒരു വലിയ ധര്‍മ്മസംഹിതയുടെ ഭാഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ജാസ് സിനിമയ്ക്ക് കഴിഞ്ഞു.: ജാസ് എന്ന ‘വിനോദ’ ചലച്ചിത്രത്തിനകത്തെ രാഷ്ട്രീയഭീകരതകള്‍.

സ്‌പെയ്‌നിലെ സുന്ദരിമാരേ, നിങ്ങള്‍ക്ക് വിട. വ്യദ്ധയായ ഇംഗ്‌ളണ്ട് ഞങ്ങളെ വിളിക്കുന്നു. പക്ഷേ, കുറഞ്ഞ സമയത്തിനുള്ളില്‍ത്തന്നെ വീണ്ടും കാണാമെന്നാണ് ഞങ്ങളു
ടെ പ്രതീക്ഷ(Farewell and adieu to you, Spanish ladies For we have received orders For to sail to old England, But we hope in a short time to see you again).

ജാസ് എന്ന ഹോളിവുഡ് സിനിമയിലെ ക്വിന്റ് എന്ന കഥാപാത്രം ഒന്നിലേറെത്തവണ ഒന്നോരണ്ടോ വരി മാത്രം ആവര്‍ത്തിക്കുന്നതിലൂടെ പ്രശസ്തമാക്കിയ ഒരു കടല്‍പ്പാട്ടാണിത്. സീ ഷാന്റി എന്ന പേരില്‍പില്‍ക്കാലത്ത് ഒട്ടുവളരെ പാട്ടുകള്‍ ശേഖരിക്കപ്പെടുന്നതിനും അറിയപ്പെടുന്നതിനും നിമിത്തമായതാണ് ക്വിന്റിന്റെ പാട്ട്. സിനിമയിലെ ക്വിന്റ് നാവികസേനയില്‍നിന്നും വിരമിച്ച ഒരു സാധാരണപട്ടാളക്കാരനാണ്. പട്ടാളക്കാര്‍ പക്ഷേ, സീ ഷാന്റികള്‍ പാടാറില്ല എന്നൊരു വൈരുദ്ധ്യം നിലനില്‍ക്കുന്നുണ്ടെങ്കിലും ക്വിന്റിന്റെ പാട്ട് അങ്ങനെയായിരുന്നില്ല. അത് ചരിത്രത്തിലെ ഏറ്റവും പഴക്കംചെന്ന നേവല്‍ സോങ് തന്നെയാണ്. ഇതിന്റെപഴക്കം ഒരുപക്ഷേ നമ്മളെ അതിശയിപ്പിക്കും, അതിനു പിന്നിലെ ചരിത്രവും. സ്പാനിഷ് ലേഡീസ് എന്ന പേരുള്ള ഇത് യഥാര്‍ത്ഥത്തില്‍ ഒരു നേവല്‍ ബാലഡ് ആയിരുന്നു. പതിനേഴാം നൂറ്റാണ്ടു മുതല്‍ക്കേ അത് നിലനിന്നിരുന്നു എന്നാണ് കരുതപ്പെടുന്നതെങ്കിലും അത് പാടിയതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് നെപ്പോളിയനുമായുള്ള ബ്രിട്ടന്റെ യുദ്ധത്തില്‍ (1793-1796) പങ്കെടുത്ത എച്ച്എംഎസ് നെല്ലീ എന്നകപ്പലിന്റെ ലോഗ്ബുക്കിലാണ്.

നെപ്പോളിയന്റെ ഏറ്റവും കുപ്രസിദ്ധമായ യുദ്ധതന്ത്രങ്ങളിലൊന്നായിരുന്നു ഭക്ഷ്യവസ്തുക്കളും സാമ്പത്തികവിഭവങ്ങളും കൊള്ളചെയ്യുകയും അവ സൈന്യത്തിന്റെ വികസനത്തിനായി സംഭരിക്കുകയും ചെയ്യുക എന്നത്. തുടക്കത്തില്‍ ഇതിലെ യുദ്ധതന്ത്രസാധ്യതയെക്കുറിച്ച് മനസിലാക്കാന്‍ ഇംഗ്‌ളീഷുകാര്‍ക്ക് കഴിഞ്ഞില്ലെങ്കിലും പതിയെപ്പതിയെ അവര്‍ പരാജയം മണത്തു. അതുകൊണ്ട്, സ്‌പെയിനിനെ ഭക്ഷ്യവസ്തുക്കളുടേയും വ്യാപാരവസ്തുക്കളുടേയും ഒരു താല്‍ക്കാലികനിലവറയായി വളര്‍ത്തിയെടുക്കാന്‍ നെപ്പോളിയനുമായുള്ള യുദ്ധകാലത്തിലുടനീളം അവര്‍ ശ്രമിച്ചു. അതിന്റെ ഫലമായി ബ്രിട്ടന്റെ യുദ്ധക്കപ്പലുകളും അതിലെ നാവികരും പട്ടാളക്കാരും വര്‍ഷങ്ങളോളം സ്പാനിഷ് തുറമുഖങ്ങളിലെ നിത്യസാന്നിധ്യമോ അവിടത്തെ താമസക്കാരോ ആയി. എന്നാല്‍, യുദ്ധസാഹചര്യം അവസാനിച്ചതോടെ അവരെല്ലാം ബ്രിട്ടണിലേക്ക് മടങ്ങിയെത്താന്‍ കല്‍പ്പനയായി. സ്വാഭാവികമായും അത് പ്രിയപ്പെട്ടവരും പരിചയപ്പെട്ടവരുമായ പലരുമായുള്ള വേര്‍പിരിയലിനുമിടയാക്കി. ഇതാണ് സ്പാനിഷ് ലേഡീസ് എന്ന പേരില്‍ പ്രശസ്ത
മായിത്തീര്‍ന്ന ഈ പാട്ട് അത്രമേല്‍ ഹ്യദയസ്പര്‍ശിയും അതുപോലെ ചരിത്രസ്പര്‍ശിയുമാവാന്‍ കാരണം.

സ്‌പെയിനില്‍ നിന്നും വടക്കുദിശയിലേക്ക് യാത്ര തിരിച്ച ബ്രിട്ടീഷ് പടക്കപ്പലുകള്‍ക്ക് ഇംഗ്‌ളീഷ് ചാനലിലൂടെ കടന്നുപോവേണ്ടതുണ്ടായിരുന്നു. അതിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ഉഷന്റും വടക്കേയറ്റത്തുള്ള സില്ലിയും തമ്മിലുള്ള ദൂരവും അവരുടെ ലാറ്റിറ്റിയൂഡും കണക്കാക്കുന്നതില്‍ പക്ഷേ അവര്‍ക്ക് തെറ്റുപറ്റി. ഇംഗ്‌ളണ്ടും അവരും തമ്മില്‍
അപ്പോഴുള്ള സ്ഥാനീയഅകലവും നിര്‍ണ്ണയിക്കുന്നതില്‍ അവര്‍ക്ക് തെറ്റി. അത് 35 ലീഗ് ആണെന്ന ധാരണയില്‍ പക്ഷേ ഞങ്ങള്‍ മുന്നോട്ടു പോവുന്നുവെന്നും പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഇംഗ്‌ളീഷ് ചാനലിലൂടെയുള്ള അപകടകരമായ യാത്ര സുഗമമായിരിക്കട്ടെ എന്ന ശുഭാപ്തിയുമാണ് പാട്ടിലെ ഇതിവ്യത്തം. തുടര്‍ന്നുള്ള വരികളില്‍ ബ്രിട്ടീഷ് ദേശീയതയെക്കുറിച്ചുള്ള അവരുടെ അഭിമാനമാണ് നിഴലിക്കുന്നത്. ഇക്കാരണത്താല്‍ത്തന്നെ പില്‍ക്കാലത്ത് ഏറെ പ്രശസ്തമായിത്തീര്‍ന്ന ഇത്തരമൊരു പടപ്പാട്ട് ഇന്നേവരേയ്ക്കും രാഷ്ട്രീയമായി വിശകലനം ചെയ്യപ്പെട്ടിട്ടില്ലാത്ത ജാസ് എന്ന സിനിമയില്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടതിന് വ്യക്തമായ കാരണങ്ങളുണ്ട്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ മാര്‍ച്ച്  ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച്  ലക്കം ലഭ്യമാണ്‌

Comments are closed.