DCBOOKS
Malayalam News Literature Website

ഐതിഹ്യം ഒരാശയമാണെങ്കില്‍, പ്രസ്തുത ആശയത്തിന്റെ മാധ്യമമാണു പുരാണേതിഹാസങ്ങള്‍

‘മിത്ത്=മിഥ്യ’ എന്ന പുസ്തകത്തിന് ദേവ്ദത് പട്‌നായ്ക് എഴുതിയ ആമുഖത്തില്‍ നിന്നും

വ്യക്തികളെയും സമൂഹത്തെയും ഒന്നിച്ചുചേര്‍ക്കുന്ന ഒരു സാംസ്‌കാരിക നിര്‍മ്മിതിയാണ്, ഒരു പൊതുധാരണയാണ് ഐതിഹ്യം. മതപരമോ മതേതരമോ ആകാം ഈ ധാരണ. പുനര്‍ജന്മം, സ്വര്‍ഗവും നരകവും, മാലാഖമാര്‍, പിശാചുക്കള്‍, വിധി, പ്രവര്‍ത്തനസ്വാതന്ത്ര്യം, പാപം, സാത്താന്‍, മോക്ഷം, എന്നിവ മതപരമായ ഐതിഹ്യങ്ങളാണ്. പരമാധികാരം, രാഷ്ട്രം, മനുഷ്യാവകാശം, സ്ത്രീകളുടെ അവകാശങ്ങള്‍, മൃഗങ്ങളുടെ അവകാശങ്ങള്‍, സ്വവര്‍ഗ്ഗപ്രേമികളുടെ അവകാശങ്ങള്‍ എന്നിവ മതേതര സങ്കല്പങ്ങളാണ്. മതപരമായാലും മതേതരമായാലും എല്ലാ ഐതിഹ്യങ്ങളും ഒരു വിഭാഗം ജനങ്ങളെഎല്ലാവരെയുമല്ല ബോധ
വാന്മാരാക്കുന്നു. ഒരു പരിധിക്കപ്പുറം അവയെ നീതീകരിക്കുവാനും സാധ്യമല്ല. അന്തിമവിശകലനത്തില്‍ നിങ്ങള്‍ക്ക് അവയെ അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം.

Textഐതിഹ്യം ഒരാശയമാണെങ്കില്‍, പ്രസ്തുത ആശയത്തിന്റെ മാധ്യമമാണു പുരാണേതിഹാസങ്ങള്‍. ഒരൈതിഹ്യത്തെ അനുഭവവേദ്യമാക്കുന്ന കഥകളും ചിഹ്നങ്ങളും ചടങ്ങുകളും ചേര്‍ന്നതാണു പുരാണം. കഥകളും ചിഹ്നങ്ങളും ചടങ്ങുകളും ഭാഷകളുടെ ഭാഗമാക്കുന്നു കേള്‍ക്കുകയും കാണുകയും കര്‍മ്മപഥത്തിലുള്‍പ്പെടുകയും ചെയ്യുന്ന ഭാഷകള്‍. ഇവയെല്ലാം ചേരുമ്പോള്‍ ഒരു സംസ്‌കാരത്തിനു സത്യസന്ധത പ്രദാനം ചെയ്യുന്നു. ഉയിര്‍ത്തെഴുന്നേല്പിന്റെ കഥയും ക്രൂശിതരൂപവും കൂദാശയെന്ന ചടങ്ങും ക്രിസ്തുമതമെന്ന ആശയത്തെ സാധൂകരിക്കുന്നു. ദേശീയപതാകയും ദേശീയ ഗാനാലാപനമെന്ന ചടങ്ങും ഒരു ദേശരാഷ്ട്രമെന്ന ആശയത്തിനു ശക്തിപകരുന്നു.

ഐതിഹ്യങ്ങളില്‍നിന്നു വിശ്വാസങ്ങളും ഇതിഹാസങ്ങളില്‍നിന്ന് ആചാരങ്ങളും രൂപംകൊള്ളുന്നു. ഐതിഹ്യം ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കുന്നു. ഇതിഹാസം പെരുമാറ്റത്തെയും ആശയവിനിമയത്തെയും സ്വാധീനിക്കുന്നു. അങ്ങനെ, ഐതിഹ്യവും ഇതിഹാസവും സംസ്‌കാരത്തെ ശക്തിയായി സ്വാധീനിക്കുന്നു.തങ്ങളുടെ സാംസ്‌കാരികമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഐതിഹ്യത്തിനും ഇതിഹാസത്തിനും കഴിയാതെ വരുമ്പോള്‍, ജനങ്ങള്‍ ഐതിഹ്യത്തിന്റെയും ഇതിഹാസത്തിന്റെയും പിടിയില്‍
നിന്നു മോചിതരാകുന്നു.

യുക്തിസഹമായ ജീവിതത്തിനു നാം എത്രമാത്രം വില കല്പിക്കുന്നുണ്ടെണ്ടങ്കിലും യുക്തിരാഹിത്യമാണു ജീവിതത്തെ നയിക്കുന്നതെന്ന വസ്തുത വിചിത്രമായിത്തോന്നാം. സ്നേഹം യുക്തിസഹമല്ല. ദുഃഖം യുക്ത്യാധിഷ്ഠിതമല്ല. വിദ്വേഷവും രോഷവും അത്യാഗ്രഹങ്ങളും യുക്തിസഹമല്ല. സദാചാരവും ധാര്‍മ്മികതയും സൗന്ദര്യബോധം പോലും യുക്ത്യാനുസാരമല്ല. അന്തിമ വിശകലനത്തില്‍, വ്യക്തിനിഷ്ഠമായ മൂല്യങ്ങളെയും മാനദണ്ഡങ്ങളെയുമാണ് അവ ആശ്രയിക്കുന്നത്. ഒരു വിഭാഗം ജനങ്ങള്‍ക്കു ശരിയും വിശുദ്ധവും സുന്ദരവുമായതു മറ്റൊരു വിഭാഗത്തിനു ശരിയും സുന്ദരവും വിശുദ്ധവുമാകണമെന്നില്ല. നിലവിലുള്ള ഐതിഹ്യത്തെ ആശ്രയിച്ചാണ് ഓരോ അഭിപ്രായത്തിന്റെയും ഓരോ തീരുമാനത്തിന്റെയും നിലനില്പ്. ഈ ഭൂമിയിലെവിടെയെങ്കിലും പരിപൂര്‍ണ്ണമായൊരു ലോകമോ പരിപൂര്‍ണ്ണനായൊരു മനുഷ്യനോ പരിപൂര്‍ണ്ണമായൊരു കുടുംബമോ ഉണ്ടെന്നതിനു യാതൊരു തെളിവുമില്ല.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.