DCBOOKS
Malayalam News Literature Website

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം; പുനരന്വേഷണം ആവശ്യപ്പെട്ട് പരാതി

തിരുവനനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബാലഭാസ്‌കറിന്റെ കുടുംബം രംഗത്ത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ മുഖ്യമന്ത്രിക്കും ഡി.ജിപിയ്ക്കും പരാതി നല്‍കി. എന്തിനാണു തിടുക്കപ്പെട്ട് കുടുംബവുമൊന്നിച്ച് ബാലഭാസ്‌കര്‍ തിരുവനന്തപുരത്തേയ്ക്ക് യാത്രതിരിച്ചതെന്ന് അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ നിലനില്‍ക്കുന്നതിനാലാണ് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്. അപകടത്തില്‍നിന്ന് രക്ഷപ്പെട്ട ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജ്ജുനും പൊലീസിന് വ്യത്യസ്തമായ മൊഴികളാണ് നല്‍കിയിരിക്കുന്നത്. അതിനാല്‍ അപകടസമയത്ത് ആരാണ് വാഹനമോടിച്ചത് ആരായിരുന്നുവെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യവും മൊഴികളിലെ വൈരുദ്ധ്യവുമാണ് ബാലഭാസ്‌കറിന്റെയും മകളുടെയും അപകടമരണത്തില്‍ ദുരൂഹതയ്ക്കു കാരണമായത്.

സെപ്റ്റംബര്‍ 25-നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തിരുവനന്തപുരത്തിനടുത്ത് പള്ളിപ്പുറത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി തത്ക്ഷണം മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഭാര്യ ലക്ഷ്മി ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്കു ശേഷം അടുത്തിടെയാണ് ആശുപത്രി വിട്ടത്.

Comments are closed.