DCBOOKS
Malayalam News Literature Website

സര്‍വ്വമതസമ്മേളനത്തിന്റെ സംഗീതം: ഡോ.എം.എ. സിദ്ദീഖ്

മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍

ഒരു ജാതി മനുഷ്യജാതിയാണെന്നും ജീവഘടനയുടെ സംസ്‌കാരമനുസരിച്ച് സര്‍വ്വ മനുഷ്യരും ഒരേ സ്പീഷീസാണെന്നും ഗുരു പറഞ്ഞു കൊണ്ടിരുന്നു. ഇതൊരു ശാസ്ത്രീയ സത്യവുമാണ്. പക്ഷേ, മതത്തിന്റെ കാര്യത്തില്‍ ഇങ്ങനെയൊരു താര്‍ക്കികത പറയാനാവുകയില്ല. മതം എന്നത് യുക്തിപരമല്ലാത്തതു കൊണ്ട് എല്ലാ മതങ്ങളും ഒന്നാണെന്നു സ്ഥാപിക്കാന്‍ ശാസ്ത്രീയമായ യുക്തികള്‍ കിട്ടുകയില്ല. അതറിയാമായിരുന്ന ഗുരു മതത്തെ താര്‍ക്കികമായ ഒന്നായി കാണുന്നതിനു പകരം സംയോജിതമായ ഒന്നായി കണ്ടു: 1924 ല്‍ ആലുവയില്‍ ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വ്വമത സമ്മേളനത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പഠനം.

സര്‍വ്വമതസമ്മേളനം നടത്തുന്നതു കൊണ്ട് സമൂഹത്തിനുണ്ടാകുന്ന ഗുണത്തെക്കുറിച്ചാണ് ഇതേവരെ നാം ചിന്തിച്ചിട്ടുള്ളത്. ഇനി മറ്റൊരു ആലോചന കൂടി വേണ്ടതുണ്ടെന്നു തോന്നുന്നു. ഇത്തരം സമ്മേളനങ്ങള്‍ കൊണ്ട് മതങ്ങള്‍ക്ക് എന്തു പ്രയോജനമാണുള്ളതെന്ന ആലോചന. മതങ്ങളെ സംബന്ധിച്ച സര്‍വതലസ്പര്‍ശിയായ ദീര്‍ഘവീക്ഷണങ്ങള്‍ ഉണ്ടായിരുന്ന നാരായണഗുരു ഇങ്ങനെയൊരാലോചന കൂടി ആ സമ്മേളനത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു എന്നു കരുതണം. എല്ലാ മതസാമ്രാജ്യങ്ങളും ചുഴലിക്കാറ്റിലെ Pachakuthiraതിരമാലകളെന്നപോലെ പരസ്പരം ആക്രമിച്ച് എപ്പോഴെന്നില്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നു, എന്നതിനാല്‍ എല്ലാമതങ്ങളും എല്ലാവര്‍ക്കും പഠിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങളെ ഉണ്ടാക്കണമെന്നത് സര്‍വ്വമതസമ്മേളനത്തിന്റെ സ്വാഗതപ്രസംഗത്തിലെ ബഹുമാന്യമായ ഒരു നിര്‍ദ്ദേശമായിരുന്നു.സത്യവ്രതസ്വാമി നടത്തിയ ആ പ്രസംഗം ഗുരുവുമായി സംസാരിച്ചു തയ്യാറാക്കിയ ഒരു സംവാദരേഖയായിരുന്നു. ഇത്, നടപ്പിലാക്കാന്‍ ഒരു പ്രയാസവുമില്ലാത്ത കാര്യമാണെന്ന് ഗുരുവിന് ഉത്തമബോധ്യമുണ്ടായിരുന്നു. ഇന്നും ശിവഗിരിയും ,ഗുരുവിന്റെ ആദ്ധ്യാത്മികസ്ഥാപനങ്ങളും നിലകൊള്ളുന്നത് സര്‍വ്വമത പ്രാര്‍ത്ഥനാലയം എന്ന നിലയിലും സര്‍വ്വമത പാഠശാലകള്‍ എന്ന നിലയിലുമാണ്. ഈ പ്ലാറ്റ്ഫോം ഇല്ലെങ്കില്‍, മതങ്ങള്‍ ആന്തരികമായി ജീര്‍ണ്ണതബാധിച്ച സാമൂഹികസിദ്ധാന്തമായി മാറുകയും വളരുന്നതനുസരിച്ച് പിളരുകയും തമ്മില്‍ത്തല്ലി ലോകത്തെ നശിപ്പിക്കുകയും ചെയ്യുമെന്ന് ഗുരു കാണുകയുണ്ടായി. മതപരിവര്‍ത്തന വാദികളും മതവാദികളും മതനിരപേക്ഷവാദികളുമായ ഒരു പറ്റം ശിഷ്യരുടെ മധ്യത്തിലിരുന്നാണ് ഗുരു ഈ ആന്തരികമധ്യസ്ഥതയുടെ കലാവിചാരം നടത്തിയത്.മതത്തെ സംബന്ധിച്ച പല ഘടകങ്ങളുടെയും ആധുനികസാംസ്‌കാരികവിദ്യകള്‍ അതില്‍ പ്രവര്‍ത്തിച്ചിരുന്നു.

സാമൂഹികചികിത്സ

കേരളത്തിന്റെ ജാതിവ്യവസ്ഥ യില്‍ പ്രവര്‍ത്തിച്ചിരുന്ന ശാരീരികവും മാനസികവുമായ ബലഹീനതകളെ, സാമൂഹികപുരോഗമനത്തിന്റെ തത്വചിന്ത മാത്രംവച്ചുകൊണ്ടല്ല ഗുരു ചികിത്സിച്ചത്. സാമൂഹിക പരിഷ്‌കരണമെന്നത് പ്രാഥമികമായ ഒരു ചികിത്സമാത്രമായിരുന്നു. ജാതിഭേദം എന്ന നാഡീരോഗത്തെ, ശാസ്ത്രവും പക്വമായ ആത്മീയതയും ഉപയോഗിച്ച് ചികിത്സിച്ച ഗുരു, മതദ്വേഷത്തെ ചികിത്സിച്ചത് താരതമ്യമതവിചാരം കൊണ്ടും ആത്മസുഖം എന്ന പരമാനുഭൂതിയുടെ അടിസ്ഥാനത്തിലുമാണ്. മതത്തിന്റെ മനഃശാസ്ത്രപരമായ അഭിവീക്ഷണം അനുസരിച്ച് പക്വമായ (ആരോഗ്യകരമായ) മതമനോഭാവത്തിന്റെ ലക്ഷണങ്ങളെ വില്യം ജയിംസ് എടുത്തുകാണിച്ചിട്ടുണ്ട്. സന്തോഷം, സ്വാതന്ത്ര്യം, ശുഭാപ്തിവിശ്വാസം, ഉദാരമായ ദൈവശാസ്ത്രം, അനേകത്വവീക്ഷണം, പാപവുമായുള്ള മുന്‍കൂര്‍ വ്യാപാരത്തിന്റെ അഭാവം എന്നിവയാണവ. ഈ ഉപാധികള്‍ ഗുരു തന്റെ സാമൂഹികചികിത്സയില്‍ ഉപയോഗിച്ചു.

പൂര്‍ണ്ണരൂപം 2024 മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച് ലക്കം ലഭ്യമാണ്‌

 

 

 

Comments are closed.