DCBOOKS
Malayalam News Literature Website

എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ വിട വാങ്ങി

പൗർണമിച്ചന്ദ്രിക ...

പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ (84) വിട വാങ്ങി. കൊച്ചി പള്ളുരുത്തിയിലെ പാര്‍വതി മന്ദിരം വസതിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം.നിത്യസുന്ദരമായ നിരവധി ഗാനങ്ങള്‍ കേരളത്തിന് സമ്മാനിച്ച സംഗീത പ്രതിഭയാണ് എം കെ അര്‍ജുനന്‍ മാഷ്.

ഇരുനൂറിലധികം സിനിമകളിലായി അറുനൂറിലധികം ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. നാടകഗാനങ്ങള്‍ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ എം.കെ അര്‍ജുനന്‍ 1968 ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയില്‍ സജീവമായത്.

ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

നാടകരംഗത്തു പ്രവർത്തിക്കവേ, ദേവരാജൻ മാസ്റ്ററുമായി പരിചയപ്പെട്ടതാണ്‌ സിനിമയിൽ അർജ്ജുനൻമാസ്റ്റർക്ക്‌ അവസരമൊരുക്കിയത്‌. ദേവരാജൻ മാഷിനു വേണ്ടി നിരവധി ഗാങ്ങൾക്ക്‌ അദ്ദേഹം ഹാർമോണിയം വായിച്ചു.1968-ൽ ‘കറുത്ത പൗർണമി എന്ന ചിത്രത്തിലെ അഞ്ചു ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്ത്‌ തന്റെ പേര്‌ എഴുതിച്ചേർക്കാൻ അർജ്ജുനൻമാസ്റ്റർക്കു കഴിഞ്ഞു. തന്റെ ജീവിതം പകർത്തിയെഴുതിയ പോലെ പി. ഭാസ്കരൻ പാട്ടെഴുതി കൊടുത്തപ്പോൾ ഹൃദയമുരുകി എം.കെ. അർജ്ജുനൻ ഈണം പകർന്നു.
“ഹൃദയമുരുകി നീ കരയില്ലെങ്കിൽ
കദനം നിറയുമൊരു കഥ പറയാം…

ആയിടയ്ക്കാണ്‌ അർജ്ജുനൻ ശ്രീകുമാരൻ തമ്പിയുമായി പരിചയപ്പെടുന്നത്‌. ശ്രീകുമാരൻ തമ്പി ചിത്രമേള, വെളുത്തകത്രീന തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ദേവരാജൻ മാഷുമായി സ്വൽപം അകന്നു നിൽക്കുന്ന സമയവുമായിരുന്നു. ഒരിക്കൽ എന്തോ പറഞ്ഞു ദേഷ്യത്തിന്‌ ശ്രീകുമാരൻ തമ്പി ദേവരാജൻ മാഷിനോട്‌ ‘മാഷിനു സ്വന്തം സംഗീതത്തിൽ വിശ്വാസമുള്ളതുപോലെ എനിക്ക്‌ എന്റെ കഴിവിലും വിശ്വാസമുണ്ട്, എനിക്കൊരു പാട്ടു നന്നാക്കാൻ മാഷിന്റെ ഹാർമോണിസ്റ്റു തന്നെ ധാരാളമാണ്‌’ എന്നു പറയുകയുണ്ടായി. ഈ വാചകം അറം പറ്റിയതുപോലെയായി. പിൽക്കാലത്ത്‌ എം കെ അർജ്ജുനനുമായി ചേർന്ന്‌ നിരവധി അവിസ്മരണീയ ഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചിച്ചു. എം കെ അർജ്ജുനൻ ഈണമിട്ട ഗാനങ്ങളിൽ ഭൂരിപക്ഷവും രചിച്ചത്‌ ശ്രീകുമാരൻ തമ്പിയായിരുന്നു. വയലാര്‍, പി. ഭാസ്‌കരന്‍, ഒ. എന്‍. വി. കുറുപ്പ് എന്നിവര്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്‍, വാണി ജയറാം എന്നിവരാണ് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ അധികവും ആലപിച്ചത്. ഭാമിനീ ഭാമിനീ…(ആദ്യത്തെ കഥ), തളിര്‍വലയോ താമരവലയോ (ചീനവല), മല്ലീസായകാ…നിന്മനസ്സൊരു…(സൂര്യവംശം) , ദ്വാരകേ…ദ്വാരകേ…(ഹലോ ഡാര്‍ലിങ്ങ്), ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം…(ആദ്യത്തെ കഥ), എന്നിവ അര്‍ജുനന്‍ മാഷിന്റെ ഹിറ്റ് ഗാനങ്ങളാണ്.

Comments are closed.