DCBOOKS
Malayalam News Literature Website

‘മുറിനാവ്’ ലാഘവത്തോടെയുള്ള ഒരു വായനക്ക് വഴങ്ങിത്തരാത്തൊരു നോവൽ

മനോജ് കുറൂരിന്റെ ‘മുറിനാവ്‘ എന്ന നോവലിന്റെ ഇക്ബാല്‍ കൊടുങ്ങല്ലൂരിന്റെ വായനയെ മുന്‍ നിര്‍ത്തി കെ. കെ. മോഹന്‍ദാസ് എഴുതിയ വായനാനുഭവം.

മുറിനാവ്, ലാഘവത്തോടെയുള്ള ഒരു വായനക്ക് വഴങ്ങിത്തരാത്തൊരു നോവൽ.
സാഹസീകവും സങ്കീർണ്ണവുമായ വായനാനുഭവത്തിന്റെ ലോകത്തേക്കാണ് ഈ നോവൽ ഒരോ വായനക്കാരനേയും ക്ഷണിക്കുന്നത്.

ശ്രീ ഇക്ബാലിന്റെ സുദീർഘമായ ആസ്വാദനം നോവലിന്റെ മൗലീകവും വൈകാരികവുമായ സർവ്വ ഇടങ്ങളിലും സ്പർശിച്ചുകൊണ്ടാണ് കടന്നുപോകുന്നത്. കഥാപാത്രങ്ങളുടെ ചലനദിശയിൽ അവർക്കൊപ്പം ഒരു സൂഷ്മദർശിനിയുമായി ശ്രീ ഇക്ബാൽ യാത്ര ചെയ്യുകയാണ്.

ചരിത്രത്തിലും ദർശനത്തിലും രചനയിലും നോവലിസ്റ്റ് പുലർത്തിയ അതിസൂഷ്മതയും നവീന ഭാവുകത്വങ്ങളും ആസ്വാദകൻ കണ്ടെടുക്കുന്നുണ്ടെങ്കിലും ഈ രചനയെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊള്ളാനും തുറന്നിടുന്ന വൈവിധ്യങ്ങളായ വിചാരധാരകളിലേക്ക് വിരൽ ചൂണ്ടാനും കഴിഞ്ഞിട്ടില്ലന്ന പരാതി ഉന്നയിക്കാതിരിക്കാനാകില്ല. അസാമാന്യവും അനന്യവുമായ ഒരു ശീർഷകമാണ് ഈ നോവലിന്റേത്.

നാവരിഞ്ഞ് നാടുകടത്തിയ ബുദ്ധഭിക്ഷുക്കളുടെ ദീപ്തമായ ചരിത്ര ഓർമ്മകൾ.
മുഴു നാവുകൾ പറഞ്ഞുറപ്പിച്ച നിർമ്മിത ചരിത്രത്തിൽ നിന്നും മുറിനാവുകളുടെ യഥാർത്ഥ ചരിത്രത്തിലേക്കുള്ള ഒരു ആത്മദൃഷ്ടി. അധികാര മത്സരങ്ങളിൽ വിജയിച്ചവരാൽ തമസ്കരിക്കപ്പെട്ട തോറ്റവരുടെ ചരിത്രം. ഇതെല്ലാം മുറിനാവ് എന്ന പേരിലും നോവലിലും ചേർത്തുവെക്കപ്പെട്ടിരിക്കുന്നു. ചരിത്രത്തിലെ കലർപ്പുകളെ നിർധാരണം ചെയ്തുകൊണ്ട് മലയാള നോവൽ ശാഖക്ക് അപരിചിതമായ വഴികളിലൂടെ ചരിത്രത്തിന്റെയും ദർശനങ്ങളുടേയും പടികളിറങ്ങിപ്പോകുകയാണ് ഈ മുറിനാവ്.

” അവളൂര്” ചരിത്രത്തിൽ നിന്ന് തപ്പിയെടുത്തതാവാം ഈ പേര്. പറയാതെ വയ്യ.  പെൺ പരിഗണനയുടെ നക്ഷത്ര പ്രകാശമുള്ള സ്ഥലനാമമാണ് ‘ അവളൂര് ‘. പരിമിതികളും പരിധികളുമില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ഭൂമികയായ അവളൂരിന്റെ ജാതിരഹിത ജീവിതത്തിൽ Textമനുഷ്യരും ജന്തുക്കളും മരിച്ചവരും ജീവിച്ചിരിക്കുന്നവരും ഭിന്ന ലിംഗക്കാരും ഇടകലർന്ന് ലോഭമില്ലാതെ ശുദ്ധകാമനകൾ പങ്കിട്ട് ജീവിക്കുകയാണ്. ബുദ്ധരും ജൈനരും ആജീവകരും നാസ്തികരുമൊക്കെ ഭരിക്കാനുള്ള ജന്മവാസനകളുടെ പൊരുളന്വേഷിച്ച് വിചിത്ര ഭാഷയുടെ നിഘണ്ടു തീർക്കുന്ന ഇടം.

ഇരകളുടെ സമ്പന്ന ഭാഷയായും നമുക്കിതിനെ കാണാം. തിരസ്കൃതരുടേയും തോറ്റോടിയവരുടേയും ഈ സ്വന്തം നാട്ടിൽ 8-ാം നൂറ്റാണ്ടിലേയും 12-ാം നൂറ്റാണ്ടിലേയും ദക്ഷിണേന്ത്യൻ ചരിത്രത്തിന്റെ നാരായവേരുകൾ പടർന്നു കിടക്കുന്നു.

കുമരന്റെ ജീവനില്ലാത്ത നെഞ്ചിലേക്ക് അടർന്നു വീഴുന്ന നീലിയുടെ രണ്ടു തുള്ളി കണ്ണീരിലൂടെ വേണമെങ്കിൽ നമുക്ക് ഈ രചനയിലേക്ക് കടക്കാം. യാത്ര തുടരുന്ന അലങ്കാരന്റെ മോചനയില്ലായ്മയിൽ നിന്നും തുടങ്ങാനുമാകും.

‘ ഒരിക്കൽ നോവനുഭവിച്ചവർക്ക് അതൊരിക്കലും പോകില്ല, ഒരിക്കൽ തോറ്റവർക്ക് ഒരിക്കലും പിൻവാങ്ങാനുമാകില്ല” എന്ന നിരീക്ഷണത്തിലൂടേയും നമുക്ക് വേണമെങ്കിൽ അകത്തു കടക്കാം. ചിരുകണ്ടന്റെ തിരിച്ചറിവുകൾ നമുക്ക് വഴിക്കാട്ടും.

രൂപാന്തരം പ്രാപിച്ച വ്യക്തിത്വങ്ങളുടെ ചരിത്ര ഖനനത്തിന്റെ മായികഭൂമിയാണിത്.
ആര്യാവർത്തനത്തിന്റേയും അദ്വൈതത്തിന്റേയും അധിനിവേശത്തിൽ നിലനിൽപ്പ് നഷ്ടപ്പെട്ട
ഒരു സമൂഹത്തിന്റെ അവരുടെ ജീവിതത്തിന്റെ വീണ്ടെടുപ്പാണിതിന്റെ കാതൽ. ചരിത്രത്തിന്റെ വീണ്ടെടുപ്പ്.

മദ്ധ്യകാല ദക്ഷിണേന്ത്യൻ ചരിത്രത്തിലെ സംഭവബഹുലമായ നാലു നൂറ്റാണ്ടുകളിലേക്ക്
ചരിത്രപഥങ്ങളിൽ ഹൃദയം ചേർത്ത് നടക്കുന്നതും മലയാള നോവൽസാഹിത്യത്തിലെ
വേറിട്ടതും ആഖ്യാനത്തിന്റെ നവചാരുത കാത്തു സൂക്ഷിക്കുന്നതുമായ രചന കൂടിയാണിത്

സമ്പന്നവും വൈവിധ്യവുള്ള ആ കാലഘട്ടത്തിലെ ദർശനങ്ങളുടെ ആത്മാവ്
തൊട്ടെടുക്കുന്നുണ്ടിതിൽ. മലയാള നോവൽ ചരിത്രത്തിലെ അസാധാരണമായ ഒരു
രചനയാണ് മുറി നാവ്.

ഒന്നുകൂടി പറയാതെ വയ്യ. നോവൽ വായനയുടെ ശരാശരി ധാരണകളെ
ഇത് തകിടംമറിക്കുന്നുണ്ട്. വായനക്കാരുടെ  ഹൃദയത്തിലേക്കുള്ള വാതിൽ ആമതാഴിട്ടു പൂട്ടി
മസ്തിഷ്കത്തിലേക്കുള്ള പിരിയൻ ഗോവണി കയറി പ്രവേശിക്കുന്ന ഈ നോവലിന്റെ രീതി
മനോജ് അറിഞ്ഞോ അറിയാതേയോ സൃഷ്ടിച്ച പരിമിതികൂടിയാണ്.

‘മുറിനാവ്’ എന്ന നോവല്‍ വാങ്ങാന്‍ സന്ദര്‍ശിക്കുക

Comments are closed.