DCBOOKS
Malayalam News Literature Website

മുല്ലപ്പൂ നിറമുള്ള പകലുകളിൽ നിന്നും സുഗന്ധമില്ലാത്ത വസന്തത്തിലേയ്ക്കുള്ള ദൂരം…

രണ്ടു നോവലുകൾ, ഒരേ നോവലിസ്ടിന്റെ ഒരേസമയം പുറത്തു വരിക, ഒന്നിനൊന്നോടു കെട്ടു പിണഞ്ഞു കിടക്കുക. ഒന്ന് വായിച്ചാൽ മറ്റേതു വായിക്കാതെ വായനക്കാരൻ അസ്വസ്ഥനാവുക…. ഇതാണു ബെന്യാമിന്റെ ഏറ്റവും പുതിയ നോവലായ അൽ- അറേബ്യൻ നോവൽ ഫാക്ടറി യുടെയും മുല്ലപ്പൂ നിറമുള്ള പകലുകൾ എന്ന നോവലിന്റെയും വിശേഷം. ബെന്യാമിൻ തന്നെ പറയുന്നത് പോലെ ആദ്യവും അന്ത്യവും കാണാൻ കഴിയാതെ രണ്ടു സർപ്പങ്ങൾ പരസ്പരം വായിലകപ്പെടുന്നത് പോലെ വായനക്കാരനും അനുഭവപ്പെടും. എന്നാൽ സ്വതന്ത്രമായി വായിക്കാൻ സാധ്യതകൾ തരുന്ന നോവലാണ്‌ ഇവ രണ്ടും. ഒന്നിനൊന്നോടു ചേർന്നിരിക്കുന്നുവെങ്കിലും ഒന്ന് മറ്റേതിനെ കടത്തി വെട്ടുന്നതേയില്ല, ഒന്നില്ലെങ്കിൽ മറ്റേതു ഇല്ലാത്ത പോലെയും ഇല്ല. സ്വയം നിലനിൽക്കാൻ , അതും വ്യത്യസ്തമായി നിലനിൽക്കാൻ ഈ രണ്ടു നോവലുകൾക്കും കഴിയുന്നുമുണ്ട്. അൽ- അറേബ്യൻ നോവൽ ഫാക്ടറിയിൽ പറയുന്ന നിരോധിയ്ക്കപ്പെട്ട നോവലാണ്‌ മുല്ലപ്പൂനിറമുള്ള പകലുകൾ.

അറേബിയൻ രാജ്യത്തെ മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവലുകളാണ് ഇവ രണ്ടും. അൽ- അറേബ്യൻ നോവൽ ഫാക്ടറി  ബെന്യാമിന്റെ തന്നെ കാഴ്ചകളുടെ വഴിയാണെങ്കിൽ മുല്ലപ്പൂനിറമുള്ള പകലുകൾ പകർത്തിയെഴുത്താണെന്നു ബെന്യാമിൻ പറയുന്നു. സമീറ പർവീൺ എന്ന പാക്കിസ്ഥാനി ആർജെയുടെ ജീവിതം പകർത്തിയെഴുതുമ്പോൾ ആ നോവൽ അങ്ങ് ദൂരെ സന്തോഷത്തിന്റെ നഗരത്തിൽ പ്രതിഫലിച്ചത് എങ്ങനെയെന്നു അൽ- അറേബ്യൻ നോവൽ ഫാക്ടറി എന്ന നോവലിലൂടെ വിശദമായി എഴുത്തുകാരൻ പറഞ്ഞു വയ്ക്കുന്നുണ്ട്‌.

അറേബിയൻ രാജ്യത്തിന്റെ രാഷ്ട്രീയത്തെ ഒരിക്കലും അത്ര വിശദമായി അവിടുത്തെ പ്രവാസികൾ പഠിക്കാൻ ശ്രമിച്ചിട്ടേയില്ല എന്നതാണ് സത്യം. കാരണം പുറമേ ചൈതന്യത്തോടെ നിൽക്കുമ്പോഴും ചങ്കു പൊള്ളിക്കുന്ന ചില സത്യങ്ങൾ അവയോടൊപ്പം എന്നുമുണ്ടായിരുന്നു. അത്തരത്തിൽ ചരിത്രത്തെ നോവലിനോട് ബന്ധിപ്പിക്കുകയാണ് ബെന്യാമിൻ ഈ നോവലുകളിലൂടെ ചെയ്തിരിക്കുന്നത്. സമീറ പർവീൺ എന്ന പെൺകുട്ടിയുടെ ജീവിതമാണ് മുല്ലപ്പൂനിറമുള്ള പകലുകൾ എന്ന നോവലിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.

വിപ്ലവ സമയങ്ങളിൽ അവിടുത്തെ റേഡിയോയിലെ ആർജെ ആയി ജോലി ചെയ്തിരുന്ന സമീറ, പിതാവ് മജസ്ടിയുടെ പോലീസിലെ ഉന്നതൻ ആയിരുന്നെങ്കിലും തായാഘറിലെ എല്ലാവരും മജസ്ടിയുടെ ഒപ്പമായിരുന്നെങ്കിലും എന്നും നീതിയുടെ പക്ഷം മാത്രം നിന്ന സമീറ. അവൾക്കു എന്ത് പറ്റിയെന്ന അന്വേഷണത്തിലാണ് അൽ- അറേബ്യൻ നോവൽ ഫാക്ടറി കൊണ്ട് നിർത്തുന്നതെങ്കിൽ, ഈ നോവലിൽ വളരെ വിശദമായി സമീറയുടെ ദുരന്ത മുഖം വരച്ചു കാട്ടുന്നു. ഒപ്പം ആദ്യ നോവലിലെ നായകനും പത്രപ്രവർത്തകനുമായ പ്രതാപ് ഉദ്വേഗപൂർവ്വം വായിച്ച “സുഗന്ധമില്ലാത്ത വസന്തം” എന്ന സമീറയുടെ നോവൽ സ്വതന്ത്ര പരിഭാഷയിലൂടെ വായനക്കാർക്ക് മുന്നിൽ എത്തിയ്ക്കുകയും ചെയ്യുന്നു.

തന്റെ ജീവിതം ഒരിക്കലും ദുരന്തപര്യവസായി ആക്കി പറഞ്ഞു വയ്ക്കാൻ സമീറയ്ക്ക് ഇഷ്ടമില്ലാത്തത് കൊണ്ട് മാത്രം പ്രതീക്ഷയുടെ പക്ഷികളെ തിരഞ്ഞു കൊണ്ട് അവൾ ജീവിക്കുന്നു.  വീട്ടുതടങ്കലിൽ സർവ്വവും നഷ്ടപ്പെട്ടിരിക്കുന്ന സമീറയ്ക്ക് രക്ഷപെടാൻ രാജ്യം സ്വയം Textഅവസരം ഒരുക്കി കൊടുത്തിട്ടും നീതിയുടെ വാതിലിനു മുന്നിൽ ധൈര്യപൂർവ്വം പോരടിച്ചവളാണ് അവൾ. പിതാവിന്റെ മരണത്തിനു പ്രതികാരം ചെയ്യാനല്ല ധാർമ്മികത അവളെ പഠിപ്പിച്ചത്. സഹാനുഭൂതിയുടെ നിലവിളിയ്ക്ക് മേൽ കയ്യൊപ്പ് ചാർത്താനായിരുന്നു. പക്ഷേ രാജ്യത്തിന്റെ കടുംനിയതികൾ ഒരു പെൺകുട്ടിയ്ക്ക് തിരുത്താൻ കഴിയില്ലല്ലോ ഒരിക്കലും…

ഗൾഫ് നാടുകളിൽ നിരോധിയ്ക്കപ്പെട്ട പുസ്തകമാണ് സമീറ പർവീണിന്റെ സുഗന്ധമില്ലാത്ത വസന്തങ്ങൾ. അതിന്റെ സ്വതന്ത്ര പരിഭാഷയായി ബെന്യാമിൻ മുല്ലപ്പൂനിറമുള്ള പകലുകൾ പുറത്തിറക്കുമ്പോൾ അതിൽ നിറയെ ഉള്ളത് എഴുത്തുകാരൻ വായിച്ചനുഭവിച്ചു അറിഞ്ഞ അതേ അറേബിയൻ രാഷ്ട്രീയത്തിന്റെ ഇരുണ്ട വശങ്ങളാണ്. ഒരു രാജ്യത്തിലെ സ്വേച്ഛാധിപത്യ ഭരണാധിപനെ താഴെ ഇറക്കുമ്പോൾ, അവിടെയത് വലിയ ജനാധിപത്യ സ്വപ്‌നങ്ങൾ കണ്ടാലും വിപ്ലവത്തിന്റെ അവസാനം വന്നു ചേരാൻ പോകുന്ന ഭീമമായ മതാധിപത്യം നോവലിസ്റിനെ ഭയപ്പെടുത്തുന്നുണ്ട്.

മുല്ലപ്പൂ വിപ്ലവം അടിച്ചമർത്തപ്പെട്ടെങ്കിലും അതിന്റെ അലയൊലികൾ ഇന്നും ഇറാഖിലും ഇറാനിലും നിരന്തരം ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. വർഗാധിപത്യവും മതാധിപത്യവും വേരൂന്നി കഴിഞ്ഞാൽ തീവ്രവാദം വേരോടുന്ന നാട്ടിലേയ്ക്കുള്ള പ്രയാണങ്ങൾ ബുദ്ധിമുട്ടേറിയത്‌ തന്നെ. സമീറയുടെ അനുഭവങ്ങളിൽ ഇതൊക്കെയും സത്യങ്ങൾ ആണെങ്കിലും അടിമത്തത്തിൽ നിന്നുള്ള മോചനം ഏതൊരു  ജനത്തിന്റെയും പൊതു വികാരമായതിനാൽ പലപ്പോഴും നോവലിസ്റ്റിനും അത്തരം ഒരു നീതിയ്ക്കൊപ്പം നിൽക്കാനേ ആകുന്നുള്ളൂ.

സ്വതന്ത്രമായി രണ്ടു നോവലുകളും നിൽക്കുന്നുണ്ട് എന്ന് പറയുമ്പോഴും ഒരു നോവലിൻറെ മാത്രം വായന അപൂർണമായ ഒരു ഉദ്വേഗം തന്നെയാണ് ജനിപ്പിക്കുക. പാതി വിഴുങ്ങിയ പാമ്പിന്റെ മറുപാതി കണ്ടെത്താനാകാത്ത ഉത്സുകത നമ്മെ കൊതിപ്പിക്കുക തന്നെ ചെയ്യും. ആ മറുപാതിയാണു സമീറയുടെ അനുഭവത്തിലൂടെ പകർന്നു പോകുന്നതും. രാഷ്ട്രീയവും ചരിത്രവും സൌഹൃദവും ഉള്ളിലൊപ്പിച്ച ചില പ്രണയങ്ങളും വായനയെ മടുപ്പിയ്ക്കാതെ മുന്നോട്ടു കൊണ്ട് പോകുന്നുണ്ട്. പിന്നെ എല്ലാത്തിനുമൊടുവിൽ ബെന്യാമിന്റെ കടൽ പോലെ പരപ്പുള്ള ഭാഷയും.

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഇന്നത്തെ ബെസ്റ്റ് സെല്ലേഴ്‌സിൽ വായനക്കാർക്കായി ബെന്യാമിന്റെ ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’എന്ന കൃതിയും, കാത്തിരിക്കുക

ബെന്യാമിന്റെ ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’ എന്ന പുസ്തകത്തിന് ശ്രീ പാർവ്വതി എഴുതിയ വായനാനുഭവം              

കടപ്പാട് ; മനോരമ ഓൺലൈൻ

Comments are closed.