DCBOOKS
Malayalam News Literature Website

മുകിലന്‍; മിത്തും കഥാവഴികളും

ഡോ. ദീപു പി കുറുപ്പിന്റെ ‘മുകിലന്‍‘  എന്ന നോവലിന് ഡോ. ഗിരീഷ് കുമാർ കെ എഴുതിയ നിരൂപണം

ഒ.വി. വിജയന്റെ കഥകളിലൂടെയും കാർട്ടൂണുകളിലൂടെയും ഗവേഷണതല്പരനായി അലഞ്ഞിരുന്ന ദീപുവെന്ന സാഹിത്യവിദ്യാർത്ഥി പഠനാനന്തരം അധ്യാപന സപര്യയുടെ വർഷങ്ങളിലെപ്പോഴോ തന്നിൽ നിറഞ്ഞു നിന്നിരുന്ന സർഗ്ഗശേഷിയുടെ കിരണങ്ങളാൽ ഭാവനാസമ്പന്നമായ സാഹിത്യവഴികളിലൂടെ സഞ്ചരിക്കാൻ തുടങ്ങിയത് ഒട്ടും യാദൃശ്ചികമാവില്ല. ഒട്ടനവധി രാഷ്ട്രീയ, സാഹിത്യ, ചരിത്ര ചർച്ചകളും ആഴമേറിയ വായനയും അനന്തമായ യാത്രകളും ഒക്കെച്ചേർന്ന് ദീപുവെന്ന മനുഷ്യന് അയാളിൽ തന്നെ കുടിയിരുന്ന സർഗ്ഗധനനായ എഴുത്തുകാരനെ കൃത്യമായി പരിചയപ്പെടുത്തിക്കൊടുക്കുകയായിരുന്നു. അങ്ങനെ ഇരുളും വെളിച്ചവും ഇണ ചേരുന്ന ഒത്തിരി പഠനരാവുകളിലൂടെ ചരിത്രവും മിത്തും ഇഴുകിച്ചേർന്ന മുകിലൻ എന്ന ഇതിഹാസതുല്യ കഥാപാത്രം പിറവിയെടുക്കുകയായിരുന്നു. അതെ, ഒരു കഥയ്ക്കു പിന്നിൽ പറയാതെയും അറിയാതെയും പോയ എത്ര കഥകളാണുളളത്. !

‘മുകിലൻ’ എന്ന നോവൽ ദീപുവിന്റെ ആദ്യ പുസ്തകമല്ല. ഭദ്രകാളിപ്പാട്ട്, തോറ്റംപാട്ട്, കാർട്ടൂണും കഥയും എന്നിങ്ങനെ വിവിധ സങ്കേതങ്ങളെ വിശദമായി പഠിച്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ദീപുവിന് മുകിലനാകട്ടെ തന്റെ സർഗ്ഗ വൈഭവത്തിന്റെ വഴിയിലെ ആദ്യ ചുവടുവയ്പാണ്. മുകിലന്റെ കഥാന്വേഷണപരീക്ഷണങ്ങളുടെ വഴികളിൽ പല തവണ കഥാകൃത്തും അയാളിലെ തന്നെ ചരിത്രാന്വേഷിയും പരസ്പരം കണ്ടുമുട്ടുകയും ഏറ്റുമുട്ടുകയും ഒടുവിൽ രമ്യതയിലാവുന്നുമുണ്ട്. അന്വേഷണങ്ങളാൽ ശേഖരിക്കപ്പെട്ട വസ്തുതകളെ ഭാവനയാൽ വിളക്കി ചേർത്ത് കഥാരൂപം നല്കുന്ന ദീർഘപ്രക്രിയയിൽ ദീപുവെന്ന ചരിത്രകാഥികന്റെ കൃതഹസ്തത മുകിലന്റെ താളുകൾ മറിയ്ക്കുമ്പോൾ അവാചകന് അടുത്തറിയുവാൻ കഴിയും.

ദീപുവിന്റെ മുകിലൻ പൂർണ്ണമായ അർത്ഥത്തിൽ ഒരു ചരിത്രാഖ്യായികയോ ചരിത്രനോവലോ ആണെന്ന് പറയാൻ കഴിയുന്നില്ല. സി.വി.രാമൻ പിള്ളയിൽ തുടങ്ങി, ടി.ഡി. രാമകൃഷ്ണനിൽ എത്തി നിൽക്കുന്ന ചിരിത്രാത്മക സാഹിത്യം പലപ്പോഴും വസ്തുകകളുടെ ബന്ധനത്തിൽ നിന്നും അധികമൊന്നും Textകുതറിമാറാറില്ല. പക്ഷേ മുകിലനാകട്ടെ മിത്തിനെയും അഞ്ജേയമായ ചരിത്രശകലങ്ങളേയും വിഭവങ്ങളായി സ്വീകരിച്ച് അവയ്ക്കപ്പുറത്തേയ്ക്ക് വളരുന്ന അപാരമായൊരു സർഗ്ഗാനുഭവമാണ് അനുവാചകനു വേണ്ടി ഒരുക്കിവയ്ക്കുന്നത്.

സിദ്ധാർത്ഥന്റെ ചരിത്രാന്വേഷണങ്ങളിലൂടെയാണ് മുകിലൻ വളർന്നു  വികസിക്കുന്നത്. ആറാട്ടമ്മയുടെയും തങ്ങളുപള്ളിയുടെയും ചരിത്രത്തിൽ നിന്ന് തുടങ്ങി അത് ആര്യാവർത്തത്തിന്റെ എല്ലാ ചരിത്രപഥങ്ങളിലേക്കും വളർന്നു വികസിക്കുന്നത് അത്ഭുതാവഹമായ കാഴ്ചയാണ്.

സർവകലാശാലയിലെ ചരിത്ര ക്ലാസ്സ്‌ മുറികളുടെ ഭിത്തികളിൽ നിന്നും പുറത്തേക്ക് സിദ്ധാർത്ഥന്റെ  ചരിത്രാന്വേഷണം നീളുമ്പോള്‍ അത് പൈതൃകത്തിന്റെ തുടക്കവും തുടർച്ചയും തേടി വ്യാപിക്കുന്ന അടങ്ങാത്ത ഒരു ദാഹമായി കഥയിൽ ദൃശ്യമാകുന്നുണ്ട്. താളിയോലകളും, ഗ്രന്ഥവരികളും, നാണയങ്ങളും, നാട്ടറിവുകളുമെല്ലാം  സിദ്ധാർത്ഥന്റെ ചരിത്രാന്വേഷണവിശപ്പിന് വിഭവങ്ങളാകുന്നു.

മിത്ത് എന്നും പഴമയുടെ അടയാളങ്ങള്‍ മാത്രമാണ്. പക്ഷെ മിത്തിനെ ചരിത്രത്തിന്റെ ഉലയിലിട്ടു നീറ്റി സിദ്ധാർത്ഥൻ എന്ന അന്വേഷകൻ  കാഥികനായി പരിണമിച്ച് മുകിലന്റെ  കഥ ഒരു ഭാവനാശില്പം പോലെ വെച്ചു നീട്ടുകയാണ് നോവലിന്റെ താളുകളിലൂടെ. കൊയ്തൊഴിഞ്ഞ പാടത്തുകൂടി പാഞ്ഞുപോകുന്ന അറുവലയെപ്പോലെ തന്റെ മണ്ണിനെയും മനുഷ്യരെയും ചവട്ടിമെതിച്ചു കടന്നുപോയ അധിനിവേശത്തിന്റെയും അക്രമത്തിന്റെയും ആൾ രൂപങ്ങളെതേടി സിദ്ധാർത്ഥന്റെ അന്വേഷണം സഞ്ചരിക്കുന്നുണ്ട്.

ചരിത്രത്തില്‍ എല്ലാ നിർമ്മിമതികളുടെയും അസ്ഥിവാരങ്ങൾക്കടിയിൽ അതിനും കാലങ്ങൾക്കും  മുന്നേ തകർക്കപ്പെട്ട മറ്റേതോ നിർമിതികളുടെ അവശിഷ്ടങ്ങള്‍ കിടക്കുന്നുണ്ട്. അവയ്ക്കടിയില്‍ അവയ്ക്കും കാലങ്ങൾക്ക്  മുന്നേയുള്ളവയുടെ അവശിഷ്ടങ്ങള്‍. അങ്ങനെ അവശിഷ്ടങ്ങൾക്കും  അടയാളങ്ങൾക്കും  മുകളില്‍ പുതു നിർമ്മിതികളും സ്മാരകങ്ങളും. സത്യത്തില്‍ നിർമ്മിതികളുടെയും, നിഷ്കാസനത്തിന്റെയും നിരങ്കുശമായ തച്ചുതകർക്കലുകളുടെയും തുടർച്ചയാണ് ചരിത്രമെന്ന്  സിദ്ധാർത്ഥനിലെ ചരിത്രാന്വേഷകന്‍ ബോധപൂർവമല്ലെങ്കിലും അറിയുന്നുണ്ട്.

തെക്കുനിന്ന് ആരുവാമൊഴിപ്പാത കടന്നെത്തിയ മുകിലപ്പട തിരുവതാംകൂറില്‍ കടന്നു കയറിയതും തിരുമുല്ലപുരം ക്ഷേത്രത്തിൽ ആക്രമണം നടത്തിയതുമൊക്കെ മുത്തശിമാരുടെ കഥാവഴികളിലെ മിത്തുകളിലൂടെയും തന്റെ സഹഗവേഷകനായ അനന്തന്റെ ഗവേഷണക്കുറിപ്പുകളില്‍ നിന്നും മനസിലാക്കിയ സിദ്ധാർത്ഥൻ തന്റെ ചിന്തയും ചേതനയും കൊണ്ട് മുകിലന്റെ പടയോട്ടവഴികളെ പിൻപറ്റുകയായിരുന്നു. പാത്രസൃഷ്ടിയുടെ പാരമ്യത്തില്‍ ഒരു മഹാവൃക്ഷമായി വളർന്ന് ‍ അനുവാചകരുടെ ആസ്വാദനഛായകളിൽ പടർന്നു കയറുകയാണ് അങ്ങനെ മുകിലെനെന്ന ഇതിഹാസം.

കഥയേത് ചരിത്രമേത് എന്ന സന്ദേഹം മുകിലന്‍ പലപ്പോഴും അനുവാചകന്റെ സിരകളിലേക്ക് എയ്തു വിടുന്നുണ്ട്. 1680-ല്‍ ഔറംഗസേബിന്റെ സൈന്യാധിപനായ മുഗുൾ സാദദ് ഘാൻ എന്ന മുകിലൻ തിരുവിതാംകൂര്‍ ആക്രമിച്ചെന്ന പരിമിതമായ വാമൊഴിയെയും, മതിലകം രേഖകൾ പോലെയുള്ള അപൂർവ്വം വരമൊഴികളെയും ആശ്രയിച്ചുള്ള നിർമ്മിതിയിലാണ് മുകിലെന്റെ കഥാവഴി ആരംഭിക്കുന്നത്. പക്ഷേ പിന്നീടുള്ള വായനയില്‍ മുകിലന്റെ കഥ കാലദേശങ്ങൾക്കതീതമായി വളർന്നുവികസിക്കുകയും അനുവാചക ഹൃദയങ്ങളിലേക്ക് മുകിലന്‍ അവസാനിക്കാത്തൊരു പടയോട്ടം നടത്തുകയും ചെയ്യുന്നുണ്ട്.

ചരിത്രത്തിന്റെ കരിമ്പടം പുതച്ച് മിത്തിന്റെ കുളിരേറ്റ് യാത്ര ചെയ്യുന്ന മുകിലന്‍ ഒരു നാടിന്റെയും അതിന്റെ സാംസ്‌കാരിക സാമൂഹിക പരിസരത്തെയും അടയാളപെടുത്തുന്നുണ്ട്. മുലക്കരവും, കാട്ടുഭോഗവും, ചാവുകാണിക്കയും, വയ്യാവരിയും മറ്റും കണ്ടറിഞ്ഞ് ചിലയിടത്ത് അത്ഭുതം കൂറിയും ചിലയിടത്ത് അമ്പരന്നുമാണ് മുകിലന്റെ യാത്ര. സത്യത്തില്‍ പടയോട്ടമെന്നു വിശേഷിക്കപ്പെടുന്നുവെങ്കിലും മുകിലന്റെ‌ വഴികളും അന്വേഷണത്തിന്റേതാണ്. സമ്പത്തും, കീർത്തിയും മാത്രമല്ല സംസ്കാരഭൂമികളുടെ പൊരുൾ കൂടി തേടിയുള്ള അന്വേഷണം.

ആകാശത്തിന്റെ നീലിമയും, തിരകളുടെ ധവളിമയും, മലയുടെ പച്ചപ്പും കൊണ്ട് പരമപിതാവ് അനുഗ്രഹിച്ചിരിക്കുന്ന നാടാണിതെന്ന്‍ മുകിലന്റെ സഹചാരികളിലൂടെ കഥാകാരന്‍ പ്രസ്താവിക്കുന്നുണ്ട്. പക്ഷെ അപ്പോഴും പടയോട്ടവഴികളിലെ മണ്ണും, പെണ്ണും മറ്റെല്ലാ കൂട്ടിവെയ്പ്പുകളും അക്രമണകാരിക്ക് അനുഭവിക്കാന്‍ വിധിക്കപെട്ടതാണെന്നുള്ള അധികാരത്തിന്റെ ചിന്താപദ്ധതിയെ അടിവരയിടുകെയും ചെയ്യുന്നു അവർ. തൊട്ടുകൂടായ്മകളെയും കണ്ടുകൂടായ്മകളെയും മഹിമയായി പേറുന്ന അവയുടെ ലംഘനവും ഭംഗവും സംസ്കാരത്തിന്റെ തകർച്ചയായും നാശമായും കരുതുന്ന ഒരു നാടിന്റെ ആചാര വൈരുധ്യങ്ങളെ തകർക്കാൻ തന്നെയായി അനു ഉദ്ദേശ്ശിച്ചതെങ്കിലും അധീശത്വത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ മുകിലപ്പടയും നിഷേധിക്കുന്നില്ല എന്ന വസ്തുത നോവലിൽ ചരിത്രത്തിന്റെ ദൈന്യതയായി തങ്ങി നിൽക്കുന്നു.

മുകിലന്റെ ശവകുടീരത്തിന് കാവൽ നിൽക്കുന്ന കടന്നലുകളെക്കുറിച്ച് നോവലിൽ പരാമർശിക്കുന്നുണ്ട്. എം മുകുന്ദന്റെ വെള്ളിയാങ്കല്ലുകളെ ചുറ്റിപ്പറക്കുന്ന ആത്മാക്കൾ തുമ്പികളുടെ രൂപം ആർജിച്ചതുപോലെ പുത്തരിക്കണ്ടത്തിൽ ചിതറിക്കിടന്ന മുകിലപ്പട തങ്ങളുടെ പടനായകന് കടന്നലുകളായി കാവലൊരുക്കുന്നു എന്ന് വരാം. എല്ലാ പടയോട്ടങ്ങളും അവശേഷിപ്പിച്ചത് അനാഥരായ കുഞ്ഞുങ്ങളെയും ഗതികിട്ടാത്ത ആത്മാക്കളെയുമാണെന്ന സത്യം കടന്നൽപ്പട അടിവരയിടുന്നു. പടയിൽ എരിഞ്ഞുപോയ ഈയാം പാറ്റകളെപ്പോലെ മറവരും മറ്റനേകം മനുഷ്യരും നോവലിന്റെ താളുകളിൽ ചിതറിക്കിടക്കുന്നു.

യുദ്ധം അവശേഷിപ്പിച്ച നിധി ഒടുവിൽ ജയിച്ചവന്റെയും തോറ്റവന്റെയും ജീവനെടുക്കുന്നു എന്നതാണ് പര്യവസാനം. ദേവസ്വവും, രാജസ്വവും , ബ്രഹ്മസ്വവുമായി വീതം വയ്ക്കപ്പെട്ടതെല്ലാം നാശത്തിന്റെയും പതനത്തിന്റെയും നിധികളായിരുന്നു. മുകിലപ്പടയുടെ പടയോട്ട വഴികളെ പിന്തുടർന്ന സിദ്ധാർത്ഥൻ ഒടുവിൽ അടക്കാനാവാത്ത ഒരു വിക്ഷോഭത്തീയിലേയ്ക്കാണ് എടുത്തെറിയപ്പെടുന്നത്.

സാഹിത്യഭാഷാ വിദ്യാർത്ഥിയും, അധ്യാപകനുമായ കഥാകൃത്ത് അങ്ങുമിങ്ങും ലഭിച്ച ചില സ്ഫുലിംഗങ്ങളുപയോഗിച്ച് ചരിത്രത്തെ തലോടി കഥാകഥനത്തിന്റെ അവാച്യമായ സംഗീതമാണ് സൃഷ്ടിക്കുന്നത്. ചരിത്രം പുനരെഴുത്തിന്നും മറുവ്യാഖ്യാനങ്ങൾക്കും വിധേയമാകുന്നൊരു കാലത്ത് സുശക്തമായ സർഗ്ഗശേഷിയോടുകൂടി ഒരെഴുത്തുകാരൻ ചരിത്രത്തെയും മിത്തിനെയും സമീപിക്കുമ്പോൾ രേഖപ്പെടാതെ പോയ ചരിത്രവും പറയപ്പെടാതെ പോയ കഥകളും കേൾക്കപ്പെടാതെ പോയ പഴങ്കഥകളും ഏകരൂപമായി അനുവാചകനുമുന്നിൽ കൈകോർക്കുന്നു. മുകിലനും ദീപുവിനും സിദ്ധാർത്ഥനും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കുവാനുണ്ട് മിത്തിന്റെ മദഗന്ധമുള്ള കഥാവഴികളിലൂടെ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

കടപ്പാട്- wtplive

Comments are closed.